വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ നിക്ഷേപ കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരുന്നു: സിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് 2026 ല്‍ സംസാരിക്കവെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍

प्रविष्टि तिथि: 04 JUN 2026 1:21PM by PIB Thiruvananthpuram

ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വിശ്വസനീയവും ആകര്‍ഷകവുമായ ഒരു കേന്ദ്രമെന്ന നിലയില്‍ വളര്‍ന്നുവരുന്ന ഇന്ത്യയുടെ പ്രശസ്തിയെക്കുറിച്ച് 2026 ലെ സിറ്റി ഇന്ത്യ കോണ്‍ഫറന്‍സില്‍ നടത്തിയ ഓണ്‍ലൈന്‍ മുഖ്യപ്രഭാഷണത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ വ്യക്തമാക്കി. വര്‍ധിച്ച ഉത്പാദനത്തിലൂടെയും, ബിസിനസ് നിയന്ത്രണങ്ങള്‍ ലളിതമാക്കുന്നതിലൂടെയും,  അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയും, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വിപുലീകരിക്കുന്നതിലൂടെയും രാജ്യത്തെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിച്ചു പോരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും വരുന്ന രണ്ട് പതിറ്റാണ്ടിലേറെ രാജ്യം ആ സ്ഥാനം നിലനിര്‍ത്തുമെന്നും ആഗോള നിക്ഷേപകരെയും ബിസിനസ് പ്രമുഖരെയും അഭിസംബോധന ചെയ്യവേ ശ്രീ. ഗോയല്‍ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപടിക്രമങ്ങളും ബിസിനസ് തന്ത്രങ്ങളും പുനഃക്രമീകരിച്ചുകൊണ്ട് ഇന്ത്യ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും വ്യാപാരം, ബിസിനസ്, ഉത്പാദനം, നിക്ഷേപം എന്നിവയ്ക്കുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാനഡയിലെയും അമേരിക്കയിലെയും നിക്ഷേപകരുമായും ബിസിനസ് പ്രമുഖരുമായും അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളിലെ ആഗോള ആത്മവിശ്വാസം ശക്തമായി പ്രകടിപ്പിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു.  ഇന്ത്യയില്‍ നിന്ന് ഇതുവരെ യാത്രയായതില്‍ ഏറ്റവും വലിയ ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം കാനഡയിലേക്കുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിക്കവേ, നിര്‍ദ്ദിഷ്ട ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാറിന് ലഭിച്ച മികച്ച പ്രതികരണവും പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മറ്റ് സ്ഥാപന നിക്ഷേപകര്‍ എന്നിവരില്‍ നിന്നുള്ള ശക്തമായ നിക്ഷേപക താത്പര്യവും അദ്ദേഹം എടുത്തുപറഞ്ഞു. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളുമായും ന്യൂയോര്‍ക്കിലെ ഏകദേശം 50 കമ്പനികളുമായും നടത്തിയ ചര്‍ച്ചകള്‍, ജനാധിപത്യം, നിയമവാഴ്ച, കഴിവുറ്റ നേതൃത്വം, സാങ്കേതിക ശേഷി, 140  കോടി ജനങ്ങളുടെ വിശാലമായ ഉപഭോക്തൃ വിപണി എന്നിവയുടെ പിന്തുണയുള്ള ഏക വിശ്വസനീയമായ ബദല്‍ ഉല്‍പാദന കേന്ദ്രം, വിശ്വസനീയ പങ്കാളി, സുരക്ഷിത നിക്ഷേപ കേന്ദ്രം എന്നീ നിലകളില്‍ ഇന്ത്യയെക്കുറിച്ചുള്ള ധാരണയെ ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആഗോള മൂലധനം ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന് ശ്രീ. ഗോയല്‍ നിരീക്ഷിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും ടൊറന്റോയില്‍ നിന്നുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ആശയവിനിമയങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, ഓരോ ചര്‍ച്ചയും ഇന്ത്യയുടെ ഭാവിസജ്ജമായ വളര്‍ച്ചാ പ്രയാണത്തിലെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ ചോദ്യം ഇന്ത്യയില്‍ നിക്ഷേപിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ഇന്ത്യയുടെ വളര്‍ച്ചാ ഗാഥ എത്ര വേഗത്തില്‍ തിരിച്ചറിഞ്ഞ് അവര്‍ അതില്‍ പങ്കെടുക്കുന്നു എന്നതാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ വിജയകരമായ ദീര്‍ഘകാല നിക്ഷേപങ്ങളുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, 1999ല്‍ ഏകദേശം 200 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തോടെ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രവേശനത്തെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. അക്കാലത്ത് അടിസ്ഥാന സൗകര്യ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും, വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ കമ്പനി ഗണ്യമായ മൂല്യം കെട്ടിപ്പടുത്തുവെന്നും ലാഭവിഹിതം, റോയല്‍റ്റി, മൂലധന വിലമതിപ്പ് എന്നിവയിലൂടെ ഗണ്യമായ വരുമാനം നേടി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനം പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോള്‍ രാജ്യത്ത് പ്രവേശിച്ച ഒരു കമ്പനി ഇന്ന് വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത നിറവേറ്റിയ ശേഷം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ ഏകേദശം 130 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നും ജെസിബിയുടെ ഇന്ത്യയിലെ അനുഭവം ഉദ്ധരിച്ചു അദ്ദേഹം  വ്യക്തമാക്കി. ആഭ്യന്തര, ആഗോള വിപണികള്‍ക്കായി വന്‍തോതിലുള്ള ഉത്പാദനത്തെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ ശേഷി ഈ ഉദാഹരണങ്ങള്‍ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോകവുമായുള്ള ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപാര ഇടപാടുകളെ എടുത്തുകാട്ടിയ മന്ത്രി, കഴിഞ്ഞ മൂന്നോ മൂന്നരയോ വര്‍ഷത്തിനിടെ 38 വികസിത സമ്പദ്‌വ്യവസ്ഥകളെ ഉള്‍പ്പെടുത്തി ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. വിപണി പ്രവേശനം വിപുലീകരിക്കുന്നതിലൂടെയും, വ്യാപാരം സുഗമമാക്കുന്നതിലൂടെയും, പ്രതിഭകളുടെ വിനിമയം സാധ്യമാക്കുന്നതിലൂടെയും, ഇന്ത്യയില്‍ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിലൂടെയും ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയെ ഈ കരാറുകള്‍ പൂരകമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വളര്‍ച്ചാ പ്രയാണത്തില്‍ പങ്കെടുക്കാന്‍ ആഗോള നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട്, ഇന്ത്യ ഒരു വിപുലവും വളരുന്നതുമായ വിപണി മാത്രമല്ല, നൂതനാശയങ്ങള്‍, രൂപകല്‍പ്പന, നൂതന ഉത്പാദനം എന്നിവയ്ക്കുള്ള കേന്ദ്രം കൂടിയാണെന്ന് ശ്രീ. ഗോയല്‍ ഊന്നിപ്പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളിലേക്കും ഭാവി വ്യവസായങ്ങളിലേക്കും ഉള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് ക്ഷമയും ദീര്‍ഘകാല മൂലധനവും കൈമുതലാക്കാന്‍ അദ്ദേഹം നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ 1 മുതല്‍ ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതായി മന്ത്രി പങ്കെടുത്തവരെ അറിയിച്ചു, അടുത്ത ആറ് മാസത്തിനുള്ളില്‍ കുറഞ്ഞത് രണ്ടോ മൂന്നോ സ്വതന്ത്ര വ്യാപാര കരാറുകളെങ്കിലും പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വരുന്ന വര്‍ഷം ഇന്ത്യ മൂന്ന് മുതല്‍ നാല് വരെ പ്രധാനപ്പെട്ട വ്യാപാര കരാറുകള്‍ കൂടി നടപ്പിലാക്കുമെന്നും അടുത്ത ഒമ്പത് മുതല്‍ പത്ത് മാസത്തിനുള്ളില്‍ അടുത്തിടെ അന്തിമമാക്കിയ ഒമ്പത് കരാറുകളും പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് കൂടുതല്‍ സുഗമമാക്കുന്നതിനായി ഏപ്രിലില്‍ പാസാക്കിയ ജന്‍ വിശ്വാസ് നിയമത്തിന്റെ രണ്ടാം പതിപ്പ് ചൂണ്ടിക്കാട്ടിയ ശ്രീ. ഗോയല്‍, തട്ടിപ്പ് ലക്ഷ്യമിടാത്തതും പൊതുജന സുരക്ഷയ്‌ക്കോ പൊതുജനാരോഗ്യത്തിനോ അപകടമുണ്ടാക്കാത്തതുമായ ഏകദേശം 1,000 ചെറിയ നിയമ ലംഘനങ്ങള്‍ക്ക് ക്രിമിനല്‍ ശിക്ഷകള്‍  നീക്കം ചെയ്‌തെന്ന് വ്യക്തമാക്കി. ഈ നിയമനിര്‍മ്മാണം, അനുവര്‍ത്തന  ഭാരം കുറയ്ക്കുകയും നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യുന്നതിനൊപ്പം ബിസിനസുകളോടുള്ള സര്‍ക്കാരിന്റെ വിശ്വാസാധിഷ്ഠിത സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളമുള്ള 100 വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനായി ഏകദേശം 3.5 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ അടുത്തിടെ പ്രഖ്യാപിച്ച ഭവ്യ പദ്ധതിയെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. ഫാക്ടറിസജ്ജമായ സൗകര്യങ്ങള്‍, തൊഴിലാളി ഭവനങ്ങള്‍, വിനോദ സൗകര്യങ്ങള്‍, പരിസ്ഥിതി അനുമതികള്‍, പൊതു മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍, യാത്രാസൗകര്യം, ജലവിതരണം, വൈദ്യുതി, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്ലഗ് ആന്‍ഡ്‌പ്ലേ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ ഒരു റെഗുലേറ്ററായി പ്രവര്‍ത്തിക്കുന്നതിനുപകരം ഒരു ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നതിലൂടെ, ഈ സംരംഭം എംഎസ്എംഇകള്‍, ഉത്പാദകര്‍, ബിസിനസുകള്‍ എന്നിവയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴില്‍ പരിഷ്‌കാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, നാല് തൊഴില്‍ കോഡുകള്‍ ഇപ്പോള്‍ പ്രാബല്യത്തിലുണ്ടെന്നും നിരവധി സംസ്ഥാനങ്ങള്‍ സ്വന്തം ചട്ടങ്ങളിലൂടെ കോഡുകള്‍ സ്വീകരിക്കാനും ഭേദഗതി ചെയ്യാനും തുടങ്ങിയിട്ടുണ്ടെന്നും ശ്രീ. ഗോയല്‍ പറഞ്ഞു. 29 തൊഴില്‍ നിയമങ്ങള്‍ നാല് തൊഴില്‍ കോഡുകളായി ഏകീകരിക്കുന്നത് അനുവര്‍ത്തനവും നിര്‍വ്വഹണവും ഗണ്യമായി ലളിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുന്ന തടസ്സങ്ങളും മൂലമുണ്ടായ ആശങ്കകള്‍ക്കിടയിലും, അന്താരാഷ്ട്ര ഊര്‍ജ്ജ പ്രതിസന്ധിയെ രാജ്യം വിജയകരമായി മറികടന്നുവെന്ന് സമീപകാല ആഗോള വെല്ലുവിളികളോടുള്ള ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യവേ, മന്ത്രി പറഞ്ഞു. ഊര്‍ജ്ജ സ്രോതസ്സുകള്‍  വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ ഉദ്യമങ്ങള്‍ താരതമ്യേന മിതമായ വില നിലനിര്‍ത്തിക്കൊണ്ട് പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം, എല്‍എന്‍ജി, എല്‍പിജി എന്നിവയുടെ തടസ്സരഹിത ലഭ്യത ഉറപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ വില വര്‍ദ്ധനവുണ്ടായിട്ടും കര്‍ഷകര്‍ക്കുള്ള വളം വിലയില്‍ മാറ്റമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ ഭാരം ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന ശക്തമായ സാമ്പത്തിക മാനേജ്‌മെന്റ്, സാമ്പത്തിക സ്ഥിരത നിലനിര്‍ത്തിക്കൊണ്ട് കര്‍ഷകരെയും, എംഎസ്എംഇകളെയും, ബിസിനസുകളെയും, ദുര്‍ബല വിഭാഗങ്ങളെയും പിന്തുണയ്ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ശ്രീ. ഗോയല്‍ പറഞ്ഞു.

തുറമുഖങ്ങള്‍, ദേശീയ പാതകള്‍, റോഡുകള്‍, ഗ്രാമീണ കണക്റ്റിവിറ്റി, വിമാനത്താവളങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യ ഏകദേശം 130 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുന്നുണ്ടെന്ന് അടിസ്ഥാന സൗകര്യ വികസനം എടുത്തുപറഞ്ഞുകൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്റെ തുറമുഖ, വിമാനത്താവള ശേഷി ഇരട്ടിയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജല്‍ ജീവന്‍ മിഷന്‍, 500 ജിഗാവാട്ട് സ്ഥാപിത ശേഷിയും 50 ശതമാനത്തിലധികം പുനരുപയോഗ ഊര്‍ജ്ജ സംഭാവനയുമുള്ള ഒരു ദേശീയ പവര്‍ ഗ്രിഡ് സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജ ശേഷി 250 ജിഗാവാട്ടില്‍ നിന്ന് 500 ജിഗാവാട്ടായി ഉയര്‍ത്തി  ഇരട്ടിയാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മിത ബുദ്ധിക്കും മറ്റ് നൂതന സാങ്കേതികവിദ്യകള്‍ക്കും അനുയോജ്യരായ തൊഴിലാളികളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള വന്‍തോതിലുള്ള പുനര്‍നിര്‍മ്മാണ, നൈപുണ്യ വികസന സംരംഭങ്ങളിലൂടെ സെമികണ്ടക്ടറുകളിലും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

സെമികണ്ടക്ടര്‍ വ്യവസായത്തിനായി ടാറ്റയും ASML ഉം ഇന്ത്യയിലെ ആദ്യത്തെ മൂലധന ഉപകരണ നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്നതില്‍ ശ്രീ. ഗോയല്‍ സംതൃപ്തി പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ, ഉത്പാദനം, സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളില്‍ സ്വന്തം സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ഒരു സുസ്ഥിര തന്ത്രം പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകം തുടക്കത്തില്‍ ഇന്ത്യന്‍ പ്രതിഭകളില്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും, ഇപ്പോള്‍ ഇന്ത്യയില്‍ മൂലധനവും സാങ്കേതികവിദ്യയും കൂടുതലായി നിക്ഷേപിക്കുന്നുണ്ടെന്ന് മന്ത്രി നിരീക്ഷിച്ചു. രൂപകല്‍പന, ഗവേഷണം, വികസനം, നിര്‍മ്മിത ബുദ്ധി ആപ്ലിക്കേഷനുകള്‍, തദ്ദേശീയ സാങ്കേതിക കഴിവുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അസംബ്ലി അധിഷ്ഠിത ഉത്പാദനത്തിനപ്പുറം നൂതനാശയ പ്രധാനമായ  വളര്‍ച്ചയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ 5G സ്റ്റാക്ക്, രാജ്യമെമ്പാടുമുള്ള അതിവേഗ 5G വിന്യാസം, കുറഞ്ഞ ചെലവിലുള്ള ഡാറ്റ ലഭ്യത, പ്രതിരോധശേഷിയുള്ള വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍, ഡാറ്റാ സെന്ററുകള്‍ക്കുള്ള സുരക്ഷിതമായ അന്തരീക്ഷം എന്നിവ ഈ പരിവര്‍ത്തനത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ഉദ്ധരിച്ചു.

ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടുകയും, സാങ്കേതികവിദ്യ സുരക്ഷിതമായി നിലനില്‍ക്കുകയും, ഡാറ്റാ സ്വകാര്യത നിലനിര്‍ത്തുകയും ചെയ്യുന്ന സുരക്ഷിതവും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്ന് ശ്രീ. ഗോയല്‍ പറഞ്ഞു. 2047 വരെ ആഗോള വിപണികളെ സേവിക്കുന്ന ഡാറ്റാ സെന്ററുകള്‍ക്ക് ആദായനികുതി ഇളവുകള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2047ലെ വികസിത ഭാരതം എന്ന ദര്‍ശനത്തിന് കീഴില്‍ ഇന്ത്യ 30 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്‌വ്യവസ്ഥയുള്ള ഒരു വികസിത രാഷ്ട്രമായി മാറാന്‍ ലക്ഷ്യമിടുന്ന വര്‍ഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മത്സരാധിഷ്ഠിതമായി രൂപകല്‍പ്പന ചെയ്ത് ഉത്പാദിപ്പിക്കുന്ന ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയിലൂടെ ഇന്ത്യ അപാരമായ സാധ്യതകളും ലാഭക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്ന് ശ്രീ. ഗോയല്‍ തന്റെ പ്രസംഗം ഉപസംഹരിക്കവേ വ്യക്തമാക്കി. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യ ഇപ്പോഴും ആകര്‍ഷകമായ ഒരു കേന്ദ്രമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 140 കോടി ഇന്ത്യക്കാരുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും പരിശ്രമത്താല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 21-ാം നൂറ്റാണ്ടിലെ  നിര്‍ണായക വളര്‍ച്ചാ ഗാഥയായി ഉയര്‍ന്നുവരുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

 

***


(रिलीज़ आईडी: 2269087) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Gujarati , Tamil , Kannada