പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമീണ മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം നൽകിയ 42 പഞ്ചായത്തുകളെ, ന്യൂഡൽഹിയിൽ നടന്ന ദേശീയ പഞ്ചായത്ത് അവാർഡ് 2025 ചടങ്ങിൽ ആദരിച്ചു

प्रविष्टि तिथि: 03 JUN 2026 9:09PM by PIB Thiruvananthpuram

ഗ്രാമീണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച രാജ്യത്തുടനീളമുള്ള 42 പഞ്ചായത്തുകൾക്കുള്ള ദേശീയ പഞ്ചായത്ത് അവാർഡ് 2025 ഇന്ന് ന്യൂഡൽഹിയിൽ വിതരണം ചെയ്തു. കേന്ദ്ര പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, അസം ഗവണ്മെന്റിന്റെ പരിവർത്തന-വികസന, തൊഴിൽ ക്ഷേമ, തേയിലത്തോട്ട-ഗോത്ര ക്ഷേമ വകുപ്പ് മന്ത്രി ശ്രീ രാമേശ്വർ തെലി, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിന് അനുസൃതമായി, സമഗ്രവും ജനപങ്കാളിത്തത്തോടെയുള്ളതുമായ സുസ്ഥിര ഗ്രാമീണ വികസനത്തിന് പഞ്ചായത്തുകൾ നൽകിയ മാതൃകാപരമായ സംഭാവനകളെയാണ് ഈ പുരസ്കാരങ്ങളിലൂടെ അംഗീകരിക്കുന്നത്. ചടങ്ങിൽ, 2025-ലെ ദേശീയ പഞ്ചായത്ത് പുരസ്കാരം നേടിയ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെയും മികച്ച മാതൃകകളെയും കുറിച്ചുള്ള ഒരു ഇ-ബുക്കും, പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങളുടെ സമാഹാരവും (Compendium) പ്രകാശനം ചെയ്തു. ഈ പ്രസിദ്ധീകരണങ്ങൾ പരസ്പര പഠനത്തിനും വിജയകരമായ ഭരണമാതൃകകൾ താഴെത്തട്ടിൽ വീണ്ടും നടപ്പിലാക്കുന്നതിനും സഹായകമാകും.

ഈ അവസരത്തിൽ, അവാർഡ് നേടിയ പഞ്ചായത്തുകളുടെ സമർപ്പണത്തിനും നൂതനാശയങ്ങൾക്കും ജനകേന്ദ്രീകൃത ഭരണത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കും കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അഭിനന്ദനം അറിയിച്ചു . അവാർഡ് ജേതാക്കളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി പങ്കെടുത്തവരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ സിംഗ്, ഈ അവാർഡുകൾ താഴെത്തട്ടിൽ ജനാധിപത്യത്തിന്റെ വളരുന്ന കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും വികസിത് ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ പഞ്ചായത്തുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ആവർത്തിച്ചുകൊണ്ട്, "ഗ്രാമോദയത്തിൽ നിന്ന് ഭാരതോദയം" എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ശാക്തീകരിക്കപ്പെട്ട ഗ്രാമങ്ങളിലൂടെ വേണം വികസിത ഇന്ത്യയിലേക്കുള്ള പ്രയാണമെന്ന് അദ്ദേഹം പറഞ്ഞു.
അവാർഡ് നേടിയ 42 പഞ്ചായത്തുകളിൽ 22 എണ്ണവും സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിൽ കേന്ദ്രമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഇത് ഗ്രാമീണ ഇന്ത്യയിലെ സ്ത്രീ നേതൃത്വത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിന്റെയും പരിവർത്തനപരമായ സ്വാധീനത്തിന്റെ തെളിവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'പഞ്ചായത്ത് വികസനസൂചിക (PAI) 2.0', 'ഇ-ഗ്രാംസ്വരാജ്' (e-GramSwaraj), എഐ അധിഷ്ഠിത 'സഭാസാർ' (SabhaSaar) പ്ലാറ്റ്‌ഫോം തുടങ്ങിയ മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളെ കുറിച്ച് പരാമർശിച്ചുകൊണ്ട്, സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ജനകേന്ദ്രീകൃത ഭരണം ഉറപ്പാക്കുന്നതിനായി പഞ്ചായത്തുകളെ സാങ്കേതികവിദ്യ, വിഭവങ്ങൾ, ശേഷി വികസന പിന്തുണ എന്നിവ നൽകി ശാക്തീകരിച്ച് വരികയാണെന്ന് ശ്രീ സിംഗ് ചൂണ്ടിക്കാട്ടി.

മികച്ച പ്രവർത്തനങ്ങൾ പങ്കുവെച്ചുകൊണ്ടും, നൂതനാശയങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടും, സ്ത്രീ നേതൃത്വം ശക്തിപ്പെടുത്തിക്കൊണ്ടും, സേവനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടും അവാർഡ് നേടിയ പഞ്ചായത്തുകൾ മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച അദ്ദേഹം, 16-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത 4.35 ലക്ഷം കോടി രൂപ (15-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് വിഹിതത്തിൽ 84 ശതമാനം വർദ്ധന) പ്രാദേശിക ഭരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വികസിത ഭാരതത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.

 രാജ്യത്തെ 2.5 ലക്ഷത്തിലധികം പഞ്ചായത്തുകളിൽ നിന്ന് 42 അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് വളരെ സുതാര്യവും കർശനവുമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണെന്ന് കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ വ്യക്തമാക്കി. പ്രാദേശികവൽക്കൃത സുസ്ഥിരവികസന ലക്ഷ്യങ്ങൾ (LSDGs), പഞ്ചായത്ത് വികസനസൂചിക (PAI) എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നിശ്ചയിച്ചിട്ടുള്ളത്. ഇത് വസ്തുനിഷ്ഠവും പ്രവർത്തനക്ഷമതയെ അടിസ്ഥാനമാക്കിയുള്ളതുമായ വിലയിരുത്തൽ ഉറപ്പാക്കുന്നു. സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം കൈവരിക്കുന്നതിനായി ആരോഗ്യം, പെൻഷൻ, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഗവൺമെന്റ് ക്ഷേമപദ്ധതികളുടെ പൂർണ്ണമായ ലഭ്യത ഉറപ്പാക്കാൻ അദ്ദേഹം പഞ്ചായത്ത് പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു.

 പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ ഡാറ്റാധിഷ്ഠിതവും സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ പ്രാദേശിക ഭരണ സംവിധാനങ്ങളായി മാറിയ ശ്രദ്ധേയമായ മാറ്റത്തെക്കുറിച്ച് പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് എടുത്തുപറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകമായ അധ്യായങ്ങളിലൊന്നാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയിൽ പങ്കാളിത്തത്തോടെയുള്ള ജനകേന്ദ്രീകൃത തദ്ദേശ സ്വയംഭരണം കൂടുതൽ ആഴത്തിലാക്കാൻ ഈ മികച്ച മാതൃകകളിൽ നിന്ന് പ്രചോദനവും കരുത്തും ഉൾക്കൊള്ളാൻ രാജ്യത്തെ ഓരോ പഞ്ചായത്തിനോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ദേശീയ പഞ്ചായത്ത്‌ അവാർഡുകളെക്കുറിച്ച് :

ഉൾക്കൊള്ളൽ സ്വഭാവമുള്ളതും ജനപങ്കാളിത്തത്തോടെയുള്ളതുമായ സുസ്ഥിര ഗ്രാമീണ വികസനത്തിന് മികച്ച സംഭാവനകൾ നൽകുന്ന പഞ്ചായത്തുകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം വർഷം തോറും നൽകിവരുന്നതാണ് ദേശീയ പഞ്ചായത്ത് അവാർഡുകൾ. 2023-ൽ ഈ അവാർഡ് ഘടന സമഗ്രമായി പരിഷ്‌കരിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിന്റെ ഒമ്പത് പ്രമേയങ്ങളുമായി പൊരുത്തപ്പെടുത്തുകയും ചെയ്തു. ഇത് മൂല്യനിർണ്ണയത്തെ കൂടുതൽ സമഗ്രവും സുതാര്യവും ഭാവി ലക്ഷ്യമാക്കിയുള്ളതുമാക്കി മാറ്റി.
2025-ലെ ദേശീയ പഞ്ചായത്ത് അവാർഡുകൾ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് നൽകിയത്:ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്കാർ (DDUPSVP), ദാരിദ്ര്യരഹിത ഉപജീവനമാർഗ്ഗം, ആരോഗ്യം, ശിശുസൗഹൃദ ഭരണം, ജലലഭ്യത, വൃത്തിയുള്ളതും ഹരിതാഭവുമായ പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ , സാമൂഹിക നീതിയും സുരക്ഷയും, സദ് ഭരണം, സ്ത്രീസൗഹൃദ പഞ്ചായത്തുകൾ എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (LSDGs) ഒമ്പത് പ്രമേയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 17 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 34 ഗ്രാമപഞ്ചായത്തുകൾക്കാണ്ഈ പുരസ്കാരം ലഭിച്ചത്. പഞ്ചായത്ത് വികസന സൂചിക (PAI) 2.0 സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
 നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത്‌ സതത് വികാസ് പുരസ്കാർ (NDSPSVP), മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട 8 പഞ്ചായത്തുകൾക്കാണ് നൽകിയത്.ഇതിൽ 3 മികച്ച ജില്ലാ പഞ്ചായത്തുകളും, 2 മികച്ച ബ്ലോക്ക് പഞ്ചായത്തുകളും, 3 മികച്ച ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.

അവാർഡ് ലഭിച്ച പഞ്ചായത്തുകൾക്ക് രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്റെ (RGSA) ഭാഗമായ പഞ്ചായത്തുകൾക്കുള്ള ആനുകൂല്യങ്ങൾ (IoP) പദ്ധതിക്ക് കീഴിൽ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ക്ലിക്ക് ചെയ്യുക.
 
SKY
 
******

(रिलीज़ आईडी: 2268752) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Telugu , Kannada