സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഭഗവാൻ ബുദ്ധന്റെ പ്രധാന ശിഷ്യന്മാരുടെ തിരുശേഷിപ്പുകളുടെ ചരിത്രപ്രസിദ്ധമായ 10 ദിവസത്തെ പ്രദർശനം മംഗോളിയയിൽ സമാപിച്ചു

प्रविष्टि तिथि: 10 JUN 2026 6:11PM by PIB Thiruvananthpuram

മംഗോളിയയിലെ ഉലാൻബാതറിലെ ഗന്ധൻ ടെഗ്‌ചെൻലിംഗ് ആശ്രമത്തിൽ സംഘടിപ്പിച്ച 10 ദിവസത്തെ വിജയകരമായ പ്രദർശനത്തിന് ശേഷം ഭഗവാൻ ബുദ്ധന്റെ രണ്ട് പ്രധാന ശിഷ്യന്മാരായ അർഹന്ത് സരിപുത്രന്റെയും അർഹന്ത് മൗദ്ഗല്യായനയുടെയും വിശുദ്ധ തിരുശേഷിപ്പുകളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്ര ഇന്ന് ആരംഭിച്ചു. മധ്യപ്രദേശ് സർക്കാർ, ശ്രീലങ്കൻ മഹാബോധി സൊസൈറ്റി, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (IBC) എന്നിവയുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയാണ്, 2026 മെയ് 31 മുതൽ ജൂൺ 09 വരെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. 2026 മെയ് 31 ന് മംഗോളിയൻ ബുദ്ധ പൂർണിമയുടെ ശുഭകരമായ അവസരത്തിൽ ഈ പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

2026 മെയ് 30 ന് മംഗോളിയൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എൻഖ്-അംഗലൻ, ഗന്ധൻ ടെഗ്‌ചെൻലിംഗ് ആശ്രമത്തിലെ അഭിവന്ദ്യ ഖംബ നോമുൻ ഖാൻ ഗേഷെ ലരാമ്പ ഡി ജാവ്സാൻഡോർജിന് എന്നിവർക്ക് ആദരണീയ അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ വിശുദ്ധ തിരുശേഷിപ്പുകൾ ആചാരപരമായി കൈമാറി.

2025 ഒക്ടോബറിൽ മംഗോളിയൻ പ്രസിഡന്റ് H.E. ഖുറേൽസുഖ് ഉഖ്‌നയുടെ ഇന്ത്യാ സന്ദർശന വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഈ പ്രദർശനം പ്രഖ്യാപിച്ചത്. ഇന്ത്യയും മംഗോളിയയും ബുദ്ധമത തത്വങ്ങളിലധിഷ്ഠിതമായ ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധങ്ങൾ പങ്കിടുന്നു, കൂടാതെ മംഗോളിയയിലെ ജനങ്ങൾക്ക് വിശുദ്ധ തിരുശേഷിപ്പുകളെ ആദരിക്കാനുള്ള ഒരു സവിശേഷ അവസരം ഈ പ്രദർശനം നൽകി. 10 ദിവസത്തെ പ്രദർശനത്തിൽ, മംഗോളിയയിലുടനീളമുള്ള ഒരു ലക്ഷത്തോളം ഭക്തർ ആദരമർപ്പിക്കാൻ മഠം സന്ദർശിച്ചു. ഏകദേശം 3.4 ദശലക്ഷമാണ് മംഗോളിയയിലെ   ജനസംഖ്യ.

ഇതുവരെ, ഈ തിരുശേഷിപ്പുകൾ തായ്‌ലൻഡിലേക്കും മംഗോളിയയിലേക്കും മാത്രമേ അയച്ചിട്ടുള്ളൂ. 2022 ജൂണിൽ മംഗോളിയയിൽ നടന്ന ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകളുടെ പ്രദർശനം വിജയകരവും അവിസ്മരണീയവുമായ ഒരു സംഭവമായിരുന്നുവെന്ന് പ്രത്യേകം ഓർക്കാവുന്നതാണ്.

പ്രദർശന വേളയിൽ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയും അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷനും ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഈ പ്രദർശനങ്ങൾ പൊതുജനങ്ങൾ, ബുദ്ധ സന്യാസിമാർ, പണ്ഡിതർ എന്നിവരുടെ പ്രശംസ പിടിച്ചുപറ്റി.

i) സരിപുത്തനും മൊഗല്ലാനയും - ജ്ഞാനത്തിന്റെയും ഭക്തിയുടെയും തിരുശേഷിപ്പുകളുടെയും പ്രയാണം - അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ

ii) ഇന്ത്യയിൽ നിന്ന് മംഗോളിയയിലേക്ക്: ഏഷ്യയുടെ ഉൾനാടുകളിൽ ബുദ്ധധർമ്മത്തിന്റെ പ്രസരണം- അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ

iii) പ്രകാശപാത്രങ്ങൾ: പ്രതിരൂപശാസ്ത്രം, തിരുശേഷിപ്പുകൾ, ധർമ്മ പാത (ഇന്ത്യയിലെ മ്യൂസിയം ശേഖരങ്ങളിലൂടെയുള്ള ശാക്യമുനി ബുദ്ധന്റെ പ്രയാണം) - നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ

പ്രോട്ടോക്കോളിലും സുരക്ഷയിലും വിശുദ്ധ തിരുശേഷിപ്പുകൾക്ക് ഒരു രാഷ്ട്രത്തലവന്റെ പദവിയുണ്ട്. 2026 മെയ് 30 ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ  അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തോടൊപ്പം തിരുശേഷിപ്പുകൾ മംഗോളിയയിലേക്ക് കൊണ്ടുപോയി. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേനയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘമാണ് ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുശേഷിപ്പുകൾ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. ആചാരപരമായ സ്വാഗതവും വിടവാങ്ങൽ ചടങ്ങുകൾ ഗന്ധൻ ടെഗ്ചെൻലിംഗ് ആശ്രമത്തിലാണ് സംഘടിപ്പിച്ചത്.

മംഗോളിയൻ സർക്കാർ പ്രദർശനത്തിന് പൂർണ്ണ പിന്തുണ നൽകി, ഗന്ധൻ ടെഗ്‌ചെൻലിംഗ് ആശ്രമം വിശുദ്ധ തിരുശേഷിപ്പുകളുടെ ആദരണീയ പദവിക്ക് അനുസൃതമായി പരിപാടിയുടെ ആത്മീയ വശങ്ങൾക്ക്  മേൽനോട്ടം വഹിച്ചു. ഇന്ന് ആശ്രമത്തിൽ നടന്ന സമാപന ചടങ്ങിൽ, അഭിവന്ദ്യ ഖംബ നോമുൻ ഖാൻ ഗേഷെ ലരാമ്പ ഡി. ജാവ്‌സാൻഡോർജ്, ശ്രീ. എൻഖ്-അംഗലൻ, ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന, ശ്രീലങ്കൻ മഹാബോധി സൊസൈറ്റിയുടെ പ്രസിഡന്റ് അഭിവന്ദ്യ ബനഗല ഉപതിസ്സ തെറോ, അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാർട്‌സെ ഖെൻസൂർ റിൻപോച്ചെ ജങ്‌ചുപ്പ് ചോഡെൻ എന്നിവർ മംഗോളിയയിൽ പ്രദർശനത്തിന് സൗകര്യമൊരുക്കിയ ഭാരത സർക്കാരിനും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു.

ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ്, ആദരണീയ എൻഖ്-അംഗലനും അഭിവന്ദ്യ ഖംബ നോമുൻ ഖാൻ ഗേഷെ ലരാമ്പ ഡി. ജാവ്‌സാൻഡോർജും ചേർന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേനയ്ക്ക് വിശുദ്ധ തിരുശേഷിപ്പുകൾ ആചാരപരമായി കൈമാറി. പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിൽ, മംഗോളിയയിലെ ഇന്ത്യൻ അംബാസഡർ ശ്രീ അതുൽ മൽഹാരി ഗോട്‌സർവെ, ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർക്ക് ഒരു മംഗോളിയൻ ചെടിയുടെ തൈ സമ്മാനിച്ചു. ഇന്ത്യയും മംഗോളിയയും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും പ്രതീകമായി ലഡാക്കിൽ ഈ തൈ നടും.

പ്രദർശനത്തിന്റെ വിജയകരമായ നടത്തിപ്പിന് സജീവ പിന്തുണ നൽകിയതിന് മംഗോളിയയിലെ ഇന്ത്യൻ എംബസിക്ക് പ്രതിനിധി സംഘവും ഗന്ധൻ ടെഗ്‌ചെൻലിംഗ് മൊണാസ്ട്രിയും നന്ദി പറഞ്ഞു. ഇന്ത്യയും മംഗോളിയയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധങ്ങളെ ഈ പരിപാടി കൂടുതൽ ശക്തിപ്പെടുത്തി.
 
SKY
 
*****
 

(रिलीज़ आईडी: 2271491) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Gujarati , Tamil , Kannada