ധനകാര്യ മന്ത്രാലയം
സര്‍ക്കാര്‍ കടപ്പത്ര വിപണി വിപുലീകരിക്കാനും ഓഹരി മേഖലയിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം വർധിപ്പിക്കാനും സുപ്രധാന പരിഷ്കരണ നടപടികളുമായി കേന്ദ്രം
प्रविष्टि तिथि:
05 JUN 2026 10:41AM by PIB Thiruvananthpuram
പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും മൂലധന വിപണി വിപുലീകരിക്കാനും ഗവണ്മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്തിന് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ക്കും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്കും നിക്ഷേപം സുഗമമാക്കാനും സുസ്ഥിര ദീർഘകാല വിദേശ മൂലധന ഒഴുക്ക് ആകർഷിക്കാനും ധനമന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
മൂലധന വിപണിയിലെ വ്യാപാര നടപടികള്‍ സുഗമമാക്കാന്‍ അടുത്തിടെ നടപ്പാക്കിയ സംരംഭങ്ങളുടെ തുടർച്ചയായി ഓഹരികളിലും സര്‍ക്കാര്‍ കടപ്പത്ര വിപണികളിലും വിദേശ നിക്ഷേപം കൂടുതൽ പ്രാപ്യവും കാര്യക്ഷമവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കാന്‍ ഗവണ്മെൻ്റ് കൂടുതൽ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
വിദേശ വിനിമയ നിര്‍വഹണ (കടപ്പത്ര ഇതര സാമഗ്രികൾ) ചട്ടങ്ങൾ, 2019 പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ നിക്ഷേപ ഉദാരവൽക്കരണം
ഇതുവരെ എൻ.ആർ.ഐ / ഒ.സി.ഐ നിക്ഷേപകർക്ക് മാത്രം ലഭ്യമായിരുന്ന പോർട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി വഴി ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ക്കും പട്ടികപ്പെടുത്തിയ ഇന്ത്യൻ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപത്തിന് അനുമതി നൽകുമെന്ന് കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ നിക്ഷേപ പരിധി ഒരു കമ്പനിയിൽ നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തും. കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ ഒരു കമ്പനിയില്‍ നടത്തുന്ന ആകെ നിക്ഷേപത്തിൻ്റെ പരിധി നിലവിലെ 10 ശതമാനത്തില്‍നിന്ന് 24 ശതമാനമായി വർധിപ്പിക്കുകയും ചെയ്യും.
ഇത് നടപ്പാക്കുന്നതിന് സാമ്പത്തിക കാര്യ വകുപ്പ് ‘വിദേശ വിനിമയ നിര്‍വഹണം (കടപ്പത്ര ഇതര സാമഗ്രികൾ) (മൂന്നാം ഭേദഗതി) ചട്ടങ്ങൾ, 2026' വിജ്ഞാപനം ചെയ്യുന്നു.
എൻ.ആർ.ഐ/ഒ.സി.ഐ നിക്ഷേപകർക്ക് നിലവിലെ പ്രവേശന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതൽ സജീവമായി വിദേശ പോർട്ട്‌ഫോളിയോ മൂലധനം സമാഹരിക്കാൻ വിജ്ഞാപനം സഹായിക്കും. ലളിതമാക്കിയ പ്രവേശന നടപടികളും നിയമപരമായ ആവശ്യകതകളുടെ കുറവും വ്യാപാരനടപടികള്‍ കൂടുതൽ എളുപ്പമാക്കും. ഒപ്പം താരതമ്യേന സുസ്ഥിരമായ വ്യക്തിഗത വിദേശ നിക്ഷേപകരെ കൂടുതല്‍ ആകർഷിക്കാനും ഇത് സഹായിക്കും. ഇത് ഇന്ത്യൻ ഓഹരി വിപണികളിലേക്ക് വിപുലവും സുസ്ഥിരവുമായ വിദേശ നിക്ഷേപ ഒഴുക്കിനെ പിന്തുണയ്ക്കും.
സർക്കാർ കടപ്പത്ര വിപണികളിലെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ നിയന്ത്രണ ചട്ടക്കൂടിൻ്റെ അവലോകനം
സർക്കാർ കടപ്പത്രങ്ങളിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തോടെ 'പൂർണ പ്രവേശന രീതി' പ്രകാരം പ്രത്യേക കടപ്പത്രങ്ങളുടെ പട്ടിക വിപുലീകരിക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ 15, 30, 40 വർഷത്തെ കാലാവധിയുള്ള പുതിയ സർക്കാർ കടപ്പത്രങ്ങളെയും ഈ രീതിയ്ക്ക് യോഗ്യമായ കാലാവധികളില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളുമായി ബന്ധപ്പെട്ട 'സോവറിൻ ഗ്രീൻ ബോണ്ടുകളെയും' പട്ടികയിൽ ഉൾപ്പെടുത്തും. കൂടാതെ, പൊതുവായ രീതികളില്‍ നടത്തുന്ന വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന നിയന്ത്രണങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹ്രസ്വകാല നിക്ഷേപ പരിധി, ഒരു കമ്പനിയിൽ മാത്രമായി നിക്ഷേപിക്കുന്നതിലെ പരിധി, ഓരോ കടപ്പത്രത്തിനും പ്രത്യേകം നിശ്ചയിച്ച പരിധി എന്നിവയാണ് ഒഴിവാക്കിയത്. അതേസമയം കേന്ദ്ര ഗവണ്മെൻ്റ് കടപ്പത്രങ്ങളുടെ ആകെ ലഭ്യമായ സ്റ്റോക്കിൻ്റെ 6 ശതമാനവും സംസ്ഥാന സർക്കാർ കടപ്പത്രങ്ങളുടെ 2 ശതമാനവുമെന്ന മൊത്ത നിക്ഷേപ പരിധി നിലനിർത്തും. നിക്ഷേപ പരിധികളുടെ ഉപവിഭാഗങ്ങളായ 'ജനറൽ', 'ലോങ് ടേം' എന്നിവ യഥാക്രമം സര്‍ക്കാര്‍ കടപ്പത്രങ്ങളിലെയും സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രങ്ങളിലെയും നിക്ഷേപത്തിൻ്റെ പൊതുപരിധിയായി ലയിപ്പിക്കുകയും ചെയ്യും.
ഈ നടപടികൾ പലിശ നിരക്കുകളിലെ വ്യതിയാനങ്ങൾ ഒഴിവാക്കി വിപണി സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. കൂടാതെ പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ഗവണ്മെൻ്റ് ഉടമസ്ഥതയിലെ ദേശീയ നിക്ഷേപ നിധികൾ തുടങ്ങി ദീർഘകാല നിക്ഷേപകരിലെ സുസ്ഥിര വിദേശ പണമൊഴുക്കിനെ ആകർഷിക്കുകയും ചെയ്യും.
സര്‍ക്കാര്‍ കടപ്പത്ര വിപണികളിലെ പലിശയ്ക്കും മൂലധന നേട്ടത്തിനും നികുതി ഇളവ്
ആഗോള മൂലധനം ആകർഷിക്കുന്നതിൽ മത്സരസാധ്യമായ നികുതി വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങൾക്ക് ബാധകമായ നികുതി സമ്പ്രദായം യുക്തിസഹമാക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങളിലെ പലിശയെയും മൂലധന നേട്ടത്തെയും ആദായനികുതിയിൽ നിന്ന് ഒഴിവാക്കും. ഈ നടപടി സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നികുതി വ്യവസ്ഥയെ മറ്റ് സമാന അന്താരാഷ്ട്ര അധികാരപരിധികളുമായി പൊരുത്തപ്പെടുത്തും.
ഈ നികുതി ഇളവിന് 2026 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. അതായത് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് 01.04.2026-നോ അതിനുശേഷമോ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്കും മൂലധന നേട്ടത്തിനും ഈ ഇളവ് ബാധകമായിരിക്കും.
ബാങ്ക് ഫോർ ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ്സിന് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും മൂലധന നേട്ടത്തിനും സമാന ആദായനികുതി ഇളവ് നൽകിയിട്ടുണ്ട്.
സുസ്ഥിരവും സുദൃഢവുമായ വിദേശ മൂലധനത്തിൻ്റെ വ്യവസ്ഥാപിത ഒഴുക്കും പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, സര്‍ക്കാര്‍ ഉടമസ്ഥതയിലെ ദേശീയ നിക്ഷേപ നിധികള്‍ തുടങ്ങി ദീർഘകാല നിക്ഷേപരെയും ഉറപ്പാക്കും.
പ്രവർത്തനപരമായ സങ്കീർണതകൾ കുറയ്ക്കാനും വിപണി പ്രവേശം ലളിതമാക്കാനും പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക വിപണികളോട് കിടപിടിക്കുന്ന തടസ്സമില്ലാത്ത നിക്ഷേപ അനുഭവം ഉറപ്പാക്കാനും ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നു. ഈ നടപടികൾ ഇന്ത്യൻ ഓഹരികളിലും സര്‍ക്കാര്‍ കടപ്പത്രങ്ങളിലും നിക്ഷേപക അടിത്തറ വികസിപ്പിക്കുമെന്നും ലോകത്തെ അതിവേഗം വളരുന്ന പ്രമുഖ സമ്പദ് വ്യവസ്ഥകളിലൊന്നിൽ നിക്ഷേപിക്കാനാഗ്രഹിക്കുന്ന ആഗോള നിക്ഷേപകരിൽ നിന്ന് വ്യാപക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഓർഡിനൻസ് വിജ്ഞാപനം പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബി.ഐ.എസ് നികുതി ഇളവ് സംബന്ധിച്ച പതിവുചോദ്യങ്ങള്‍ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എഫ്.ഐ.ഐ നികുതി ഇളവ് സംബന്ധിച്ച പതിവുചോദ്യങ്ങള്‍ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***
(रिलीज़ आईडी: 2269388)
आगंतुक पटल : 7