റെയില്‍വേ മന്ത്രാലയം
തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളുടെ മാസ്റ്റർ പ്ലാൻ അവലോകനം ചെയ്ത് റെയിൽവേ മന്ത്രി; നിർമാണ പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് നിര്‍ദേശം
प्रविष्टि तिथि:
15 JUN 2026 6:02PM by PIB Thiruvananthpuram
ബോറിവലി, അംബാല, മംഗലൂരു എന്നിവയടക്കം തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന മാസ്റ്റർ പ്ലാൻ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് അവലോകനം ചെയ്തു. റെയിൽവേ സഹമന്ത്രി ശ്രീ. രവ്‌നീത് സിങ് ബിട്ടുവും യോഗത്തിൽ പങ്കെടുത്തു.
ട്രെയിൻ സർവീസുകളെ തടസ്സപ്പെടുത്താതെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചായിരിക്കണം പുനർവികസന പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷൻ്റെ കാര്യക്ഷമമായ ദൈനംദിന പ്രവർത്തനം നിലനിർത്തി ഭാവി സജ്ജമായ റെയിൽവേ അടിസ്ഥാന സൗകര്യം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ തിരക്ക് പരിഹരിക്കുന്നതിനൊപ്പം ഭാവി വളർച്ചാ ശേഷി വർധിപ്പിക്കുകയായിരുന്നു യോഗത്തിൻ്റെ ലക്ഷ്യം. കൂടുതൽ പ്ലാറ്റ്‌ഫോമുകൾ, വീതിയേറിയ കാല്‍നട മേല്‍പ്പാലങ്ങള്‍, പ്ലാറ്റ്‌ഫോമുകൾക്കിടയില്‍ സഞ്ചരിക്കാന്‍ മികച്ച സൗകര്യങ്ങള്‍, സ്റ്റേഷനുകളിലേക്ക് അധിക പ്രവേശന-കവാടങ്ങൾ, വിപുലീകരിച്ച റെയിൽവേ സ്റ്റേഷൻ പരിസരം, മികച്ച ബഹുതല ഗതാഗത സംയോജനം, യാത്രികരുടെ സുഗമമായ സഞ്ചാരം എന്നിവയിലൂടെ യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
ആസൂത്രണത്തിൻ്റെ അടുത്ത ഘട്ടങ്ങളിൽ പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാംഗങ്ങള്‍, തദ്ദേശഭരണ പ്രതിനിധികൾ, സംസ്ഥാന ഗവൺമെൻ്റുകൾ, മറ്റ് പ്രതിനിധികള്‍ എന്നിവരുമായി ചർച്ച നടത്താൻ ശ്രീ അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്റ്റേഷൻ അടിസ്ഥാന സൗകര്യ വികസനം യാത്രക്കാരുടെയും പ്രാദേശിക സമൂഹങ്ങളുടെയും ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവരുടെ നിർദേശങ്ങളും പ്രാദേശിക ആവശ്യങ്ങളും അന്തിമ പുനർവികസന പദ്ധതികളിൽ ഉൾപ്പെടുത്തും.
ഗുണനിലവാരം, ഈട്, യാത്രക്കാരുടെ സൗകര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തമായ രൂപകല്പന തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം സ്റ്റേഷനുകളുടെ പുനര്‍വികസനം വിഭാവനം ചെയ്യുന്നതെന്ന് ശ്രീ. വൈഷ്ണവ് പറഞ്ഞു. ഉയർന്ന നിർമാണ നിലവാരം നിലനിർത്തുന്നതിനൊപ്പം ദ്രുതഗതിയില്‍ പദ്ധതി നിര്‍വഹണം സാധ്യമാക്കാന്‍ പ്രീകാസ്റ്റ് ഘടകങ്ങളുടെ ഉപയോഗവും നൂതന നിർമാണ സംവിധാനങ്ങളും ഉൾപ്പെടെ ആധുനിക നിർമാണ സാങ്കേതിക വിദ്യകൾ യോഗം ചർച്ച ചെയ്തു. അനുവദിച്ച തുക ഫലപ്രദമായി വിനിയോഗിക്കാനും അംഗീകൃത പദ്ധതികളുടെ സമയബന്ധിത നടത്തിപ്പ് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബോറിവലി - കാണ്ഡിവലി പുനർവികസനം
പശ്ചിമ റെയിൽവേയില്‍ യാത്രക്കാർക്ക് വിവിധ സർവീസുകളിലേക്ക് മാറിക്കയറാവുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ബോറിവലി റെയിൽവേ സ്റ്റേഷനിലാണ് അവലോകനയോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ടെർമിനൽ സ്റ്റേഷനിൽ നിന്ന് വ്യത്യസ്തമായി സബർബൻ, ദീർഘദൂര ട്രെയിൻ യാത്രികര്‍ കയറുകയും ഇറങ്ങുകയും ട്രെയിനുകള്‍ മാറിക്കയറുകയും ചെയ്യുന്ന കേന്ദ്രമായി ബോറിവലി പ്രവർത്തിക്കുന്നു. നിലവിൽ പ്രതിദിനം ഏകദേശം 1,200 സബർബൻ ട്രെയിൻ സർവീസുകൾക്ക് പുറമെ 191 ദീർഘദൂര ട്രെയിൻ സർവീസുകളും ഈ സ്റ്റേഷനിലുണ്ട്. ദിവസം ഏകദേശം 3.65 ലക്ഷം യാത്രക്കാരാണ് ഇവിടെയെത്തുന്നത്. വരും വർഷങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിക്കുമെന്നാണ് പ്രവചനം. സബർബൻ, ദീർഘദൂര യാത്രക്കാരുടെ സമ്മിശ്ര സാന്നിധ്യം മൂലം ഇവിടെ കടുത്ത തിരക്കും യാത്രക്കാരുടെ സങ്കീർണ യാത്രാനീക്കങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ വിവിധ സർവീസുകളിലെ യാത്രക്കാർ സ്റ്റേഷൻ പരിസരത്ത് ഒത്തുചേരുമ്പോൾ ഇത് വർധിക്കുന്നു.
പ്ലാറ്റ്‌ഫോമുകൾക്കിടയിലെ മെച്ചപ്പെട്ട സഞ്ചാരസൗകര്യങ്ങള്‍, വിപുലമായ സ്റ്റേഷന്‍ പരിസരം, നവീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍, മികച്ച കാല്‍നട മേല്‍പ്പാലങ്ങള്‍, സ്കൈവാക്ക് സൗകര്യം, സുഗമമായ പ്രവേശന സംവിധാനങ്ങള്‍ എന്നിവയിലൂടെ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനാണ് സമഗ്ര പുനർവികസന പദ്ധതി ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ നടന്നുനീങ്ങുന്നതില്‍ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും വർധിപ്പിക്കാന്‍ അധിക പ്ലാറ്റ്‌ഫോം വികസനം, വിപുലീകരിച്ച കാത്തിരിപ്പുകേന്ദ്രങ്ങള്‍, അധിക ലിഫ്റ്റുകളും എസ്‌കലേറ്ററുകളും, മെച്ചപ്പെട്ട വിശ്രമ സൗകര്യങ്ങൾ, വിപുലീകരിച്ച പാർക്കിങ് അടിസ്ഥാനസൗകര്യം എന്നിവ നിർദേശത്തിൽ ഉൾപ്പെടുന്നു.
ശേഷി വർധന, യാത്രക്കാരുടെ വിന്യാസം മെച്ചപ്പെടുത്തല്‍, ബോറിവലി സ്റ്റേഷനിലെ തിരക്ക് കുറയ്ക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ കാണ്ഡിവലി സ്റ്റേഷൻ്റെ സമാന്തര വികസനം ഒരു സമഗ്ര മാസ്റ്റർ പ്ലാനിലൂടെ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോറിവലി സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് കാണ്ഡിവലി സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് റെയിൽവേ ഭൂമി ലഭ്യമായതിനാൽ കാണ്ഡിവലി സ്റ്റേഷൻ ഭാവി ട്രെയിൻ സർവ്വീസുകളെയും യാത്രക്കാരുടെ വളർച്ചയെയും പിന്തുണയ്ക്കും. ഇത് ബോറിവലിയിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം പ്രവർത്തനക്ഷമതയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും പ്രവേശനക്ഷമതയും മെച്ചപ്പെടുത്താനും സഹായിക്കും. ബോറിവലിയുടെയും കാണ്ഡിവലിയുടെയും സംയോജിത വികസനം പൂര്‍വ-പശ്ചിമ യാത്രാസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വിവിധ ഗതാഗത സംവിധാനങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കുമെന്നും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും മെട്രോ-റോഡ് ശൃംഖലകളുമായി സംയോജനം മെച്ചപ്പെടുത്തുമെന്നും ദീർഘകാല വളർച്ചയെ പിന്തുണയ്ക്കാനാവുന്ന തടസ്സമില്ലാത്ത ബഹുതല ഗതാഗത സംവിധാനം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. റെയിൽവേ ഭൂമി പരമാവധി പ്രയോജനപ്പെടുത്താന്‍ ബഹുതല പാർക്കിങ്, പ്രത്യേക പിക്ക് അപ്പ് - ഡ്രോപ്പ് ഓഫ് ഇടങ്ങള്‍, മെച്ചപ്പെട്ട റോഡ് ഗതാഗതസൗകര്യങ്ങള്‍, ഗതാഗത അധിഷ്ഠിത വികസനം എന്നിവയും പദ്ധതിയിലുണ്ട്.
അംബാല പുനർവികസനം
അംബാല കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ പുനർവികസന പദ്ധതിയും യോഗത്തിൽ അവലോകനം ചെയ്തു. നിലവിൽ 328 ട്രെയിനുകൾക്ക് അംബാല സ്റ്റേഷന്‍ സർവീസ് ഒരുക്കുന്നുണ്ട്. പ്രതിദിനം 44,000-ത്തിലധികം യാത്രക്കാരാണ് ഇവിടെയെത്തുന്നത്. വരും വർഷങ്ങളിൽ ഇത് ഗണ്യമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഭാവി ഗതാഗത ആവശ്യങ്ങൾ നിറവേറ്റാനും അധിക ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കാനും പുനർവികസന പദ്ധതിയിൽ രണ്ട് പുതിയ മുഴുനീള പ്ലാറ്റ്‌ഫോമുകളും 12 മീറ്റർ വീതിയില്‍ പുതിയ കാല്‍നട മേല്‍പ്പാലവും നിർമിക്കാൻ നിർദേശിക്കുന്നു. യാത്രക്കാരുടെ സഞ്ചാരം മെച്ചപ്പെടുത്താനും പ്ലാറ്റ്‌ഫോമുകൾക്കിടയിൽ എളുപ്പത്തിൽ മാറാനും അധിക എസ്‌കലേറ്ററുകളും ലിഫ്റ്റുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; പ്രത്യേകിച്ച് പ്രായമായവർക്കും ഭിന്നശേഷിക്കാര്‍ക്കും ലഗേജുകള്‍ വഹിക്കുന്ന യാത്രക്കാർക്കും ഇത് ഏറെ സഹായകരമാകും. നിലവിലെ പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, പുതിയ പ്ലാറ്റ്‌ഫോം ഷെഡുകൾ സ്ഥാപിക്കൽ, സർഫേസ് പാർക്കിങ് സൗകര്യ വികസനം എന്നിവയ്ക്കും പദ്ധതിയുണ്ട്.
ഭാവി ഗതാഗത വളർച്ചയ്ക്കനുസൃതമായി മെച്ചപ്പെട്ട പ്രവേശന കവാടങ്ങൾ, യാത്രക്കാര്‍ക്ക് നടന്നുനീങ്ങാന്‍ വിപുലമായ ഇടങ്ങള്‍, മികച്ച ഗതാഗതസൗകര്യം, ആധുനിക സ്റ്റേഷൻ സൗകര്യങ്ങൾ, നവീകരിച്ച അടിസ്ഥാനസൗകര്യം എന്നിവയാണ് നിർദിഷ്ട പുനർവികസനത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ സ്റ്റേഷൻ്റെ പ്രവർത്തന ശേഷി വർധിക്കുമെന്നും തിരക്ക് കുറയുമെന്നും പ്രവേശനക്ഷമത മെച്ചപ്പെടുമെന്നും കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മംഗലൂരു പുനർവികസനം
മംഗലൂരു സെൻട്രൽ സ്റ്റേഷൻ്റെ പുനർവികസന പദ്ധതികളും അവലോകനത്തിൽ ഉൾപ്പെട്ടിരുന്നു. നിലവിൽ പ്രതിദിനം 28,000-ത്തിലേറെ യാത്രക്കാരെ വഹിക്കുന്ന സ്റ്റേഷന്‍ ഏകദേശം 50 ട്രെയിനുകൾക്ക് സർവീസ് ഒരുക്കുന്നുണ്ട്. ഭാവിയിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ശേഷി വർധനയും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണ്.
ഭാവി വളർച്ച മുൻകൂട്ടി കണ്ട് അധിക ട്രെയിൻ സർവീസുകൾ ഉൾക്കൊള്ളുന്നതിന് രണ്ട് പുതിയ മുഴുനീള പ്ലാറ്റ്‌ഫോമുകൾ നിർമിക്കാൻ പുനർവികസന പദ്ധതി നിർദേശിക്കുന്നു. പ്ലാറ്റ്‌ഫോം നവീകരണ ജോലികൾ, 6 മീറ്റർ വീതിയില്‍ പുതിയ കാല്‍നട മേല്‍പ്പാല നിർമാണം, മെച്ചപ്പെട്ട പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, സ്റ്റേഷൻ പരിസരത്ത് സുഗമമായ യാത്രക്കാരുടെ സഞ്ചാരം സാധ്യമാക്കാന്‍ അധിക എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
യാത്രക്കാരുടെ മെച്ചപ്പെട്ട സൗകര്യങ്ങൾ, പ്രവേശനക്ഷമത, മികച്ച ഗതാഗതസൗകര്യം, അധിക പ്രവർത്തന ശേഷി, ആധുനിക സ്റ്റേഷൻ അടിസ്ഥാനസൗകര്യം എന്നിവയാണ് പുനർവികസന പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ നടപടികള്‍ തിരക്ക് കുറയ്ക്കുകയും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായ യാത്രക്കാർക്കും സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രാദേശിക യാത്രാസൗകര്യങ്ങളെയും സാമ്പത്തിക വികസനത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം കൂടുതൽ സുഖകരവും കാര്യക്ഷമവും ഭാവി സജ്ജവുമായ സ്റ്റേഷൻ അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കാനാവും. ബോറിവലി, അംബാല, മംഗലൂരു എന്നിവിടങ്ങളിലെ പുനർവികസന സംരംഭങ്ങൾ യാത്രക്കാരുടെ അനുഭവവും പ്രവർത്തന കാര്യക്ഷമതയും അടിസ്ഥാനസൗകര്യ ശേഷിയും ഗണ്യമായി വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പദ്ധതി ആസൂത്രണത്തിൻ്റെയും നിര്‍വഹണത്തിൻ്റെയും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപായി ഈ നിർദേശങ്ങളില്‍ കൂടുതൽ വിശദമായ പരിശോധനകളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചനകളും നടത്തും.
***
(रिलीज़ आईडी: 2273295)
आगंतुक पटल : 15