പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഡീസലിന്റെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി കേന്ദ്രസർക്കാർ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചു.
प्रविष्टि तिथि:
12 JUN 2026 2:57PM by PIB Thiruvananthpuram
ഡീസലിന്റെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം "മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ-സ്പീഡ് ഡീസൽ (ചില്ലറ വില്പന കേന്ദ്രങ്ങൾ മുഖേനയുള്ള വിതരണത്തിന്റെ താൽക്കാലിക നിയന്ത്രണം) ഉത്തരവ്, 2026" വിജ്ഞാപനം ചെയ്തു.
ഈ നിയന്ത്രണങ്ങൾ താൽക്കാലിക നടപടികളാണ്, തുടക്കത്തിൽ 90 ദിവസം വരെ സാധുതയുണ്ടാകും, എല്ലാ റീട്ടെയിൽ ഉപഭോക്താക്കൾക്കും ഡീസൽ ലഭ്യത ഉറപ്പാക്കും.
ചില ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങൾ ഡീസൽ ആവശ്യകതയിൽ അസ്വാഭാവികമാംവിധം ഉയർന്നതും അസന്തുലിതവുമായ വളർച്ച നേരിടുന്നു. നിരവധി വലിയ വ്യാവസായിക - സ്ഥാപന - വാണിജ്യ ഉപഭോക്താക്കൾ അവരുടെ നിയുക്ത ബൾക്ക് സപ്ലൈ പോയിന്റുകളിൽ നിന്ന് ഡീസൽ വാങ്ങുന്നത് നിർത്തി, പകരം പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (പിഎസ്‌യു ഒഎംസി) നടത്തുന്ന റീട്ടെയിൽ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. ബൾക്ക് ഡീസലിനേക്കാൾ റീട്ടെയിൽ ഡീസൽ വില കുറഞ്ഞതിനാലാണ് ഇതിന് കാരണം. കൂടാതെ, സ്വകാര്യ എണ്ണ വിപണന കമ്പനികളുടെ ഹൈ-സ്പീഡ് ഡീസൽ (എച്ച്എസ്ഡി) വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 2026 മെയ് മാസത്തിൽ ഏകദേശം 58% ഇടിവ്. ഉയർന്ന ഡീസൽ വിലയാണ് ഇതിന് കാരണം. ഇത് കൂടുതൽ മത്സരാധിഷ്ഠിത വിലയുള്ള പൊതുമേഖലാ ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങളിലേക്ക് സംഭരണം മാറ്റാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു.
2026 മെയ് മാസത്തെ ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് , പൊതുമേഖലാ എണ്ണ കമ്പനികളുടെ ചില്ലറ വില്പന കേന്ദ്രങ്ങൾ മുഖേനയുള്ള ഡീസൽ വിൽപ്പനയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 327 ജില്ലകളിൽ 10% ൽ കൂടുതൽ വളർച്ചയും 80 ജില്ലകളിൽ 30% ൽ കൂടുതൽ വളർച്ചയും രേഖപ്പെടുത്തി.
ചില്ലറ വിൽപ്പന ശാലകളിലെ ഇടയ്ക്കിടെയുള്ള വിതരണ പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങളിൽ നിന്ന് ചില്ലറ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് പുതിയ നിയന്ത്രണ നടപടികൾ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാറോ ഇരുചക്ര വാഹനമോ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക്, ശരാശരി 200 ലിറ്റർ പരിധി ഏതൊരു സ്വകാര്യ വാഹനത്തിനും ആവശ്യമുള്ളതിനേക്കാൾ വളരെ കൂടുതലാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ നടപടികൾ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ല.
ബൾക്ക് ഡീസൽ വിലയിലെ വർദ്ധനവിനെ അപേക്ഷിച്ച് കുറഞ്ഞ ചില്ലറ വിൽപ്പന വിലയുടെ നേട്ടം പ്രതീക്ഷിച്ച് സാധാരണ ചില്ലറ വില്പന കേന്ദ്രങ്ങളിൽ നിന്ന് ഡീസൽ വാങ്ങുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ പുതിയ നടപടികൾ. ജെറി ക്യാനുകൾ പോലുള്ള കണ്ടെയ്‌നറുകളിൽ ആളുകൾ വലിയ അളവിൽ ഡീസൽ വാങ്ങുകയും നിയമവിരുദ്ധമായി വീണ്ടും വിൽക്കുകയും ചെയ്യുന്ന കേസുകളും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കൾക്കുള്ള ഇന്ധനം ദുരുപയോഗം ചെയ്യുന്നതിനാലും ക്ഷാമം സൃഷ്ടിക്കുന്നതിനാലും ഇത്തരം പ്രവർത്തനങ്ങൾ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമായി കണക്കാക്കപ്പെടുന്നു. വാങ്ങുന്നവർ, ഗതാഗത ഓപ്പറേറ്റർമാർ, ഇന്ധന സ്റ്റേഷൻ ഡീലർമാർ, നിയമവിരുദ്ധ ഇടപാടുകളെ സഹായിക്കുന്നതോ അനുവദിക്കുന്നതോ ആയ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഈ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ ഉത്തരവ് ബന്ധപ്പെട്ടവർക്ക് അധികാരം നൽകുന്നു.
വൻകിട വാണിജ്യ-വ്യാവസായിക ഉപഭോക്താക്കൾ ചില്ലറ വിൽപ്പനയ്ക്കുള്ള ഇന്ധനം വാങ്ങുന്നത് തടയുന്നതിലൂടെ, സാധാരണ ഉപഭോക്താക്കൾക്കും ചെറുകിട ഉപയോക്താക്കൾക്കും ചില്ലറ വിൽപ്പന ശാലകളിൽ കൂടുതൽ ഇന്ധനം ലഭ്യമാകും.
പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കുന്നതിനായി, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMC-കൾ) നിലവിൽ പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിൽപ്പനയിൽ പ്രതിദിനം ഏകദേശം ₹500 കോടിയുടെ നഷ്ടം സഹിച്ചു വരികയാണ്. സാധാരണ ഉപഭോക്താക്കൾക്കും, കുടുംബങ്ങൾക്കും, കർഷകർക്കും, മറ്റ് ചില്ലറ ഉപയോക്താക്കൾക്കും ഇന്ധനം കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് സർക്കാർ പിന്തുണയുള്ള വിലനിർണ്ണയത്തിന്റെ ലക്ഷ്യം. ഈ ആനുകൂല്യം വ്യവസായങ്ങൾക്കോ ബൾക്ക് സപ്ലൈകൾക്കോ വേണ്ടിയുള്ളതല്ല. ബൾക്ക് സപ്ലൈകൾക്ക്, ഇന്ധന വില അന്താരാഷ്ട്ര വിപണി നിരക്കുകൾക്ക് അനുസൃതമായിരിക്കും. അതുകൊണ്ടാണ് ബൾക്ക് ഡീസലിന് നിലവിൽ റീട്ടെയിൽ ഡീസലിനേക്കാൾ ലിറ്ററിന് ₹40 വിലക്കൂടുതലുള്ളത്. തൽഫലമായി, ചില ബൾക്ക് ഉപഭോക്താക്കൾ ശരിയായ ബൾക്ക് സപ്ലൈ ചാനലുകളിലൂടെയല്ലാതെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് വിലകുറഞ്ഞ ഡീസൽ വാങ്ങാൻ ശ്രമിക്കുന്നു.
ബൾക്ക് ഉപഭോക്താക്കൾ ഹൈ-സ്പീഡ് ഡീസൽ (എച്ച്എസ്ഡി) വഴിതിരിച്ചുവിടുന്നത് പ്രാദേശിക വിതരണ പ്രശ്‌നങ്ങൾക്കും സത്യസന്ധരായ ചില്ലറ ഉപഭോക്താക്കൾക്കും അവശ്യ സേവനങ്ങൾക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര സർക്കാർ ഇപ്പോൾ പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയ്ക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വാഹന ടാങ്കുകളിലേക്കോ PESO അംഗീകൃത കണ്ടെയ്‌നറുകളിലേക്കോ മാത്രമേ ഡീസൽ വിതരണം ചെയ്യാവൂ, ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ നൽകാവുന്നതാണ്. ചില്ലറ വില്പന കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന ഡീസൽ വീണ്ടും വിൽക്കാൻ കഴിയില്ല.
വ്യാവസായിക, സ്ഥാപന, വാണിജ്യ ഉപഭോക്താക്കൾക്ക് സാധാരണ ചില്ലറ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ അനുവാദമില്ല, പകരം അംഗീകൃത ബൾക്ക് സപ്ലൈ പോയിന്റുകൾ അല്ലെങ്കിൽ സമർപ്പിത ഉപഭോക്തൃ പമ്പുകൾ മുഖേന ഇന്ധനം വാങ്ങണം.
നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നതിൽ നിന്നോ മറികടക്കുന്നതിൽ നിന്നോ തടയുന്നതിനും എണ്ണ വിപണന കമ്പനികൾക്കും ഇന്ധന സ്റ്റേഷൻ ഡീലർമാർക്കും ഉത്തരവാദിതമുണ്ടായിരിക്കും.
സാധാരണക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി,കരിഞ്ചന്ത, അനധികൃത വഴിതിരിച്ചുവിടൽ അടക്കമുള്ള ദുഷ്‌പ്രവൃത്തികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്ക് 1955-ലെ അവശ്യവസ്തു നിയമവും ബാധകമായ നിയമങ്ങളും പ്രകാരം പിഴകളും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും.
"മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ-സ്പീഡ് ഡീസൽ (ചില്ലറ വില്പന കേന്ദ്രങ്ങൾ മുഖേനയുള്ള വിതരണത്തിന്റെ താൽക്കാലിക നിയന്ത്രണം) ഉത്തരവ്, 2026" നിലവിലുള്ള വിപണി വെല്ലുവിളികളെ നേരിടാൻ കൊണ്ടുവന്ന ഒരു താൽക്കാലിക നടപടിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ഒരു റേഷനിംഗ് സംവിധാനമല്ല, കൂടാതെ രാജ്യത്ത് പെട്രോളിന്റെയോ ഡീസലിന്റെയോ ക്ഷാമവുമില്ല. ലോകത്തിലെ മുൻനിര പെട്രോളിയം സംസ്കരണ രാജ്യങ്ങളിലൊന്നും, നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയും, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ അഞ്ചാമത്തെ വലിയ കയറ്റുമതിരാജ്യവുമാണ് ഇന്ത്യ. മതിയായ ഇന്ധന ലഭ്യത നിലനിർത്തുന്നതിനും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും തടസ്സരഹിത ഇന്ധന വിതരണവും ഉറപ്പാക്കുന്നതിനും സമയബന്ധിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുന്നു.
****
(रिलीज़ आईडी: 2272210)
आगंतुक पटल : 13