ആയുഷ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, വന്‍ ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗ ദിനം- 2026 ഒരു ആഗോള ജനകീയ പ്രസ്ഥാനമായി മാറി

प्रविष्टि तिथि: 23 JUN 2026 4:11PM by PIB Thiruvananthpuram
പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം (IDY 2026), രാജ്യത്തും ലോകമെമ്പാടും അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സമഗ്രമായ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ഒരു ആഗോള പ്രസ്ഥാനമെന്ന നിലയില്‍ യോഗയുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് ഇത് വീണ്ടും ഉറപ്പിക്കുന്നു.

പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം വിപുലമായ യോഗാഭ്യാസവും  പൊതുപരിപാടികളും സംഘടിപ്പിച്ചു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡില്‍ മാത്രം 35,000 പേരാണ് പങ്കെടുത്തത്. 'ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ' (Yoga for Healthy Ageing) എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. ശാരീരികക്ഷമത, മാനസിക ഉന്മേഷം, സമഗ്ര ക്ഷേമം എന്നിവയില്‍ യോഗയുടെ സംഭാവനകളെ ഈ പ്രമേയം എടുത്തുപറയുകയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ യോഗ ഒരു ജീവിതചര്യയായി സ്വീകരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തു.


അന്താരാഷ്ട്ര യോഗ ദിനം-2026,  ഒരു ആഗോള ആഘോഷമാക്കി മാറ്റിയതിന് ലോകമെമ്പാടുമുള്ള ജനങ്ങളോട് പ്രധാനമന്ത്രി  നരേന്ദ്ര മോദി നന്ദി അറിയിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ഈജിപ്ത് തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളില്‍ യോഗാ സെഷനുകള്‍ സംഘടിപ്പിച്ചു.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം മുതല്‍ യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങള്‍ വരെ, ആരോഗ്യത്തിനും ഐക്യത്തിനും കൂട്ടായ ക്ഷേമത്തിനുമുള്ള മാര്‍ഗമായി യോഗയെ ലോകം അംഗീകരിച്ചതിന്റെ തെളിവാണ്  ജനങ്ങളുടെ  ഈ പങ്കാളിത്തം.

കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ കുടുംബക്ഷേമ  സഹമന്ത്രി പ്രതാപ്റാവു ജാദവ്, പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം വന്‍ വിജയമാക്കുന്നതില്‍ പങ്കാളികളായ രാജ്യത്തെയും ലോകമെമ്പാടുമുള്ള ജനങ്ങള്‍, യോഗാഭ്യാസികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവരുടെ സംഭാവനകളെ അഭിനന്ദിച്ചു. 'ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ' എന്ന പ്രമേയത്തിന് കീഴിലുള്ള ഈ ആവേശകരമായ പങ്കാളിത്തം, ആരോഗ്യം, ഐക്യം, കൂട്ടായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയുടെ പങ്ക് വീണ്ടും ഉറപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യകരവും സന്തോഷകരവുമായ ഒരു ഭാവിക്കായി യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് തുടരാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച, 2026-ലെ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിലെ സജീവമായ പങ്കാളിത്തത്തിന് നന്ദി രേഖപ്പെടുത്തി. രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങളുടെ വലിയ പങ്കാളിത്തം, യോഗയെ ഒരു ജീവിതരീതിയായി ലോകം എത്രത്തോളം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പരിപാടിയുടെ വിജയത്തിനായി സംഭാവന നല്‍കിയ എല്ലാ പങ്കാളികള്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സംഘാടകര്‍ക്കും  അദ്ദേഹം നന്ദി അറിയിച്ചു. 'ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ' എന്ന പ്രമേയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, സമഗ്രമായ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി യോഗയെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത് തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയില്‍, രാജ്യത്തെ പരമോന്നത സ്ഥാനം അലങ്കരിക്കുന്നവരുടെ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങള്‍ നടന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന കൂട്ട യോഗാ പ്രകടനത്തില്‍ പങ്കെടുത്തപ്പോള്‍, ഉപരാഷ്ട്രപതി  സി. പി. രാധാകൃഷ്ണന്‍ ലഡാക്കിലെ ലേയില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ലോക്‌സഭാ സ്പീക്കര്‍  ഓം ബിര്‍ള പാര്‍ലമെന്റ്  ഹൗസ് കോംപ്ലക്‌സില്‍ പാര്‍ലമെന്റ്  അംഗങ്ങള്‍ക്കായി യോഗാ സെഷന് നേതൃത്വം നല്‍കി, ഇത് രാജ്യവ്യാപകമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു.

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഒരു പ്രധാന സവിശേഷത ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും (MDNIY) നാഷണല്‍ ആയുഷ് മിഷനും (NAM) ചേര്‍ന്ന് സംഘടിപ്പിച്ച ''ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ'' (Gangotri to Gangasagar) എന്ന കാമ്പെയ്ന്‍ ആയിരുന്നു. ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെയുള്ള ഏകദേശം 2,525 കിലോമീറ്റര്‍ ദൂരത്തില്‍, കോമണ്‍ യോഗ പ്രോട്ടോക്കോള്‍ സെഷനുകളിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും ഋഷികേശ്, ഹരിദ്വാര്‍, പ്രയാഗ്രാജ്, വാരണാസി, പട്‌ന, ഹൂഗ്ലി എന്നിവിടങ്ങളിലെ പ്രശസ്തമായ ഘട്ടുകളെ (തീരങ്ങളെ) ഈ കാമ്പെയ്ന്‍ പരസ്പരം ബന്ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്‌കാരിക പൈതൃകങ്ങളായ വിശുദ്ധ ഗംഗയെയും പുരാതന യോഗാഭ്യാസത്തെയും പ്രതീകാത്മകമായി ഒന്നിപ്പിച്ചുകൊണ്ട്, ഈ സംരംഭം നദീതീരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ''ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ'', സമഗ്രമായ ക്ഷേമം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലുള്ള റെഡ് റോഡില്‍ നടന്ന പ്രധാന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി, പൊതുജന പങ്കാളിത്തവും അവബോധവും വര്‍ദ്ധിപ്പിക്കുന്നതിനായി യോഗയെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ പതിനൊന്ന് കേന്ദ്രങ്ങളിലായി ''ദൗഡ് സേ ധ്യാന്‍'' (Daud Se Dhyan) എന്ന പേരില്‍ മാരത്തോണുകള്‍ നടത്തിക്കൊണ്ട്, യോഗയും ആരോഗ്യകരമായ ജീവിതശൈലിയും സ്വീകരിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ഹൂഗ്ലി നദീതീരത്ത് നടന്ന ''വന്ദേ യോഗം'', പശ്ചിമ ബംഗാള്‍ സ്ഥാപക ദിന പരിപാടികള്‍ എന്നിവയില്‍ സാംസ്‌കാരിക പ്രകടനങ്ങള്‍, ചിത്രരചന-ഫോട്ടോഗ്രാഫി മത്സരങ്ങള്‍, പൊതുജന പങ്കാളിത്ത പരിപാടികള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇതിന് പുറമെ, മൂവായിരത്തോളം ഡ്രോണുകള്‍ അണിനിരന്ന ബൃഹത്തായ ഡ്രോണ്‍ ഷോയിലൂടെ ഇന്ത്യയുടെ യോഗാ പ്രയാണത്തെ ദൃശ്യവല്‍ക്കരിക്കുകയും പ്രശസ്തരായ യോഗാചാര്യന്മാര്‍ക്ക് ആദരവര്‍പ്പിക്കുകയും ചെയ്തു. ഇത് 2026-ലെ യോഗ ദിനത്തിന് മുന്നോടിയായി ജനങ്ങളില്‍ വലിയ ആവേശം ഉണര്‍ത്തി.


രാജ്യത്തെ ചരിത്രപ്രസിദ്ധമായ പ്രമുഖ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച യോഗാ സെഷനുകളിലൂടെ ഈ ആഘോഷങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹര്‍ കി പൗരി, ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം, കര്‍ണാടകയിലെ ഹംപി സ്മാരകങ്ങള്‍, ലഡാക്കിലെ ലേ കൊട്ടാരം, തമിഴ്നാട്ടിലെ മഹാബലിപുരം തീരദേശ ക്ഷേത്രം, ഉത്തര്‍പ്രദേശിലെ സാരനാഥ്, അസമിലെ സില്‍ച്ചാറിലെ കച്ചാരി കോട്ട, തെലങ്കാനയിലെ ഹൈദരാബാദിലുള്ള ചാര്‍മിനാര്‍ പരിസരം, മഹാരാഷ്ട്രയില്‍  മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യ, ബിഹാറിലെ നളന്ദ മഹാവിഹാര, ഗുജറാത്തിലെ അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വിപുലമായ യോഗാ സെഷനുകള്‍ സംഘടിപ്പിച്ചു.

ജനപങ്കാളിത്തത്തിന്റെ (ജന്‍ ഭാഗീദാരി) യഥാര്‍ത്ഥ മനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ട്, ആയുഷ് ഗ്രിഡ് വികസിപ്പിച്ചെടുത്ത യോഗ സംഗം പോര്‍ട്ടല്‍ വഴി 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 780 ജില്ലകളില്‍ നിന്നായി 3.07 കോടിയിലധികം ആളുകള്‍ തങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്തി. രാജ്യത്തുടനീളം നടന്ന യോഗാ പരിപാടികളില്‍ നിന്നുള്ള 7.46 ലക്ഷത്തിലധികം ചിത്രങ്ങള്‍ ഈ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യപ്പെട്ടു, കൂടാതെ 2.66 ലക്ഷത്തിലധികം പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും ഇതിലൂടെ വിതരണം ചെയ്തു.

ഈ സംരംഭത്തില്‍ ലോകമെമ്പാടുമുള്ള 7.64 ലക്ഷത്തിലധികം സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 4.24 ലക്ഷം സര്‍ക്കാര്‍ സ്ഥാപനങ്ങളും, 2.46 ലക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും (NGOs) മറ്റ് പങ്കാളികളും ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാള്‍ (3.45 ലക്ഷം സംഘടനകള്‍), രാജസ്ഥാന്‍ (1.67 ലക്ഷം), മധ്യപ്രദേശ് (35,742), അസം (25,285), ഉത്തര്‍പ്രദേശ് (22,285) എന്നവയാണ്   ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കിയ മുന്‍നിര സംസ്ഥാനങ്ങള്‍. യോഗ ബില്‍ബോര്‍ഡ് (Yoga Billboard) സംവിധാനത്തിലൂടെ പതിനയ്യായിരത്തിലധികം ചിത്രങ്ങള്‍ ലഭിച്ചു, ഇത് രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കൂടുതല്‍ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സഹായിച്ചു.


 അന്താരാഷ്ട്ര യോഗ ദിനം 2026 ന് മുന്നോടിയായി, രാജ്യവ്യാപകമായ പങ്കാളിത്തവും ആഗോളതലത്തിലുള്ള സ്വാധീനവും വ്യക്തമാക്കുന്ന നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി:

75 ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ നടന്ന ചടങ്ങില്‍ അയ്യായിരത്തോളം പേര്‍ ഒന്നിച്ച് 'ത്രികോണാസനം' ചെയ്യുകയും, ഈ ആസനം ചെയ്ത ഏറ്റവും വലിയ ജനക്കൂട്ടമെന്ന നിലയില്‍ ഇത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയും ചെയ്തു.

50 ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി: കാന്‍ഹ ശാന്തി വനത്തില്‍ നടന്ന ചടങ്ങില്‍ ആറായിരത്തിലധികം പേര്‍ ഒരേസമയം 'ഭുജംഗാസനം' ചെയ്യുകയും, ഒരേസമയം ഏകോപിപ്പിച്ചു ചെയ്ത ഏറ്റവും വലിയ യോഗാ പ്രകടനമെന്ന നിലയില്‍ ഇതും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്: 2026 ജൂണ്‍ 14-ന് ആയുഷ് മന്ത്രാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി നടത്തിയ ആഗോള ഓണ്‍ലൈന്‍ യോഗാ സെഷന്‍ 4,35,831 പേര്‍ തത്സമയം  കണ്ടതോടെ, ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിച്ച യൂട്യൂബ് ലൈവ് യോഗാ സ്ട്രീം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി.


പ്രതിരോധ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഭവന-നഗരകാര്യ മന്ത്രാലയം, ജലശക്തി മന്ത്രാലയം, സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം, ലോക്സഭാ സെക്രട്ടേറിയറ്റ്, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ഐ.എസ്.എഫ് , നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (NMCG), ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സജീവ പങ്കാളിത്തത്തോടെ, സമഗ്രമായ ഒരു ഭരണസംവിധാന സമീപനത്തിനാണ് (whole-of-government approach) 2026-ലെ അന്താരാഷ്ട്ര യോഗ ദിനം സാക്ഷ്യം വഹിച്ചത്. ഈ സംരംഭങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ശാരീരികക്ഷമത, രോഗപ്രതിരോധ ആരോഗ്യ സംരക്ഷണം, ആരോഗ്യകരമായ വാര്‍ദ്ധക്യം എന്നിവയുടെ സന്ദേശം പ്രചരിപ്പിച്ചു.


ജലശക്തി മന്ത്രാലയം, NMCG, IWAI എന്നിവ സംയുക്തമായി ഗംഗാ നദീതടങ്ങളിലുടനീളവും, അസമിലെ ബ്രഹ്‌മപുത്ര നദിയിലുള്ള നാഷണല്‍ വാട്ടര്‍വേ-2 ലെ കപ്പലുകളിലും യോഗാ സെഷനുകള്‍ സംഘടിപ്പിച്ചു. ഇത് ആരോഗ്യസംരക്ഷണവും പരിസ്ഥിതി ബോധവും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുന്നതായിരുന്നു. സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വയോ യോഗ സംഗം - ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ എന്ന പരിപാടി സംഘടിപ്പിച്ചു. ഇതില്‍ 1,300-ഓളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്തു, സജീവവും മാന്യവുമായ വാര്‍ദ്ധക്യകാല ജീവിതത്തിന് യോഗ നല്‍കുന്ന സംഭാവനകളെ ഈ ചടങ്ങ് അടിവരയിട്ടു.

പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ മുതല്‍ കന്യാകുമാരി വരെയും, റാന്‍ ഓഫ് കച്ച്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കടലിലെ നാവിക പ്ലാറ്റ്ഫോമുകള്‍ (കപ്പലുകള്‍) എന്നിവടങ്ങളിലും വിപുലമായ യോഗാ സെഷനുകള്‍ സംഘടിപ്പിച്ചു. പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ് സിംഗ്, മുതിര്‍ന്ന സൈനിക നേതൃത്വം, പതിനായിരക്കണക്കിന് സൈനികര്‍ എന്നിവര്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ തങ്ങളുടെ വിവിധ കമാന്‍ഡുകളിലുടനീളം പരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍, നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഇത് യോഗയ്ക്ക് ലോകമെമ്പാടുമുള്ള ആഗോള സ്വീകാര്യതയുടെ പ്രതിഫലനമായി മാറി.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), ലഡാക്കിലെ ഏകദേശം 14,000 അടി ഉയരത്തിലുള്ള പാംഗോങ് ത്സോ (Pangong Tos) തടാകക്കരയില്‍ 2026-ലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ശാരീരികക്ഷമത, അച്ചടക്കം, മാനസിക കരുത്ത് എന്നിവ വളര്‍ത്തുന്നതില്‍ യോഗയ്ക്കുള്ള പ്രാധാന്യമാണ് ഈ പ്രകടനം തെളിയിച്ചത്. നാഷണല്‍ കേഡറ്റ് കോര്‍പ്‌ (NCC) രാജ്യവ്യാപകമായി അയ്യായിരത്തിലധികം കേന്ദ്രങ്ങളിലായി എട്ടരലക്ഷത്തിലധികം  കേഡറ്റുകള്‍, അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍മാര്‍, സ്ഥിരം ഇന്‍സ്ട്രക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ അണിനിരത്തി ഒരേസമയം യോഗാ സെഷനുകള്‍ സംഘടിപ്പിച്ചു. യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന ഏറ്റവും വലിയ യോഗാ മുന്നേറ്റങ്ങളിലൊന്നായി ഇത് മാറി.

 പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം 2026, യോഗയെ ലോകമെമ്പാടും എത്തിക്കാനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറി. പൗരന്മാര്‍, വിവിധ സ്ഥാപനങ്ങള്‍, സായുധ സേനകള്‍, യുവജന സംഘടനകള്‍, ആഗോള സമൂഹങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന IDY 2026, ശാരീരിക ആരോഗ്യം, മാനസിക ഉന്മേഷം, വൈകാരിക സന്തുലിതാവസ്ഥ, ആരോഗ്യകരമായ വാര്‍ദ്ധക്യം എന്നിവയ്ക്കുള്ള ശാശ്വതമായ ഒരു പരിശീലനമെന്ന നിലയില്‍ യോഗയുടെ പങ്ക് വീണ്ടും ഉറപ്പിച്ചു. അതോടൊപ്പം, സമഗ്രമായ ആരോഗ്യം ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
 
 
****

(रिलीज़ आईडी: 2277189) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Punjabi , Gujarati , Tamil , Telugu