പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനം
प्रविष्टि तिथि:
28 JUN 2026 8:20PM by PIB Thiruvananthpuram
2026 ജൂൺ 27 മുതൽ 29 വരെയുള്ള സെയ്ഷെൽസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി മാഹെയിലെ വിക്ടോറിയയിലുള്ള സ്റ്റേറ്റ് ഹൗസിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളും ചർച്ചയിൽ ഉൾപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം, ശേഷി വികസനം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, സാമൂഹിക പശ്ചാത്തല സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം, സമുദ്ര സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സമ്മതമറിയിച്ചു. അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വെല്ലുവിളികൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും അവർ വീക്ഷണങ്ങൾ പങ്കുവെച്ചു. ഇന്ത്യ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന് കീഴിലുള്ള പദ്ധതികളുടെയും സംരംഭങ്ങളുടെയും നടത്തിപ്പിലുണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സെയ്ഷെൽസിന്റെ വികസന മുൻഗണനകൾക്ക് പിന്തുണ നൽകുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തതും നിലനിൽക്കുന്നതുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
ഔദ്യോഗിക ചർച്ചകൾക്ക് ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷം തികയുന്നതിന്റെ ഭാഗമായി ഇരു നേതാക്കളും ചേർന്ന് ഒരു സംയുക്ത സ്മരണിക ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് ശേഷി വികസനം യു.പി.ഐ, ആരോഗ്യം, കൃഷി, ഷിപ്പിംഗ്, ബഹിരാകാശം, കുറ്റവാളികളെ കൈമാറൽ ലൈൻ ഓഫ് ക്രെഡിറ്റ് എന്നീ മേഖലകളിൽ നിരവധി ധാരണാപത്രങ്ങളും/കരാറുകളും കൈമാറി. ലൈൻ ഓഫ് ക്രെഡിറ്റ് തുക 1250 കോടി രൂപയാണ്. ധാരണാപത്രങ്ങളുടെ/കരാറുകളുടെ പൂർണ്ണമായ പട്ടിക ഇവിടെ [link] കാണാം. കൂടാതെ, സെയ്ഷെൽസിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഭക്ഷ്യസുരക്ഷ, പശ്ചാത്തല സൗകര്യം, ആരോഗ്യം, തൊഴിലധിഷ്ഠിത പരിശീലനം, സമുദ്ര സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിൽ നിരവധി പ്രഖ്യാപനങ്ങളും നടത്തി. ഈ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ ഇവിടെ [link] കാണാം. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ കൂട്ടായ്മയിൽ (CDRI) തങ്ങൾ പങ്കാളികളാകുകയാണെന്ന് സെയ്ഷെൽസും പ്രഖ്യാപിച്ചു.
തുടർന്ന് അന്നുതന്നെ, സെയ്ഷെൽസ് നാഷണൽ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇതോടെ സെയ്ഷെൽസ് പാർലമെൻറിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. തന്റെ പ്രസംഗത്തിൽ, ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധത്തെ അദ്ദേഹം എടുത്തുപറയുകയും, ഇരുരാജ്യങ്ങളെയും നയിക്കുന്ന ജനാധിപത്യം, നിയമവാഴ്ച, ജനകേന്ദ്രീകൃത ഭരണം എന്നീ പങ്കിട്ട മൂല്യങ്ങൾ അടിവരയിടുകയും ചെയ്തു. പരസ്പര വിശ്വാസം അടുത്ത സഹകരണം വികസന സഹകരണം, സമുദ്ര സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയം ആരോഗ്യം, ശേഷി വികസനം എന്നിവയിലുടനീളം ശക്തമായ പങ്കാളിത്തത്തിന് രൂപം നല്കിയിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള പാർലമെന്ററി കൈമാറ്റങ്ങൾ വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ പൂർണ്ണമായ പ്രസംഗം ഇവിടെ [link] കാണാം.
സെയ്ഷെൽസിലെ പ്രതിപക്ഷ നേതാവ് ബെർണാഡ് ജോർജസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും ഇന്ത്യ-സെയ്ഷെൽസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതൽ പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു.
-SK-
(रिलीज़ आईडी: 2278711)
आगंतुक पटल : 3