സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA - കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം) നിർമ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
प्रविष्टि तिथि:
10 JUN 2026 1:57PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായുള്ള പൊതു ഭവന സമുച്ചയം (ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ - GPRA) നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. തലസ്ഥാന നഗരമായ അമരാവതിയിലും അതുപോലെ തന്നെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തും നിർമ്മിക്കുന്ന ആദ്യത്തെ ജി.പി.ആർ.എ പദ്ധതിയാണിത്.
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് മതിയായ താമസസൗകര്യം ഒരുക്കുന്നതിലൂടെ അവരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, അതുവഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, ഐക്യം പ്രോത്സാഹിപ്പിക്കുക, അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന നൽകുക എന്നിവയാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. കൂടാതെ, ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്തിന് തൊട്ടടുത്ത് തന്നെ താമസിക്കാൻ സൗകര്യമൊരുക്കുന്നതിലൂടെ, കാര്യക്ഷമമായ ഗവണ്മെന്റ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ഔദ്യോഗിക ചുമതലകൾ ഫലപ്രദമായി നിർവ്വഹിക്കുന്നതിന് ജീവനക്കാരുടെ തത്സമയ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA) കാമ്പസ് 17 ഏക്കർ വിസ്തൃതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിയന്തിര സുരക്ഷാ ഇടങ്ങൾ ഉൾപ്പെടെ, ടൈപ്പ് II മുതൽ ടൈപ്പ് VI വരെ ആകെ 1,504 പാർപ്പിട യൂണിറ്റുകളുള്ള 11 റെസിഡൻഷ്യൽ ടവറുകൾ അടങ്ങുന്നതാണ് ഈ വികസന പദ്ധതി. 1,972 കാറുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ബേസ്‌മെന്റ് പാർക്കിംഗ് സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. 9.10 ലക്ഷം ചതുരശ്ര അടി (84,394 ചതുരശ്ര മീറ്റർ) ബേസ്‌മെന്റ് പ്രദേശം ഉൾപ്പെടെ 31.30 ലക്ഷം ചതുരശ്ര അടിയിലാണ് (2,90,762 ചതുരശ്ര മീറ്റർ) പദ്ധതിയുടെ നിർമ്മിതി.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിർമ്മാണ രീതികൾ അവലംബിക്കുന്നതിന് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. ഈ ലക്ഷ്യത്തിന് അനുസൃതമായി, ആന്ധ്രാപ്രദേശിലെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ നിർദ്ദേശിച്ചിട്ടുള്ള ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA) കാമ്പസിലെ എല്ലാ കെട്ടിടങ്ങളും ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച ഹരിത നിർമ്മാണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ആസൂത്രണം ചെയ്യാനും രൂപകൽപ്പന ചെയ്യാനും വിഭാവനം ചെയ്യുന്നു. സുസ്ഥിരമായ സ്ഥല ആസൂത്രണം, മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, പ്രാദേശികമായി ലഭ്യമായ സാമഗ്രികളുടെ ഉപയോഗം, താമസക്കാരുടെ മെച്ചപ്പെട്ട ആരോഗ്യവും സുഖസൗകര്യങ്ങളും എന്നിവയിലൂടെ പരിസ്ഥിതി ആഘാതം ലഘൂകരിക്കുന്നതിന് പദ്ധതിയിൽ ശക്തമായ ഊന്നൽ നൽകുന്നു.
2024 ലെ എനർജി കൺസർവേഷൻ ആൻഡ് സുസ്ഥിര ബിൽഡിംഗ് കോഡിന്റെ (ECSBC) ഏറ്റവും പുതിയ വ്യവസ്ഥകൾക്കും ഇക്കോ-നിവാസ് സംഹിത (ENS) 2024 -ന്റെ മാനദണ്ഡങ്ങൾക്കും അനുസൃതമായി, കുറഞ്ഞപക്ഷം GRIHA 4-സ്റ്റാർ റേറ്റിംഗ് നേടുന്ന തരത്തിലാണ് കാമ്പസ് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുക.
അമരാവതിയിലെ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA) കാമ്പസിൽ ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ക്രഷ് , ഡൈനിംഗ് സൗകര്യങ്ങളോട് കൂടിയ കമ്മ്യൂണിറ്റി ഹാൾ, ഫുഡ് കോർട്ട്, ഷോപ്പിംഗ് കോംപ്ലക്സ്, സേവന കേന്ദ്രം, അഥിതി മന്ദിരം എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ പൗര-സാമൂഹിക സൗകര്യങ്ങൾ സജ്ജീകരിക്കും. ബാധകമായ പ്രവേശനക്ഷമത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ദിവ്യാംഗർക്ക് എളുപ്പത്തിലുള്ള പ്രവേശനവും സൗകര്യവും ഉറപ്പാക്കുന്നതിനായി തടസ്സങ്ങളില്ലാത്ത അന്തരീക്ഷം കാമ്പസിൽ സജ്ജീകരിക്കും.
പദ്ധതിയിലൂടെ വിദഗ്ധ, അർദ്ധ വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾക്ക് ഗണ്യമായ തോതിൽ പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാണ ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 7.00 ലക്ഷം തൊഴിൽ ദിനങ്ങളും, തുടർന്ന് പദ്ധതി പ്രവർത്തനക്ഷമമാകുന്ന ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 50,000 തൊഴിൽ ദിനങ്ങളും സ്ഥിരമായി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
പദ്ധതിച്ചെലവും ധനസഹായവും
പദ്ധതിയുടെ ഏകദേശ ചെലവ് 1,234.91 കോടി രൂപയാണ്. ഇത് '4216 – ഭവനനിർമ്മാണത്തിനായുള്ള മൂലധനച്ചെലവ് (താമസയോഗ്യമായ കെട്ടിടങ്ങൾ) – വോട്ട് ചെയ്തത്' (Capital Outlay on Housing (Residential Buildings) – Voted) എന്ന അക്കൗണ്ട് ശീർഷകത്തിന് കീഴിൽ ബജറ്റ് വിഹിതത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് ലഭ്യമാക്കും.
പദ്ധതിക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ
കേന്ദ്ര ഭവന നിർമ്മാണ നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് (CPWD) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡറിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു, ടെൻഡർ രേഖകളുടെ തയ്യാറാക്കൽ പുരോഗമിക്കുകയാണ്.
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ നിർദ്ദിഷ്ട ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (GPRA) കാമ്പസ്

***
NK
(रिलीज़ आईडी: 2271165)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada