പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 15 JUN 2026 5:40PM by PIB Thiruvananthpuram

ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ‌ഒരുക്കിയിരുന്നു.​

ഇരുനേതാക്കളും വ്യക്തിപരമായ തലത്തിലും പ്രതിനിധിതലത്തിലും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ‘സമഗ്ര പങ്കാളിത്ത’ പദവിയിലേക്ക് ഉയർത്തിയതിനെ അവർ സ്വാഗതംചെയ്തു. ഇത് ഇരുരാജ്യങ്ങളും പൊതുവായി പങ്കിടുന്ന മൂല്യങ്ങളുടെയും കാലാതീതമായ സൗഹൃദത്തിന്റെയും പ്രതിഫലനമാണ്. ഒപ്പം, ഉഭയകക്ഷിബന്ധങ്ങളിൽ പുതിയ അധ്യായത്തിന്റെ തുടക്കവുമാണ്.

വ്യാപാരം, നിക്ഷേപം, രാജ്യരക്ഷ, സുരക്ഷ, ബഹിരാകാശം, സിവിൽ ന്യൂക്ലിയർ, പുനരുൽപ്പാദക ഊർജം, ഡിജിറ്റൽ നൂതനാവിഷ്കാരങ്ങൾ, അക്കാദമിക കൈമാറ്റങ്ങൾ, സംസ്കാരം, പ്രതിഭകളുടെ കൈമാറ്റം എന്നിവയുൾപ്പെടെ ഉഭയകക്ഷിബന്ധങ്ങളുടെ എല്ലാ മേഖലകളും ഇരുപ്രധാനമന്ത്രിമാരും വിലയിരുത്തി. പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, സൂപ്പർ കമ്പ്യൂട്ടറുകൾ തുടങ്ങിയ പുത്തൻ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും അവർ ആരാഞ്ഞു.

2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നു സ്ലൊവാക്യ ഇന്ത്യക്കു നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി ഫിക്കോയ്ക്കു പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഭാവങ്ങളെയും നേരിടുന്നതിൽ ഇരുരാജ്യങ്ങൾക്കുമുള്ള കരുത്തുറ്റ പ്രതിബദ്ധതയെയാണ് ഇത് അടിവരയിടുന്നത്. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുനേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവച്ചു. ബഹുരാഷ്ട്രവാദത്തോടുള്ള പ്രതിജ്ഞാബദ്ധതയും ആഗോള ഭരണ സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായുള്ള പിന്തുണയും അവർ ആവർത്തിച്ചു.

സമീപകാല ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ പ്രോത്സാഹനജനകമായ ഫലങ്ങളിൽ നേതാക്കൾ അതീവ സംതൃപ്തി പ്രകടിപ്പിച്ചു. നിർണായക മേഖലകളിലുടനീളം സഹകരണം ശക്തമാക്കുന്നതിലേക്കുള്ള ബൃഹത്തായ ചുവടുവയ്പായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) വിജയകരമായ പൂർത്തീകരണത്തെയും, സംയുക്ത സമഗ്ര തന്ത്രപ്രധാന കാര്യപരിപാടി അംഗീകരിച്ചതിനെയും അവർ സ്വാഗതംചെയ്തു.

ചർച്ചകൾക്കു പിന്നാലെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ, തൊഴിൽ കുടിയേറ്റം, ഉന്നതവിദ്യാഭ്യാസവും ഗവേഷണവും, ഓഡിയോ-വിഷ്വൽ നിർമാണം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രങ്ങൾ കൈമാറി. രാജ്യരക്ഷാരംഗത്തെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള താൽപ്പര്യപത്രവും കൈമാറിയിട്ടുണ്ട്. കൂടാതെ, കോസിസെ സാങ്കേതിക സർവകലാശാലയിൽ ഇന്ത്യയുടെ ആദ്യത്തെ നിർമിതബുദ്ധി ചെയർ സ്ഥാപിക്കാനും തീരുമാനമായി.

പ്രധാനമന്ത്രി മോദിയോടുള്ള  ആദരസൂചകമായി പ്രധാനമന്ത്രി ഫിക്കോ മധ്യാഹ്നവിരുന്നു നൽകി. ഇരുവർക്കും സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ക്ഷണിച്ചു.

***

SK


(रिलीज़ आईडी: 2273347) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada