PIB Backgrounder
azadi ka amrit mahotsav

ഗഗൻ: കൃത്യതയോടെ ഇന്ത്യയുടെ വ്യോമമേഖലയുടെ ദിശാഗതി നിർണയിക്കുന്നു

प्रविष्टि तिथि: 01 JUL 2026 2:50PM by PIB Thiruvananthpuram

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ/ഐ.എസ്.ആർ.ഒ.)യും ഇന്ത്യൻ വിമാനത്താവള അതോറിറ്റി (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ/എ.എ.ഐ)യും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ അധിഷ്ഠിതമായ കൃത്യതാ വർധക സംവിധാനമാണ് ഗഗൻ അഥവാ ആഗോള സ്ഥാനനിർണയ സംവിധാന സഹായത്തോടെ ഭൂസ്ഥിര ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള, കൃത്യത മെച്ചപ്പെടുത്തിയ ദിശാഗതി നിർണയം (ജി.പി.എസ്. എയ്ഡഡ് ജിയോ ഓഗ്മെൻ്റഡ് നാവിഗേഷൻ).

ഇത് ജി.പി.എസ്. കൃത്യത വർദ്ധിപ്പിക്കുകയും വിമാനങ്ങളുടെ സുരക്ഷിതമായ ദിശാഗതി നിർണയ(നാവിഗേഷൻ)ത്തിന് ആവശ്യമായ സമഗ്രമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് സാക്ഷ്യപ്പെടുത്തിയ 'ഗഗൻ', ഉപഗ്രഹ അധിഷ്ഠിത വിമാന നിലത്തിറങ്ങലി(ലാൻഡിങ്)നെ പിന്തുണയ്ക്കുന്നതോടൊപ്പം വ്യോമയാന മേഖലയ്ക്ക് പുറമെയുള്ള മറ്റ് മേഖലകൾക്കും സേവനം നൽകുന്നു. തദ്ദേശീയ ദിശാഗതി നിർണയ കാര്യക്ഷമതകൾ ശക്തിപ്പെടുത്തുന്നതിലൂടെ, സാങ്കേതിക സ്വയംപര്യാപ്തതയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെയും ഉപഗ്രഹാധിഷ്ഠിത ദിശാഗതി നിർണയരംഗത്തെ ആഗോള നേതൃത്വത്തെയും 'ഗഗൻ' ഊട്ടിയുറപ്പിക്കുന്നു.




കൃത്യമായ ദിശാഗതി നിർണയത്തിൻ്റെ   ആവശ്യകത:
ഇന്ത്യ എന്തുകൊണ്ട് ഗഗൻ സൃഷ്ടിച്ചു?
വ്യോമയാനത്തിന് വളരെ കൃത്യതയാർന്ന ദിശാഗതി നിർണയം ആവശ്യമാണ്, അവിടെ ഏറ്റവും നേരിയ സ്ഥാനനിർണയ പിശകുകൾ പോലും വിമാന സുരക്ഷയെ ബാധിച്ചേക്കാം.
ആഗോള സ്ഥാനനിർണയ സംവിധാനം (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം/ജി.പി.എസ്.) വിമാനങ്ങളുടെ സ്ഥാനം നിർണ്ണയിക്കാൻ സഹായിക്കുമെങ്കിലും, അന്തരീക്ഷ സാഹചര്യങ്ങളും മറ്റ് പിശകുകളുടെ ഉറവിടങ്ങളും അതിൻ്റെ   സിഗ്‌നലുകളെ ബാധിച്ചേക്കാം. ഒരു പ്രധാന വ്യോമയാന വിപണിയായി ഇന്ത്യ അതിൻ്റെ   ചിറകു വിടർത്തുമ്പോൾ, കൃത്യവും വിശ്വസനീയവുമായ ദിശാഗതി നിർണയത്തിൻ്റെ   ആവശ്യകത ഒരു ദേശീയ മുൻഗണനയായി മാറിയിരിക്കുന്നു.

ഈ ആവശ്യം പരിഹരിക്കുന്നതിനായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആർ.ഒ.)യും, ഇന്ത്യൻ വിമാനത്താവള അതോറിറ്റി (എ.എ.ഐ.)യും സംയുക്തമായി ഭൂസ്ഥിര ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള, കൃത്യത മെച്ചപ്പെടുത്തിയ ദിശാഗതി നിർണയ (ഗഗൻ) സംവിധാനം വികസിപ്പിച്ചെടുത്തു. ഇത് ഒരു ഉപഗ്രഹ അധിഷ്ഠിത കൃത്യത മെച്ചപ്പെടുത്തൽ സംവിധാനം (എസ്.ബി.എ.എസ്.) ആണ്. ഇത് തത്സമയ തിരുത്തലും സമഗ്രതാ വിവരങ്ങളും നൽകിക്കൊണ്ട് ജി.പി.എസ്. മെച്ചപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യയാണ്. ഒരു ജി.പി.എസ്. സിഗ്‌നൽ ദിശാഗതി നിർണയത്തിന് അനുയോജ്യമല്ലെങ്കിൽ സമഗ്രതാ വിവരങ്ങൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നു.

2015 മുതൽ ഗഗൻ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടങ്ങി. അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവയ്ക്കൊപ്പം പ്രവർത്തനക്ഷമമായ എസ്.ബി.എ.എസ്. ഉള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെയും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന്, ഇന്ത്യൻ വ്യോമാതിർത്തിയിലുടനീളമുള്ള സുരക്ഷിതമായ വിമാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഗഗന്, വ്യോമയാനത്തിനപ്പുറവും ഉപയോഗങ്ങൾ ഉണ്ട്. ഇത് ഇന്ത്യയുടെ തദ്ദേശീയ ദിശാഗതി നിർണയ കാര്യക്ഷമതയെ ശക്തിപ്പെടുത്തുകയും 'ആത്മനിർഭര ഇന്ത്യ' എന്ന രാജ്യത്തിൻ്റെ   കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

 ഇന്ത്യയുടെ നാവിഗേഷൻ ആവാസവ്യവസ്ഥയിൽ ഗഗൻ

ആവിർഭാവത്തിന് ശേഷം, ഗഗൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ദിശാഗതി നിർണയ ഉപഗ്രഹ സംവിധാനമായി ക്രമാനുഗതമായി പരിണമിച്ചു. വർഷങ്ങളായി, ഇത് പ്രധാന അംഗീകാര സാക്ഷ്യങ്ങളും പ്രവർത്തനപരമായ നാഴികക്കല്ലുകളും കൈവരിച്ചിട്ടുണ്ട്. 2026 ജൂണിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ/ഡി.ജി.സി.എ.) ഗഗൻ ഉപയോഗിച്ച് ഒരു വാണിജ്യ ജെറ്റ് വിമാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത വിമാനമിറങ്ങൽ സംവിധാന സമീപനം വിജയകരമായി നടത്തിയതാണ് അതിൻ്റെ   ഏറ്റവും പുതിയ നേട്ടം.

ഗഗൻ്റെ   പ്രധാന ഘടകങ്ങൾ

ഗ്രൗണ്ട് സ്റ്റേഷനുകൾ, ആശയവിനിമയ സംവിധാനങ്ങൾ, ഭൂസ്ഥിര ഉപഗ്രഹങ്ങൾ എന്നിവയുടെ സംയോജിത ശൃംഖലയിലൂടെയാണ് ഗഗൻ പ്രവർത്തിക്കുന്നത്. ഈ ഘടകങ്ങൾ ജി.പി.എസ്. സിഗ്‌നലുകൾ തത്സമയം നിരീക്ഷിക്കുകയും തിരുത്തലുകൾ കണക്കാക്കുകയും മെച്ചപ്പെടുത്തിയ ദിശാഗതി നിർണയ വിവരങ്ങൾ വിമാനങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

 

പ്രധാന ഘടകങ്ങൾ

വിന്യസിച്ചിരിക്കുന്ന
 ഘടകങ്ങളുടെ എണ്ണം

                                                        പങ്ക്

ഇന്ത്യൻ റഫറൻസ് സ്റ്റേഷനുകൾ (ഐ.എൻ.ആർ.ഇ.എസ്.)

 

15

രാജ്യത്തുടനീളമുള്ള ജി.പി.എസ്. സിഗ്‌നലുകൾ തുടർച്ചയായി നിരീക്ഷിക്കുകയും ഏത് പിശകുകളും കണ്ടെത്തുകയും ചെയ്യുന്നു.

ഇന്ത്യയിലെ മുഖ്യ നിയന്ത്രണ കേന്ദ്രങ്ങൾ (ഇന്ത്യൻ മാസ്റ്റർ കൺട്രോൾ സെൻ്ററുകൾ/ഐ.എൻ.എം.സി.സി.)

2

എല്ലാ റഫറൻസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നടപടിക്രമങ്ങൾക്ക് വിധേമാക്കുന്നു, സിഗ്‌നലിലെ തിരുത്തലുകൾ കണക്കാക്കുന്നു, സമഗ്രതാ വിവരങ്ങൾ സൃഷ്ടിക്കുന്നു.

ഭൗമ സിഗ്‌നലുകളെ ബഹിരാകാശ ഉപഗ്രഹങ്ങളിലേക്ക് അയ്ക്കുന്ന നിലയങ്ങൾ (ഇന്ത്യൻ ലാൻഡ് അപ് ലിങ്ക് സ്റ്റേഷനുകൾ/ഐ.എൻ.എൽ.യു.എസ്.)

3

ഭൗമ (ഗ്രൗണ്ട്) സ്റ്റേഷനുകളിൽ നിന്നുള്ള തിരുത്തൽ, സമഗ്രത സംബന്ധിച്ച വിവരങ്ങൾ ഗഗൻ ഉപഗ്രഹങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യുക.

ആശയവിനിമയ ശൃംഖലകൾ

4

എല്ലാ ഗഗൻ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സുരക്ഷിതമായ, തത്സമയ ദിശാഗതി നിർണയ വിവരങ്ങൾ (നാവിഗേഷൻ ഡാറ്റ) പ്രക്ഷേപണം ചെയ്യുക.

ഗഗൻ പേലോഡുകൾ(പ്രത്യേക സാങ്കേതിക ഉപകരണങ്ങൾ) ഘടിപ്പിച്ചിട്ടുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങൾ

3

സേവന മേഖലയിലുടനീളം പിഴവുകൾ തിരുത്തിയ ദിശാഗതി നിർണയ സിഗ്‌നലുകൾ പ്രക്ഷേപണം ചെയ്യുക.

നിങ്ങൾക്ക് അറിയാമായിരുന്നോ?
ഭൂമിയുടെ ഭ്രമണത്തിൻ്റെ   അതേ വേഗതയിൽ ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നു. ഇത് അവയെ ഒരേ സ്ഥലത്ത് സ്ഥിരമായി കാണപ്പെടുന്നതായി തോന്നിപ്പിക്കുന്നു. ഗഗൻ പേലോഡുകൾ വഹിക്കുന്ന ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹങ്ങളാണ് ജിസാറ്റ്-8, ജിസാറ്റ്-10, ജിസാറ്റ്-15 എന്നിവ. ഗഗൻ സംവിധാനത്തിൻ്റെ   തിരുത്തലും സമഗ്രതയും സംബന്ധിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക ദിശാഗതി നിർണയ സംവിധാനങ്ങളാണിവ.

 

മേഖലയിലുടനീളമുള്ള ദിശാഗതി നിർണയത്തിൻ്റെ   കൃത്യതയും തടസ്സരഹിത പ്രവർത്തനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട്, ഇത് ഉപഗ്രഹ സഹായത്തോടെയുള്ള വ്യോമയാന സേവനങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നത് തുടരുന്നു.

ഇന്ത്യയുടെ തദ്ദേശീയ ദിശാഗതി നിർണയ ആവാസവ്യവസ്ഥ

ഗഗൻ സംവിധാനത്തിൻ്റെ   സംയോജിത രൂപകല്പന ഇന്ത്യയുടെ വിശാലമായ ഉപഗ്രഹാധിഷ്ഠിത ദിശാഗതി നിർണയ പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ്. ഗഗൻ സംവിധാനത്തിനൊപ്പം, ഇന്ത്യ അതിൻ്റെ   തദ്ദേശീയമായ മേഖലാ ദിശാഗതിനിർണയ ഉപഗ്രഹ സംവിധാനമായ 'ഇന്ത്യൻ ഉപഗ്രഹഗണം വഴിയുള്ള ദിശാഗതി നിർണയം' (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ/നാവിക്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്ഥാനനിർണയം, ദിശാഗതി നിർണയം, സമയക്രമീകരണ സേവനങ്ങൾ എന്നിവ നാവിക് നൽകുമ്പോൾ, കൃത്യമായ വിമാന ദിശാഗതി നിർണയത്തെയും നിലത്തിറക്കലിനെയും പിന്തുണയ്ക്കുന്നതിന് ഗഗൻ ജി.പി.എസ്. സിഗ്‌നലുകൾ മെച്ചപ്പെടുത്തുന്നു.

 

ഗഗന്‍

നാവിക്


ഉപഗ്രഹ അധിഷ്ഠിത കൃത്യത മെച്ചപ്പെടുത്തൽ സംവിധാനം (എസ്.ബി.എ.എസ്.)

സ്വതന്ത്ര മേഖലാ ദിശാഗതി നിർണയ ഉപഗ്രഹ സംവിധാനം

തത്സമയ തിരുത്തലുകളിലൂടെയും സമഗ്രതാ വിവരങ്ങളിലൂടെയും ജി.പി.എസ്. മെച്ചപ്പെടുത്തുന്നു

സ്ഥാനനിർണ്ണയം, ദിശാഗതി നിർണയം, സമയക്രമീകരണ സേവനങ്ങൾ നൽകുന്നു

ഇന്ത്യയുടെ വ്യോമവിവര മേഖല (ഇന്ത്യൻ ഫ്‌ളൈറ്റ് ഇൻഫർമേഷൻ റീജീയൻ)യിൽ ഉടനീളം സിവിൽ വ്യോമയാനത്തെ പിന്തുണയ്ക്കുന്നു

ഇന്ത്യയും ഇന്ത്യൻ അതിർത്തിക്കപ്പുറത്തുള്ള 1500 കിലോമീറ്റർ വരെയുള്ള പ്രദേശവും ഇതിൻ്റെ    പരിധി (കവറേജ് ഏരിയ)യിൽ വരുന്നു.

നിങ്ങൾക്ക് അറിയുമായിരുന്നോ?

2025-ൽ, ഒരു നാവിക് റഫറൻസ് സ്റ്റേഷൻ (ഇന്ത്യൻ ഉപഗ്രഹഗണം വഴിയുള്ള ദിശാഗതി നിർണയ സംവിധാനത്തിൻ്റെ   ഭൗമ റഫറൻസ് കേന്ദ്രം) സ്ഥാപിക്കുന്നതിനായി ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഒരു കരാറിൽ ഒപ്പുവച്ചു. ഈ സംരംഭം ദേശീയ അതിർത്തികൾക്കപ്പുറം ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ ദിശാഗതി നിർണയ സംവിധാനത്തിൻ്റെ   പ്രകടനവും വ്യാപ്തിയും ശക്തിപ്പെടുത്തും. ഈ പങ്കാളിത്തം ദിശാഗതി നിർണയരംഗത്തെ സഹകരണം വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ ബഹിരാകാശ അധിഷ്ഠിത സ്ഥാനനിർണ്ണയത്തിലും സമയക്രമീകരണ കാര്യക്ഷമതകളിലും വളർന്നുവരുന്ന അന്താരാഷ്ട്രതല ആത്മവിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു.

 

 

ആഗോള ദിശാഗതി നിർണയ ശൃംഖല(ഗ്ലോബൽ നാവിഗേഷൻ നെറ്റ് വർക്ക്)യുമായി പരസ്പര പ്രവർത്തനക്ഷമം:

അന്താരാഷ്ട്ര സിവിൽ വ്യോമയാന മാനദണ്ഡങ്ങൾക്കനുസൃതമായി ഗഗൻ സംവിധാനത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, കൂടാതെ ജി.പി.എസ്. സിഗ്‌നലുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്ന താഴെപ്പറയുന്ന തരത്തിലുള്ള വിദേശ സംവിധാനങ്ങളുമായി ഇത് പരസ്പരം പ്രവർത്തിപ്പിക്കാവുന്നതുമാണ്.


* യുണൈറ്റഡ് സ്റ്റേറ്റ്‌സ് വൈഡ് ഏരിയ ഓഗ്മെൻ്റേഷൻ സിസ്റ്റം (അമേരിക്കൻ ഐക്യനാടുകളുടെ വ്യാപക മേഖല കൃത്യതാവർധക സംവിധാനം/ ഡബ്ല്യു.എ.എ.എസ്.)

* യൂറോപ്യൻ ജിയോസ്റ്റേഷണറി നാവിഗേഷൻ ഓവർലേ സർവീസ് (യൂറോപ്യൻ ഭൂസ്ഥിര ദിശാഗതിനിർണയ അധികാവൃത സേവനം/ഇ.ജി.എൻ.ഒ.എസ്.)

* ജപ്പാൻ്റെ   മൾട്ടി-ഫങ്ഷണൽ സാറ്റലൈറ്റ് ഓഗ്മെന്റേഷൻ സിസ്റ്റം (വിവിധോദ്ദേശ്യ ഉപഗ്രഹ കൃത്യതാവർധക സംവിധാനം/എം.എസ്.എ.എസ്.)

ഭൂമധ്യരേഖാ മേഖലയ്ക്കായി സാക്ഷ്യപ്പെടുത്തപ്പെട്ട ആദ്യത്തെ ഉപഗ്രാധിഷ്ഠിത ശേഷിവർധക സംവിധാനം (എസ്.ബി.എ.എസ്.) കൂടിയാണ് ഗഗൻ. ഇത് ഇന്ത്യയെ പ്രവർത്തനക്ഷമമായ ഉപഗ്രഹ അധിഷ്ഠിത കൃത്യതാവർധക സംവിധാനമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

തദ്ദേശീയ നൂതനത്വത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട്, ഗഗൻ ഇന്ത്യയുടെ വ്യോമയാന സുരക്ഷയും ദിശാഗതി നിർണയ സേവനങ്ങളും ശക്തിപ്പെടുത്തുകയാണ്.


ഗഗൻ പ്രവൃത്തിപഥത്തിൽ: വ്യോമയാന മേഖലയ്ക്ക്
അപ്പുറമുള്ള വിവിധ മേഖലകളിലെ പ്രയോഗങ്ങൾ

'ഗഗൻ' പ്രധാനമായും സിവിൽ വ്യോമയാനത്തിന് വേണ്ടിയാണ് വികസിപ്പിച്ചെടുത്തതെങ്കിലും, അതിൻ്റെ   ഉയർന്ന കൃത്യതയുള്ള സ്ഥാനനിർണ്ണയവും ദിശാഗതി നിർണയ കഴിവുകളും മറ്റ് നിരവധി മേഖലകളെ പിന്തുണയ്ക്കുന്നു. ജി.പി.എസ്. സിഗ്‌നലുകളുടെ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിലൂടെ സുരക്ഷിതമായ പ്രവർത്തനങ്ങൾ, മികച്ച ആസൂത്രണം, കൂടുതൽ കാര്യക്ഷമമായ സേവന വിതരണം എന്നിവ ഗഗൻ ലഭ്യമാക്കുന്നു.

സമുദ്ര ദിശാഗതി നിർണയം (മാരിടൈം നാവിഗേഷൻ): തീരദേശങ്ങളിലും, തീരത്ത് നിന്ന് അകലെയുള്ള കടൽപ്രദേശങ്ങളിലും കൂടുതൽ കൃത്യമായ സ്ഥാനനിർണ്ണയം സാധ്യമാക്കുന്നു.

റോഡ് ഗതാഗതവും ഹൈവേകളും: ബുദ്ധിപരമായ ഗതാഗത സംവിധാനങ്ങളെയും വാഹനഗണ നിയന്ത്രണ(ഫ്‌ളീറ്റ് മാനേജ്‌മെൻ്റ് )ത്തെയും പിന്തുണയ്ക്കുന്നു.

റെയിൽവേ: പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുന്നു.

ദുരന്തനിവാരണം: അടിയന്തര സാഹചര്യങ്ങളിലും പ്രകൃതി ദുരന്ത വേളകളിലും കൃത്യമായ സ്ഥാന നിർണയം പ്രാപ്തമാക്കുന്നു.


പ്രതിരോധവും സുരക്ഷയും: പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിശാഗതി നിർണയം ശക്തിപ്പെടുത്തുന്നു.

ടെലികമ്മ്യൂണിക്കേഷൻസ് (വിദൂരാശയ വിനിമയം): ടെലികോം അടിസ്ഥാനസൗകര്യങ്ങളുടെ പ്രതിബന്ധരഹിതമായ സമന്വയത്തെ പിന്തുണയ്ക്കുന്നു.

ഭൂമാപന(സർവേനടപടി)വും മാപ്പിങ്ങും: ഭൂമി സർവേകളുടെയും ഭൂമിശാസ്ത്രപരമായ വിവരചിത്രീകരണ (ജിയോസ്‌പേഷ്യൽ മാപ്പിങ്)ത്തിൻ്റെ  യും കൃത്യത മെച്ചപ്പെടുത്തുന്നു.  

വ്യോമയാനത്തിനപ്പുറം കൃത്യമായ ഉപഗ്രഹ ദിശാഗതി നിർണയത്തിൻ്റെ   പ്രയോജനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ, 'ഗഗൻ' കൂടുതൽ കാര്യക്ഷമമായ പൊതു സേവനങ്ങൾ സംഭാവന ചെയ്യുന്നു.

മുന്നോട്ടുള്ള പാത

മുന്നോട്ട് പോകവെ, സുരക്ഷിതമായ വ്യോമ ദിശാഗതിനിർണയത്തെ പിന്തുണച്ചുകൊണ്ടും, വ്യോമ ഗതാഗത കൈകാര്യം മെച്ചപ്പെടുത്തിക്കൊണ്ടും, രാജ്യത്തുടനീളം ഉപഗ്രഹാധിഷ്ഠിത ദിശാഗതി നിർണയ സേവനങ്ങൾ വികസിപ്പിച്ചുകൊണ്ടും 'ഗഗൻ' ഇന്ത്യയുടെ ഉപഗ്രഹാധിഷ്ഠിത ദിശാഗതി നിർണയ ആവാസവ്യവസ്ഥയെ ശാക്തീകരിക്കുന്നത് തുടരും. തദ്ദേശീയ ദിശാഗതിനിർണയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും വിദേശ സംവിധാനങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിലും ഇത് 'നാവിക്'നൊപ്പം ഒരു പ്രധാന പങ്ക് വഹിക്കും. ഗതാഗതം, ദുരന്തനിവാരണം, സർവെ നടപടികൾ, ഇതര മേഖലകൾ എന്നിവയിൽ വർധിച്ചുവരുന്ന പ്രായോഗിക സാധ്യതകൾക്കൊപ്പം, പരസ്പര ബന്ധിതവും സ്വയംപര്യാപ്തവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ 'ഗഗൻ' ഒരു നെടുംതൂണായി തുടരും.

അവലംബം

Click here for pdf file

***


(रिलीज़ आईडी: 2280322) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Manipuri , Bengali , Tamil