പഞ്ചായത്തീരാജ് മന്ത്രാലയം
തിരഞ്ഞെടുക്കപ്പെട്ട 17.5 ലക്ഷത്തിലധികം പുരുഷ പ്രതിനിധികളെ അടിസ്ഥാനതലങ്ങളിലുള്ള സ്ത്രീ സുരക്ഷ-ലിംഗസമത്വ വിഷയങ്ങളിൽ ബോധവത്കരിക്കുന്നതിനായി 'നിർഭയ ചേതന'യ്ക്ക് തുടക്കമായി
प्रविष्टि तिथि:
20 JUN 2026 12:21PM by PIB Thiruvananthpuram
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം 2026 ജൂൺ 17 മുതൽ 19 വരെ ന്യൂഡൽഹിയിൽ വെച്ച് നിർഭയ ഫണ്ട് പദ്ധതിയ്ക്ക് കീഴിലുള്ള നിർഭയ ചേതന പദ്ധതിയെക്കുറിച്ച് മൂന്ന് ദിവസം നീളുന്ന പരിശീലകർക്കായുള്ള പരിശീലന (ടി.ഒ.ടി) പരിപാടി സംഘടിപ്പിച്ചു.
അടിസ്ഥാനതലത്തിൽ ലിംഗസമത്വ ഭരണനിർവഹണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന, സ്ത്രീ സുരക്ഷയും സംരക്ഷണവും ഉൾപ്പെടെയുള്ള സ്ത്രീ സംബന്ധ വിഷയങ്ങളിൽ പുരുഷന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ദേശീയ സംരംഭമായ 'നിർഭയ ചേതന', ഇത്തരത്തിലുള്ളതിൽ ലോകത്തെവിടെയുമുള്ള ഏറ്റവും വലിയ കാമ്പയിനായി അംഗീകരിക്കപ്പെട്ട പദ്ധതിയാണ്.
'ഗ്രാമീണ ഇന്ത്യയുടെ പരിവർത്തനം' പദ്ധതി വഴി വികസിപ്പിച്ചെടുത്ത നിർഭയ ചേതന പരിശീലന മാതൃകയുടെ ഉദ്ഘാടനവും പരിപാടിയിൽ നടന്നു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പുരുഷ പ്രതിനിധികൾക്ക് ലിംഗസമത്വം, സ്ത്രീകളുടെ സുരക്ഷ, അവകാശങ്ങൾ, നേതൃത്വം എന്നിവയെക്കുറിച്ച് പരിശീലനം നൽകുന്നതിനായി ഒരു കൂട്ടം മുഖ്യ പരിശീലകരെ സൃഷ്ടിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. അസം, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ഓളം മുഖ്യ പരിശീലകരാണ് ആദ്യ ബാച്ചിൽ ഉൾപ്പെട്ടിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള ഒരു പരിശീലന മാതൃകയ്ക്കുള്ള അടിത്തറയായി ഇത് പ്രവർത്തിക്കും.
സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, തുല്യ പങ്കാളിത്തം എന്നിവ ഉറപ്പാക്കാതെ വികസിത ഇന്ത്യ ദർശനം യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. വിവേക് ഭരദ്വാജ് അടിവരയിട്ടു പറഞ്ഞു. അടിസ്ഥാന തലത്തിൽ മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും അർത്ഥവത്തായ മാറ്റം വരുത്താൻ കഴിയുന്ന, സാമൂഹികവും ജനാധിപത്യപരവുമായ പരിവർത്തനത്തിനുള്ള സ്ഥാപനങ്ങൾ എന്ന നിലയിൽ പഞ്ചായത്തുകളുടെ നിർണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.
നിർഭയ ചേതനയുടെ ലക്ഷ്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സ്ത്രീകളുടെ അന്തസ്സ്, സുരക്ഷ, അവസരങ്ങൾ എന്നിവ വികസനത്തിൻ്റെ അവശ്യ സ്തംഭങ്ങളായി സ്ഥാപിച്ചുകൊണ്ട് ലിംഗ സംവേദനക്ഷമമമായ നേതൃത്വത്തെ വളർത്തിയെടുക്കാൻ ഈ സംരംഭം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കേണ്ടത് ഒരു കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണെന്ന് പരിശീലന പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ. സുശീൽ കുമാർ ലോഹാനി ഊന്നിപ്പറഞ്ഞു. ലിംഗഭേദമില്ലാതെ പ്രതികരിക്കുന്ന ഭരണനിർവഹണം വളർത്തിയെടുക്കുന്നതിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതവും കൂടുതൽ പ്രാപ്തവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും പഞ്ചായത്തുകളുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പുരുഷ പ്രതിനിധികളിൽ അവബോധം, സംവേദനക്ഷമത, ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുക, സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, നേതൃത്വം, ശാക്തീകരണം എന്നിവയ്ക്കായി മുൻകൈയ്യെടുക്കാൻ അവരെ ശാക്തീകരിക്കുക എന്നിവയാണ് നിർഭയ ചേതന ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദഗ്ദ്ധ സെഷനുകൾ, ഗ്രൂപ്പ് ചർച്ചകൾ, വിശദമായ പഠനങ്ങൾ, അനുഭവ പഠനം എന്നിവയിലൂടെ ലിംഗപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം വർദ്ധിപ്പിക്കുന്നതിനും, സാമൂഹിക മുൻവിധികളെ ചോദ്യം ചെയ്യുന്നതിനും, ലിംഗസമത്വത്തിന് മുൻഗണന നൽകുന്ന നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പങ്കാളിത്ത സമീപനമാണ് പരിപാടി സ്വീകരിച്ചത്. പ്രസാദാത്മക പൗരുഷം, സമൂഹ പങ്കാളിത്തം എന്നിവയും സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, ഉൾച്ചേർക്കൽ എന്നിവയെ മുന്നോട്ട് നയിക്കുന്നതിൽ പഞ്ചായത്തുകളുടെ പങ്കുമാണ് പ്രധാന വിഷയങ്ങൾ.
നിർഭയ ചേതനയെ കുറിച്ച്
2026 മാർച്ച് 11 ന് ആരംഭിച്ച 'നിർഭയ് രഹോ' (ഭയരഹിതരായിരിക്കുക) സംരംഭത്തിന് കീഴിലുള്ള ഒരു പ്രധാന നടപടിയാണ് നിർഭയ ചേതന. ഇതിൽ മൂന്ന് പൂരക ഘടകങ്ങൾ ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ കാര്യക്ഷമത വികസിപ്പിക്കുന്നതിലും നിയമാവബോധത്തിലും 'നിർഭയയായ നേതാവ്' പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പുരുഷ പ്രതിനിധികളെ ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ബോധവത്കരിക്കാൻ നിർഭയ ചേതന ശ്രമിക്കുന്നു. പഞ്ചായത്തുകളിലെ സാങ്കേതികവിദ്യാധിഷ്ഠിത സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപ്രധാനമായ ഗ്രാമീണ മേഖലകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ 'നിർഭയമായ കാഴ്ച' വിഭാവനം ചെയ്യുന്നു.
നിർഭയ ചേതനയ്ക്ക് കീഴിൽ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട 17.5 ലക്ഷത്തിലധികം പുരുഷ പ്രതിനിധികളിലേക്ക് എത്തിച്ചേരുന്നതിനായി സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിലായി 28,500 മുഖ്യപരിശീലകരുടെ ഒരു സംഘത്തെ സജ്ജമാക്കികൊണ്ടിരിക്കുന്നു.

****
(रिलीज़ आईडी: 2275767)
आगंतुक पटल : 7