ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിന് ശ്രീ നരേന്ദ്ര മോദിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു

प्रविष्टि तिथि: 10 JUN 2026 12:30PM by PIB Thiruvananthpuram
രാജ്യത്ത്  ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന  പ്രധാനമന്ത്രി എന്ന ചരിത്രനേട്ടം കൈവരിച്ച ശ്രീ നരേന്ദ്ര മോദിക്ക്  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൻ കീഴിൽ ഇന്ത്യയുടെ  വികസന യാത്രയിലെ പരിവർത്തന കാലഘട്ടത്തെയാണ് ഈ ചരിത്ര നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി സമൂഹ മാധ്യമത്തിൽ  കുറിച്ചു.

സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ശാക്തീകരണം, സാങ്കേതിക പുരോഗതി എന്നിവയുൾപ്പെടെ  സമസ്‌ത  മേഖലകളിലും രാജ്യം ശ്രദ്ധേയമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച ഉന്നതമായ സ്ഥാനവും സാംസ്കാരിക ആത്മവിശ്വാസവും ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത എടുത്തുകാണിച്ചുകൊണ്ട്, 25 കോടിയിലധികം ആളുകളെ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷയും അവസരവും അന്തസ്സും നൽകിയതായും ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

 രാജ്യത്തെ  സമ്പന്നമായ സാംസ്കാരിക-നാഗരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെയും ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. വിസ്മരിക്കപ്പെട്ട വീരന്മാരെ ആദരിച്ചും, ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങളെയും ഭാഷകളെയും ആഘോഷിച്ചും, സാംസ്കാരിക പൈതൃകം സംരക്ഷിച്ചും, കൊളോണിയൽ മനോഭാവം വെടിഞ്ഞും പ്രധാനമന്ത്രി ദേശീയ അഭിമാനവും നാഗരിക ബോധവും ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി മോദി "യാദും ഊരേ, യാവരും കേളിർ" (എല്ലാ സ്ഥലവും നമ്മുടെ വീടാണ്; എല്ലാവരും നമ്മുടെ ബന്ധുക്കളാണ്) എന്ന തമിഴ് വാക്യം ഉപയോഗിച്ചതിനെ പരാമർശിച്ചുകൊണ്ട്, ഇന്ത്യയുടെ  "വസുധൈവ കുടുംബകം" എന്ന കാലാതീതമായ മൂല്യത്തെയും അതിന്റെ സാർവത്രിക സാഹോദര്യത്തിന്റെയും മാനുഷിക  ഐക്യത്തിന്റെയും ശാശ്വത സന്ദേശത്തെ  അത്  വീണ്ടും അരക്കിട്ടുറപ്പിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ നാഗരിക ഐക്യവും സാംസ്കാരിക പൈതൃകവും ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി സ്വീകരിച്ച നിരവധി സുപ്രധാന നടപടികളേയും  ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം, പുതിയ പാർലമെന്റ് മന്ദിരത്തിൽ വിശുദ്ധ 'ചെങ്കോൽ' പ്രതിഷ്ഠ , ചോളന്മാരുടെ പൈതൃകത്തെ ആദരിക്കുന്നതിനായി ഗംഗൈകൊണ്ട ചോളപുരം സന്ദർശനം,വിദേശത്തുനിന്ന് വിലമതിക്കാനാവാത്ത പുരാവസ്തുക്കളും പൈതൃകവസ്തുക്കളും നാട്ടിലേക്ക്  തിരികെ എത്തിക്കൽ  എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം, വിശ്രമമില്ലാത്ത സേവനം, "രാജ്യം ആദ്യം" എന്ന ആദർശത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയിലൂടെ രാജ്യത്തിന്റെ കഴിവുകളിലും അഭിലാഷങ്ങളിലും ആത്മവിശ്വാസം പുനരുജ്ജീവിപ്പിച്ച നേതാവായി പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, സമകാലിക ഭാരതത്തിന്റെ യഥാർത്ഥ "യുഗ പുരുഷൻ" ആയി അദ്ദേഹം മാറിയെന്നും അഭിപ്രായപ്പെട്ടു .

"വികസിത ഭാരതം  @ 2047" എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, പ്രധാനമന്ത്രിയുടെ നേതൃത്വം ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനത്തിന്റെ ഉറവിടമായും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു വഴികാട്ടിയായും തുടരുകയാണെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാജ്യത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തുടർസേവനങ്ങൾക്ക്  ഉപരാഷ്ട്രപതി  ആശംസകൾ നേർന്നു.
 
****

(रिलीज़ आईडी: 2271057) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Assamese , Gujarati , Tamil , Telugu , Kannada