പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

2026 ഡിസംബറോടെ 75 ലക്ഷം വീടുകളിൽ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി

प्रविष्टि तिथि: 04 JUN 2026 6:13PM by PIB Thiruvananthpuram

പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന ആരംഭിച്ച് രണ്ടുവർഷത്തിനകം 40 ലക്ഷം ഗുണഭോക്തൃ കുടുംബങ്ങളിലെത്തിയതായും 2026 ഡിസംബർ അവസാനത്തോടെ 75 ലക്ഷം വീടുകളില്‍ എത്തിച്ചേരുമെന്ന്  പ്രതീക്ഷിക്കുന്നതായും കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ, ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി പറഞ്ഞു. 'പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജനയുടെ രണ്ട് വർഷം: പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ഒരുകോടി ഭവനങ്ങളിലേക്ക്' എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വൈദ്യുതി ആനുകൂല്യങ്ങൾ വേണ്ടത്ര ലഭിക്കാത്ത കുടുംബങ്ങൾക്കിടയിൽ ഉള്‍പ്പെടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്താന്‍  യൂട്ടിലിറ്റി-ലിങ്ക്ഡ് അഗ്രഗേഷൻ മാതൃക രൂപകല്പന ചെയ്തതായി ശ്രീ ജോഷി പറഞ്ഞു. ഈ മാതൃകയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 30 ലക്ഷം പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. പദ്ധതി വേഗത്തിൽ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വൈദ്യുതി വിതരണ കമ്പനികൾ പ്രധാന പങ്കുവഹിക്കുന്നു. ഒരു കിലോവാട്ട് മുതൽ 3 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഈ സംരംഭം പ്രത്യേകം പ്രയോജനം ചെയ്യുമെന്നും കുറഞ്ഞ ചെലവില്‍ സംശുദ്ധ ഊർജ്ജം   കൂടുതൽ പേര്‍ക്ക് ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനകം 65 ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ച പദ്ധതി രാജ്യത്തുടനീളം ശക്തമായ ജനപങ്കാളിത്തത്തിനും അഭൂതപൂർവ്വമായ മുന്നേറ്റത്തിനുമാണ് സാക്ഷ്യം വഹിക്കുന്നത്.

 

ഇന്ത്യയുടെ സൗരോര്‍ജ്ജ വളർച്ച അതിവേഗം കുതിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യ 50 ജിഗാവാട്ട് കൈവരിക്കാൻ 96 മാസമെടുത്തെങ്കില്‍ അടുത്ത 50 ജിഗാവാട്ടിന് 36 മാസവും പിന്നീട് 100 ജിഗാവാട്ടിൽ നിന്ന് 150 ജിഗാവാട്ടിലേക്ക് ഉയരാന്‍ വെറും 14 മാസം മാത്രവുമാണ് വേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.  പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന ആരംഭിച്ചതിന് ശേഷം ഏറ്റവും മികച്ച നേട്ടം കൈവരിച്ച മാസം 2026 മെയ് ആയിരുന്നുവെന്നും 3.16 ലക്ഷം റെക്കോഡ് പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങളാണ് ആ മാസം സ്ഥാപിച്ചതെന്നും ഒരു ദിവസംകൊണ്ട് 15,000 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഒരു ലക്ഷം കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കാന്‍ നേരത്തെ 118 ദിവസങ്ങള്‍ വേണമായിരുന്നു. ഇന്നത് എട്ട് ദിവസത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 2026 മെയ് മാസം മാത്രം വിതരണം ചെയ്ത 2,743 കോടി രൂപ ഉൾപ്പെടെ 22,750 കോടിയിലധികം രൂപ സബ്‌സിഡി നൽകിയിട്ടുണ്ട്. ഇന്ത്യയുടെ സംശുദ്ധ ഊർജ്ജ പരിവർത്തനവും ഊർജ്ജ   സ്വയംപര്യാപ്തതയും മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന ലോകത്തെ ഏറ്റവും വലിയ ഗാർഹിക സൗരോര്‍ജ്ജ   വിപണികളിലൊന്ന് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ലോകം ഊർജ്ജ അനിശ്ചിതത്വങ്ങൾ നേരിടുന്ന സമയത്ത്, പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന പോലുള്ള സംരംഭങ്ങൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും തന്ത്രപരമായ പ്രതിരോധശേഷിയും ശക്തിപ്പെടുത്തുകയാണെന്ന് ശ്രീ ജോഷി പറഞ്ഞു. പദ്ധതി തുടങ്ങുന്നതിന് മുൻപ് പ്രതിമാസം ഏകദേശം 7000 ആയിരുന്ന പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഇന്ന് പ്രതിമാസം മൂന്ന് ലക്ഷത്തിലധികമായി വർധിച്ചിട്ടുണ്ട്. 17 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ പൂര്‍ണമായി ഒഴിവാക്കാനായത് കുടുംബങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്ന ലാഭത്തിന് തെളിവാണെന്ന് മന്ത്രി വ്യക്തമാക്കി.

 

2047-ഓടെ എല്ലാ വീടുകളിലും പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങളുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ പ്രള്‍ഹാദ് ജോഷി പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന ഒരു ജനകീയ പ്രസ്ഥാനമായി മാറുമെന്നും പറഞ്ഞു. ഭാവിയില്‍ ഊര്‍ജ്ജ സംഭരണ ചെലവ്  കുറയുന്നതിനനുസരിച്ച് ബാറ്ററി അധിഷ്ഠിത സൗരോര്‍ജ്ജ സംഭരണ സംവിധാനം ഇതിലേക്ക് സംയോജിപ്പിക്കുമെന്നും 'മാതൃകാ സൗരോര്‍ജ്ജ ഗ്രാമം' സംരംഭത്തിലൂടെ ഇത് വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ സാരംഗിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.  

 

75,021 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2024 ഫെബ്രുവരി 13-ന് ആരംഭിച്ച 'പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന' ലോകത്തെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായി മാറിക്കഴിഞ്ഞു. ഒരു കോടിയിലധികം കുടുംബങ്ങൾ ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2026 മെയ് മാസത്തെ കണക്കനുസരിച്ച് 33 ലക്ഷത്തിലധികം പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും 12 ജിഗാവാട്ടിലധികം ശേഷി കൂട്ടിച്ചേർക്കുകയും ചെയ്തു. വീടുകളിലെ ആകെ സൗരോര്‍ജ്ജ ശേഷിയുടെ ഏകദേശം 45 ശതമാനവും ഇപ്പോൾ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളാണ്; കൂടാതെ 2024-2026 കാലയളവിൽ പദ്ധതി നിര്‍വഹണ വളർച്ച 85 ശതമാനമായി ഉയർന്നു. വിതരണ കമ്പനികളുടെ സബ്‌സിഡി ഭാരം കുറയ്ക്കുന്നതിനും ഊർജ്ജ ലഭ്യത വർധിപ്പിക്കുന്നതിനുമൊപ്പം 2030-ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഊർജ്ജ ശേഷിയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുന്നതിലും പദ്ധതി സംഭാവന നൽകുന്നു. 2026 മാർച്ചിലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ സൗരോര്‍ജ്ജ ശേഷി 150 ജിഗാവാട്ട് പിന്നിട്ടു കഴിഞ്ഞു.  

 

പി.എം സൂര്യഘർ ലോഗോയും വാട്സാപ്പ് ബോട്ടും ശ്രീ ജോഷി പുറത്തിറക്കി. 2026 മെയ് മാസത്തിലെ “സൗരോര്‍ജ്ജ മാസം” പ്രചാരണ പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവർ ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച  സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, വൈദ്യുതി വിതരണ കമ്പനികള്‍,  ബാങ്കുകൾ, സൗരോര്‍ജ്ജ സംവിധാനങ്ങളുടെ വിതരണക്കാര്‍, മറ്റ് പങ്കാളികൾ എന്നിവർക്കും പി.എം സൂര്യഘർ പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

 

കൗൺസിൽ ഓൺ എനർജി, എൻവയോൺമെൻ്റ് ആൻഡ് വാട്ടർ (സിഇഇഡബ്ല്യു) തയ്യാറാക്കിയ രണ്ട് റിപ്പോർട്ടുകളും കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു: “ഇന്ത്യയിലെ വീടുകളിൽ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന തീരുമാനത്തിന് പ്രേരണയെന്ത്? രാജ്യവ്യാപക സര്‍വേയിലൂടെ കുടുംബങ്ങളുടെ തീരുമാനങ്ങള്‍ മനസ്സിലാക്കുന്നു”, “ശക്തമായ പ്രവര്‍ത്തന പരിപാലന ആവാസവ്യവസ്ഥ സാധ്യമാക്കി പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തല്‍ -  ഇന്ത്യയുടെ ഗാർഹിക സൗരോര്‍ജ്ജ മേഖലയിലെ മൾട്ടി-ബില്യൺ വിപണി സാധ്യത” എന്നീ റിപ്പോര്‍ട്ടുകളാണ് മന്ത്രി പ്രകാശനം ചെയ്തത്. പദ്ധതി വ്യാപനത്തിനനുസരിച്ച് മെച്ചപ്പെട്ട പരിപാലനത്തിൻ്റെ ആവശ്യകതയും പ്രതിവർഷം 3.3 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ സാധ്യതയും   റിപ്പോർട്ടുകൾ എടുത്തുപറയുന്നു.

 

ഇന്ത്യയിലെ പുരപ്പുറ സൗരോര്‍ജത്തിൻ്റെ ഭാവി പ്രയാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഉന്നതതല പ്ലീനറി സെഷനുകളും പരിപാടിയിൽ ഉൾപ്പെടുത്തി. “40 ലക്ഷത്തിൽ നിന്ന് 1 കോടിയിലേക്ക്: പി.എം സൂര്യഘർ യാത്ര” എന്ന ആദ്യ പ്ലീനറി സെഷൻ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിലെയും ഊര്‍ജ്ജ മന്ത്രാലയത്തിലെയും ധനമന്ത്രാലയത്തിലെയും മുതിർന്ന പ്രതിനിധികളെയും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരികയും പദ്ധതി ഒരുകോടി കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച നയം, ധനസഹായം, നിര്‍വഹണ മുൻഗണനകൾ എന്നിവ  ചർച്ച ചെയ്യുകയും ചെയ്തു. “ഉപദേശീയ അതിരുകൾ: സംസ്ഥാന നേതൃത്വത്തില്‍ സൗരോർജ്ജ മുന്നേറ്റത്തിന് കരുത്ത്” എന്ന രണ്ടാമത്തെ പ്ലീനറി സെഷൻ സംസ്ഥാനങ്ങൾ തമ്മിലെ പരസ്പര പഠനങ്ങളും നൂതന പ്രോത്സാഹന മാതൃകകളും വിതരണ കമ്പനികളുടെ സുസ്ഥിരതയും സംസ്ഥാനതല ഊർജ്ജ മുൻഗണനകളും നിലനിർത്തി പുരപ്പുറ സൗരോര്‍ജ്ജ വിപുലീകരണം സന്തുലിതമാക്കുന്നത് സംബന്ധിച്ച തന്ത്രങ്ങൾ ചർച്ച ചെയ്യാന്‍ ഊർജ്ജ മേഖലയിലെ മുതിർന്ന നേതാക്കളെ ഒരുമിച്ചുകൊണ്ടുവന്നു. 

 

***

 

(रिलीज़ आईडी: 2269205) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Gujarati , Telugu , Kannada