രാഷ്ട്രപതിയുടെ കാര്യാലയം
ആന്ധ്രാപ്രദേശ് കേന്ദ്രസർവകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
01 JUL 2026 2:24PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ജൂലൈ 1) ആന്ധ്രാപ്രദേശിലെ അനന്തപുരമുവിൽ നടന്ന ആന്ധ്രാപ്രദേശ് കേന്ദ്രസർവകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
ഇത് ആഘോഷത്തിന്റെ ദിവസം മാത്രമല്ല, മറിച്ച് ഈ സ്ഥാപനത്തിന്റെ പ്രയാണത്തിലെ നിർണായകമായ ഒരു നാഴികക്കല്ല് കൂടിയാണെന്ന് അവർ പറഞ്ഞു. ഭാവി സജ്ജമായ ഒരു സ്ഥാപനമായി മാറുന്നതിന് ഈ സർവ്വകലാശാല ദീർഘകാല ദർശനം വികസിപ്പിച്ചെടുത്തതിൽ സന്തോഷമുണ്ടെന്ന് അവർ കുറിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള, പ്രത്യേകിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ലക്ഷ്യങ്ങളോടുള്ള ഈ സർവ്വകലാശാലയുടെ പ്രതിജ്ഞാബദ്ധത, ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസനത്തോടുള്ള ഉത്തരവാദിത്വബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ് കേന്ദ്രസർവകലാശാല, മികവിന്റെ ഒരു കേന്ദ്രമായി ഉയർന്നുവരുമെന്നും, 2047-ഓടെ 'വികസിത് ഭാരതം' എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിരുദം നേടുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, ബിരുദദാന ചടങ്ങ് എന്നത് വർഷങ്ങളായുള്ള അർപ്പണബോധത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാർഥികൾ സ്വപ്നങ്ങളുമായാണ് സർവ്വകലാശാലയിൽ പ്രവേശിച്ചത്. അറിവും ആത്മവിശ്വാസവും പുതിയ അവസരങ്ങളുടെ വാതിലുകൾ തുറന്നുനൽകുന്ന ഒരു ബിരുദവും കൈമുതലാക്കിക്കൊണ്ടാണ് ഇന്ന് അവർ ഇവിടെനിന്ന് മടങ്ങുന്നത്.
വിദ്യാർത്ഥികളുടെ വിജയം അവരുടെ സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമാണെങ്കിലും, അതിന് പിന്നിൽ മാതാപിതാക്കളുടെ ത്യാഗവും അധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും സമൂഹത്തിന്റെ പിന്തുണയും ഉണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അതിനാൽ, സമൂഹത്തിന് തിരിച്ചുനൽകാനുള്ള ഉത്തരവാദിത്വo അവർക്കുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരോ, നവീകരണത്തിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞരോ, ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ജനസേവകരോ, അല്ലെങ്കിൽ സമൂഹത്തെ സേവിക്കുന്ന ജീവകാരുണ്യ പ്രവർത്തകരോ ആകട്ടെ, അവരുടെ അറിവ് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കരുത്തായി മാറണം.

സാങ്കേതിക മുന്നേറ്റങ്ങൾ എല്ലാ മേഖലകളെയും മാറ്റിമറിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇത്തരമൊരു ലോകത്ത്, ഒരു ബിരുദം നേടുന്നതോടെ പഠനം അവസാനിപ്പിക്കരുത്. പുതിയ സാങ്കേതികവിദ്യകളുമായി നിരന്തരം പൊരുത്തപ്പെടാനുള്ള താൽപ്പര്യം വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കരുത്തുകളിലൊന്നായിരിക്കും. പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും പുതിയ അറിവുകൾ നേടിയെടുക്കാനുമുള്ള ധൈര്യം വളർത്തിയെടുക്കാൻ അവർ വിദ്യാർത്ഥികളെ ഉപദേശിച്ചു.
പഠനത്തിൽ തല്പരരും പ്രതിരോധശേഷിയുള്ളവരും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരുമായ യുവാക്കൾ നമ്മുടെ വിലയേറിയ ദേശീയ സമ്പത്താണെന്ന് രാഷ്ട്രപതി പറഞ്ഞു. അറിവിനെ സർഗ്ഗാത്മകത, ദൃഢനിശ്ചയം, ഉത്തരവാദിത്വബോധം എന്നിവയുമായി കൂട്ടിയിണക്കുന്നതിലൂടെ , നമ്മുടെ യുവാക്കൾക്ക് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും കൂടുതൽ സമഗ്രവും സമൃദ്ധവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാനും കഴിയും.
ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് വലിയ തോതിൽ സഹായമാകുമെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളോട് പറഞ്ഞു. സത്യസന്ധത, അനുകമ്പ, സഹാനുഭൂതി, പ്രകൃതിയോടുള്ള ബഹുമാനം എന്നിവ കേവലം ധാർമ്മിക ആദർശങ്ങൾ മാത്രമല്ല, സമഗ്രമായ വികസനത്തിന്റെ അടിത്തറ കൂടിയാണെന്നും അവർ പറഞ്ഞു. ജീവിതം സമ്പന്നമാക്കാനും സമൂഹത്തിനും രാഷ്ട്രത്തിനും അർത്ഥവത്തായ സംഭാവനകൾ നൽകാനും ഈ ഗുണങ്ങൾ യുവാക്കളെ പ്രാപ്തരാക്കും.
നമ്മുടെ യുവാക്കളുടെ ഊർജ്ജം,ശേഷി,പ്രതിജ്ഞാബദ്ധത എന്നിവയിലൂടെ മാത്രമേ 'വികസിത ഭാരതം' എന്ന ദർശനം യാഥാർത്ഥ്യമാക്കാൻ കഴിയൂ എന്ന് രാഷ്ട്രപതി പറഞ്ഞു. ഏത് പാത തിരഞ്ഞെടുത്താലും, അർപ്പണബോധത്തോടും സത്യസന്ധതയോടും കൂടി മികവ് പുലർത്തണമെന്നും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
SKY
*****
(रिलीज़ आईडी: 2279858)
आगंतुक पटल : 10