ഉപരാഷ്ട്രപതിയുടെ കാര്യാലയം
ബെംഗളൂരുവിൽ നാദപ്രഭു ശ്രീ കെമ്പേഗൗഡയുടെ 517-ാം ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു
प्रविष्टि तिथि:
27 JUN 2026 7:59PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ബെംഗളൂരുവിൽ നടന്ന നാദപ്രഭു ശ്രീ കെമ്പേഗൗഡയുടെ 517-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുകയും ബെംഗളൂരുവിന്റെ സ്ഥാപകന് ആദരമർപ്പിക്കുകയും ചെയ്തു. ദീർഘവീക്ഷണമുള്ള ഭരണാധികാരി, നഗര ശില്പി, പരിസ്ഥിതി പ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെയെല്ലാം ശ്രീ കെമ്പേഗൗഡയെ അദ്ദേഹം വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ശ്രീ കെമ്പേഗൗഡ കേവലമൊരു ഭരണാധികാരി എന്നതിലുപരി ജനക്ഷേമത്തിനായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഒരു നേതാവായാണ് ഓർമ്മിക്കപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കർഷകർ, വ്യാപാരികൾ, കരകൗശല വിദഗ്ധർ, പണ്ഡിതന്മാർ, വിവിധ മതസ്ഥർ എന്നിവർക്ക് ഒരുമിച്ച് ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു നഗരമാണ് കെമ്പേഗൗഡ വിഭാവനം ചെയ്തതെന്നും ഇന്നത്തെ ബെംഗളൂരു ഒരു "മിനി ഭാരതം" ആയി ആ ദർശനത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീ കെമ്പേഗൗഡയുടെ അസാധാരണമായ ദീർഘവീക്ഷണത്തെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി കൃത്യമായി ആസൂത്രണം ചെയ്ത വിപണികൾ, ജലവിതരണ സംവിധാനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയിലൂടെ അദ്ദേഹം ആസൂത്രിത നഗരവികസനത്തിന് അടിത്തറയിട്ടതായും പറഞ്ഞു. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തടാകങ്ങളുടെയും ജലപാതകളുടെയും ശൃംഖലയും അതോടൊപ്പം വൻതോതിലുള്ള വൃക്ഷത്തൈ നടീലും സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പൈതൃക അറിവിനെയാണ് പ്രകടമാക്കുന്നത്. ഇന്നത്തെ ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിന് ഇത് വിലയേറിയ പാഠങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

സാമൂഹിക പരിഷ്കരണം, സാംസ്കാരിക സൗഹാർദം, അന്തസ് എന്നിവയോട് കെമ്പേഗൗഡ പുലർത്തിയ പ്രതിജ്ഞാബദ്ധതയെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. കന്നഡ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുമ്പോൾ തന്നെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ കെമ്പേഗൗഡ നെഞ്ചേറ്റിയിരുന്നുവെന്നും, ഒരു മഹത്തായ നഗരമെന്നാൽ വിദ്യാഭ്യാസവും സംസ്കാരവും ധാർമ്മിക മൂല്യങ്ങളും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ബെംഗളൂരു ഇന്ത്യയുടെ സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും തലസ്ഥാനമായി ഉയർന്നുവന്ന കാര്യം പരാമർശിച്ചുകൊണ്ട്, ഏകദേശം അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കെമ്പേഗൗഡ പാകിയ ശക്തമായ അടിത്തറയിലാണ് ഈ വിജയം നിലനിൽക്കുന്നതെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ വ്യക്തമാക്കി. ദീർഘകാല ആസൂത്രണം, സുസ്ഥിരത, സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിവയെക്കുറിച്ചുള്ള കെമ്പേഗൗഡയുടെ ആദർശങ്ങൾ 'വികസിത ഭാരതം ' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് തുടർന്നും വഴികാട്ടിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെമ്പേഗൗഡയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ യുവാക്കളോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, സമൂഹത്തിനും രാഷ്ട്രനിർമ്മാണത്തിനും അർത്ഥവത്തായ സംഭാവനകൾ നൽകാൻ യുവാക്കളോട് അഭ്യർത്ഥിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, രാജ്യത്തുടനീളമുള്ള കർഷകരുടെ ക്ഷേമത്തിനായി ജലവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് ഉറപ്പാക്കാൻ നദികൾ പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും പരാമർശിച്ചു.
കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ട്, കേന്ദ്ര ഘന വ്യവസായ- ഉരുക്ക് വകുപ്പിന്റെ മന്ത്രി ശ്രീ എച്ച്. ഡി. കുമാരസ്വാമി, കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ, കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ ആർ. അശോക, കർണാടക മുൻ ഉപമുഖ്യമന്ത്രിയും എം.എൽ.എയുമായ ഡോ. സി. എൻ. അശ്വത് നാരായൺ, ഡോ. നിർമ്മലാനന്ദനാഥ മഹാസ്വാമിജി, നാദപ്രഭു ശ്രീ കെമ്പേഗൗഡ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. എം. കൃഷ്ണഗൗഡ, ശ്രീ ബസവമൂർത്തി മാദര ചിന്നയ്യ സ്വാമിജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2278579)
आगंतुक पटल : 3