കൃഷി മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്സ് കാര്‍ഷിക സഹകരണത്തിന് ഇൻഡോറിൽ നിന്ന് പുതിയ ആഹ്വാനം; ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ

प्रविष्टि तिथि: 12 JUN 2026 2:38PM by PIB Thiruvananthpuram
ബ്രിക്സ് രാജ്യങ്ങളിലെ കൃഷി മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിന് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനവും ശുചിത്വ നഗരവുമായ ഇൻഡോറിൽ തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ  കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ രാജ്യത്തിന്റെ കാർഷിക നേട്ടങ്ങളും സാംസ്കാരിക മൂല്യങ്ങളും ആഗോള സഹകരണ പ്രതിബദ്ധതയും അവതരിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര കാർഷിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലെ ഇന്ത്യയുടെ മുൻഗണന വ്യക്തമാക്കിയ അദ്ദേഹം ലോകം  ഒരു കുടുംബം എന്ന ആശയത്തിലൂന്നിയ 'വസുധൈവ കുടുംബകം' എന്ന ഭാരതീയ സങ്കൽപ്പം എടുത്തുപറഞ്ഞു.  കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശ്രീ രാംനാഥ് താക്കൂറും ചടങ്ങിൽ പങ്കെടുത്തു.


ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്ത ശ്രീ ശിവരാജ് സിങ് ചൗഹാൻ അതിഥികളെ ദൈവതുല്യമായി കരുതുന്ന ഭാരത പാരമ്പര്യം 'അതിഥി ദേവോ ഭവഃ' അനുസ്മരിക്കുകയും എല്ലാ പ്രതിനിധികൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.   ആഗോള ഐക്യം, സമാധാനം, സഹകരണം എന്നിവയുടെ തത്വങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ "യുദ്ധമല്ല, സമാധാനം; സംഘർഷമല്ല, സഹകരണം" എന്നതാണ്  രാജ്യത്തിന്റെ നയമെന്നും അദ്ദേഹം ആവർത്തിച്ചു. ഭാവിയിൽ കൂടുതൽ ശക്തവും ഫലപ്രദവുമായ ആഗോള കാർഷിക സഹകരണത്തിന് ഈ തത്വങ്ങൾ അടിത്തറയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  


കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങള്‍ക്കുമേല്‍ സമ്മർദം, വർധിച്ചുവരുന്ന ഉല്പാദനച്ചെലവ്, കാർഷിക വിപണിയിലെ അനിശ്ചിതത്വങ്ങൾ  എന്നിവയടക്കം ലോകത്തെങ്ങും ചെറുകിട-നാമമാത്ര കർഷകർ നേരിടുന്ന വെല്ലുവിളികളെ   ഒന്നിച്ച് നേരിടാനാവുന്ന സുപ്രധാന വേദിയാണ്  സമ്മേളനമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള ഭക്ഷ്യസുരക്ഷയും സുസ്ഥിര കാർഷിക വളർച്ചയും ശക്തിപ്പെടുത്താന്‍  ചെറുകിട കർഷകരുടെ ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചെറുകിട-നാമമാത്ര കർഷകർ സാമ്പത്തിക കരുത്തും സാങ്കേതിക പ്രാപ്തിയും കൈവരിച്ചാല്‍ ലോകത്തിന്റെ ഭക്ഷ്യസുരക്ഷാ ഘടന കൂടുതൽ ശക്തവും സുസ്ഥിരവുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യയുടെ കാർഷിക നേട്ടങ്ങൾ എടുത്തുപറഞ്ഞ ശ്രീ ചൗഹാൻ കഴിഞ്ഞ ദശകം രാജ്യത്തെ കാർഷിക മേഖല പ്രതിവർഷം ശരാശരി 4.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അറിയിച്ചു. ഇന്ത്യയുടെ ആകെ ഭക്ഷ്യധാന്യ ഉല്പാദനം  നിലവില്‍ ഏകദേശം 376 ദശലക്ഷം മെട്രിക് ടണ്ണിൽ എത്തിനിൽക്കുന്നത് മേഖലയുടെ സുസ്ഥിര വളര്‍ച്ച പ്രതിഫലിപ്പിക്കുന്നു.  രാജ്യത്തെ ഗോതമ്പ് ഉല്പാദനം 118 ദശലക്ഷം മെട്രിക് ടണ്ണിന്  അടുത്തെത്തിയപ്പോൾ ഉദ്യാനവിള ഉല്പാദനം 378 ദശലക്ഷം മെട്രിക് ടൺ പിന്നിട്ടു. വിവിധ കാർഷിക-അനുബന്ധ മേഖലകളിലെ സമഗ്ര വളർച്ച പ്രകടമാക്കി  രാജ്യത്തെ മത്സ്യോൽപ്പാദനം 19 ദശലക്ഷം മെട്രിക് ടണ്ണിലേറെയായി വർധിച്ചുവെന്നും  അദ്ദേഹം പ്രതിനിധികളെ അറിയിച്ചു.


ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് ഇന്ത്യ നടപ്പാക്കുന്നതെന്ന് ശ്രീ ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നു.  കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ കർഷകർ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച അദ്ദേഹം കർഷകരുടെ കഠിനാധ്വാനവും അർപ്പണബോധവും അതിജീവന ശേഷിയും ഒപ്പം സർക്കാരിന്റെ കർഷക കേന്ദ്രീകൃത നയങ്ങളുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാക്കി.  ഇന്ത്യയുടെ കാർഷിക വളർച്ച രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയും പോഷകാഹാര സുരക്ഷയും ഉറപ്പാക്കാന്‍ കൈക്കൊണ്ട നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ ഏകദേശം 43 ശതമാനം പേരും കൃഷി, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന സ്തംഭങ്ങളിലൊന്നാണിത്.  കൃഷി  ഭക്ഷ്യസുരക്ഷയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ പ്രാഥമിക ജീവനോപാധി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച വിവിധ പദ്ധതികള്‍ പരാമർശിച്ച അദ്ദേഹം മെച്ചപ്പെട്ട വിത്തിനങ്ങളുടെ വികസനം, ജലസേചന സൗകര്യങ്ങളുടെ വിപുലീകരണം, കാർഷിക സാങ്കേതികവിദ്യ, ഡിജിറ്റൽ സേവനങ്ങൾ, കർഷക പിന്തുണാ പദ്ധതികൾ എന്നിവ രാജ്യത്തെ കർഷകർക്ക് വലിയ രീതിയിൽ ഗുണം ചെയ്തതായി വ്യക്തമാക്കി.


ഇന്ത്യയുടെ കാർഷിക ഘടനയിൽ ചെറുകിട-നാമമാത്ര കർഷകരുടെ പങ്ക് എടുത്തുപറഞ്ഞ മന്ത്രി രാജ്യത്തെ കർഷകരിൽ  ഏകദേശം 87 ശതമാനത്തോളം പേര്‍  ഈ വിഭാഗക്കാരാണെന്ന് ഓർമിപ്പിച്ചു. അതിനാൽ ഗ്രാമീണ ഇന്ത്യയില്‍ എല്ലാവരെയും ഉൾക്കൊള്ളുന്നതും സന്തുലിതവുമായ വികസനം ഉറപ്പാക്കാന്‍ ഇവരുടെ ശാക്തീകരണം അത്യന്താപേക്ഷിതമാണ്. 'പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന' വഴി കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇത് അവരുടെ കാർഷിക-ഗാർഹിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. സമാനമായി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി, വിള ഇൻഷുറൻസ് പദ്ധതികൾ എന്നിവ പ്രതിസന്ധി ഘട്ടങ്ങളിലും വിളനഷ്ടം ഉണ്ടാകുമ്പോഴും കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വവും സ്ഥാപനപരമായ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം പ്രകൃതിദത്ത കൃഷിയുടെ പ്രാധാന്യവും രാസവളങ്ങളുടെ സന്തുലിത ഉപയോഗവും സംബന്ധിച്ച് സുസ്ഥിര കൃഷിയെക്കുറിച്ച് സംസാരിക്കവെ ശ്രീ ചൗഹാൻ വിശദീകരിച്ചു.  മണ്ണിൽ ഫലഭൂയിഷ്ഠത നിലനിർത്താനും അമിത രാസവസ്തു ആശ്രയം കുറയ്ക്കാനും ദീർഘകാലാടിസ്ഥാനത്തില്‍ കാർഷിക സുസ്ഥിരത അനിവാര്യമാണ്.  മധ്യപ്രദേശിൽ  തുടക്കം കുറിച്ച രാജ്യവ്യാപക  'ഖേത് ബച്ചാവോ അഭിയാൻ' കാർഷിക കാമ്പയിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഈ പദ്ധതി താഴെത്തട്ടിലെ കർഷകർക്ക് ശാസ്ത്രീയ വിവരങ്ങളും സാങ്കേതിക മാർഗനിർദേശങ്ങളും സേവനങ്ങളും എത്തിക്കാൻ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.  കാമ്പയിനിലൂടെ കർഷകർ പ്രകൃതിദത്ത കൃഷിരീതികളിലേക്ക് മാറുകയും ജൈവ വളങ്ങൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.


കാർഷിക-ഗ്രാമവികസന മേഖലകളിൽ സ്ത്രീ പങ്കാളിത്തത്തിന്റെ പ്രാധാന്യവും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. സ്ത്രീ ശാക്തീകരണമാണ് കാർഷിക പരിവർത്തനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയെന്ന് വിശേഷിപ്പിച്ച അദ്ദേഹം സ്വയംസഹായ സംഘങ്ങളിലൂടെ  രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ ഇപ്പോൾ കൃഷിയിലും അനുബന്ധ മേഖലകളിലും നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഗ്രാമീണ ഇന്ത്യയിലെ സാങ്കേതിക-സാമൂഹ്യ മാറ്റത്തിന്റെ പ്രതീകമായി 'ഡ്രോൺ ദിദി' പോലുള്ള പദ്ധതികൾ മാറിക്കഴിഞ്ഞു. സ്ത്രീകൾക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്ന  ഇത്തരം സംരംഭങ്ങള്‍ ഗ്രാമീണ സാമ്പത്തിക വികസനത്തിൽ കൂടുതൽ സജീവമായി സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുമെന്ന്  അദ്ദേഹം പറഞ്ഞു.  
 
SKY
 
****
 

(रिलीज़ आईडी: 2272204) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Kannada