ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ലീഗൽ മെട്രോളജി നിയമത്തിന് കീഴിൽ ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം അവതരിപ്പിച്ച് കേന്ദ്ര ഗവണ്മെൻ്റ്
प्रविष्टि तिथि:
29 JUN 2026 10:39AM by PIB Thiruvananthpuram
ലീഗൽ മെട്രോളജി നിയമം 2009 ന് കീഴിൽ, ജൻ വിശ്വാസ് (വ്യവസ്ഥാ ഭേദഗതി) നിയമം 2026 മുഖേന ഉപഭോക്തൃ കാര്യ വകുപ്പ് ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം അവതരിപ്പിച്ചു. ഒരു ബിസിനസ്സ് സ്ഥാപനം ആദ്യമായി നടത്തുന്ന നടപടിക്രമപരമോ നിയന്ത്രണപരമോ ആയ ചെറിയ ചില ലംഘനങ്ങളുമായി ബന്ധപ്പെട്ട് പിഴ ചുമത്തുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് തെറ്റ് തിരുത്താൻ അവസരം നൽകിക്കൊണ്ട് ഒരു നോട്ടീസ് നൽകും. ബിസിനസുകളുടെ നിയമ പാലനം സുഗമമാക്കുക, തെറ്റുകൾ സ്വമേധയാ തിരുത്തുന്നത് പ്രോത്സാഹിപ്പിക്കുക, അനാവശ്യമായ നിയമ തർക്കങ്ങൾ കുറയ്ക്കുക, ബിസിനസുകളും നിയന്ത്രണ ഏജൻസികളും തമ്മിൽ സഹകരണാധിഷ്ഠിതവും വിശ്വാസാധിഷ്ഠിതവുമായ ബന്ധം സൃഷ്ടിക്കുക, ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള (EoDB) ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന വ്യവസ്ഥകൾ
ലീഗൽ മെട്രോളജി നിയമത്തിന് കീഴിലുള്ള ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം, ഏതെങ്കിലും വിധത്തിലുള്ള പിഴകളോ നിയമനടപടികളോ സ്വീകരിക്കുന്നതിന് മുമ്പ്, ആദ്യ തവണ നടത്തുന്ന നടപടിക്രമപരമോ നിയന്ത്രണപരമോ ആയ ലംഘനങ്ങൾ തിരുത്താൻ ബിസിനസുകൾക്ക് അവസരം നൽകുന്നു.
ബിസിനസ്സ് ചെയ്യുന്നത് സുഗമമാക്കുക, സ്വമേധയാ ഉള്ള അനുവർത്തനം പ്രോത്സാഹിപ്പിക്കുക, അനാവശ്യമായ വ്യവഹാരങ്ങൾ കുറയ്ക്കുക എന്നിവയാണ് പരിഷ്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഉത്പാദകർ, ഇറക്കുമതിക്കാർ, പാക്കർമാർ, ഡീലർമാർ, റിപ്പയറർമാർ, വ്യാപാരികൾ, MSME കൾ, നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന മറ്റ് ബിസിനസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുതിയ നിയമം ബാധകമാണ്.
എന്നാൽ തട്ടിപ്പ്, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ, കൃത്രിമത്വം, ഉപഭോക്താക്കളെ ദ്രോഹിക്കുന്നതോ വഞ്ചിക്കുന്നതോ ആയ മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടി തുടരും.
ഉപഭോക്തൃ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിശ്വാസാധിഷ്ഠിത ഭരണനിർവ്വഹണം ശക്തിപ്പെടുത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
എന്താണ് ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് ?
ലീഗൽ മെട്രോളജി നിയമത്തിന് കീഴിൽ ഒരു വ്യക്തി ആദ്യമായി ഒരു നിർദ്ദിഷ്ട നടപടിക്രമ ലംഘനം അല്ലെങ്കിൽ നിയന്ത്രണ ലംഘനം നടത്തിയാൽ, പ്രശ്നം വിശദീകരിച്ച് ഒരു ലീഗൽ മെട്രോളജി ഓഫീസർ ഒരു ഇംപ്രൂവ്മെൻ്റ് നോട്ടീസ് പുറപ്പെടുവിക്കും, ഏതെങ്കിലും വിധത്തിലുള്ള നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് ആ വ്യക്തിക്ക് അത് പരിഹരിക്കാൻ മതിയായ സമയം നൽകുകയും ചെയ്യും.
ഒരു ബിസിനസ്സോ മറ്റ് നിയമാധിഷ്ഠിത സ്ഥാപനമോ നിർദ്ദിഷ്ട കാലയളവിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ, പിഴകളും അനാവശ്യ നിയമ നടപടികളും ഒഴിവാക്കാൻ കഴിയും. എന്നാൽ, ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് പാലിക്കുന്നതിൽ പരാജയപ്പെടുകയോ അതേ ലംഘനം ആവർത്തിക്കുകയോ ചെയ്താൽ, ലീഗൽ മെട്രോളജി നിയമ പ്രകാരം നടപടി സ്വീകരിക്കും. നിയമം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ആദ്യതവണയുണ്ടാകുന്ന പിഴവുകൾ തിരുത്താൻ അവസരം നൽകിക്കൊണ്ട്, സഹകരണാധിഷ്ഠിതവും വിശ്വാസാധിഷ്ഠിതവുമായ നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ, സ്വമേധയാ നിയമം പിന്തുടരാൻ ഈ പുതിയ സംവിധാനം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നു.
ഈ പരിഷ്കരണം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു
കൂടുതൽ പ്രവചനാത്മകവും സുതാര്യവും ബിസിനസ് സൗഹൃദവുമായ ഒരു നിയന്ത്രണ സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം ലക്ഷ്യമിടുന്നത്, അതിനായി:
സ്വമേധയാ ഉള്ള അനുവർത്തനവും സമയബന്ധിതമായ സ്വയം തിരുത്തലും പ്രോത്സാഹിപ്പിക്കുക.
ശിക്ഷാ നടപടികൾക്ക് മുമ്പ് ആദ്യമായി സംഭവിക്കുന്ന നടപടിക്രമങ്ങളിലെ യഥാർത്ഥ വീഴ്ചകൾ പരിഹരിക്കാൻ ബിസിനസുകൾക്ക് അവസരം നൽകുക.
അശ്രദ്ധമായ അനുവർത്തനവുമായി ബന്ധപ്പെട്ട പിശകുകളിലൂടെ ഉണ്ടാകുന്ന അനാവശ്യമായ വ്യവഹാരങ്ങൾ കുറയ്ക്കുക.
അനുവർത്തന ചെലവുകൾ കുറയ്ക്കുകയും നിയന്ത്രണ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുക.
ഉപഭോക്തൃ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന, മനഃപൂർവവും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിയമ നിർവ്വഹണ ഏജൻസികൾക്കും നിയന്ത്രണ ഏജൻസികൾക്കും അവസരമൊരുക്കുക.
ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ
ലീഗൽ മെട്രോളജി നിയമത്തിന് കീഴിൽ വരുന്ന നടപടിക്രമപരവും നിയന്ത്രണപരവുമായ ചില ലംഘനങ്ങൾക്ക് ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം ബാധകമാണ്.
രജിസ്ട്രേഷൻ ആവശ്യകതകൾ
ഡോക്യുമെൻ്റേഷനും റെക്കോർഡ് പരിപാലനവും
മോഡൽ അംഗീകാരം
അളവ് -തൂക്ക ഉപകരണങ്ങളുടെ നിർമ്മാണം, വിൽപ്പന, അറ്റകുറ്റപ്പണികൾ
അളവ് -തൂക്ക ഉപകരണങ്ങളുടെ ഇറക്കുമതി
സാധന-സേവന ഇടപാടുകളും പായ്ക്ക് ചെയ്ത സാധനങ്ങളും
നിയമപരമായ വിവരങ്ങളുടെയും റിട്ടേണുകളുടെയും സമർപ്പണം
ലീഗൽ മെട്രോളജി നിയമത്തിലെ ഇനിപ്പറയുന്ന വ്യവസ്ഥകൾ ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു:
സെക്ഷൻ (വകുപ്പ്) 25 – നിലവാരമില്ലാത്ത അളവ് -തൂക്ക ഉപകരണങ്ങളുടെ ഉപയോഗം
സെക്ഷൻ 27 – നിലവാരമില്ലാത്ത അളവ് -തൂക്ക ഉപകരണങ്ങളുടെ നിർമ്മാണം, വിൽപ്പന
സെക്ഷൻ 28 – നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഇടപാടുകൾ
സെക്ഷൻ 29 – മാനദണ്ഡപ്രകാരമുള്ള നിലവാരമില്ലാത്ത യൂണിറ്റുകൾ ഉപയോഗിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക
സെക്ഷൻ 31 – രേഖകൾ ഹാജരാക്കാതിരിക്കുക
സെക്ഷൻ 32 – നിയമം അനുശാസിക്കുന്ന പ്രകാരം മോഡൽ അംഗീകാരം നേടുന്നതിൽ പരാജയപ്പെടുക
സെക്ഷൻ 34 – നിലവാരമില്ലാത്ത അളവ് -തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിൽപ്പന, വിതരണം
സെക്ഷൻ 35 – നിലവാരമില്ലാത്ത തൂക്കങ്ങൾ, അളവുകൾ, നമ്പർ എന്നിവ പ്രകാരം സേവനങ്ങൾ നൽകുക
സെക്ഷൻ 36(1) – മാനദണ്ഡപ്രകാരമല്ലാത്ത പായ്ക്ക് ചെയ്ത സാധനങ്ങളുടെ വിൽപ്പന
സെക്ഷൻ 38 – രജിസ്ട്രേഷൻ ഇല്ലാതെ അളവ് -തൂക്ക ഉപകരണങ്ങളുടെ ഇറക്കുമതി
സെക്ഷൻ 39 – നിലവാരമില്ലാത്ത അളവ് -തൂക്ക ഉപകരണങ്ങളുടെ ഇറക്കുമതി
സെക്ഷൻ 41(1) & 41(2) – തെറ്റായ വിവരങ്ങളോ തെറ്റായ റിട്ടേണുകളോ നൽകുക
സെക്ഷൻ 45 – രജിസ്ട്രേഷൻ കൂടാതെ അളവ് -തൂക്ക ഉപകരണങ്ങളുടെ നിർമ്മാണം
സെക്ഷൻ 46 – രജിസ്ട്രേഷൻ ഇല്ലാതെ അളവ് -തൂക്ക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, വിൽപ്പന, ഉപയോഗം
സെക്ഷൻ 47 – രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കൃത്രിമം
ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം ഉപഭോക്തൃ സംരക്ഷണത്തെയോ ലീഗൽ മെട്രോളജി നിയമത്തിൻ്റെ നിർവ്വഹണത്തെയോ ദുർബലപ്പെടുത്തുന്നില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ആദ്യ തവണ സംഭവിക്കുന്ന നിർദ്ദിഷ്ട നടപടിക്രമ, നിയന്ത്രണ ലംഘനങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ, നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് ബിസിനസുകൾക്ക് ഈ ചെറിയ നിയമലംഘനങ്ങൾ തിരുത്താൻ ഇത് അവസരം നൽകുന്നു, ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരും.
വിശ്വാസ്യത അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, "മിനിമം ഗവണ്മെൻ്റ് , മാക്സിമം ഗവർണൻസ് " എന്ന ഗവണ്മെൻ്റിൻ്റെ ദർശനത്തെ ഇംപ്രൂവ്‌മെൻ്റ് നോട്ടീസ് സംവിധാനം പ്രതിഫലിപ്പിക്കുന്നു. അനാവശ്യമായ അനുവർത്തന ആവശ്യകതകൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു, ബിസിനസുകളുടെ സ്വമേധയായുള്ള അനുവർത്തനം പ്രോത്സാഹിപ്പിക്കുന്നു, കൂടുതൽ സുതാര്യവും പ്രവചനാത്മകവും ബിസിനസ് സൗഹൃദവുമായ നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നു. നിയമപരമായ മെട്രോളജി സംവിധാനത്തിൻ്റെ സമഗ്രത കാത്തുസൂക്ഷിക്കുകയും ശക്തമായ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തുകൊണ്ട്, സത്യസന്ധരായ ബിസിനസുകൾക്ക് അവരുടെ തെറ്റുകൾ തിരുത്താനും നിയമങ്ങൾ പാലിക്കാനും സഹായിക്കുന്നതിലൂടെ ഈ പരിഷ്കരണം ഒരു സന്തുലിത സമീപനം സ്വീകരിക്കുന്നു.
***
(रिलीज़ आईडी: 2279317)
आगंतुक पटल : 10