ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഉപഭോക്തൃ കാര്യ വകുപ്പ് ലീഗൽ മെട്രോളജി ചട്ടക്കൂടിന് കീഴിൽ ഭക്ഷ്യ എണ്ണകൾക്കായി നിശ്ചിത പായ്ക്കറ്റ് അളവുകൾ നിർദ്ദേശിച്ചു.
प्रविष्टि तिथि:
06 JUN 2026 4:04PM by PIB Thiruvananthpuram
ഉപഭോക്തൃ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ന്യായമായ വ്യാപാര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പിൽ, ലീഗൽ മെട്രോളജി ചട്ടക്കൂടിന് കീഴിൽ ഭക്ഷ്യ എണ്ണകളുടെയും കൊഴുപ്പുകളുടെയും ആകെ അളവും ഏകീകൃത പായ്ക്കറ്റ് വലുപ്പവും നിർണ്ണയിക്കുന്നതിനായി 29.12.2023-ലെ ഏകീകൃത പ്രവർത്തന നടപടിക്രമം (SoP), ഉപഭോക്തൃ കാര്യ വകുപ്പ് ഭേദഗതി ചെയ്തു.
രാജ്യത്തെ ഭക്ഷ്യ എണ്ണ മേഖലയുടെ 90 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന പ്രമുഖ ഭക്ഷ്യ എണ്ണ വ്യവസായ അസോസിയേഷനുകളുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനം. വിപണിയിൽ വ്യത്യസ്ത അളവുകളിലുള്ള പായ്ക്കറ്റുകളുടെ വർദ്ധന തടയുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പായ്ക്കറ്റുകളുടെ അളവുകളിലെ ഈ വ്യത്യാസം പലപ്പോഴും ഉപഭോക്താക്കൾക്ക് വില താരതമ്യം ചെയ്യുന്നതിനും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഭക്ഷ്യ എണ്ണ പാക്കേജിംഗിലും ലേബലിംഗിലും പ്രഖ്യാപിച്ച പ്രധാന ഉപഭോക്തൃ കേന്ദ്രീകൃത പരിഷ്കാരങ്ങൾ:
* പ്രധാന ഭക്ഷ്യ എണ്ണകൾക്കും മിശ്രിത ഭക്ഷ്യ എണ്ണകൾക്കും ഏകീകൃത പായ്ക്കറ്റ് വലുപ്പം നിർദ്ദേശിച്ചു.
* ഉപഭോക്താക്കൾക്ക് വിവിധ ബ്രാൻഡുകളുടെ വിലകൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും പണത്തിനൊത്ത മൂല്യം കൃത്യമായി വിലയിരുത്താനും സാധിക്കും.
* സുതാര്യത ഉറപ്പാക്കാൻ അളവും അതിന് തുല്യമായ തൂക്കവും ഒരുപോലെ രേഖപ്പെടുത്തണം.
* ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷ്യ എണ്ണകൾക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.
* ഇതിലേക്ക് മാറുന്നതിനു നിർമ്മാതാക്കൾക്കും പായ്ക്ക് ചെയ്യുന്നവർക്കും ഇറക്കുമതിക്കാർക്കുമായി മൂന്ന് മാസത്തെ പരിവർത്തന കാലയളവ് അനുവദിച്ചിട്ടുണ്ട്.
നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്റ്റാൻഡേർഡ് പായ്ക്കറ്റ് അളവുകൾ: പുതുക്കിയ ഏകീകൃത പ്രവർത്തന നടപടിക്രമം പ്രകാരം പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ളവർ ഓയിൽ, കടുക്/റാപ്സീഡ് ഓയിൽ, നിലക്കടല എണ്ണ, എള്ളെണ്ണ, തവിട് എണ്ണ, പരുത്തിക്കുരു എണ്ണ, ചോളം എണ്ണ എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യ എണ്ണകൾക്കും മിശ്രിത ഭക്ഷ്യ എണ്ണകൾക്കുമായി സ്റ്റാൻഡേർഡ് പായ്ക്കറ്റ് അളവുകൾ നിർദ്ദേശിക്കുന്നു.
അനുവദനീയമായ ഏകീകൃത പായ്ക്കറ്റ് അളവുകൾ താഴെ പറയുന്നവയാണ്:
* 200 ml/g
* 500 ml/g
* 1 litre/kg
* 2 litre/kg
* 3 litre/kg
* 4 litre/kg
* 5 litre/kg
* 15 litre/kg
* 20 litre/kg
ഈ ഏകീകൃത അളവുകൾ ഉപഭോക്താക്കളെ വിവിധ ബ്രാൻഡുകളുടെ വിലകൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.
ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണം-
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിലുള്ള ചെറിയ പായ്ക്കറ്റുകൾ തുടർച്ചയായി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, 200 മില്ലി ലിറ്ററിനോ 200 ഗ്രാമിനോ താഴെയുള്ള പായ്ക്കറ്റുകളെ ഈ ഏകീകരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, മറ്റ് ചെറുകിട ഭക്ഷ്യ എണ്ണകളെയും ഈ ഏകീകൃത പായ്ക്കറ്റ് വലുപ്പ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അധിക നടപടികളും നടപ്പാക്കലും:
ഭക്ഷ്യ എണ്ണയുടെ അളവ് ലിറ്ററിലോ മില്ലി ലിറ്ററിലോ ആണ് കാണിക്കുന്നതെങ്കിൽ, പായ്ക്കറ്റിന്മേൽ അതിന് തുല്യമായ തൂക്കവും വ്യക്തമായി രേഖപ്പെടുത്തണം. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങൾ , 2011 പ്രകാരമായിരിക്കണം ഈ നിർദ്ദേശം പാലിക്കേണ്ടത്. ഇത് വ്യത്യസ്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും മികച്ച ഉപഭോക്‌തൃ തീരുമാനങ്ങൾ എടുക്കാനും ഉപഭോക്താക്കളെ സഹായിക്കും.
പുതിയ വ്യവസ്ഥകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണകൾക്കും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകൾക്കും ബാധകമായിരിക്കും. സാമ്പിൾ ശേഖരണം, പരിശോധന, അളവ് പരിശോധിക്കൽ, അനുവദനീയമായ പിഴവുകൾ എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ, ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങൾ , 2011 എന്നിവയ്ക്ക് തുടർന്നും വിധേയമായിരിക്കും. പുതിയ രീതി നടപ്പിലാക്കുന്നതിനായി നിർമ്മാതാക്കൾക്കും പായ്ക്കർമാർക്കും ഇറക്കുമതിക്കാർക്കും മൂന്ന് മാസത്തെ സാവകാശം ലഭിക്കും. എന്നിരുന്നാലും, ഈ ഏകീകൃത പായ്ക്കറ്റ് അളവുകൾ നേരത്തെ തന്നെ നടപ്പിലാക്കാൻ സന്നദ്ധതയുള്ള ബിസിനസുകൾക്ക് ഉടനടി അവ സ്വീകരിക്കാവുന്നതാണ്.
സ്റ്റാൻഡേർഡ് പായ്ക്കറ്റ് അളവുകൾ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് വിവിധ ബ്രാൻഡുകളുടെ വിലകൾ താരതമ്യം ചെയ്യാനും തങ്ങൾ നൽകുന്ന പണത്തിന് കൃത്യമായ മൂല്യം ലഭിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനും എളുപ്പത്തിൽ സാധിക്കും. ഇത് ഉപഭോക്താക്കളെ കൂടുതൽ വ്യക്തതയോടെയും സുതാര്യമായും വാങ്ങൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. പാക്കേജിംഗ് രീതികളിൽ കൂടുതൽ ഏകീകരണം കൊണ്ടുവരുന്നതിലൂടെ ഈ നീക്കം ഭക്ഷ്യ എണ്ണ വ്യവസായത്തിനും ഗുണം ചെയ്യും. ഏകീകൃത പായ്ക്കറ്റ് അളവുകൾ നിയമപാലനം എളുപ്പമാക്കുകയും, നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കുമിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ സുതാര്യമായ ഒരു വിപണി സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.
വിപണിയിൽ സുതാര്യത, നീതിപൂർവകമായ ഇടപാടുകൾ, ഉപഭോക്തൃ വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിഷ്കാരങ്ങളിലൂടെ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉപഭോക്തൃ കാര്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
***
(रिलीज़ आईडी: 2269844)
आगंतुक पटल : 7