ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമവികസനത്തിന് 1.25 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം; പുതിയ ചട്ടക്കൂട് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

प्रविष्टि तिथि: 09 JUN 2026 6:57PM by PIB Thiruvananthpuram

'വികസിത് ഭാരത് ഗ്രാം-ജി' (വളര്‍ച്ചയ്ക്കായി ഗ്രാമീണ തൊഴിൽ-പാർപ്പിട ദൗത്യം) നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുടെ സുപ്രധാന യോഗം ഇന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ഗ്രാമീണ തൊഴിൽ, തൊഴിലാളി സുരക്ഷ, ഗ്രാമങ്ങളുടെ സമ്പൂര്‍ണ വികസനം എന്നിവയ്ക്ക് പുതിയ ഉണർവ് പകരാന്‍ സാമ്പത്തികവും നയപരവുമായ സമഗ്ര സംരംഭം കേന്ദ്ര ഗവൺമെൻ്റ്  പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചരിത്രപരമായ   പുതിയ ക്രമീകരണം യാതൊരു തടസ്സവുമില്ലാതെ പൂർണമായി സുഗമവും തൊഴിലാളി കേന്ദ്രീകൃതവുമായ മാറ്റം ഉറപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി ചേര്‍ന്ന ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യവെ ശ്രീ ചൗഹാൻ പറഞ്ഞു. കേന്ദ്രസഹമന്ത്രി ശ്രീ ചന്ദ്രശേഖർ പെമ്മാസാനിയും യോഗത്തിൽ പങ്കെടുത്തു.

 

 

ഇത് കേവലം പദ്ധതിയുടെ മാറ്റം മാത്രമല്ലെന്നും  മറിച്ച് കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതവുമായും ഉപജീവനവുമായും ബന്ധപ്പെട്ട പ്രശ്നമാണെന്നും കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ യോഗത്തിൽ പറഞ്ഞു.  ഒരു തൊഴിലാളിയും ഒരു ദിവസം പോലും ജോലിയില്ലാതെ കഴിയേണ്ടി വരരുതെന്ന് കര്‍ശനമായി പ്രസ്താവിച്ച അദ്ദേഹം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലോ വേതനം നൽകുന്നതിലോ നിയമപരമായ അവകാശങ്ങളിലോ ഉണ്ടാകുന്ന യാതൊരുവിധ തടസ്സങ്ങളും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.  

 

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കേന്ദ്ര ഗവൺമെൻ്റ്  ഇതിനകം 30,000 കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 95,692 കോടി രൂപയുടെ ഇടക്കാല വിഹിതം ഇന്ന് അനുവദിച്ചിട്ടുണ്ട്. ഇതോടെ ആകെ വിഹിതം 1.25 ലക്ഷം കോടി രൂപ കവിയും.

 

ഈ തുക രാജ്യത്തെ ഏകദേശം 2.80 ലക്ഷം ഗ്രാമപഞ്ചായത്തുകളിലെത്തുമെന്നും ഓരോ പഞ്ചായത്തിനും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക വിഹിതം ലഭിക്കുമെന്നും ശ്രീ ചൗഹാൻ പറഞ്ഞു. നിയമ വ്യവസ്ഥകൾക്ക് കീഴിൽ കണ്ടെത്തിയ വികസന പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കണമെന്ന് നിര്‍ദേശിച്ച അദ്ദേഹം തൊഴിലവസര സൃഷ്ടിയും ഗ്രാമീണ ആസ്തി രൂപീകരണവും അതുവഴി  ഉറപ്പാക്കാനാകുമെന്നും വ്യക്തമാക്കി.  

 

കേന്ദ്ര ഗവൺമെൻ്റ്  ധനസഹായം നൽകുക മാത്രമല്ല ചെയ്യുന്നതെന്നും കൃത്യസമയത്തെ വേതനവും  തൊഴിലാളികളുടെ അവകാശ സംരക്ഷണവും തടസ്സമില്ലാത്ത വികസന പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 1 മുതൽ തന്നെ സമയബന്ധിതമായി  പ്രവൃത്തി ആരംഭിക്കാൻ തക്കവണ്ണം ആവശ്യമായ  നടപടികള്‍ക്ക് മുൻകൂര്‍ അനുമതി നൽകാൻ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

 

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി.ബി.ടി),  എസ്.എം.എസ് അധിഷ്ഠിത വിവര വിനിമയ സംവിധാനങ്ങൾ, ഇ-കെ.വൈ.സി., മുഖനിര്‍ണയ തിരിച്ചറിയല്‍ തുടങ്ങിയ പ്രക്രിയകളിൽ പല സംസ്ഥാനങ്ങളും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും  പുതിയ ക്രമീകരണത്തിൻ്റെ വിജയകരമായ നിർവഹണത്തെയാണ് ഇത് സൂചിപ്പിക്കുന്നുവെന്നും ഡിജിറ്റല്‍ -   ഭരണനിര്‍വഹണ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സംസാരിക്കവെ ശ്രീ ചൗഹാൻ പറഞ്ഞു.

 

'വികസിത് ഭാരത് - ഗ്രാമീൺ ഭാരത്' എന്ന ലക്ഷ്യം കണക്കിലെടുത്ത് 26 സംസ്ഥാനങ്ങൾ ഇതിനകം ബജറ്റ് വ്യവസ്ഥകൾ രൂപീകരിച്ചതായും ഝാർഖണ്ഡ്, കർണാടക, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളോട് ഈ പ്രക്രിയ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ അഭ്യർത്ഥിച്ചതായും അദ്ദേഹം അറിയിച്ചു. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്  വ്യക്തിഗതമായി കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല വിജ്ഞാപനങ്ങൾ ഉടന്‍ പുറപ്പെടുവിക്കാൻ സംസ്ഥാനങ്ങൾക്ക്  അദ്ദേഹം നിർദേശം നല്‍കി. വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിന് മിസോറാം, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ  അഭിനന്ദിച്ച അദ്ദേഹം പ്രക്രിയ വേഗത്തിലാക്കാൻ മറ്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. കാർഷിക വിളവെടുപ്പ് കാലയളവും സീസണുകളും  വിജ്ഞാപനം ചെയ്യാനും 100 ശതമാനം ഇ-കെ.വൈ.സി. ഉറപ്പാക്കാനും ജില്ലാ-ബ്ലോക്ക് തലങ്ങളിൽ ശേഷി വർധനയും  ബോധവൽക്കരണ പരിപാടികളും  സംഘടിപ്പിക്കാനും അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

 

ഗ്രാമപഞ്ചായത്തുകളിലൂടെയും ഗ്രാമസഭകളിലൂടെയും പ്രവൃത്തികൾ തിരഞ്ഞെടുക്കുമെന്നും ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അവ അന്തിമമാക്കുമെന്നും ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക്  കീഴില്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വേതനം നൽകുന്നതിലും ജൂലൈ 1 വരെ യാതൊരു കുറവോ തടസ്സമോ ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.

 

യോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ വിവിധ സംസ്ഥാനങ്ങൾക്ക് ഇടക്കാല വിഹിതം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്  7,707.21 കോടി രൂപ, അരുണാചൽ പ്രദേശ്  560.70 കോടി രൂപ, അസം 1,929.7 കോടി രൂപ, ബീഹാർ  6,715.83 കോടി രൂപ, ഛത്തീസ്ഗഡ് 3,354.85 കോടി രൂപ, ഗോവ  3.70 കോടി രൂപ, ഗുജറാത്ത്  1,540.54 കോടി രൂപ, ഹരിയാന  590.19 കോടി രൂപ, ഹിമാചൽ പ്രദേശ്  1,203.28 കോടി രൂപ, ജാർഖണ്ഡ്  2,705.64 കോടി രൂപ, കർണാടക  5,709.9 കോടി രൂപ, കേരളം  3,136.44 കോടി രൂപ, മധ്യപ്രദേശ്  6,252.03 കോടി രൂപ, മഹാരാഷ്ട്ര  4,420.32 കോടി രൂപ, മണിപ്പൂർ  581.99 കോടി രൂപ, മേഘാലയ  1,155.09 കോടി രൂപ, മിസോറാം  611.65 കോടി രൂപ, നാഗാലാൻഡ്  287.85 കോടി രൂപ, ഒഡീഷ  3,763.80 കോടി രൂപ, പഞ്ചാബ്  1,331.61 കോടി രൂപ എന്നിങ്ങനെയാണ് വിഹിതം. 

 

കൂടാതെ രാജസ്ഥാൻ  7,581.87 കോടി രൂപ, സിക്കിം  97.57 കോടി രൂപ, തമിഴ്‌നാട്  7,585.49 കോടി രൂപ, തെലങ്കാന  3,825.31 കോടി രൂപ, ത്രിപുര  1,041.7 കോടി രൂപ, ഉത്തർപ്രദേശ്  9721.48 കോടി രൂപ, ഉത്തരാഖണ്ഡ്  626.43 കോടി രൂപ, പശ്ചിമ ബംഗാൾ  8,508.00 കോടി രൂപ എന്നിങ്ങനെയും വിഹിതം അനുവദിച്ചു.  ഇതോടെ സംസ്ഥാനങ്ങളുടെ ആകെ വിഹിതം  92,550.17 കോടി രൂപയായി. കേന്ദ്രഭരണ പ്രദേശങ്ങളിൽ പുതുച്ചേരിക്ക്  40.56 കോടി രൂപയും ജമ്മു കശ്മീരിന്  1,151.2 കോടി രൂപയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക്  4.44 കോടി രൂപയും ലഡാക്കിന്  85.98 കോടി രൂപയും ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവയ്ക്ക്  9.02 കോടി രൂപയും  ലക്ഷദ്വീപിന്  0.32 കോടി രൂപയും  അനുവദിച്ചിട്ടുണ്ട്.  ഇതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ ആകെ വിഹിതം  1,291.32 കോടി രൂപയായി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച ഈ തുകയ്ക്ക് പുറമെ കേന്ദ്ര ഭരണനിർവഹണത്തിനും സാമൂഹ്യ ഓഡിറ്റിനും  1,850.62 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതോടെ ആകെ ഇടക്കാല വിഹിതം  95,692.31 കോടി രൂപയിലെത്തുന്നു.  ഈ നടപടി പ്രാദേശിക വികസനത്തിന് വേഗം കൂട്ടും.

 

"വികസിത ഇന്ത്യ" എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി "വികസിത ഗ്രാമം" കെട്ടിപ്പടുക്കുന്ന സുപ്രധാന ഉപകരണമാണ് ഈ നടപടിയെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ പ്രതിബദ്ധതയിലും സന്നദ്ധതയിലും  സജീവ പങ്കാളിത്തത്തിലുമാണ് ഇതിൻ്റെ   വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.  

 

സംരംഭം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് വേദിയൊരുക്കാന്‍ ജൂൺ 28, 29 തീയതികളിൽ ന്യൂഡൽഹിയിലെ  PUSA ഇൻസ്റ്റിറ്റ്യൂട്ടിൽ  സംഘടിപ്പിക്കുന്ന ദേശീയ ഗ്രാമവികസന സമ്മേളനത്തില്‍ പങ്കെടുക്കാൻ  എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രമന്ത്രി ക്ഷണിച്ചു.  

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ ഇന്ത്യയെ പരിവർത്തനം ചെയ്യുന്നതിലും കോടിക്കണക്കിന് തൊഴിലാളികൾക്ക് സുസ്ഥിര തൊഴിലും മികച്ച ഉപജീവനമാർഗവും നൽകുന്നതിലും ഈ സംരംഭം സുപ്രധാന പങ്കുവഹിക്കുമെന്ന് ശ്രീ ശിവരാജ് സിങ് ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

*****

 


(रिलीज़ आईडी: 2270912) आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Gujarati , Odia , Tamil , Telugu , Kannada