പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും


സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും

8 ലെയ്ൻ ആക്‌സസ്-കൺട്രോൾഡ് വഡോദര-മുംബൈ എക്‌സ്‌പ്രസ്‌വേയുടെ പ്രധാന പാക്കേജുകൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും

ദേശീയപാത 56-ലെ സുപ്രധാന ഭാഗങ്ങൾ നാലുവരിയാക്കി വികസിപ്പിക്കുന്നതിനുള്ള തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും; ഈ പദ്ധതി ഗോത്രവർഗ്ഗ മേഖലകളിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ഏകതാ പ്രതിമയിലേക്കുള്ള പ്രവേശനക്ഷമത വർധിപ്പിക്കുകയും ചെയ്യും

ദാമനിൽ ഏകദേശം 2,970 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും

ദാമനിലെ നമോ (NAMO) എയർപോർട്ടിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനായി 885 കോടി രൂപയുടെ തുറമുഖ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

प्रविष्टि तिथि: 04 JUN 2026 10:03AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

തുടർന്ന് പ്രധാനമന്ത്രി ദാമനിലേക്ക് തിരിക്കും. വൈകീട്ട് 6:15-ഓടെ അദ്ദേഹം ദാമനിലെ നമോ (NAMO) എയർപോർട്ടിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് ദാമനിലെ നമോ (NAMO) ആശുപത്രി അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. വൈകീട്ട് 7:15-ഓടെ ദാമനിൽ ഏകദേശം 2,970 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനായി ഏകദേശം 885 കോടി രൂപയുടെ നാല് പ്രധാന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി സൂറത്തിൽ

സൂറത്തിൽ റോഡ്, ഊർജ്ജ, വ്യവസായ മേഖലകളിലായി 18,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള അതിവേഗ ഗതാഗതം, ലോജിസ്റ്റിക്സ് കാര്യക്ഷമത, സാമ്പത്തിക കണക്റ്റിവിറ്റി എന്നിവ വർധിപ്പിച്ചുകൊണ്ട് വഡോദര-മുംബൈ എക്സ്പ്രസ് വേയുടെ പാക്കേജ് VI, VII എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഗോത്രവർഗ്ഗ മേഖലകളിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഏകതാ പ്രതിമയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമായി ദേശീയപാത 56-ലെ സുപ്രധാന ഭാഗങ്ങൾ നാലുവരിയാക്കി വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

സൂറത്തിൽ 200 കിടക്കകളുള്ള ഇ.എസ്.ഐ.സി (ESIC) ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരു സെൻട്രൽ ലബോറട്ടറിയുടെയും മറ്റ് അവശ്യ അനുബന്ധ സേവനങ്ങളുടെയും പിന്തുണയോടെ, പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലുമായി ആധുനിക സെക്കൻഡറി ഹെൽത്ത് കെയർ സൗകര്യങ്ങൾ ഈ ആശുപത്രി പ്രദാനം ചെയ്യും. തൊഴിൽപരമായ പരിക്കുകളും മറ്റ് അടിയന്തര മെഡിക്കൽ സാഹചര്യങ്ങളും യഥാസമയം കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ട്രോമ കെയർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അന്തർസംസ്ഥാന പ്രസരണ സംവിധാനത്തിന് കീഴിലുള്ള വൈദ്യുതി വിതരണ ശേഷി വർധിപ്പിക്കുന്നതിനായുള്ള ഗുജറാത്തിലെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് വിപുലീകരണം ഉൾപ്പെടെയുള്ള നിർണായക യൂട്ടിലിറ്റി-വ്യാവസായിക അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൽസാദിലെ പുതുക്കിയ പരിഷ്കാരങ്ങൾ അടിസ്ഥാനമാക്കിയുള്ള വിതരണ മേഖലാ പദ്ധതിക്ക് കീഴിലുള്ള ആധുനിക വൈദ്യുതി വിതരണ നവീകരണങ്ങൾ, ദഹേജ് പെട്രോളിയം, കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽ ഇൻവെസ്റ്റ്‌മെന്റ് റീജിയണിലും (PCPIR) സാരിഗാം ഗുജറാത്ത് വ്യവസായ വികസന കോർപ്പറേഷനിലും (GIDC) സ്ഥാപിച്ച അത്യാധുനിക മലിനജല നിർമാർജന-ശുദ്ധീകരണ സംവിധാനങ്ങൾ, ജംബുസാർ ബൾക്ക് ഡ്രഗ് പാർക്കിലെ അവശ്യ ലേഔട്ട് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഗുജറാത്ത് ​ഗവൺമെന്റിന്റെ നിരവധി സുപ്രധാന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി ദാമനിൽ

ദാമനിൽ ഏകദേശം 2,970 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ആരോഗ്യം, വ്യോമയാനം, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, ജനക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ സമഗ്രമായ വികസനത്തിന് വലിയൊരു ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ദാമനിൽ നമോ (NAMO) എയർപോർട്ടിന്റെ പുതിയ ടെർമിനൽ കെട്ടിടം, നമോ (NAMO) ആശുപത്രി എന്നിവ ഉൾപ്പെടെ ഏകദേശം 1,340 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും. പുതിയ എയർപോർട്ട് ടെർമിനൽ പ്രാദേശിക വ്യോമ കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കുകയും ഈ മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. ദാമനിലെ ജില്ലാ ആശുപത്രിയായ നമോ (NAMO) ആശുപത്രി പ്രതിദിനം ഏകദേശം 1,500 ഒ.പി.ഡി രോഗികൾക്ക് സേവനം നൽകുന്ന വിധത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇത് ജനങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ശക്തിപ്പെടുത്തും.

ഏകദേശം 1,630 കോടി രൂപയുടെ മറ്റ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഐക്കോണിക് ബ്രിഡ്ജ്, ദാമൻ കൺവെൻഷൻ സെന്റർ, ദാമനിലെ NIFT ക്യാ‌മ്പസ് എന്നിവയാണ് പ്രധാന പദ്ധതികൾ. ഈ പദ്ധതികൾ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്നും നിക്ഷേപം വർധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. 

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനായി ഏകദേശം 885 കോടി രൂപയുടെ സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൽപേനി ദ്വീപ്, കടമത്ത് ദ്വീപ് എന്നിവയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള തുറമുഖ സൗകര്യങ്ങളുടെ വികസനം ഉൾപ്പെടുന്നതാണ് ഈ പദ്ധതികൾ. ഈ ബഹുവിധ ആവശ്യങ്ങൾക്കുള്ള ജെട്ടികളുടെ വികസനം 300 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാക്കപ്പലുകൾക്ക് വർഷം മുഴുവനും സുരക്ഷിതമായി അടുപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഈ പദ്ധതികൾ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാ-ചരക്ക് നീക്കം സാധ്യമാക്കുകയും മത്സ്യസംസ്കരണം, ഇന്ധന വിതരണം, ഐസ് വിതരണം, ബോട്ട് അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള സംയോജിത സൗകര്യങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യും. ഈ സംരംഭങ്ങൾ സമുദ്ര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുകയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ദ്വീപുകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.

***

NK


(रिलीज़ आईडी: 2268772) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Manipuri , Gujarati , Telugu , Kannada