വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-യു.കെ. സമഗ്ര സാമ്പത്തിക വ്യാപാര കരാറിൻ്റെ ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ലഭ്യമാക്കാൻ രാജ്യത്തുടനീളം 1,000 ഉപദേശകരെ നിയോഗിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയൽ
प्रविष्टि तिथि:
26 JUN 2026 6:46PM by PIB Thiruvananthpuram
ഇന്ത്യ-യു.കെ .സമഗ്ര സാമ്പത്തിക വ്യാപാര കരാറിൻ്റെ ആനുകൂല്യങ്ങൾ വ്യാപാര സംരംഭങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിന് രാജ്യത്തുടനീളം 1,000 ഉപദേശകരെ നിയോഗിക്കുമെന്നും ട്രേഡ് പോർട്ടൽ നവീകരിക്കുമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയൽ പ്രഖ്യാപിച്ചു. 2026 ജൂലൈ 15-ന് പ്രാബല്യത്തില്‍ വരാനിരിക്കുന്ന കരാറിലൂടെ കൈവരുന്ന വിപുലമായ അവസരങ്ങളെക്കുറിച്ച് ലണ്ടനിലെ പത്താമത് വാർഷിക യു.കെ.-ഇന്ത്യ വാരം പരിപാടിയുടെ ഭാഗമായി ചേര്‍ന്ന വിവിധ ഉന്നതതല യോഗങ്ങളില്‍ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യ ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറാണ് ഇന്ത്യ-യു.കെ. സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍. ഇതുവഴി ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരത്തിൽ പ്രതിവർഷം 25.5 ബില്യൺ പൗണ്ടിൻ്റെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ ഗ്ലോബൽ ഫോറത്തിൻ്റെ ഭാഗമായി ക്യാപിറ്റൽ ഫ്രോണ്ടിയേഴ്‌സ് ഫോറത്തെ അഭിസംബോധന ചെയ്ത ശ്രീ. ഗോയല്‍ പരമ്പരാഗത വ്യാപാരത്തിനപ്പുറം സാങ്കേതികവിദ്യ, പരമാധികാര എഐ, തന്ത്രപ്രധാന ധാതുക്കൾ, പ്രതിരോധം, സംശുദ്ധ ഊർജം തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യ-യു.കെ. പങ്കാളിത്തം വികസിച്ചതായി പ്രസ്താവിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധത്തിൻ്റെ ആഴവും വൈവിധ്യവുമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഹൈക്കമ്മീഷനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ യു.കെ. സന്ദർശിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘത്തെ മന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയിലെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ സംരംഭകരും ആദ്യമായി ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവരും പ്രതിനിധി സംഘത്തിൽ വലിയ തോതിൽ ഉൾപ്പെട്ടിട്ടുണ്ട്.
യു.കെ.യിൽ ജോലി ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അഞ്ച് വർഷത്തേക്ക് സാമൂഹ്യ സുരക്ഷാ വിഹിതത്തില്‍ ഇളവ് ലഭിക്കുമെന്ന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കരാർ നൽകുന്ന നേട്ടങ്ങൾ വ്യക്തമാക്കിയ ശ്രീ. ഗോയൽ പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന സമ്പാദ്യം ഇന്ത്യയിലെ നികുതിരഹിത പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടുകളിലേക്ക് മാറ്റാനും അവർക്ക് സാധിക്കും.
പ്രാദേശിക സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ മന്ത്രി ഭാവി ഉഭയകക്ഷി വളർച്ചയ്ക്ക് ബർമിംഗ്ഹാം-ഗുജറാത്ത്, മാഞ്ചസ്റ്റർ-മഹാരാഷ്ട്ര തുടങ്ങിയ പ്രാദേശിക ബന്ധങ്ങൾ പ്രധാന പ്രേരകശക്തിയാകുമെന്ന് ചൂണ്ടിക്കാട്ടി.
ലോകത്ത് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് വ്യക്തമാക്കിയ ശ്രീ. ഗോയൽ 'ബ്രാൻഡ് ഇന്ത്യ' ആത്മവിശ്വാസത്തോടെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ വ്യാപാര സമൂഹത്തോട് ആഹ്വാനം ചെയ്തു. നിര്‍മാണം, സേവനങ്ങൾ, നൂതനാശയങ്ങള്‍ എന്നിവയിലെ ഇന്ത്യയുടെ കരുത്ത് പ്രയോജനപ്പെടുത്തി യു.കെ.യിലെ കമ്പനികളുമായി ദീർഘകാല പങ്കാളിത്തം കെട്ടിപ്പടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിപണി ലഭ്യത വർധിപ്പിക്കുകയും ഇന്ത്യൻ സംരംഭങ്ങളുടെ മത്സരശേഷി കൂട്ടുകയും ചെയ്യുന്ന കരാര്‍ പ്രൊഫഷണലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കും. ഉല്പന്ന, സേവന, നിക്ഷേപ മേഖലകളിലുടനീളം കരാര്‍ നിരവധി പുതിയ അവസരങ്ങള്‍ തുറക്കും.
വിശ്വാസ്യതയും പ്രതിഭയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സുസ്ഥിര അന്തരീക്ഷവുമാണ് ഇന്ത്യ ഇന്ന് പ്രതിനിധാനം ചെയ്യുന്നതെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി. ഇതിലൂടെ ആഗോള പങ്കാളിത്തത്തിന് രാജ്യം വലിയ അവസരങ്ങളാണ് നൽകുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ ഫലമായി ലഭിക്കുന്ന അവസരങ്ങൾ വ്യാപാരസംരംഭങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-യു.കെ. പങ്കാളിത്തത്തിന് വളർച്ചയുടെ വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. യു.കെ.യുമായുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യൻ വ്യാപാരസംരംഭങ്ങള്‍ ഈ അവസരങ്ങൾ ആദ്യഘട്ടത്തില്‍ തന്നെ പ്രയോജനപ്പെടുത്തണമെന്നും അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ സ്വീകരിച്ച് ബ്രാൻഡ് ഇന്ത്യയെ ആഗോളതലത്തിൽ കാഴ്ചവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യൻ സംരംഭങ്ങളുടെ പങ്കും അദ്ദേഹം വിശദീകരിച്ചു.
***
(रिलीज़ आईडी: 2278295)
आगंतुक पटल : 9