യു.പി.എസ്.സി
azadi ka amrit mahotsav

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഫേസ് ഓതന്റിക്കേഷന്‍ പ്രോട്ടോക്കോള്‍ വികസിപ്പിച്ചു; പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി 2026-ലെ സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയില്‍ ഇത് വിജയകരമായി നടപ്പിലാക്കി

प्रविष्टि तिथि: 04 JUN 2026 3:51PM by PIB Thiruvananthpuram

പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ആള്‍മാറാട്ടം തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി) അടുത്തിടെ നടന്ന 2026-ലെ സിവില്‍ സര്‍വീസസ് & ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (പ്രിലിമിനറി) പരീക്ഷയില്‍ ഫേസ് ഓതന്റിക്കേഷന്‍ (മുഖം തിരിച്ചറിയല്‍ സംവിധാനം) വിജയകരമായി നടപ്പിലാക്കി. അപേക്ഷാ ഫോം
സമര്‍പ്പിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥി അപ്ലോഡ് ചെയ്ത ഫോട്ടോയിലെ വ്യക്തിയും പരീക്ഷ എഴുതാന്‍ അഡ്മിറ്റ് കാര്‍ഡുമായി എത്തുന്ന വ്യക്തിയും ഒരാള്‍ തന്നെയാണെന്ന് ഈ ഫേസ് ഓതന്റിക്കേഷന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നു. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ അധിഷ്ഠിത പരിശോധനയിലൂടെ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ചുതന്നെ ഉദ്യോഗാര്‍ത്ഥികളുടെ തത്സമയ പ്രാമാണീകരണം സാധ്യമാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞു. ഇത് തടസ്സമില്ലാത്ത തിരിച്ചറിയല്‍ ഉറപ്പാക്കുകയും ആള്‍മാറാട്ടത്തിനും പരീക്ഷാ ക്രമക്കേടുകള്‍ക്കുമുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2026-ലെ സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയ്ക്കിടെ രാജ്യത്തെ 2,072 പരീക്ഷാ കേന്ദ്രങ്ങളിലും തത്സമയ ഫേസ് ഓതന്റിക്കേഷന്‍ പ്രക്രിയ വിജയകരമായി നടത്തി. ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക  മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെ (എന്‍.ഇ.ജി.ഡി) സാങ്കേതിക സഹായത്തോടെയാണ് യു.പി.എസ്.സി ഈ ഫേസ് ഓതന്റിക്കേഷന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തത്.

പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാ ഉദ്യോഗാര്‍ത്ഥികളും മുഖം തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ബന്ധമാക്കുന്ന ഒരു പ്രവര്‍ത്തനക്രമം യു.പി.എസ്.സി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി യു.പി.എസ്.സി വിശദമായ ഒരു സ്റ്റാന്‍ഡേര്‍ഡ് പ്രവര്‍ത്തന നടപടിക്രമം (എസ്.ഒ.പി) തയ്യാറാക്കുകയും, ഇത് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ക്കും കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതുമായി   ബന്ധപ്പെട്ട് പരീക്ഷാ ഇന്‍വിജിലേറ്റര്‍മാര്‍ക്ക്  ഒന്നിലധികം ഘട്ടങ്ങളിലായി പരിശീലനവും നല്കി. ചെലവേറിയ  ഹാര്‍ഡ്വെയറുകള്‍ ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. ഇത് ഏത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലും പ്രവര്‍ത്തിക്കും, ഇന്‍വിജിലേറ്റര്‍മാര്‍ അവരുടെ സ്വന്തം മൊബൈല്‍ ഫോണുകള്‍ തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. ഇതിലൂടെ ഹാര്‍ഡ്വെയര്‍ ചെലവുകള്‍ കുറയ്ക്കാനും പരീക്ഷാ നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിച്ചു.

ഈ ആപ്ലിക്കേഷന്റെ മറ്റൊരു പ്രധാന സവിശേഷത അതിന്റെ വേഗതയാണ്. ഒരു ഉദ്യോഗാര്‍ത്ഥിയുടെ മുഖം തിരിച്ചറിയല്‍ പരിശോധനയ്ക്കായി ഏകദേശം 6-8 സെക്കന്‍ഡ് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇത് ഉദ്യോഗാര്‍ത്ഥികളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുകയും പരീക്ഷാ കേന്ദ്രങ്ങളില്‍ ക്യൂ രൂപപ്പെടുന്നത് തടയുകയും ചെയ്തു. ഒരേസമയം 7,000-ത്തിലധികം ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തന ശേഷി. പ്രവേശന സമയം ഏറ്റവും കൂടുതലായിരുന്ന വേളകളില്‍, മിനിറ്റില്‍ ഏകദേശം 12,000 ഓതന്റിക്കേഷനുകള്‍ വരെ ഈ ആപ്ലിക്കേഷന്‍ വിജയകരമായി പ്രോസസ്സ് ചെയ്തു.

ഈ പുതിയ സംരംഭത്തെക്കുറിച്ച് യു.പി.എസ്.സി ചെയര്‍മാന്‍ ഡോ. അജയ് കുമാര്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ആള്‍മാറാട്ടമില്ലാത്ത പരീക്ഷകള്‍ ഉറപ്പാക്കുന്നതിനായി യു.പി.എസ്.സി സ്വീകരിച്ച പുതിയൊരു നടപടിയാണിത്. എന്‍.ഇ.ജി.ഡി-യുടെ സഹായത്തോടെ പൂര്‍ണ്ണമായും തദ്ദേശീയമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എന്നാല്‍, നിലവിലെ ഇന്‍വിജിലേറ്റര്‍മാരെ ഫേസ് ഓതന്റിക്കേഷനായി ഉപയോഗിക്കുക, അവര്‍ക്ക് പരിശീലനം നല്കുക, കുറഞ്ഞ സമയത്തിനുള്ളില്‍ ഇതെല്ലാം പൂര്‍ത്തിയാക്കുക, ഒപ്പം ഇത്രയും വലിയ തോതില്‍ ഈ സാങ്കേതികവിദ്യ വിന്യസിക്കുക എന്നിവയൊക്കെ വലിയ വെല്ലുവിളികളായിരുന്നു. രാജ്യത്തുടനീളമുള്ള രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി ഏകദേശം 5.5 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത ഈ പരീക്ഷയില്‍, ഇത്രയും വലിയ തോതില്‍ ഈ സംവിധാനം വിജയകരമായി വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും യു.പി.എസ്.സി, എന്‍.ഇ.ജി.ഡി, കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം എന്നിവ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.''

തത്സമയ മുഖം തിരിച്ചറിയല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കിയത് സിവില്‍ സര്‍വീസസ് പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ്. പൊതുപരീക്ഷകളില്‍ സുതാര്യത, നിഷ്പക്ഷത, സാങ്കേതിക നവീകരണം എന്നിവ ഉറപ്പാക്കുന്നതില്‍ കമ്മിഷനുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

****


(रिलीज़ आईडी: 2268994) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil