വിദ്യാഭ്യാസ മന്ത്രാലയം
ഭാരത് ഇന്നൊവേറ്റ്സ് 2026-ന് ഫ്രാൻസിലെ നീസിൽ സമാപനം: ആഗോള ഡീപ്-ടെക്, ഇന്നൊവേഷൻ ഹബ് എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടു
प्रविष्टि तिथि:
17 JUN 2026 5:30PM by PIB Thiruvananthpuram
ഭാരത് ഇന്നൊവേറ്റ്സ് 2026 ഫ്രാൻസിലെ നീസിൽ സമാപിച്ചു. ഇന്ത്യ, ഫ്രാൻസ്, ലോകമെമ്പാടുമുള്ള പങ്കാളികൾ എന്നിവർ പങ്കെടുത്ത സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, ബിസിനസ്സ് മീറ്റിംഗുകൾ, നിക്ഷേപകരെ ആകർഷിക്കാനുള്ള അവതരണങ്ങൾ, സ്ഥാപനതല ഇടപെടലുകൾ എന്നിവ ഉൾപ്പെട്ട മൂന്ന് ദിവസത്തെ പരിപാടികൾക്കാണ് ഇതോടെ സമാപനമായത്.


സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ, ഭാരത് ഇന്നൊവേറ്റ്സിൻ്റെ ഉദ്ഘാടന പതിപ്പിനെ ഒരു സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിച്ചു. ഗവേഷണ അധിഷ്ഠിത നൂതനാശയങ്ങളും സംരംഭകത്വവും പരിപോഷിപ്പിക്കുന്നതിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം 2026-നെക്കുറിച്ച് പരാമർശിച്ച മന്ത്രി, ഈ സംരംഭം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടേയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റേയും പങ്കിട്ട കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണെന്നും ഭാവിയിലെ സഹകരണത്തിനുള്ള പരിവർത്തനാത്മകമായ ഒരു വേദിയായി ഇത് വികസിക്കുമെന്നും പറഞ്ഞു.
ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സ്റ്റാർട്ടപ്പുകളോടും നൂതനാശയക്കാരോടും ഗവേഷകരോടും വിദ്യാർത്ഥികളോടും ആഹ്വാനം ചെയ്ത ശ്രീ ഗോയൽ, "ലോകം നിങ്ങളുടെ വേദിയാണ്" എന്ന് പറഞ്ഞു. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഭാരത് ഇന്നൊവേറ്റ്സ് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുവെന്നും ആഗോള സാങ്കേതികവിദ്യാ-സ്റ്റാർട്ടപ്പ് ഹബ് എന്ന നിലയിൽ ഇന്ത്യയുടെ വളർന്നു വരുന്ന പങ്ക് ഇത് വീണ്ടും ഉറപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഗവണ്മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ് ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങൾ അവതരിപ്പിച്ചു. ഗവണ്മെന്റ് , അക്കാദമിക് മേഖല, വ്യവസായം, നിക്ഷേപകർ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർ ഒരു പൊതു ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സാധ്യതകളാണ് ഭാരത് ഇന്നൊവേറ്റ്സ് തെളിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടി അവസാനിച്ചെങ്കിലും, ഇന്ത്യയുടെ നൂതനാശയങ്ങളെ ത്വരിതപ്പെടുത്തുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഗവണ്മെന്റ് സംരംഭമായ ഭാരത് ഇന്നൊവേറ്റ്സ്, വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, സ്റ്റാർട്ടപ്പ് മേഖല എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന നൂതനാശയങ്ങളെ ആഗോള നിക്ഷേപകർ, കോർപ്പറേറ്റുകൾ, ഉപഭോക്താക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, വിപണികൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്.
120 ക്യൂറേറ്റഡ് ഡീപ്-ടെക് നൂതനാശയക്കാരേയും ഇന്ത്യയിലെ 15 പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 45 ഓളം സാങ്കേതികവിദ്യാ പ്രോജക്ടുകളും ഉച്ചകോടിയിൽ അവതരിപ്പിച്ചു. പങ്കെടുത്ത സ്റ്റാർട്ടപ്പുകളിൽ ഏകദേശം 60 ശതമാനവും ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, ഇന്ത്യയിലെ മറ്റ് മുൻനിര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇൻകുബേറ്റ് ചെയ്യപ്പെട്ടവയോ അവയുമായി അടുത്ത ബന്ധമുള്ളവയോ ആയിരുന്നു.
29 രാജ്യങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഇതിൽ 500-ലധികം ഫ്രഞ്ച് നിക്ഷേപകർ, കോർപ്പറേറ്റ് മേധാവികൾ, സി.എക്സ്.ഒകൾ, ഗവേഷകർ, നൂതനാശയക്കാർ, സ്ഥാപനതല പ്രതിനിധികൾ എന്നിവരും ഉൾപ്പെടുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടി താഴെ പറയുന്ന നേട്ടങ്ങൾക്ക് വഴിയൊരുക്കി:
• സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, കോർപ്പറേറ്റുകൾ, സ്ഥാപനതല പങ്കാളികൾ എന്നിവർ പങ്കെടുത്ത 1,350-ലധികം ബിസിനസ്സ് മീറ്റിംഗുകൾ
• വ്യവസായം, അക്കാദമിക് മേഖല, ഗവേഷണം, ഇൻകുബേഷൻ എന്നിവയിലുടനീളമുള്ള 50-ലധികം സഹകരണ കരാറുകൾ
• 10-ലധികം രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം ആഗോള നിക്ഷേപകർക്ക് മുന്നിൽ 80-ലധികം സ്റ്റാർട്ടപ്പുകൾ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു
• 40-ലധികം സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരിൽ നിന്ന് തുടർനടപടികൾക്കായുള്ള ഉറപ്പ് ലഭിച്ചു
• യു.എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഭാരത് ഇന്നൊവേറ്റ്സ് നൂതനാശയക്കാർക്ക് ഏകദേശം 254.5 ദശലക്ഷം യു.എസ് ഡോളറിൻ്റെ ഫണ്ടിംഗ് വാഗ്ദാനങ്ങളും അഡ്വാൻസ്ഡ് സ്റ്റേജ് നിക്ഷേപങ്ങളും ലഭ്യമായി

പങ്കെടുത്ത നിരവധി സ്റ്റാർട്ടപ്പുകൾക്ക് ഫ്രാൻസിൽ നിന്നും മറ്റ് അന്താരാഷ്ട്ര വിപണികളിൽ നിന്നുമുള്ള വാങ്ങലുകാരിൽ നിന്ന് സ്ഥിരീകരിച്ച ഓർഡറുകളും താൽപ്പര്യപത്രങ്ങളും ലഭിച്ചു. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനത്തിനും വാണിജ്യ പങ്കാളിത്തങ്ങൾക്കുമുള്ള പുതിയ അവസരങ്ങളാണ് ഇതിലൂടെ തുറന്നിരിക്കുന്നത്.
ഉച്ചകോടിയുടെ അവസാന ദിനത്തിൽ ടെക്നോളജി പാർക്കുകൾ, ആക്സിലറേറ്ററുകൾ, വ്യവസായ മേഖലയിലെ കാർബൺ ഉദ്വമനം കുറയ്ക്കൽ, ആഗോളതലത്തിലുള്ള ബിസിനസ്സ് വളർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ചർച്ചകൾ നടന്നു. സാങ്കേതിക സംരംഭകത്വം, ഉൽപ്പന്ന വികസനം, അന്താരാഷ്ട്ര വളർച്ച എന്നിവയെക്കുറിച്ച് നതിംഗ് കമ്പനിയുടെ സഹസ്ഥാപകൻ അകിസ് ഇവാഞ്ചലിഡിസ് നടത്തിയ പ്രഭാഷണവും പരിപാടിയുടെ ഭാഗമായിരുന്നു.
മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടി നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ, ബയോടെക്നോളജി, മെഡ്‌ടെക്, ബഹിരാകാശം, പ്രതിരോധം, ഇരട്ട ഉപയോഗ സാങ്കേതികവിദ്യകൾ, നൂതന ഉത്പാദനം, ഊർജ്ജം, കാലാവസ്ഥാ സാങ്കേതികവിദ്യകൾ, ആഗോള ഡീപ്-ടെക് നിക്ഷേപം എന്നിവ ഉൾപ്പെടുന്ന വിവിധ മേഖലകളിലെ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയായി.
ഇതോടൊപ്പം നടന്ന സമാന്തര നിക്ഷേപക പിച്ച് റൂമുകൾ, സ്റ്റാർട്ടപ്പ് മാസ്റ്റർക്ലാസുകൾ, സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, ക്യൂറേറ്റഡ് മീറ്റിംഗുകൾ എന്നിവ വെഞ്ച്വർ ഫണ്ടുകൾ, കോർപ്പറേറ്റ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, ആഗോള കോർപ്പറേഷനുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇൻകുബേറ്ററുകൾ എന്നിവയുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരമൊരുക്കി.
ഈ ഉച്ചകോടി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സ്ഥാപനതല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും സംയുക്ത ഗവേഷണം, സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്തൽ, പ്രതിഭകളുടെ കൈമാറ്റം, സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണം, ആഗോള വിപണിയിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്തു.
നൂതനാശയങ്ങളാണ് മനുഷ്യ നാഗരികതയുടെ അടുത്ത അധ്യായമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. ഈ ലക്ഷ്യത്തോടെ, ഭാരത് ഇന്നൊവേറ്റ്സ് 2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷത്തിൻ്റെ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുകയും, ആഗോള നൂതനാശയ ശൃംഖലകളുമായുള്ള ഇന്ത്യയുടെ ഇടപെടൽ ശക്തിപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം തന്നെ, അത്യാധുനിക സാങ്കേതികവിദ്യകളിലെ സുസ്ഥിര സഹകരണത്തിന് ഇത് ശക്തമായ അടിത്തറ പാകുകയും ചെയ്തു.
ഭാരത് ഇന്നൊവേറ്റ്‌സ് 2026-നെക്കുറിച്ചും ഇതിൽ പങ്കെടുത്ത നൂതനാശയക്കാരെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.bharatinnovates.in.
****
(रिलीज़ आईडी: 2274340)
आगंतुक पटल : 3