വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ പൊതുസേവന ഡിജിറ്റൽ മീഡിയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിക്കൊണ്ട്, വേവ്‌സ് ഒ.ടി.ടി ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു
प्रविष्टि तिथि:
02 JUN 2026 6:52PM by PIB Thiruvananthpuram
പ്രസാർ ഭാരതിയുടെ ഡിജിറ്റൽ സ്ട്രീമിങ് (തത്സമയ മാധ്യമസംപ്രേഷണം) പ്ലാറ്റ് ഫോമായ വേവ്‌സ് ഒ.ടി.ടിയിൽ, 2024 നവംബറിലെ സമാരംഭം മുതൽ രണ്ട് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 1 കോടി (10 ദശലക്ഷം) എന്ന നാഴികക്കല്ല് പിന്നിട്ടു.
ഭാരതത്തിൻ്റെ പൊതു ഡിജിറ്റൽ മീഡിയ ആവാസവ്യവസ്ഥയുടെ വളർച്ചയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പിനെയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്. കൂടാതെ രാജ്യത്തും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വിശ്വസനീയവും സമഗ്രവും വൈവിധ്യപൂർണ്ണവുമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന തദ്ദേശീയ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

ഇന്ന്, വിനോദം, വാർത്ത, വിദ്യാഭ്യാസം, സംസ്‌കാരം, ആത്മീയത, പൊതുസേവനം എന്നീ വിഭാഗങ്ങളിലായി 24,000-ത്തിലധികം ഉള്ളടക്ക ശീർഷകങ്ങളും 15,000 മണിക്കൂറിലധികം ഉള്ളടക്കവും വേവ്‌സ് ഒ.ടി.ടിയിൽ ലഭ്യമാണ്. 140-ലധികം തത്സമയസംപ്രേഷണ ടി.വി ചാനലുകൾ, 200-ലധികം റേഡിയോ സേവനങ്ങൾ, ലൈവ് ഇവൻ്റ് സ്ട്രീമിംഗ് (പരിപാടികളുടെ തത്സമയ മാധ്യമസംപ്രേഷണം), പി.എം ഇ-വിദ്യ ചാനലുകൾ വഴിയുള്ള വിദ്യാഭ്യാസ ഉള്ളടക്കം, യോജന, കുരുക്ഷേത്ര, റോസ്ഗർ സമാചാർ എന്നിവയുടെ ഡിജിറ്റൽ പതിപ്പുകൾ, പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ തത്സമയ പ്രക്ഷേപണങ്ങൾ, പ്രസാർ ഭാരതിയിൽ നിന്നുള്ള ആയിരക്കണക്കിന് മണിക്കൂർ പഴയകാല ചരിത്രപ്രധാനവസ്തുതകളുടെ(ആർക്കൈവൽ) ഉള്ളടക്കം എന്നിവ ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.
മൊബൈൽ, വെബ്, ഇൻ്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട് ടി.വി (കണക്റ്റഡ് ടി.വി) ഉപകരണങ്ങൾ എന്നിവയിൽ ലഭ്യമായ വേവ്‌സ് ഒ.ടി.ടി ഇപ്പോൾ 130-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തുന്നു. നിരവധി ഇന്ത്യൻ ഭാഷകളിൽ ഉള്ളടക്കം വാഗ്ദാനം ചെയ്യുകയും പൊതുതാൽപ്പര്യ, വിനോദ പരിപാടികളുടെ വിശാലമായ ശ്രേണിയിലേക്ക് സൗജന്യ അഭിഗമ്യതയേകുകയും ചെയ്യുന്നു.
ഡിജിറ്റൽ യുഗത്തിൽ പൊതുസേവന ഡിജിറ്റൽ മാധ്യമങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രസക്തി ഈ നേട്ടം തെളിയിക്കുന്നുവെന്നും ടെലിവിഷൻ, റേഡിയോ, ആവശ്യാനുസരണമുള്ള ഉള്ളടക്കം, വിദ്യാഭ്യാസം, സംസ്‌കാരം, പൈതൃകം എന്നിവയ്ക്കായി ഒരൊറ്റ ലക്ഷ്യസ്ഥാനം സൃഷ്ടിക്കുക എന്ന ദർശനത്തെ സാധൂകരിക്കുന്നുവെന്നും ഈ നിർണായക നേട്ടത്തെക്കുറിച്ച് പ്രസാർ ഭാരതി അഭിപ്രായപ്പെട്ടു.
ഉള്ളടക്ക നിർദേശങ്ങളുടെ തുടർച്ചയായ വിപുലീകരണം, തന്ത്രപ്രധാന ഡിജിറ്റൽ പങ്കാളിത്തങ്ങൾ, വിശാലമായ ഉപകരണ ലഭ്യത, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം എന്നിവയിലൂടെ പ്ലാറ്റ്‌ഫോം സുസ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. തത്സമയ ഭക്തിസാന്ദ്ര പ്രക്ഷേപണങ്ങൾ, വിദ്യാഭ്യാസ സംബന്ധമായ ഉള്ളടക്കം, ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ, പഴയകാല ചരിത്രപ്രധാനവസ്തുതാ ശേഖരങ്ങൾ, പരിപാടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയ സമീപകാല അനുബന്ധങ്ങൾ പ്രേക്ഷക ഇടപെടലിനെ കൂടുതൽ ശക്തിപ്പെടുത്തി.
രജിസ്റ്റർ ചെയ്ത ഒരു കോടിയിലധികം ഉപയോക്താക്കളും 1.4 കോടിയിലധികം ഡൗൺലോഡുകളുമുള്ള വേവ്സ് ഒ.ടി.ടി ഇപ്പോൾ വളർച്ചയുടെ അടുത്ത ഘട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉള്ളടക്ക പങ്കാളിത്തങ്ങളുടെ വിപുലീകരണം, ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായ വിതരണം, പ്രാദേശിക, വിദ്യാഭ്യാസ ഉള്ളടക്ക സേവനങ്ങൾ ശക്തിപ്പെടുത്തൽ, 2027 മാർച്ചോടെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 2 കോടി എന്ന ലക്ഷ്യം കൈവരിക്കൽ എന്നിവയാണ് ഇതിൽ പ്രധാനം.
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പൊതു സേവന സ്ട്രീമിങ് പ്ലാറ്റ്‌ഫോം എന്ന നിലയിലും ഇന്ത്യയുടെ സംസ്‌കാരം, വിജ്ഞാനം, പൈതൃകം, സർഗ്ഗാത്മകത എന്നിവയുടെ ഡിജിറ്റൽ പ്രദർശനവേദിയെന്ന നിലയിലും വേവ്സ് ഒ.ടി.ടിയുടെ സ്ഥാനം ഈ നേട്ടം അരക്കിട്ടുറപ്പിക്കുന്നു.
****
(रिलीज़ आईडी: 2268161)
आगंतुक पटल : 6