ആഭ്യന്തരകാര്യ മന്ത്രാലയം
FCRA 2.0 പോർട്ടലും e-OCI കാർഡും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ പുറത്തിറക്കി
प्रविष्टि तिथि:
30 JUN 2026 5:09PM by PIB Thiruvananthpuram
വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട FCRA 2.0 പോർട്ടലും e-OCI കാർഡും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് തുടക്കം കുറിച്ച രണ്ട് സുപ്രധാന സംരംഭങ്ങളും പൗരന്മാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതില്‍ ഏറെ ഗുണം ചെയ്യുമെന്ന് ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. FCRA പോർട്ടൽ വഴി സംഭാവനകൾ സ്വീകരിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഈ സംരംഭങ്ങള്‍ പരിഹാരമേകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കുറഞ്ഞ ഗവണ്‍മെൻ്റ് ഇടപെടലുകളും പരമാവധി ഭരണനിര്‍വഹണവും’ എന്ന തത്വത്തിലൂന്നിയായിരിക്കും പ്രവർത്തിക്കുകയെന്ന് 2014-ൽ ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ പറഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു. വ്യക്തമായ ലക്ഷ്യവും സുതാര്യമായ നയവും സാങ്കേതികവിദ്യയെ ഉൾക്കൊള്ളുന്ന മനോഭാവവും ഉണ്ടാവുമ്പോള്‍ സത്യസന്ധരായവര്‍ക്ക് ഭരണനിര്‍വഹണം ഏറെ സുഗമമാകുമെന്നും തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നിരീക്ഷണ സംവിധാനം നിലവിൽ വരുമെന്നും അതുവഴി രാജ്യം കൂടുതൽ സുരക്ഷിതമാകുമെന്നും ശ്രീ. അമിത് ഷാ കൂട്ടിച്ചേർത്തു.

2014-ന് മുൻപ് FCRA സംവിധാനം ഫയലുകളിലും ചട്ടങ്ങളിലും കുടുങ്ങിക്കിടക്കുകയായിരുന്നെന്നും ദേശീയ സുരക്ഷയ്ക്കും വികസനത്തിനും നിർണായകമായ ഇതിന് കൃത്യമായ മേൽനോട്ടമുണ്ടായിരുന്നില്ലെന്നും ശ്രീ. അമിത് ഷാ പറഞ്ഞു. 2014-ൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഗവൺമെൻ്റ് രൂപീകരിച്ചതിന് ശേഷമാണ് ഈ സംവിധാനം ശക്തിപ്പെടുത്തിയത്. FCRA പോർട്ടലിന്റെ നവീകരണം സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കും. കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷകളുടെ എണ്ണത്തിലും വിദേശ സംഭാവനകളുടെ ഒഴുക്കിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ പരമ്പരാഗത കടലാസ് ജോലികൾ കുറയ്ക്കുന്നതും വിദേശ സംഭാവനകളുടെ തത്സമയവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതും രാജ്യ സുരക്ഷയ്ക്ക് വളരെ പ്രധാനമാണ്. FCRA നിയമം മൂലം തെറ്റായ ലക്ഷ്യങ്ങളോടെ എത്തുന്ന വിദേശ സംഭാവനകള്‍ക്കുമേല്‍ നിരീക്ഷണം ശക്തമാകും. പുതിയ സംവിധാനം വരുന്നതോടെ രേഖകൾ നേരിട്ട് സമർപ്പിക്കുന്ന രീതി ഇല്ലാതാകും. ഇലക്ട്രോണിക്-സൈൻ അധിഷ്ഠിത സ്ഥിരീകരണം, OCR (ചിത്രരൂപത്തിലുള്ള രേഖകളില്‍നിന്ന് അക്ഷരങ്ങള്‍ തിരിച്ചറിയുന്ന സംവിധാനം), NGO ദർപ്പൺ ബാങ്ക് അക്കൗണ്ട് സംയോജന സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പാക്കും. ഈ വിവരശേഖരം പൂര്‍ണമായും ഗവൺമെൻ്റ് ക്ലൗഡ് സേവനമായ 'മേഘ്‌രാജ്' വഴി ഹോസ്റ്റ് ചെയ്യുന്നതിനാൽ ഡാറ്റ ചോർച്ചയ്ക്ക് സാധ്യത തീരെ കുറവായിരിക്കും. കൂടാതെ, ഒരു FCRA മൊബൈൽ അപ്ലിക്കേഷനും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടും ബാങ്കുകൾക്ക് പ്രത്യേക ഓൺലൈൻ ഡാഷ്‌ബോർഡും വരും മാസങ്ങളിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനൊപ്പം e-OCI കാർഡും ഇന്ന് പുറത്തിറക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. OCI സംവിധാനത്തിൽ നേരത്തെയുണ്ടായിരുന്ന പ്രാരംഭ പ്രശ്നങ്ങൾ പുതിയ സംവിധാനത്തിലൂടെ പരിഹരിച്ചതായും 50 ലക്ഷത്തിലധികം OCI കാർഡ് ഉടമകൾക്ക് ഇത് വലിയ സൗകര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 20 വയസ്സിന് ശേഷം പുതിയ പാസ്‌പോർട്ട് അനുവദിക്കുമ്പോൾ OCI ബുക്ക്‌ലെറ്റ് വീണ്ടും പുതുക്കേണ്ടി വരില്ലെന്നും കാർഡ് ഉടമയുടെ രജിസ്ട്രേഷൻ നമ്പർ ഏകീകൃതമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡിജിറ്റൽ OCI കാർഡ് നിലവിൽ വരുന്നതോടെ രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന പ്രശ്നം ഇല്ലാതാകുകയും കാർഡ് ഉടമകൾക്ക് തത്സമയ സ്ഥിരീകരണം സ്വയം നടത്താനാവുകയും ചെയ്യും.
FCRA 2.0 പോര്‍ട്ടല്‍
വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് കീഴിലെ ചട്ടങ്ങൾ പാലിക്കുന്നത് ലളിതമാക്കാനും നിരീക്ഷണ-നിര്‍വഹണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുമാണ് FCRA 2.0 പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. അപേക്ഷകൾ, പുതുക്കലുകൾ, വാർഷിക റിട്ടേണുകൾ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന പ്രക്രിയകളും പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം 14,500-ഓളം സജീവ FCRA സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ വർഷവും ഏകദേശം 15,000 മുതൽ 20,000 വരെ അപേക്ഷകളും 17,000-ത്തോളം വാർഷിക റിട്ടേണുകളും ലഭിക്കുന്നുണ്ട്. ഇത്രയും വിപുലമായ തോതില്‍ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവും സുരക്ഷിതവുമായ സംവിധാനത്തിൻ്റെ ആവശ്യകത ദീർഘകാലമായി അനുഭവപ്പെട്ടിരുന്നു. നാഷണൽ ഗവൺമെൻ്റ് ക്ലൗഡിൽ (മേഘ്‌രാജ്) ഹോസ്റ്റ് ചെയ്തിരിക്കുന്ന ഈ പോർട്ടലിൽ പ്രോസസ്സ് റീ-എന്‍ജിനീയറിങ്, സംയോജിത ഡാഷ്‌ബോർഡ്, ആധാര്‍ അധിഷ്ഠിത സ്ഥിരീകരണ സംവിധാനം, ഇലക്ട്രോണിക്-സൈൻ സൗകര്യം, OCR അധിഷ്ഠിത രേഖകളുടെ വിശകലനം തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. 2026-ലെ പുതിയ FCRA ഭേദഗതി ചട്ടങ്ങളുടെ പ്രധാന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. PAN, OCR, OCI, NGO ദർപ്പൺ, ICAI-യുടെ UDIN സംവിധാനം എന്നിവയടക്കം പ്രധാന ഗവൺമെൻ്റ് വിവരശേഖരങ്ങളുമായും ബാങ്കുകളുമായും പോർട്ടൽ സംയോജിപ്പിച്ചിട്ടുണ്ട്.
സംഘടനകളെ സംബന്ധിച്ചിടത്തോളം പരമ്പരാഗത കടലാസ് ജോലികൾ കുറയ്ക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ഈ പോർട്ടൽ ലളിതവും കൂടുതൽ സൗകര്യപ്രദവുമായ അനുഭവം നൽകുന്നു. അപേക്ഷകളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുന്നതും ലോഗിൻ അധിഷ്ഠിത സംയോജിത ഡാഷ്‌ബോർഡും ഇതിൻ്റെ പ്രത്യേകതയാണ്. ഗവൺമെൻ്റിനെ സംബന്ധിച്ച് പ്രധാന വിവരശേഖരങ്ങളുമായി API അധിഷ്ഠിത സംയോജനത്തിലൂടെ കൃത്യമായ അതിവേഗ പരിശോധന, മെച്ചപ്പെട്ട ചട്ടപാലന നിരീക്ഷണം, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഫലപ്രദമായ മേൽനോട്ടം എന്നിവ സാധ്യമാക്കുന്നു. ഇത് ദേശീയ സുരക്ഷയും സദ്ഭരണവും ഒരുപോലെ ശക്തിപ്പെടുത്തും. എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട്, മൊബൈൽ വഴി നല്‍കുന്ന സേവനങ്ങൾ തുടങ്ങിയ ഭാവി സവിശേഷതകൾ ഉൾക്കൊള്ളാൻ തക്ക രീതിയിലാണ് ഈ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്.
e-OCI കാർഡ്
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ആഗോള ഇന്ത്യൻ പ്രവാസികളുടെ OCI സേവനങ്ങളിൽ വലിയ മാറ്റം വരുത്താൻ ലക്ഷ്യമിടുന്ന സുപ്രധാന ജനകേന്ദ്രീകൃത സംരംഭമാണ് ഇലക്ട്രോണിക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ അഥവാ e-OCI കാർഡ്. ഈ സംവിധാനത്തിന് കീഴിൽ അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്നത് മുതൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതും അംഗീകാരത്തിന് ശേഷം ഡിജിറ്റലായി തയ്യാറാക്കിയ കാർഡ് ഡൗൺലോഡ് ചെയ്യുന്നതും വരെ മുഴുവൻ OCI പ്രക്രിയകളും ഓൺലൈനായി പൂർത്തിയാക്കാനാവും. നിലവിലെ കാർഡുടമകൾക്ക് പുതിയ അപേക്ഷയോ നേരിട്ടുള്ള പരിശോധനയോ ആവശ്യമില്ലാതെ തന്നെ ഒട്ടുമിക്ക സാഹചര്യങ്ങളിലും e-OCI കാർഡ് ഡിജിറ്റലായി നേടാം. പുതിയ ക്രമീകരണമനുസരിച്ച് 20 വയസ്സിന് ശേഷം പുതിയ പാസ്‌പോർട്ട് ലഭിക്കുമ്പോൾ OCI ബുക്ക്‌ലെറ്റ് വീണ്ടും പുതുക്കി വാങ്ങേണ്ട ആവശ്യമില്ല. എന്നിരുന്നാലും പുതിയ പാസ്‌പോർട്ട് അനുവദിക്കുമ്പോഴെല്ലാം കാർഡുടമകൾ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യണം.
അപേക്ഷകർക്ക് ഈ സംവിധാനം നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ലളിതവും സമ്പൂര്‍ണ ഡിജിറ്റലുമായ അനുഭവം പ്രദാനം ചെയ്യുന്നു. മൊബൈൽ ഉപകരണങ്ങളിലൂടെ എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാമെന്നതും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ നടപടികള്‍ വേഗത്തിലാക്കുന്നതും ഭൗതിക രേഖകൾ നഷ്ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ സാധ്യത ഇല്ലാതാക്കുന്നതും അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സാധ്യമാക്കി സുഗമ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതും ഇതിൻ്റെ സവിശേഷതയാണ്. ഗവൺമെൻ്റിനെ സംബന്ധിച്ചിടത്തോളം e-OCI സംവിധാനം സമ്പൂര്‍ണ ഓൺലൈൻ നടപടികള്‍ ഉറപ്പാക്കുന്നു. കടലാസ് ജോലികളും ഭരണപരമായ ചെലവുകളും കുറയ്ക്കുന്ന ഈ സംരംഭം വിവരശേഖര നിര്‍വഹണവും കേന്ദ്രീകൃത പരിശോധനയും ശക്തിപ്പെടുത്തുന്നു. കൂടാതെ വിമാനത്താവളങ്ങളിൽ തത്സമയ പരിശോധനയ്ക്ക് ഡിജിറ്റൽ ഇമിഗ്രേഷൻ സംവിധാനങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. മികച്ച തിരിച്ചറിയല്‍ പരിശോധനയ്ക്കും സുരക്ഷ വർധിപ്പിക്കാനും തട്ടിപ്പുകളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
FCRA 2.0 പോർട്ടലും e-OCI കാർഡും പുറത്തിറക്കിയത് സദ്ഭരണത്തിനും പൊതുജനസേവന വിതരണത്തിനുമായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ മറ്റൊരു സുപ്രധാന നേട്ടമാണ്. കൂടുതൽ സുതാര്യവും സുരക്ഷിതവും ഡിജിറ്റൽ ശാക്തീകൃതവുമായ ഭരണസംവിധാനം കെട്ടിപ്പടുക്കാന്‍ ഇത് വഴിയൊരുക്കുന്നു
****
(रिलीज़ आईडी: 2279567)
आगंतुक पटल : 11