യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയും വികസിത ഭാരതമെന്ന ദർശന സാക്ഷാത്കാരത്തിനുള്ള കേന്ദ്രബിന്ദുവുമാണ് -കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 'മൈ ഭാരത്' യുവജന കൺവൻഷനെ അഭിസംബോധന ചെയ്തു.

प्रविष्टि तिथि: 06 JUN 2026 4:15PM by PIB Thiruvananthpuram

രാജ്യതലസ്ഥാനത്തെ ത്യാഗരാജ് സ്പോർട്സ് കോംപ്ലക്സിൽ ഇന്ന് നടന്ന 'വികസിത ഭാരതത്തിനായുള്ള യുവത്വം: മൈ ഭാരത് യുവജന കൺവൻഷനെ' കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കൊപ്പം അഭിസംബോധന ചെയ്തു.

വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, യുവതികൾ, സംരംഭകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയക്കാർ, ശ്രദ്ധേയരായി വളർന്നുവരുന്ന നേതാക്കൾ, നേട്ടങ്ങൾ കൈവരിച്ചവർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളെ പ്രതിനിധീകരിച്ച് രാജ്യമെമ്പാടുമുള്ള ആറായിരത്തിലധികം യുവ പങ്കാളികളെ കൺവൻഷൻ ഒരുമിച്ചുകൊണ്ടുവന്നു. രാഷ്ട്രനിർമ്മാണത്തിൽ യുവാക്കളുടെ പരിവർത്തനാത്മക പങ്കിനെയും 2047 ഓടെ വികസിത രാഷ്ട്രമായി മാറുന്നതിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെയും ഇത് എടുത്തുകാണിച്ചു.

എം.എൽ.എയും ഗായികയുമായ ശ്രീമതി മൈഥിലി താക്കൂർ, നടൻ ശ്രീ. വിക്രാന്ത് മാസ്സി, സംരംഭകനായ ശ്രീ. അമൻ ഗുപ്ത, ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ. ജിതേഷ് ശർമ്മ എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ മൈ ഭാരത് എൻ.എസ്.എസ് വളണ്ടിയർമാരുമായി സംവദിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും മികവ് പുലർത്താനും ദേശീയ വികസനത്തിന് അർത്ഥവത്തായ സംഭാവന നൽകാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 



 

6,000ത്തിലധികം യുവജനങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച യുവജന കൺവെൻഷൻ, രാജ്യത്തുടനീളം ഏറ്റെടുക്കപ്പെട്ട പ്രധാന യുവജന ഇടപെടൽ സംരംഭങ്ങൾ പ്രദർശിപ്പിച്ചു.

ജനസംഖ്യയുടെ ഏകദേശം 65 ശതമാനം 35 വയസ്സിന് താഴെയുള്ളവരാണെന്ന ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യയിലെ യുവാക്കളാണ് രാജ്യത്തിൻ്റെ  ഏറ്റവും വലിയ ശക്തിയെന്നും, വികസിത ഇന്ത്യയെന്ന ദർശന സാക്ഷാത്കാരത്തിനുള്ള കേന്ദ്രബിന്ദുവാണ് അവരെന്നും കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മാണ്ഡവ്യ തൻ്റെ  പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു.

 



 

'യുവാക്കളാണ് നമ്മുടെ ശക്തി, നമ്മുടെ അഭിമാനം, നമ്മുടെ ദൃഢനിശ്ചയം, നമ്മുടെ ഭാവി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ യുവത്വത്തിന് നൂതനാശയങ്ങൾ കണ്ടെത്താനും, മികവ് പുലർത്താനും, രാഷ്ട്രനിർമ്മാണത്തിന് സംഭാവനയേകാനും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. സ്റ്റാർട്ടപ്പുകൾ, കായികരംഗം, പൊതുസേവനം, സംരംഭകത്വം, സൃഷ്ടിപരമായ മേഖലകൾ എന്നിവയിലെല്ലാം രാജ്യത്തെ യുവാക്കൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കുകയും രാജ്യത്തിൻ്റെ  ആഗോള നിലവാരം ഉയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 



 

രാഷ്ട്രനിർമ്മാണത്തിലേക്ക് യുവാക്കളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനുമുള്ള 'മൈ ഭാരത്'ൻ്റെ  സംരംഭങ്ങളെ ഡോ. മാണ്ഡവ്യ തുടർന്ന് എടുത്തുപറഞ്ഞു.

'മൈ ഭാരത്'ൻ്റെ  സമീപകാല ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തെ മന്ത്രി അഭിനന്ദിച്ചു. 'മൈ ഭാരത്' പ്ലാറ്റ് ഫോമിൻ്റെ  പരിപാടികളിലും, സന്നദ്ധസേവന അവസരങ്ങളിലും, രാഷ്ട്രനിർമ്മാണ സംരംഭങ്ങളിലും സജീവമായി പങ്കെടുക്കാൻ യുവാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

 



 

യുവാക്കളെ അവരുടെ കഴിവുകളെ തിരിച്ചറിയാനും മികവിനായി പരിശ്രമിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ഡോ. മാണ്ഡവ്യ ഇങ്ങനെ പറഞ്ഞു, ''ഇത് യുവജനങ്ങളുടെ കാലമാണ്. യുവ ഇന്ത്യക്കാരുടെ ആശയങ്ങളും, നൂതാനാശയങ്ങളും, അഭിലാഷങ്ങളും കൊണ്ട് രൂപപ്പെടുന്ന ഒരു വികസിത ഇന്ത്യയാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നത്. 140 കോടി പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന മത്സരാധിഷ്ഠിതവും, ആത്മവിശ്വാസമുള്ളതും, സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യയെ നാം ഒരുമിച്ച് കെട്ടിപ്പടുക്കണം.''

 



 

യൂത്ത് കൺവൻഷനിൽ സംസാരിച്ച നടൻ വിക്രാന്ത് മാസി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ സൃഷ്ടിപരമായ സമ്പദ് വ്യവസ്ഥ (ക്രിയേറ്റർ ഇക്കോണമി)യിലുണ്ടായ ശ്രദ്ധേയമായ വളർച്ചയെ എടുത്തുപറഞ്ഞു. ഡിജിറ്റൽ ശാക്തീകരണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും ഈ രംഗത്തുണ്ടായ പുതിയ അവസരങ്ങളെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംരംഭകത്വം, നൂതനാശയങ്ങൾ, അനുകൂലമായ വ്യവസായ ആവാസവ്യവസ്ഥ എന്നിവ പരിപോഷിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ലോകത്തിൻ്റെ  സ്റ്റാർട്ടപ്പ് തലസ്ഥാനമാക്കി മാറ്റാനുള്ള കേന്ദ്രഗവണ്മെൻ്റ്   ശ്രമങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ സംരംഭകനായ അമൻ ഗുപ്ത പങ്കുവെച്ചു.

 



 

ഇന്ത്യൻ കായികരംഗത്തെ മികച്ച നേട്ടങ്ങൾക്കും സംഭാവനകൾക്കും പ്രമുഖ കായികതാരങ്ങളെ ആദരിച്ചുകൊണ്ട് കൺവൻഷൻ കായികരംഗത്തെ മികവും ആഘോഷിച്ചു.

തുടർന്ന്, 'ഇന്ത്യയിൽ കളിക്കുക, ഇന്ത്യയ്ക്കായി കളിക്കുക' എന്ന വിഷയത്തിൽ ക്രിക്കറ്റ് താരം ജിതേഷ് ശർമ്മ തൻ്റെ  അനുഭവങ്ങൾ പങ്കുവെച്ചു. ഇത് യുവ കായികതാരങ്ങളെ മികവ് പുലർത്താനും രാജ്യത്തിൻ്റെ  കായിക അഭിലാഷങ്ങൾക്ക് സംഭാവനയേകാനും പ്രചോദിപ്പിച്ചു.

2047-ൽ സ്വാതന്ത്ര്യത്തിൻ്റെ  നൂറാം വാർഷിക വർഷമാകുമ്പോഴേക്കും വികസിതവും സ്വയംപര്യാപ്തവും എല്ലാവരേയും ഉൾച്ചേർക്കുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സജീവമായി സംഭാവന നൽകാനുള്ള യുവ പൗരന്മാരുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിജ്ഞയോടെയാണ് മൈ ഭാരത് യുവജന കൺവെൻഷൻ സമാപിച്ചത്.

 

***

 


(रिलीज़ आईडी: 2269958) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Khasi , हिन्दी , Marathi , Punjabi , Gujarati , Kannada , Urdu , Odia , Telugu