പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പൊതുമേഖലാ എണ്ണക്കമ്പനികളുടെ 48 ചില്ലറ വില്പന കേന്ദ്രങ്ങളിൽ E85 ഇന്ധന വിതരണം ആരംഭിച്ചു; പണം ലാഭിക്കാം, പരിസ്ഥിതിയെ സംരക്ഷിക്കാം, വിദേശനാണ്യം സംരക്ഷിക്കാം !

प्रविष्टि तिथि: 05 JUN 2026 7:57PM by PIB Thiruvananthpuram

2026-ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലുള്ള ഇന്ത്യൻ ഓയിലിൻ്റെ ഒരു ചില്ലറ വില്പന കേന്ദ്രത്തിൽ വെച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി E85 ഇന്ധനം പുറത്തിറക്കി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പൊതുമേഖലാ എണ്ണക്കമ്പനികളുടെ സി.എം.ഡി-മാരും ചടങ്ങിൽ പങ്കെടുത്തു.

80-85 ശതമാനം എഥനോളും 14-19 ശതമാനം പെട്രോളും അടങ്ങിയ, ഉയർന്ന അളവിൽ എഥനോൾ ചേർത്ത  മിശ്രിത ഇന്ധനമാണ് E85. ഇത് ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്. ഉപഭോക്താക്കളെ ഏതെങ്കിലും ഒരു നിശ്ചിത മിശ്രിതത്തിലേക്ക് മാത്രം പരിമിതപ്പെടുത്താതെ, E20 മുതൽ E100 വരെയുള്ള ഏത് എഥനോൾ മിശ്രിതത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളുടെ ഉപയോഗം സുഗമമാക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ  ലക്ഷ്യം.

ഫ്ലെക്സ്-ഫ്യൂവൽ വാഹനം ഉപയോഗിക്കുന്നവർക്ക് ഈ പരിസ്ഥിതി സൗഹൃദ ഇന്ധനം ലഭ്യമാക്കിക്കൊണ്ട്, രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ 48 ചില്ലറ വില്പന കേന്ദ്രങ്ങളിൽ  ഇതിൻ്റെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ളതാണ്. ഇത് 2026 ഡിസംബറോടെ 500 ചില്ലറ വില്പന കേന്ദ്രങ്ങളിലേക്കും, 2027 ഡിസംബറോടെ ഏകദേശം 5000 ചില്ലറ വില്പന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.  2030-31 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തത്തിലുള്ള എഥനോൾ മിശ്രണത്തിൻ്റെ അളവ് ഏകദേശം 26 ശതമാനമായി ഉയർത്താൻ ഇത് സഹായിക്കും.

 

 

 

ഇന്ധന വിതരണം സുസ്ഥിരമായി ഉറപ്പാക്കുന്നതിനൊപ്പം ആഗോള ഊർജ്ജ മേഖലയിലെ വിലക്കയറ്റത്തിൽ നിന്നും ചാഞ്ചാട്ടത്തിൽ നിന്നും ഉപഭോക്താക്കളെ പരമാവധി സംരക്ഷിച്ചുകൊണ്ട്, ഊർജ്ജ ലഭ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ അടങ്ങുന്ന ഊർജ്ജ പ്രതിസന്ധി വിജയകരമായി സന്തുലിതമാക്കാനുള്ള കഴിവ് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. 2026 ഫെബ്രുവരിക്ക് ശേഷം ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനവില വർദ്ധനവ് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014-ൽ വെറും 1.53 ശതമാനമായിരുന്ന എഥനോൾ മിശ്രണം, നിശ്ചയിച്ച സമയ പരിധിക്ക് അഞ്ച് വർഷം മുമ്പ് തന്നെ ലക്ഷ്യം കൈവരിച്ചുകൊണ്ട് ഇന്ന് 20 ശതമാനമായി വർദ്ധിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വലിയ മാറ്റം 1.84 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാനും ഏകദേശം 302 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒഴിവാക്കാനും സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ  "അന്നദാതാക്കൾ" എന്ന നിലയിൽ നിന്നും "ഊർജ്ജദാതാക്കൾ" എന്ന നിലയിലേക്ക് കൂടി പരിണമിച്ച  ഇന്ത്യയിലെ കർഷകരുടെ സംഭാവനകളാണ് ഈ നേട്ടത്തിന്  കാരണമായതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.


E85 കൊണ്ടുള്ള പ്രയോജനങ്ങൾ:

•  ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോളിൻ്റെ സാമ്പത്തിക നേട്ടങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കാൻ, പരമ്പരാഗത പെട്രോളിനേക്കാൾ ലിറ്ററിന് ഏകദേശം 20 രൂപയോളം കുറഞ്ഞ വിലയിലാണ് E85 ലഭ്യമാക്കുന്നത്.

•  E85-ൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്ക്, പരമ്പരാഗത പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഹരിതഗൃഹ വാതക ഉദ്‌വമനം 61 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും.

•  റിസർച്ച് ഒക്ടേൻ നമ്പർ (RON) ഏകദേശം 108 ഉള്ളതിനാൽ, എഥനോൾ മികച്ച നോക്ക് റെസിസ്റ്റൻസ് പ്രദാനം ചെയ്യുന്നു. ഇത് ഉയർന്ന കംപ്രഷൻ അനുപാതത്തിലും കൃത്യമായ ഇഗ്നിഷൻ  സമയത്തിലും എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ സഹായകരമാകുന്നു.

•  എഥനോളിൻ്റെ  ഉയർന്ന അളവിലുള്ള മിശ്രണം കൂടുതൽ ശുദ്ധവും പൂർണ്ണവുമായ ജ്വലനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് സൂക്ഷ്മകണികകളുടെ ഉദ്‌വമനം ഏതാണ്ട് പൂജ്യത്തിലേക്ക് എത്തിക്കുകയും അതുവഴി നഗരങ്ങളിലെ വായുനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

പുതിയ ഇരുചക്ര-നാലുചക്ര വാഹനങ്ങളിൽ 50 ശതമാനമെങ്കിലും ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളിലേക്ക് മാറുകയാണെങ്കിൽ അതിലൂടെ  312 കോടിയിലധികം ലിറ്റർ എഥനോളിൻ്റെ ആവശ്യകത സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ഏകദേശം 12,403 കോടി രൂപ നേരിട്ട് കർഷകരിലേക്ക് എത്തിക്കാൻ ഇത് കാരണമാകുമെന്നും കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചുകൊണ്ട്  മന്ത്രി പറഞ്ഞു. ഇത്തരമൊരു മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം 15,151 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനും, കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം 66.4 ലക്ഷം മെട്രിക് ടൺ ആയി കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 



ഇന്ത്യയുടെ ഫ്ലെക്സ്-ഫ്യൂവൽ യാത്ര, ആഗോളതലത്തിൽ തെളിയിക്കപ്പെട്ട വിജയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണെന്നും, ഒപ്പം അത് നമ്മുടെ ആഭ്യന്തര അഭിലാഷങ്ങൾക്കും ശക്തികൾക്കും അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയതാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ  ചെറുവാഹനങ്ങളുടെ 80 ശതമാനത്തിലധികവും ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യയിൽ പ്രവർത്തിപ്പിക്കുന്ന ബ്രസീൽ, ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വിജയസാധ്യത പതിറ്റാണ്ടുകളായി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ ഇരുചക്ര-നാലുചക്ര വാഹനങ്ങൾ അടുത്തിടെ പുറത്തിറക്കിയതും, ഇപ്പോൾ E85 ഇന്ധനം ലഭ്യമാക്കിയതും പരീക്ഷണാടിസ്ഥാനത്തിലുള്ള ഘട്ടങ്ങളിൽ നിന്നും വ്യവസ്ഥാപിതമായ ഒരു ദേശീയ ഫ്ലെക്സ്-ഫ്യൂവൽ ആവാസവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെയ്‌പ്പിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. E85 ഇന്ധനത്തിനും ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്കും അനുകൂലമായ നികുതി നയങ്ങൾ രൂപീകരിച്ചുകൊണ്ട് ഈ മാറ്റത്തെ പിന്തുണയ്ക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.



എഥനോൾ ചേർത്ത ഇന്ധനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് മന്ത്രി ഇങ്ങനെ പറഞ്ഞു:



• E85 ഇന്ധനം സാധാരണ പെട്രോൾ വാഹനങ്ങൾക്കുള്ളതല്ല, അത് പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.

• രാജ്യത്തുടനീളം E20 സ്റ്റാൻഡേർഡ് ഇന്ധനമായി മാറിയതിനുശേഷം, എഥനോൾ മിശ്രണം മൂലം എഞ്ചിൻ തകരാറിലായതോ വാഹനങ്ങൾ കേടായതോ ആയ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

• E20 ഇന്ധനത്തിന് അനുയോജ്യമായ വാഹനങ്ങൾ മികച്ച ആക്സിലറേഷനും മികച്ച ഡ്രൈവിംഗ് അനുഭവവും നല്കുന്നു, പ്രത്യേകിച്ച് നഗരങ്ങളിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ.

• E20 ഇന്ധനം ഉപയോഗിക്കുന്നത് ഇന്ത്യയിലെ വാഹന ഇൻഷുറൻസിൻ്റെ സാധുതയെ ഒരു തരത്തിലും ബാധിക്കുന്നില്ല.



വാങ്ങാനുള്ള ചെലവ്  കുറവായതിനാലും നിലവിലുള്ള ഇന്ധന അടിസ്ഥാന സൗകര്യങ്ങൾ അതേപടി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാലും, ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ ഇപ്പോഴും വലിയ തോതിൽ മത്സരക്ഷമതയുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്യുന്ന ബാറ്ററികളേയും നിർണ്ണായക ധാതുക്കളേയും ഗണ്യമായി ആശ്രയിക്കുമ്പോൾ, E85 ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഇന്ത്യൻ കർഷകരുടെ വിയർപ്പിൽ നിന്നും അധ്വാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആഭ്യന്തര എഥനോളിലാണ് ഓടുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.



ഓരോ ലിറ്റർ എഥനോളും ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനത്തിന് പകരമാവുകയാണ്, ഒപ്പം E85-ൻ്റെ  ഓരോ തുള്ളിയും ആത്മനിർഭർ ഭാരതത്തിൻ്റെ ആത്മാവാണ് വഹിക്കുന്നത് എന്ന് തൻ്റെ വാക്കുകൾ ഉപസംഹരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു,



“ഓരോ തുള്ളിയിലും ഇന്ത്യയുണ്ട്, ഓരോ തുള്ളിയിലും നമ്മുടെ കർഷകരുണ്ട്, ഓരോ തുള്ളിയിലും ഇന്ത്യയുടെ ഭാവിയുണ്ട്”.

 

***


(रिलीज़ आईडी: 2269747) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Gujarati , Tamil , Kannada