യുവജനകാര്യ, കായിക മന്ത്രാലയം
ഒരു ആഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഓൺലൈൻ ക്വിസിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം 'മൈ ഭാരത്' നേടി
प्रविष्टि तिथि:
04 JUN 2026 2:33PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പിന്റെ മുൻനിര യുവജന ഇടപെടൽ വേദിയായ 'എന്റെ യുവഭാരതം' (മൈ ഭാരത്) 'ഒരു ആഴ്ചയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ പങ്കെടുത്ത ഓൺലൈൻ ക്വിസ്' എന്നതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് (ജി.ഡബ്ല്യു.ആർ) അംഗീകാരം നേടി. ഔദ്യോഗിക വിലയിരുത്തൽ കാലയളവിൽ 3,90,812 പേർ വിജയകരമായി ക്വിസിന്റെ മുഴുവൻ സമയവും പൂർത്തിയാക്കിയതിന് ശേഷമാണ് ഈ അംഗീകാരലബ്ധി.
ന്യൂഡൽഹിയിലെ ശ്രമശക്തി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ ജി.ഡബ്ല്യു.ആർ വിധികർത്താവ് (അഡ്ജുഡിക്കേറ്റർ) ശ്രീ. ഋഷിനാഥ് 'മൈ ഭാരത്'നുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ-ഉദ്യോഗ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ, കേന്ദ്ര യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ. പല്ലവി ജെയിൻ ഗോവിൽ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികൾ, യുവ പങ്കാളികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
'2047 ഓടെ വികസിതഭാരതം' എന്ന ദർശനത്തിൽ യുവ പൗരന്മാർക്കിടയിൽ അവബോധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ യുവജന ഇടപെടൽ സംരംഭമായ 'വിക്സിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്' (വി.ബി.വൈ.എൽ.ഡി) ക്വിസിനാണ് ഈ അംഗീകാരം ലഭിച്ചത്. 'മൈ ഭാരത്' പോർട്ടൽ വഴി സംഘടിപ്പിച്ച ഈ സംരംഭത്തിലുണ്ടായ 28 സംസ്ഥാനങ്ങളെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന 50.42 ലക്ഷത്തിലധികം യുവാക്കളുടെ പങ്കാളിത്തം, ഇതിനെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഡിജിറ്റൽ യുവജന പങ്കാളിത്ത പ്രവർത്തനങ്ങളിലൊന്നായി മാറ്റി.
ഈ ശ്രദ്ധേയമായ നേട്ടത്തിന് 'മൈ ഭാരത്'നെയും അതിന്റെ മുഴുവൻ സംഘത്തെയും മന്ത്രി അഭിനന്ദിച്ചു. 35 വയസ്സിന് താഴെയുള്ള രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 65 ശതമാനം വരുന്ന യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനാണ് പോർട്ടൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷത്തിനുള്ളിൽ 'മൈ ഭാരത്' 2.19 കോടി രജിസ്‌ട്രേഷനുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ ദിവസവും ആയിരക്കണക്കിന് പുതിയ യുവാക്കൾ ചേരുന്നു എന്നതിൽ നിന്ന് തന്നെ പോർട്ടലിൽ യുവാക്കൾക്കുള്ള വിശ്വാസവും ആത്മവിശ്വാസവും സുവ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിന് രാജ്യത്തെ യുവാക്കളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ഈ അംഗീകാരം യഥാർത്ഥത്തിൽ അവർക്കുള്ളതാണെന്നും വികസിത ഭാരത ദർശനത്തിലേക്കുള്ള യാത്രയിൽ അവർ അർപ്പിക്കുന്ന വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
'മൈ ഭാരത്' പോർട്ടൽ വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമല്ല, യുവാക്കൾക്ക് അർത്ഥവത്തായി ഇടപഴകാനും, അവരുടെ ആശയങ്ങൾ പങ്കുവെക്കാനും, 2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് സംഭാവനയേകാനും കഴിയുന്ന വിശ്വസനീയവും ശാക്തീകരണപരവുമായ ഇടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി.ബി.വൈ.എൽ.ഡി വഴി യുവാക്കൾ പങ്കിട്ട ആശയങ്ങൾ 2026-ലെ കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചപ്പോൾ ഇത് വ്യക്തമായി തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
2025 ഒക്ടോബർ 25 മുതൽ ഒക്ടോബർ 31 വരെയുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക വിലയിരുത്തൽ കാലയളവിൽ, 'മൈ ഭാരത്' പ്ലാറ്റ്ഫോമിൽ 8.39 ലക്ഷത്തിലധികം ക്വിസ് പങ്കാളിത്തങ്ങൾ രേഖപ്പെടുത്തി. സ്വതന്ത്ര ഡിജിറ്റൽ ഫോറൻസിക് ഓഡിറ്റുകൾ, തെളിവുകളുടെ മൂല്യനിർണ്ണയം, പങ്കാളിത്ത രേഖകളുടെ വിശദമായ സൂക്ഷ്മപരിശോധന എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പരിശോധനാ പ്രക്രിയയ്ക്ക് ശേഷം, ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് 3,90,812 യോഗ്യരായ പങ്കാളികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും അതുവഴി ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിതമാവുകയും ചെയ്തു.
യുവാക്കളുടെ ഇടപെടലിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ വികസിപ്പിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ പ്രതിബദ്ധതയെ ഈ നേട്ടം അടിവരയിടുന്നു. സന്നദ്ധസേവനം, അനുഭവപരിചയ പഠനം, നേതൃത്വ വികസനം, സമൂഹാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഒരു ദേശീയ വേദിയായി 'മൈ ഭാരത്'ന്റെ ഉയർന്നുവരുന്ന പങ്കിനെയും ഇത് എടുത്തുകാണിക്കുന്നു.
2047 ഓടെ വികസിത ഭാരതം എന്ന പൊതുവായ ദർശനം മുന്നോട്ട് കൊണ്ടുപോവുന്നതിനൊപ്പം, യുവജന ശാക്തീകരണത്തിനും പൗര പങ്കാളിത്തത്തിനും വേണ്ടി ഡിജിറ്റൽ നവീകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം.
SKY
******
(रिलीज़ आईडी: 2268926)
आगंतुक पटल : 8