ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ കൗണ്‍സിലിന്റെ 16-ാമത് സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ 'സുമന്‍ റോഡ്മാപ്പ് 2030' പുറത്തിറക്കും

प्रविष्टि तिथि: 29 JUN 2026 10:48AM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ കൗണ്‍സിലിന്റെ (CCHFW) 16-ാമത് സമ്മേളനത്തിനിടെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ 'സുമന്‍ റോഡ്മാപ്പ് 2030' ഇന്ന് പുറത്തിറക്കും. ഗര്‍ഭിണികളുടേയും നവജാതശിശുക്കളുടേയും ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, 2030-ഓടെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സമഗ്രവും ബഹുമുഖവുമായ ഒരു തന്ത്രപ്രധാനമായ ചട്ടക്കൂടാണ് ഈ റോഡ്മാപ്പ്.

മാതൃ-ശിശു ആരോഗ്യ സംരക്ഷണ മേഖലയില്‍ ശേഷിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനായി പുതുക്കിയതും  ലക്ഷ്യാധിഷ്ഠിതവുമായ നടപടികളുടെ ആവശ്യകതയ്ക്കുള്ള പ്രതികരണമായാണ് 'സുമന്‍ റോഡ്മാപ്പ് 2030' വികസിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ മാതൃ ആരോഗ്യ രംഗത്ത് ഇന്ത്യ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലനില്‍ക്കുന്ന പോരായ്മകള്‍ മാതൃ-ശിശു മരണനിരക്ക് ഇനിയും കുറയ്ക്കുന്നതിന്, പ്രത്യേകിച്ച് ഉയര്‍ന്ന ശ്രദ്ധ ആവശ്യമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും തടസ്സമായി തുടരുന്നു. എല്ലാ മേഖലകള്‍ക്കും ഒരേപോലെയുള്ള പൊതുവായ രീതിക്ക് പകരം, സംസ്ഥാനങ്ങളുടേയും ജില്ലകളുടേയും ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം തയ്യാറാക്കിയതും വൈവിധ്യമാര്‍ന്നതും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇടപെടലുകളാണ് ഈ റോഡ്മാപ്പ് മുന്നോട്ടുവെക്കുന്നത്.

ഗര്‍ഭധാരണത്തിന് മുന്‍പുള്ള പരിചരണം, പ്രസവകാല പരിചരണം, പ്രസവസമയത്തെ പരിചരണം, പ്രസവാനന്തര പരിചരണം എന്നിവ ഉള്‍ക്കൊള്ളുന്ന പരിചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള ഇടപെടലുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു ജീവിതചക്ര സമീപനമാണ് ഈ റോഡ്മാപ്പ് സ്വീകരിച്ചിരിക്കുന്നത്. സംയോജിത സേവന വിതരണം ഉറപ്പാക്കുന്നതിനായി, RMNCHA+N ചട്ടക്കൂടിന് കീഴില്‍ ശിശു ആരോഗ്യം, കൗമാര ആരോഗ്യം, കുടുംബാസൂത്രണം, പോഷകാഹാരം എന്നിവയുമായുള്ള സംയോജിച്ചുള്ള പ്രവര്‍ത്തനത്തേയും ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നാല് ഘട്ടങ്ങളുള്ള ഘടനാപരമായ ഒരു ചട്ടക്കൂടാണ് ഈ റോഡ്മാപ്പിന്റെ  പ്രധാന സവിശേഷത. ഗര്‍ഭധാരണത്തിന്റെ അവസാന മൂന്ന് മാസങ്ങളിലെ അവസ്ഥയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രസവപൂര്‍വ്വ ഘട്ടം, പ്രസവസമയം, പ്രസവാനന്തര ഘട്ടം എന്നിവയിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങളും അമ്മമാരുടെ പരിചരണവും ഈ ചട്ടക്കൂടിന്റെ  പരിധിയില്‍ വരുന്നു. ഗതാഗത വെല്ലുവിളികള്‍, ഗോത്ര മേഖലകളിലേയും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേയും പ്രവേശനക്ഷമത, ഗുണനിലവാരമുള്ള അടിയന്തിര പ്രസവചികിത്സാ പരിചരണം, സുമന്‍ പഞ്ചായത്തുകളിലൂടെയുള്ള ജനപങ്കാളിത്തം, കാലാവസ്ഥാ വ്യതിയാനം പോലുള്ള ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫീല്‍ഡ് തലത്തിലെ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള സന്ദര്‍ഭോചിതമായ ഇടപെടലുകളും  ഈ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഉയര്‍ന്ന ശ്രദ്ധ ആവശ്യമുള്ള 13 സംസ്ഥാനങ്ങളിലെ   130 ജില്ലകളില്‍ ലക്ഷ്യാധിഷ്ഠിതവും സമയബന്ധിതവുമായ തന്ത്രങ്ങള്‍ ഈ റോഡ്മാപ്പ് അവതരിപ്പിക്കുന്നു. അതോടൊപ്പം, മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ പുരോഗതി നിലനിര്‍ത്തുന്നതിനും അവ എല്ലാവരിലേക്കും പൂര്‍ണ്ണമായി എത്തിക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള തന്ത്രങ്ങളും ഇതില്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന ശ്രദ്ധ ആവശ്യമുള്ളതായി കണ്ടെത്തിയിട്ടുള്ള സംസ്ഥാനങ്ങള്‍ക്കായി, സമയബന്ധിതമായ  രജിസ്‌ട്രേഷന്‍, സമ്പൂര്‍ണ്ണ ഗര്‍ഭകാല പരിചരണം, ഗുണനിലവാരമുള്ള ക്ലിനിക്കല്‍ പരിശോധന, മതിയായ പ്രസവാനന്തര ആശുപത്രിവാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഗര്‍ഭിണികള്‍ക്കായുള്ള ഒരു സമഗ്ര 'സുമന്‍ പാക്കേജ്' ഈ റോഡ്മാപ്പ് നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങളിലെ സാമൂഹിക തലത്തിലുള്ള ഇടപെടലുകളില്‍, അപകട ലക്ഷണങ്ങള്‍ തിരിച്ചറിയല്‍, പോഷകാഹാര കൗണ്‍സിലിംഗ്, പ്രസവത്തിനായുള്ള തയ്യാറെടുപ്പ്, ആശുപത്രികളില്‍ പ്രസവം ഉറപ്പാക്കല്‍ എന്നിവയ്ക്കായി  ഗര്‍ഭാവസ്ഥയുടെ എട്ടാം മാസത്തിലും ഒന്‍പതാം മാസത്തിലും ആശാ പ്രവര്‍ത്തകര്‍ ആഴ്ചയില്‍ രണ്ടുതവണ നടത്തുന്ന ഭവന സന്ദര്‍ശനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രസവാനന്തരമുള്ള നിര്‍ണായക ഘട്ടത്തില്‍ അമ്മമാരെ പരിചരിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും, എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതും സേവനങ്ങള്‍ കുറഞ്ഞതുമായ പ്രദേശങ്ങളില്‍ പ്രസവസംബന്ധമായ അടിയന്തിര ഘട്ടങ്ങളില്‍ യഥാസമയം യാത്ര ഉറപ്പാക്കുന്നതിനായി റഫറല്‍ ഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതും, ദുര്‍ഘടവും പിന്നാക്കവുമായ മേഖലകളില്‍ പ്രസവ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ (BWHs), മാതൃ-ശിശു ആരോഗ്യ വിഭാഗങ്ങള്‍ (MCH Wings), ഒബ്സ്റ്റെട്രിക് ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റുകള്‍ (HDUs), തീവ്രപരിചരണ വിഭാഗങ്ങള്‍ (ICUs) എന്നിവ നിര്‍ബന്ധമായും സ്ഥാപിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതും ഈ റോഡ്മാപ്പ്  നിര്‍ദ്ദേശിക്കുന്നു.

ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് മുന്‍പുള്ള ഫോളിക് ആസിഡ് ഗുളികകളുടെ വിതരണം ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കുക, ഗര്‍ഭിണികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള സമഗ്ര പോഷകാഹാര ഇടപെടലുകള്‍, ഗര്‍ഭകാലം, ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങള്‍, പ്രസവസമയം, പ്രസവാനന്തര ഘട്ടം എന്നിവയിലുടനീളം ഉയര്‍ന്ന അപകടസാധ്യതയുള്ള അമ്മമാരെ നിരീക്ഷിക്കുന്നതും പരിപാലിക്കുന്നതും ശക്തിപ്പെടുത്തുക എന്നിവയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ റോഡ്മാപ്പ് വിഭാവനം ചെയ്യുന്നത്.

പ്രാദേശിക ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനോടൊപ്പം, മാതൃമരണങ്ങളും ശിശുമരണങ്ങളും പൂര്‍ണ്ണമായി ഇല്ലാതാക്കുക, എല്ലാവര്‍ക്കും ഗര്‍ഭകാല പരിചരണം ലഭ്യമാക്കുക, ആശുപത്രി പ്രസവങ്ങള്‍,  സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ് എന്നിവ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള സുമന്‍ പഞ്ചായത്ത്  പോലുള്ള സംരംഭങ്ങളിലൂടെ ജനപങ്കാളിത്തം ഈ തന്ത്രത്തിന്റെ  ഒരു പ്രധാന സ്തംഭമായി മാറുന്നു. മാതൃ-ശിശു ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നല്ല ശീലങ്ങളെക്കുറിച്ചുള്ള അവബോധം, പങ്കാളിത്തം, അവ സ്വീകരിക്കല്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായി 'മദേഴ്സ് പിക്നിക്' എന്ന പദ്ധതിയും ഈ റോഡ്മാപ്പ് അവതരിപ്പിക്കുന്നു.


(रिलीज़ आईडी: 2278960) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada