പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരീസിൽ നടന്ന വിവാടെക് 2026 (VivaTech 2026) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 18 JUN 2026 7:00PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട അതിഥികളേ, നവസംരംഭകരേ , ബിസിനസ്സ് നേതാക്കളേ, സാങ്കേതികവിദ്യാ കുതുകികളെ , സ്റ്റാർട്ടപ്പ് ലോകത്തെ സുഹൃത്തുക്കളേ, സഹോദരീ സഹോദരന്മാരേ,  നമസ്കാരം, ബോൺ ഷൂ (Bonjour).

വിവാടെക്കിന്റെ പത്താം പതിപ്പിൽ പങ്കെടുക്കാൻ പാരീസിൽ എത്തിച്ചേരാനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പരിപാടിയാണ്. ഈ സമ്മേളനത്തിന്റെ വൻ വിജയത്തിന് പ്രസിഡന്റ് മാക്രോണിനെയും ഇതിന്റെ സംഘാടകരെയും ഞാൻ അഭിനന്ദിക്കുന്നു

സുഹൃത്തുക്കളേ,

2026 എന്നത് ഇന്ത്യയെയും യൂറോപ്പിനെയും സംബന്ധിച്ച് വളരെ സവിശേഷമായ ഒരു വർഷമാണ്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് നമ്മൾ ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകിയത്. ഈ കരാർ നമ്മുടെ വ്യാപാരവും നിക്ഷേപവും കൂടുതൽ വിപുലീകരിക്കും. കൂടാതെ പ്രതിഭകൾ, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയുടെ കൈമാറ്റത്തിന് ഇത് നിരവധി പുതിയ വഴികൾ തുറന്നുനൽകുകയും ചെയ്യും.

ഈ വർഷം 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ' (India-France Year of Innovation) ആരംഭിച്ചതോടെ, ഇന്ത്യയിലെയും യൂറോപ്പിലെയും സാങ്കേതിക വ്യവസ്ഥകളെ  പരസ്പരം കൂടുതൽ അടുപ്പിക്കുന്ന ഒരു സുപ്രധാന പാലമായി ഫ്രാൻസ് പ്രവർത്തിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നീസിൽ (Nice) നടന്ന 'ഭാരത് ഇന്നൊവേറ്റ്സ്' മുതൽ ഇന്ന് പാരീസിലെ 'വിവാടെക്' വരെ, നമ്മുടെ സ്റ്റാർട്ടപ്പുകൾ നിരവധി പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുകയാണ്.

സുഹൃത്തുക്കളേ,

2021-ൽ ഞാൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഇന്ന് ലോകം മറ്റ് ചില തരത്തിലുള്ള പ്രതിസന്ധികളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അന്ന് വിവാടെക് 2021-ൽ ഞാൻ പങ്കുവെച്ച അതേ സന്ദേശം ഇവിടെയും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു — "പഴയ രീതികൾ പരാജയപ്പെടുന്നിടത്ത്, നവീകരണങ്ങൾക്ക്  സഹായിക്കാനാകും."

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ സാങ്കേതികവിദ്യയുടെ കരുത്തിൽ ഇന്ത്യ അതിവേഗത്തിലുള്ള ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം (ആധാർ) മുതൽ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വരെ നമ്മൾ നിർമ്മിച്ചു. സാമ്പത്തിക ഉൾപ്പെടുത്തൽ , വിദ്യാഭ്യാസം, ടെലിമെഡിസിൻ, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം നമ്മൾ സാങ്കേതികവിദ്യ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്.

ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യം തന്നെയെടുക്കാം. നമ്മുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) കാരണം, ഇന്ന് ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണ്. ഇപ്പോൾ നിങ്ങൾക്ക് ഫ്രാൻസിലും — ഇവിടത്തെ ഐഫൽ ടവറിലോ പാരീസ് വിമാനത്താവളത്തിലോ പോലും — യുപിഐ (UPI) ഉപയോഗിക്കാം.

ആഗോള നിലവാരമുള്ള ഇത്തരം ഡിജിറ്റൽ പൊതുസ്വത്തുക്കൾക്ക് നിരവധി ഉദാഹരണങ്ങൾ നമ്മുടെ പക്കലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റുകളിൽ ഒന്നാണ് 'ഡിജിലോക്കർ' (DigiLocker). ഡിജിലോക്കറിലൂടെ 70 കോടിയിലധികം  ഉപഭോക്താക്കൾക്ക് തങ്ങളുടെ യഥാർത്ഥ രേഖകൾ എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും ആധികാരികമായി ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. രണ്ടായിരത്തിലധികം സ്റ്റാൻഡേർഡ് രേഖകൾ നമ്മൾ ഡിജിലോക്കർ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസോ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റോ പോലുള്ള ഭൗതിക രേഖകൾ കൈയ്യിൽ കൊണ്ടുനടന്ന് തിരയേണ്ട ആവശ്യമില്ല.

മറ്റൊരു ഉദാഹരണമാണ് 'ഗതിശക്തി'  പ്ലാറ്റ്‌ഫോം. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഒരൊറ്റ ജിഐഎസ് (GIS) അധിഷ്ഠിത ഭൂപടത്തിൽ ആയിരത്തിഅറുന്നൂറിലധികം ഭൂമിശാസ്ത്രപരമായ ഡാറ്റാ ലെയറുകൾ നമ്മൾ സംയോജിപ്പിച്ചിരിക്കുന്നു. ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി നമ്മൾ ഡാറ്റാധിഷ്ഠിതമായ ഒരു സമഗ്ര സർക്കാർ ആസൂത്രണ പ്ലാറ്റ്‌ഫോം രൂപീകരിച്ചിട്ടുണ്ട്. മുൻപൊക്കെ മാസങ്ങളോളം എടുത്തിരുന്ന പ്രോജക്ട് സർവേകൾ ഇപ്പോൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.

സുഹൃത്തുക്കളേ,

ആറ് വർഷം മുമ്പ് നമ്മൾ 'സ്വാമിത്വ'  പദ്ധതിക്ക് തുടക്കം കുറിച്ചു. സാങ്കേതികവിദ്യ എങ്ങനെ ജനങ്ങൾക്ക് അന്തസ്സും സാമ്പത്തിക സുരക്ഷിതത്വവും നൽകുന്നു എന്നതിന്റെ ശക്തമായ ഉദാഹരണമാണിത്. ഗ്രാമീണ കുടുംബങ്ങൾക്ക് അവരുടെ ഭൂമിയുടെ കൃത്യമായ രേഖകൾ നൽകുന്നതിനായി ഡ്രോണുകൾ, ജിയോസ്പേഷ്യൽ മാപ്പിംഗ്, ആധുനിക സർവേ സാങ്കേതികവിദ്യകൾ എന്നിവ 'സ്വാമിത്വ' സമന്വയിപ്പിക്കുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം ഗ്രാമങ്ങളിലായി 3.1 കോടിയിലധികം  പ്രോപ്പർട്ടി കാർഡുകൾ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. ഇത് കുടുംബങ്ങൾക്ക് അവരുടെ സ്വത്തുക്കൾ സാമ്പത്തിക ആസ്തികളായി (ലോണുകൾക്കും മറ്റുമായി) ഉപയോഗിക്കാൻ സഹായിക്കുന്നു.

ഗവൺമെന്റ് പൊതുനന്മയ്ക്കായുള്ള പദ്ധതികൾ വൻതോതിൽ നടപ്പിലാക്കുമ്പോൾ, നമ്മുടെ സ്റ്റാർട്ടപ്പുകൾ എല്ലാ മേഖലകളിലും മനുഷ്യജീവിതത്തെ മാറ്റിമറിക്കുകയാണ്.

സുഹൃത്തുക്കളേ,

'സരളാബെൻ'എന്ന് പേരിട്ടിരിക്കുന്ന ഒരു എഐ (AI) ആപ്ലിക്കേഷൻ ദശലക്ഷക്കണക്കിന് വനിതാ ക്ഷീരകർഷകരോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കുകയും കന്നുകാലികളുടെ ആരോഗ്യത്തെയും പരിപാലനത്തെയും കുറിച്ച് വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട്.

ഇന്ത്യൻ വനിതകൾക്ക് വളം തളിക്കുന്നതിനും വിളകൾ നിരീക്ഷിക്കുന്നതിനുമായി ഡ്രോൺ പൈലറ്റുമാരാകാൻ പരിശീലനം നൽകി വരുന്നു. ഉപഗ്രഹ വിവരങ്ങൾ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ ഏറ്റവും കൂടുതൽ മീൻ ലഭിക്കാൻ സാധ്യതയുള്ള മേഖലകളിലേക്ക് നയിക്കുന്നു, ഇത് ഇന്ധനം ലാഭിക്കാനും സമയം കുറയ്ക്കാനും മികച്ച വിളവ് ലഭിക്കാനും അവരെ സഹായിക്കുന്നു.

നമ്മുടെ സാങ്കേതിക പരിഹാരങ്ങൾ താഴേത്തട്ടിൽ വലിയ പുരോഗതി എത്തിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ബഹിരാകാശ സാങ്കേതികവിദ്യ മുതൽ ആണവോർജ്ജം വരെ, മനുഷ്യന്റെ കഴിവിന്റെ അതിരുകൾ നമ്മൾ വികസിപ്പിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അടുത്തിടെ, ഇന്ത്യയുടെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) പ്രവർത്തനക്ഷമമായി . നമ്മുടെ വിപുലമായ തോറിയം നിക്ഷേപത്തിന്റെ ഉപയോഗം ഉൾപ്പെടെയുള്ള മൂന്ന് ഘട്ടങ്ങളായുള്ള ആണവോർജ്ജ ദർശനം സാക്ഷാത്കരിക്കുന്നതിലേക്ക് ഇത് നമ്മെ കൂടുതൽ അടുപ്പിച്ചു.

സുഹൃത്തുക്കളേ,

രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ, ലോകത്തിലെ തന്നെ ഏറ്റവും സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ ഒന്നാണ്. നിങ്ങളെല്ലാവരും 'ഇന്ത്യൻ പവലിയൻ' സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്ത്യയുടെ അപാരമായ ഊർജ്ജം അനുഭവിക്കാൻ കഴിയും.

ലോകത്തിലെ ആദ്യത്തെ  സിംഗിൾ പീസ് 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ, വിപുലമായ ജനിതക-എഞ്ചിനീയറിംഗ് തെറാപ്പികൾ, ക്യാൻസറും മറ്റ് ഗുരുതരമായ രോഗങ്ങളും കണ്ടെത്തുന്നതിനോ സൈബർ-നെറ്റ്‌വർക്ക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനോ ഉള്ള AI പരിഹാരങ്ങൾ, സ്വയം നിയന്ത്രിത റോബോട്ടുകൾ , സ്മാർട്ട് സിറ്റികൾ, മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയെല്ലാം നിങ്ങൾക്ക് ഇന്ത്യൻ പവലിയനിൽ കാണാം. എല്ലാ മേഖലകളിലും നമ്മുടെ സ്റ്റാർട്ടപ്പുകൾ പ്രചോദനാത്മകമായ രീതിയിലാണ് നവീകരണങ്ങൾ നടത്തുന്നത്.

സുഹൃത്തുക്കളേ,

സാങ്കേതികവിദ്യയുടെ കാര്യത്തിൽ, നവീകരണത്തോടൊപ്പം തന്നെ പ്രധാനമാണ് അത് എല്ലാവരിലേക്കും എത്തിച്ചേരുക എന്നത് . സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കപ്പെടുമ്പോൾ മാത്രമേ അത് പുരോഗതിയിലേക്ക് നമ്മെ നയിക്കൂ . ഈ വലിയ മാറ്റങ്ങളുടെ യുഗത്തിൽ സാങ്കേതികവിദ്യ എല്ലാവർക്കും പ്രയോജനപ്പെടണമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.

നമുക്ക് AI-യുടെ ഉദാഹരണമെടുക്കാം. AI ജീവിത നിലവാരം ഉയർത്തുകയും, എല്ലാവരിലേക്കും അവസരങ്ങൾ എത്തിക്കുകയും, വളർച്ചയ്ക്ക് കരുത്തുപകരുന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭൂമിയെ നിലനിർത്താൻ സഹായിക്കുകയും വേണം. വിവാടെക് 2026-ൽ 'എഐ കൺട്രി പാർട്ണർ' ആയി ഇന്ത്യ പങ്കെടുക്കുന്നത് ഈ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം AI എന്നാൽ "ഓൾ ഇൻക്ലൂസീവ്" (All Inclusive - എല്ലാവരെയും ഉൾക്കൊള്ളുന്നത്) എന്നാണ് അർത്ഥം.

സുഹൃത്തുക്കളേ,

ഇന്ത്യ ഒരു തുറന്ന സമൂഹമാണ്, ഒപ്പം ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാ കേന്ദ്രവുമാണ്. നമ്മൾ ചട്ടങ്ങൾ ലളിതമാക്കുകയും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നുണ്ട്. നവീകരണം മുതൽ വാണിജ്യവൽക്കരണം വരെയുള്ള ഘട്ടങ്ങളിൽ, 50 ബില്യൺ ഡോളറിലധികം വരുന്ന ലക്ഷ്യാധിഷ്ഠിത ആനുകൂല്യങ്ങളിലൂടെനമ്മൾ സ്വകാര്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും കുറഞ്ഞ ചെലവിലുള്ള ഹരിതോർജ്ജവും  നമ്മൾ നൽകുന്നു.

ഞങ്ങളുടെ സമീപനം വ്യക്തമാണ് — ഞങ്ങളുടെ ഗവൺമെന്റ് അനുകൂല സാഹചര്യങ്ങൾ ഒരുക്കും, വ്യവസായ ലോകം നവീകരണങ്ങൾ നടത്തും. സ്റ്റാർട്ടപ്പുകൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരും, ആഗോള പങ്കാളികൾ ഞങ്ങളോടൊപ്പം ചേർന്ന് അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. നമുക്ക് ഒന്നിച്ച്, എന്നത്തേക്കാളും വേഗത്തിൽ മുന്നോട്ട് കുതിക്കാം. ഈ ഹാളിലുള്ള എല്ലാവരും ഇതിന് നേതൃത്വം നൽകാൻ മുന്നോട്ട് വരണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു.

ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കൂ, എല്ലാവർക്കുമായി മികച്ചത് സംഭാവന ചെയ്യൂ.

നന്ദി. വളരെയധികം നന്ദി.

***

SK


(रिलीज़ आईडी: 2275042) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Urdu , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Telugu