ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസ നടപടികളുമായി കേന്ദ്രം; അക്കാദമിക രേഖകള്‍ ഡിജിറ്റൽ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയതോടെ സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ഫർ നടപടികൾ കൂടുതല്‍ എളുപ്പം
प्रविष्टि तिथि:
02 JUL 2026 6:05PM by PIB Thiruvananthpuram
ഡിജിറ്റൽ ഇന്ത്യ സംരംഭം 2026 ജൂലൈ 1-ന് പതിനൊന്ന് വർഷം പൂർത്തിയാക്കുമ്പോൾ ഭരണനിർവഹണം കൂടുതൽ സുതാര്യവും പ്രാപ്യവും പൗരകേന്ദ്രീകൃതവുമാക്കാന്‍ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത് ഇന്ത്യ തുടരുകയാണ്. 2015-ൽ തുടക്കം മുതല്‍ തന്നെ ഡിജിറ്റൽ ഇന്ത്യ സംരംഭം ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കാര്യക്ഷമമായ ഭരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശ്വസനീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകളിലെ പൊതുസേവന വിതരണത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
വിദ്യാഭ്യാസ മേഖലയില്‍ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി ആജീവനാന്ത പഠനം, പഠനസൗകര്യങ്ങളുടെ കൈമാറ്റം, ഡിജിറ്റൽ രേഖകളുടെ സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിന് ഡിജിറ്റൽ ഇന്ത്യ പിന്തുണയേകിയിട്ടുണ്ട്. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC), നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (NAD) എന്നിവ ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന പ്രധാന നൂതനാശയങ്ങളാണ്.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്: വഴക്കമാര്‍ന്ന പഠനത്തിന് വഴിയൊരുക്കുന്നു
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നിയന്ത്രിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC) സംവിധാനം അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അക്കാദമിക് ക്രെഡിറ്റുകൾ സൂക്ഷിക്കാനും കൈമാറാനും പുനരുപയോഗിക്കാനും സഹായിക്കുന്ന ഡിജിറ്റൽ സംവിധാനമാണ്. പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവേശനത്തിനും പഠന പൂര്‍ത്തീകരണത്തിനും സഹായിക്കുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി-മൾട്ടിപ്പിൾ എക്സിറ്റ് (MEME), ക്രെഡിറ്റ് കൈമാറ്റം, വഴക്കമാര്‍ന്ന പഠനം എന്നിവ സാധ്യമാക്കുന്ന ഈ സംവിധാനം 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തെയും ദേശീയ ക്രെഡിറ്റ് ചട്ടക്കൂടിനെയും പിന്തുണയ്ക്കുന്നു.
അപാർ (ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്ന ABC ഓരോ പഠിതാവിനും ആജീവനാന്ത അക്കാദമിക തിരിച്ചറിയല്‍ രേഖ നൽകുന്നു. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, മറ്റ് അംഗീകൃത പഠന പരിപാടികൾ എന്നിവയിലുടനീളം അക്കാദമിക രേഖകള്‍ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സുരക്ഷിതമായി ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ പുരോഗതി പ്രകാരം 2,963 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ABC പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26.29 കോടിയിലധികം അപാർ ഐഡികൾ ഇതിനകം സൃഷ്ടിക്കപ്പെട്ടു കൂടാതെ 110.65 കോടിയിലധികം അക്കാദമിക രേഖകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം ഡിജിറ്റൽ അക്കാദമിക അന്തരീക്ഷത്തിന്റെ വളര്‍ന്നുവരുന്ന സ്വീകാര്യതയുടെ പ്രതിഫലനമാണിത്.
ഭൗതിക രേഖകൾക്ക് പകരം സുരക്ഷിതമായ ഡിജിറ്റൽ രേഖകള്‍ നൽകി അക്കാദമിക ഭരണനിർവഹണം ABC ലളിതമാക്കുന്നു. വിദ്യാർത്ഥികൾക്ക് അക്കാദമിക് ക്രെഡിറ്റുകൾ ഓൺലൈനായി ലഭ്യമാക്കാനും കൈമാറാനും പുനരുപയോഗിക്കാനും ഇത് സഹായിക്കുന്നു. പ്രവേശനം, സ്കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, തൊഴിൽ എന്നിവയ്ക്ക് ആവശ്യമായ അക്കാദമിക രേഖകളുടെ അതിവേഗ സ്ഥിരീകരണവും ഇതിലൂടെ സാധ്യമാകുന്നു. കടലാസ് ജോലികള്‍ കുറയ്ക്കുന്ന ഈ സംവിധാനം സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നു.
[Tweet: https://x.com/DigitalIndiaCrp/status/2054431379547365770?s=20]
നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (NAD): വിശ്വസനീയ ഡിജിറ്റൽ അക്കാദമിക രേഖകള്‍
അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍, ബിരുദങ്ങള്‍, ഡിപ്ലോമകൾ, മാർക്ക് ഷീറ്റുകൾ എന്നിവ സുരക്ഷിതമായ ഡിജിറ്റൽ ഫോർമാറ്റിൽ നൽകാനും സൂക്ഷിക്കാനും പരിശോധിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്ന അക്കാദമിക യോഗ്യതാ രേഖകളുടെ 24 മണിക്കൂറും ലഭ്യമായ ഓൺലൈൻ ശേഖരണശാലയാണ് നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (NAD). ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ വികസിപ്പിച്ച NAD പഠിതാക്കൾക്ക് സാക്ഷ്യപ്പെടുത്തിയ അക്കാദമിക രേഖകള്‍ എപ്പോഴും എവിടെയും ലഭ്യമാക്കുന്നു. ഒപ്പം സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും യോഗ്യതാ രേഖകള്‍ ഡിജിറ്റലായി പരിശോധിക്കാനും സൗകര്യമൊരുക്കുന്നു.
കടലാസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നൽകുന്നതിലൂടെ NAD ഭരണപരമായ ചെലവുകൾ കുറയ്ക്കുകയും കടലാസ് ജോലികള്‍ ലഘൂകരിക്കുകയും അക്കാദമിക രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. സുരക്ഷിതമായ ഓൺലൈൻ പരിശോധന വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാൻ സഹായിക്കുന്നതിനൊപ്പം പ്രവേശനം, നിയമനം, സ്കോളർഷിപ്പുകൾ, മറ്റ് പൊതുസേവനങ്ങൾ എന്നിവയിൽ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ABC, APAAR, NAD എന്നിവയുടെ പ്രധാന നേട്ടങ്ങൾ
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC), APAAR, നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (NAD) എന്നിവ വിവിധ തലങ്ങളില്‍ ഇന്ത്യയുടെ ഡിജിറ്റൽ അക്കാദമിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു:
-
സുരക്ഷിതമായ ഡിജിറ്റൽ അക്കാദമിക രേഖകള്‍ കടലാസ് സർട്ടിഫിക്കറ്റുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ വ്യാജരേഖകൾ ചമയ്ക്കുകയോ ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
-
അക്കാദമിക് ക്രെഡിറ്റുകൾ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കപ്പെടുന്നതോടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ എന്നിവ എപ്പോഴും എവിടെ നിന്നും പഠിതാക്കള്‍ക്ക് ലഭ്യമാക്കുന്നു.
-
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി അക്കാദമിക് ക്രെഡിറ്റ് ട്രാൻസ്ഫറും മൾട്ടിപ്പിൾ എൻട്രി-മൾട്ടിപ്പിൾ എക്സിറ്റും സുഗമമാക്കി വഴക്കമേറിയ പഠനത്തെ പിന്തുണയ്ക്കുന്നു.
-
വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലുടമകളും ഗവൺമെന്റ് ഏജൻസികളും അക്കാദമിക യോഗ്യതാ രേഖകള്‍ വേഗത്തിൽ ഡിജിറ്റലായി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ പ്രവേശനം, സ്കോളർഷിപ്പുകൾ, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്തുന്നു.
-
പരമ്പരാഗത പരിശോധനകള്‍ക്കും ആവർത്തിച്ചുള്ള രേഖപ്പെടുത്തലുകൾക്കും പകരം സാക്ഷ്യപ്പെടുത്തിയ ഡിജിറ്റൽ രേഖകള്‍ നൽകുന്നതിലൂടെ കടലാസ് ജോലികളും ഭരണപരമായ ബാധ്യതകളും കുറയ്ക്കുന്നു.
-
ഡിജിലോക്കർ, മറ്റ് ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങള്‍ എന്നിവയുമായി സംയോജിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും അക്കാദമിക രേഖകളുടെ സുരക്ഷിത കൈമാറ്റവും പരസ്പര പ്രവർത്തനക്ഷമതയും സാധ്യമാക്കുകയും ചെയ്യുന്നു.
ഗുണഭോക്താക്കളുടെ അനുഭവങ്ങൾ
ഛത്തീസ്ഗഢിലെ ഭിലായ്യിലെ റുങ്ത അന്താരാഷ്ട്ര നൈപുണ്യ സര്‍വകലാശാലയിലെ എംബിഎ വിദ്യാർത്ഥിനിയായ അഞ്ജലി റാത്തോഡ് അപാർ ഐഡി അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനാ നടപടികൾ ലളിതമാക്കുകയും കടലാസ് ജോലികള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തതായി അനുഭവം പങ്കിട്ടു. ആവശ്യാനുസരണം അക്കാദമിക് യോഗ്യതാ രേഖകള്‍ എളുപ്പം ലഭ്യമാക്കാൻ സാധിക്കുന്നതായും സെമിനാറുകൾ, മത്സരങ്ങൾ, ഇന്റേൺഷിപ്പുകൾ, സ്കോളർഷിപ്പുകൾ എന്നിവയ്ക്കായി അപേക്ഷിക്കുന്നത് ഇതിലൂടെ കൂടുതൽ സുഗമമായെന്നും അവർ പറഞ്ഞു. സമയവും അധ്വാനവും ലാഭിക്കാന്‍ സഹായിച്ച ഈ ഡിജിറ്റൽ സംവിധാനം വിദ്യാർത്ഥികൾക്ക് ആധുനികവും വിശ്വസനീയവും അങ്ങേയറ്റം പ്രയോജനപ്രദവുമാണെന്ന് തെളിഞ്ഞതായും അവർ വ്യക്തമാക്കി.
അക്കാദമിക് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അപാർ ഐഡിയിലൂടെ കൂടുതൽ എളുപ്പമായതായി ഛത്തീസ്ഗഢിലെ ദുർഗ്ഗിലെ ഗവൺമെന്റ് വി വൈ ടി പിജി ഓട്ടോണമസ് കോളേജിലെ വിദ്യാർത്ഥി ആശിഷ് തിവാംഗൻ വ്യക്തമാക്കി. മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ഇപ്പോൾ ഡിജിറ്റലായി സുരക്ഷിതമാണെന്നും ആവശ്യമായ സമയത്തെല്ലാം എളുപ്പം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവി പഠന പ്രവേശനത്തിന് സഹായിക്കുന്ന അക്കാദമിക് ക്രെഡിറ്റ് കൈമാറ്റത്തിന് അപാർ ഐഡി സഹായിക്കുന്നതായും സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പരിശോധനകള്‍ ലളിതമാക്കുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം കൂടുതൽ മികച്ചതും സുഗമവും കടലാസ് രഹിതവുമാക്കിയ ഈ പദ്ധതി വിദ്യാർത്ഥികൾക്ക് വലിയ നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യക്ക് കീഴിൽ വിശ്വസനീയ ഡിജിറ്റൽ അക്കാദമിക ആവാസവ്യവസ്ഥ
ABC, NAD, APAAR, ഡിജിലോക്കർ എന്നിവയുടെ സംയോജനം അക്കാദമിക രേഖകളുടെ സുരക്ഷിതമായ ശേഖരണവും കൈമാറ്റവും ഡിജിറ്റൽ പരിശോധനയും സാധ്യമാക്കുന്ന പരസ്പര ബന്ധിത ഡിജിറ്റൽ അക്കാദമിക അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഈ പദ്ധതികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുകയും പഠന സൗകര്യങ്ങളുടെ കൈമാറ്റത്തെ സഹായിക്കുകയും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി ആജീവനാന്ത പഠനം സുഗമമാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ അക്കാദമിക രേഖകള്‍ സുരക്ഷിതവും എവിടെനിന്നും ലഭ്യവും ഡിജിറ്റലായി പരിശോധിക്കാവുന്നതുമാക്കിയ ഡിജിറ്റൽ ഇന്ത്യ സംരംഭം വിദ്യാഭ്യാസ സേവന വിതരണത്തിൽ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ABC, NAD തുടങ്ങിയ സംരംഭങ്ങളിലൂടെ കടലാസ് രഹിത ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന ഗവൺമെന്റ് ഭരണപരമായ ബാധ്യതകൾ കുറയ്ക്കുകയും വികസിത ഭാരതമെന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന വിശ്വസനീയവും പൗരകേന്ദ്രീകൃതവുമായ ഡിജിറ്റൽ വിദ്യാഭ്യാസ അന്തരീക്ഷം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
***
(रिलीज़ आईडी: 2280616)
आगंतुक पटल : 4