വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾക്ക് അംബാസഡർ ജാമിസൺ ഗ്രീറിൻ്റെ നേതൃത്വത്തില്‍ യു.എസ്. പ്രതിനിധി സംഘം ഇന്ത്യയിലെത്തി

प्रविष्टि तिथि: 24 JUN 2026 3:43PM by PIB Thiruvananthpuram

അമേരിക്കൻ ട്രേഡ് റപ്രസെൻ്റേറ്റീവ് അംബാസഡർ ജാമിസൺ ഗ്രീറിൻ്റെ നേതൃത്വത്തില്‍ ഔദ്യോഗിക യു.എസ്. പ്രതിനിധി സംഘം 2026 ജൂൺ 22 മുതൽ 24 വരെ ന്യൂഡൽഹി സന്ദർശിച്ചു. ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരവും സന്തുലിതവുമായ ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനും  2026 ഫെബ്രുവരി 7-ലെ സംയുക്ത പ്രസ്താവനയ്ക്ക് അനുസൃതമായി  ഇടക്കാല കരാറിന് അന്തിമരൂപം നൽകുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണ് സന്ദർശനം.

 

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലുമായി അംബാസഡർ ഗ്രീർ പലതവണ ചർച്ചകൾ നടത്തി. ഉഭയകക്ഷി വ്യാപാര കരാറിൻ്റെ പ്രധാന ഘടകങ്ങളായ വിപണി ലഭ്യത വർധിപ്പിക്കല്‍, ഡിജിറ്റൽ വ്യാപാരം, വിതരണ ശൃംഖലയുടെ  സുരക്ഷിതത്വം, തീരുവ ഇതര തടസ്സങ്ങൾ കുറയ്ക്കൽ, തന്ത്രപ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കൽ എന്നിവ ഇരുനേതാക്കളും സമഗ്രമായി അവലോകനം ചെയ്തു.

 

സമീപ മാസങ്ങളിൽ ഇരുരാജ്യങ്ങളും നിയോഗിച്ച പ്രതിനിധികൾ ചർച്ചകളില്‍ കൈവരിച്ച ഗണ്യമായ പുരോഗതി ഇരുപക്ഷവും എടുത്തുപറഞ്ഞു.  സാങ്കേതിക-മന്ത്രിതല ഇടപെടലുകളിലൂടെ നടപടികള്‍ ത്വരിതപ്പെടുത്താനായത് ഇരുവരും  സ്വാഗതം ചെയ്തു.  സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള സുപ്രധാന നാഴികക്കല്ലെന്ന നിലയിൽ  ഇടക്കാല കരാര്‍ സംബന്ധിച്ച നീക്കങ്ങളിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യാപാര സംരംഭങ്ങള്‍ക്കും കർഷകർക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും വ്യക്തമായ നേട്ടങ്ങൾ നൽകുന്നതും വാണിജ്യപരമായി അർത്ഥപൂര്‍ണവുമായ  സന്തുലിത കരാറിന്  ഇരുപക്ഷവും പ്രതിബദ്ധത ആവർത്തിച്ചു.

 

മാറിവരുന്ന ആഗോള വ്യാപാര സമവാക്യങ്ങൾക്കിടയിൽ ഇന്ത്യ-യു.എസ്. സാമ്പത്തിക പങ്കാളിത്തത്തിൻ്റെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ ഇരുപക്ഷവും ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിശ്വസനീയവും സുരക്ഷിതവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാനുമുള്ള പങ്കിട്ട ലക്ഷ്യം ആവർത്തിച്ച് വ്യക്തമാക്കി.

 

നിലവിലെ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നും ഇന്ത്യ-യു.എസ്. സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇരുപക്ഷവും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

****


(रिलीज़ आईडी: 2277499) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati