ഉപരാഷ്ട്രപതിയുടെ കാര്യാലയം
ബെംഗളൂരുവിൽ നടന്ന നശാ മുക്ത് ഭാരത് കോൺക്ലേവിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
प्रविष्टि तिथि:
28 JUN 2026 2:33PM by PIB Thiruvananthpuram
ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബങ്ങളും ആരോഗ്യ പ്രവർത്തകരും നിയമ നിർവ്വഹണ ഏജൻസികളും സിവിൽ സമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ പോരാട്ടം വ്യക്തികളിൽ നിന്ന് ആരംഭിച്ച് രാജ്യവ്യാപകമായ ഒരു പ്രസ്ഥാനമായി മാറണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ (RGUHS) 31-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ദിശാ ബോധ് ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നശാ മുക്ത് ഭാരത് കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ലഹരിവസ്തുക്കളുടെ ദുരുപയോഗം വ്യക്തികളുടെ ആരോഗ്യത്തിന് മാത്രമല്ല, വിദ്യാഭ്യാസ നേട്ടങ്ങൾ, ഉത്പാദനക്ഷമത, സാമൂഹിക ഐക്യം, രാജ്യത്തിൻ്റെ വികസനം എന്നിവയ്ക്കും ഭീഷണിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് സ്ഥാപക ദിനാശംസകൾ നേർന്ന ഉപരാഷ്ട്രപതി ആരോഗ്യ വിദ്യാഭ്യാസം, ഗവേഷണം, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ സർവ്വകലാശാല നൽകിയ മികച്ച സംഭാവനകളേയും രാജ്യസേവനത്തിനായി സമർപ്പിതരായ ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുന്നതിൽ സർവ്വകലാശാല വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ബെംഗളൂരുവിനേയും കർണാടകയേയും ഒടുവിൽ ഇന്ത്യയേയും ലഹരിമുക്തമാക്കാൻ പ്രതിജ്ഞയെടുത്ത വിദ്യാർത്ഥികളുടെ വലിയ കൂട്ടായ്മയിൽ ശ്രീ സി. പി. രാധാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു. 'നശാ മുക്ത് ഭാരത്' എന്നത് കേവലം ലഹരിവസ്തുക്കളുടെ അഭാവം മാത്രമല്ല, മറിച്ച് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതും, കൃത്യമായ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതും, പിന്തുണ നൽകുന്ന കുടുംബങ്ങളേയും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള സമൂഹങ്ങളേയും വളർത്തിയെടുക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് സ്വന്തം മനസ്സിനുമേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ലഹരിവസ്തുക്കൾ മനസ്സിനെ കീഴടക്കുമ്പോൾ ഒരാൾക്ക് സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണമാണ് നഷ്ടമാകുന്നതെന്നും ഓർമ്മിപ്പിച്ചു.
ലഹരിക്ക് അടിമപ്പെട്ട് ഇല്ലാതാകുന്ന ഓരോ യുവജീവിതവും രാജ്യത്തിൻ്റെ പുരോഗതിക്കുള്ള സാധ്യതകളുടെ നഷ്ടത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികളോട്, പ്രത്യേകിച്ച് ഭാവിയിലെ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, മനഃശാസ്ത്രജ്ഞർ, ഗവേഷകർ, പൊതുജനാരോഗ്യ പ്രവർത്തകർ എന്നിവരോട് ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻ്റെ അംബാസഡർമാരാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗം തടയൽ, ചികിത്സ, ഗവേഷണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം എന്നിവയിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിവിമുക്ത ചികിത്സാശാസ്ത്രം, മാനസികാരോഗ്യം, പെരുമാറ്റ ശാസ്ത്രം, സാമൂഹികാധിഷ്ഠിത ഇടപെടലുകൾ എന്നിവയിൽ കൂടുതൽ ഗവേഷണം നടത്താൻ ആഹ്വാനം ചെയ്ത അദ്ദേഹം, തെളിവുകൾ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകണമെന്നും ഗവേഷണങ്ങൾ നയരൂപീകരണത്തിന് അടിത്തറയാകണമെന്നും ഊന്നിപ്പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിൽ സാങ്കേതികവിദ്യ, കൗൺസിലിംഗ് സേവനങ്ങൾ, സമപ്രായക്കാരുടെ പിന്തുണ ഉറപ്പാക്കുന്ന ശൃംഖലകൾ എന്നിവ പ്രയോജനപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
ലഹരിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, മൂന്ന് കേന്ദ്ര സർവ്വകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ക്യാമ്പസുകളെ ലഹരിമുക്തമാക്കുന്നതിനായി താൻ നിരന്തരം വാദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഈ വർഷം ആദ്യം ഡൽഹി സർവ്വകലാശാലയിൽ ആരംഭിച്ച 'ലഹരിമുക്ത ക്യാമ്പസ് കാമ്പെയ്‌ൻ, ഇ-പ്രതിജ്ഞാ പ്ലാറ്റ്‌ഫോം എന്നിവയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഈ സംരംഭങ്ങൾ ക്യാമ്പസുകളിൽ ലഹരിമുക്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന നൽകിയതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ചടങ്ങിൽ, കർണാടകയിലെ ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി ശിശുക്കൾക്ക് പോളിയോ വാക്സിൻ തുള്ളിമരുന്ന് നൽകി. വർഷങ്ങളായി രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ച് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലർമാരെ അദ്ദേഹം ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെഹ്‌ലോട്ട്, കർണാടക മുഖ്യമന്ത്രി ശ്രീ ഡി.കെ. ശിവകുമാർ, ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് (റിട്ട.) സയ്യിദ് അബ്ദുൾ നസീർ, കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് ആർ. പാട്ടീൽ, കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ യു.ടി. ഖാദർ ഫരീദ്, RGUHS വൈസ് ചാൻസലർ ഡോ. ഭഗവാൻ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.



******
(रिलीज़ आईडी: 2278634)
आगंतुक पटल : 7