രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ കേന്ദ്ര ഗോത്രവർഗ്ഗ സർവ്വകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുത്തു

प्रविष्टि तिथि: 30 JUN 2026 5:41PM by PIB Thiruvananthpuram
ഇന്ന് (2026 ജൂൺ 30) ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നടന്ന ആന്ധ്രാപ്രദേശ് കേന്ദ്ര ഗോത്രവർഗ്ഗ സർവ്വകലാശാല (സെൻട്രൽ ട്രൈബൽ യൂണിവേഴ്‌സിറ്റി)യുടെ പ്രഥമ ബിരുദദാന ചടങ്ങിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു.
 


 
ആന്ധ്രാപ്രദേശിലെ കേന്ദ്ര ഗോത്രവർഗ്ഗ സർവകലാശാലയ്ക്ക് നിരവധി പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഗോത്രവർഗ്ഗ സമൂഹത്തിനുള്ളിൽ ആത്മവിശ്വാസം, നേതൃത്വം, നയരൂപവത്കരണത്തിനുള്ള കാര്യക്ഷമതകൾ എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹിക നീതി എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സ്ഥാപനങ്ങൾക്ക് അവരുടെ മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, ഉപജീവനമാർഗം, വനാവകാശങ്ങൾ എന്നിവയ്ക്കായി താഴെത്തട്ടിൽ പ്രവർത്തിക്കാനുള്ള കടമയുമുണ്ട്. വരും വർഷങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ടതും ഗോത്ര സമൂഹങ്ങളിൽ നിന്നുള്ളതുമായ യുവാക്കളുടെ സമഗ്രമായ പുരോഗതിയ്ക്കും മേഖലയുടെ മൊത്തത്തിലുള്ള വികസനത്തിനും ഈ സർവകലാശാല അർത്ഥവത്തായ ശ്രമങ്ങൾ നടത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 


 
ഗോത്രവർഗ ജനവിഭാഗങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വന ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ചെറുധാന്യങ്ങൾ, ഔഷധ സസ്യങ്ങൾ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, പ്രാദേശിക സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഉത്പാദനപരമായ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എല്ലാ സർവകലാശാലകളും, പ്രത്യേകിച്ച് ഗോത്രവർഗ്ഗ സർവകലാശാലകൾ നൂതന സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.
 


 
ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിലെ ഒരു സുപ്രധാന സന്ദർഭത്തെയാണ് ബിരുദദാന ചടങ്ങ് അടയാളപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ആഘോഷിക്കാനുള്ള ദിനമാണിതെങ്കിലും, തങ്ങളുടെ ഭാവിയെക്കുറിച്ച് ഒരു ദൃഢനിശ്ചയം എടുക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന നിമിഷം കൂടിയാണിത്.
 


 
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ പ്രസക്തമായി തുടരുന്നതിന് നൈപുണ്യ വികസനത്തിൻ്റെ   ഉയർന്നുവരുന്ന ചക്രവാളങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ വിദ്യാർത്ഥികളെ ഉപദേശിച്ചു. അവർ പാഠപുസ്തക പഠനത്തിനപ്പുറം മുന്നോട്ട് പോവണമെന്നും, പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനായി ചുറ്റുമുള്ള ആവാസവ്യവസ്ഥയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അവർ പറഞ്ഞു. വിദ്യാർത്ഥികൾ സ്വന്തം സമൂഹം, സംസ്‌കാരം, പാരമ്പര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുനിന്നുകൊണ്ട് തന്നെ സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും ഭാവി മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കേണ്ടതുണ്ട്.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, നമ്മുടെ പൈതൃകവുമായുള്ള ബന്ധം നിലനിർത്തുന്നതിനോടൊപ്പം തന്നെ ആധുനിക ശാസ്ത്രത്തിൻ്റെ   നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈയൊരു ലക്ഷ്യത്തോടെയാണ്, വടക്കൻ ആന്ധ്രാപ്രദേശിലെ ഗോത്രവർഗ്ഗ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനായി സർവകലാശാല ഒരു 'ശാസ്ത്ര- സാങ്കേതിക കേന്ദ്രം' (സയൻസ് ആൻഡ് ടെക്‌നോളജി ഹബ്ബ്) പ്രവർത്തിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

ആദിവാസി ക്ഷേമം, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ-പോഷകാഹാര സുരക്ഷ, ഊർജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിലായി അക്കാദമികതലങ്ങളിലും, അടിസ്ഥാനതലങ്ങളിലുമുള്ള പ്രവർത്തനങ്ങളിൽ സർവകലാശാല ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.  സമത്വപൂർണ്ണവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഈ മാനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അവർ വിശ്വാസം പ്രകടിപ്പിച്ചു.

'2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ'  കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അർത്ഥപൂർണവും, സമഗ്രവും, പ്രായോഗികവുമായ അധ്യാപന രീതിശാസ്ത്രത്തിലൂടെ, ആന്ധ്രാപ്രദേശിലെ കേന്ദ്ര ഗോത്രവർഗ്ഗ സർവ്വകലാശാല ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഗണ്യമായൊരു പങ്ക് വഹിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ   ഗുണപരമായ വശങ്ങളുമായി ആദിവാസി ജനതയെ സമന്വയിപ്പിക്കുന്നത് രാജ്യത്തിൻ്റെ   നീതിപൂർവ്വകമായ വികസനത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കാൻ പ്രാദേശിക യുവതയെ പ്രാപ്തമാക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
 
*****

(रिलीज़ आईडी: 2279597) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu_Vw , Telugu