വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ലോക പുകയില വിരുദ്ധ ദിനം: "പുകയില വിമുക്ത തലമുറയിലേക്ക്: സ്കൂൾ ചലഞ്ച് 2025" വിജയികളെ വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു

പോസ്റ്റഡ് ഓണ്‍: 01 JUN 2026 2:32PM by PIB Thiruvananthpuram

ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ദേശീയതലത്തിൽ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സമ്മേളനം സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ മേധാവികൾ, അധ്യാപക പ്രതിനിധികൾ എന്നിവർക്ക് പുറമെ എൻ.സി.ഇ.ആർ.ടി, എൻ.വി.എസ്, കെ.വി.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും 2026 മേയ് 29-ന് ന്യൂഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. MyGov ഇന്നൊവേറ്റ് പ്രചാരണത്തിൽ “പുകയില വിമുക്ത തലമുറയിലേക്ക്: സ്കൂൾ ചലഞ്ച് 2025"-ൽ ഉജ്ജ്വല വിജയം നേടിയ സ്കൂളുകളെ ആദരിക്കുന്നതിനാണ് ഈ ചടങ്ങ് നടത്തിയത്.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ. സഞ്ജയ് കുമാർ വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലഹരിമുക്തവും ആരോഗ്യകരവുമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി സ്കൂളുകൾ നടത്തിയ സജീവമായ ശ്രമങ്ങളെ അദ്ദേഹം ഹാർദ്ദമായി അഭിനന്ദിച്ചു.

ചടങ്ങിൽ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സാമ്പത്തിക ഉപദേശക ശ്രീമതി എ. ശ്രീജ, ജോയിൻ്റ് ഡയറക്ടർ ശ്രീ. രാം സിംഗ്, എൻ.സി.ഇ.ആർ.ടി ഡയറക്ടർ പ്രൊഫ. ദിനേഷ് പ്രസാദ് സക്ലാനി എന്നിവരും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ചടങ്ങിൽ സംസാരിച്ച ശ്രീ. സഞ്ജയ് കുമാർ പുരസ്കാരത്തിന് അർഹരായ സ്കൂളുകളെ അഭിനന്ദിക്കുകയും, രാജ്യത്തുടനീളമുള്ള 17,000-ത്തിലധികം സ്കൂളുകൾ ഈ ചലഞ്ചിൽ പങ്കെടുത്തതിനെ പ്രശംസിക്കുകയും ചെയ്തു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാവാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുകയില നിയന്ത്രണത്തിനായുള്ള നിരന്തര ശ്രമങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ബോധവൽക്കരണം, സംവേദനക്ഷമത വളർത്തൽ, സ്വഭാവ രൂപീകരണ പ്രക്രിയകൾ എന്നിവ ശക്തമാക്കേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

വിദ്യാർത്ഥികളിലെ പ്രാരംഭ പെരുമാറ്റ വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിലും അവരുടെ മാനസികവും വൈകാരികവുമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും അധ്യാപകർക്ക് വലിയ പങ്കാണുള്ളതെന്ന് ശ്രീ. സഞ്ജയ് കുമാർ ഓർമ്മിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുൻകരുതൽ ഇടപെടലുകൾ നടത്തുന്നതിനും സ്കൂളുകൾക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ വിപുലമായ സ്വാധീന ശേഷിയെക്കുറിച്ച് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ ഏകദേശം 24.69 കോടി കുട്ടികളുമായി വിദ്യാലയങ്ങൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത് വഴി 15 മുതൽ 20 കോടി വരെ കുടുംബങ്ങളിലേക്ക് സന്ദേശമെത്തിക്കാൻ സാധിക്കും. പുകയില വിരുദ്ധ പ്രസ്ഥാനത്തെ ഒരു ജനകീയ സാമൂഹിക മുന്നേറ്റമാക്കി മാറ്റാൻ ഈ സ്വാധീനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റിലും പുകയില വിരുദ്ധ അന്തരീക്ഷം കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം, വികസിതവും ആരോഗ്യപൂർണ്ണവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പുകയില വിരുദ്ധ ദീർഘകാല പദ്ധതിക്ക് സ്കൂളുകളും കുടുംബങ്ങളും സജീവ പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നശാ മുക്ത് ഭാരത് സംരംഭത്തിന് കീഴിൽ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിൻ്റെ മൂന്ന് വർഷത്തെ കർമ്മപദ്ധതിയും (2026-2029) 'നശാ മുക്ത് വിദ്യാലയ' (NMV) പോർട്ടലും (https://tofei.education.gov.in/) ചടങ്ങിൽ പ്രകാശനം ചെയ്തു. നശാ മുക്ത് വിദ്യാലയ അഭിയാൻ നടപ്പിലാക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിക്കുന്ന പുരോഗതി നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള പ്രധാന പ്ലാറ്റ്‌ഫോമായി ഈ പോർട്ടൽ പ്രവർത്തിക്കും.

ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച 12 സ്കൂളുകളെ ആദരിച്ചു. ഫൗണ്ടേഷണൽ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാല് വിഭാഗങ്ങളിൽ നിന്നായി മൂന്ന് സ്കൂളുകളെ വീതമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. വിജയികളായ സ്കൂളുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 25,000 രൂപയും, മൂന്നാം സ്ഥാനത്തിന് 15,000 രൂപയുമാണ് ക്യാഷ് അവാർഡായി നൽകിയത്. കൂടാതെ, ഈ സംരംഭത്തിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കിയ 41 സ്കൂളുകൾക്ക് പ്രശംസാ പത്രങ്ങളും സമ്മാനിച്ചു.

നശാ മുക്ത് വിദ്യാലയ കർമ്മപദ്ധതി; നാല് പ്രധാന ലക്ഷ്യങ്ങൾ 

1) നശാ മുക്ത് വിദ്യാലയ പോർട്ടൽ: സ്കൂളുകളുടെ സ്വയം പ്രഖ്യാപനം, നിരീക്ഷണം, യുഡൈസ് പ്ലസ് (UDISE+) വഴിയുള്ള അനുവർത്തന ട്രാക്കിംഗ് എന്നിവ ഉറപ്പാക്കൽ.

2) സുരക്ഷിത മേഖല: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള 500 മീറ്റർ പരിധി പൂർണ്ണമായും ലഹരിമുക്ത മേഖലയായി കർശനമായി നടപ്പിലാക്കും.

3) പാഠ്യപദ്ധതി പരിഷ്കരണം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള പ്രതിരോധവും ആരോഗ്യ വിദ്യാഭ്യാസവും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ, മറ്റ് സംസ്ഥാന ബോർഡുകൾ എന്നിവയുടെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തും.

4) ബോധവൽക്കരണ സാമഗ്രികൾ: അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ അവബോധം വളർത്തുന്നതിനായി വിവിധ ഭാഷകളിൽ തയാറാക്കിയ മാനദണ്ഡങ്ങളുള്ള വിവര-വിദ്യാഭ്യാസ-ആശയവിനിമയ സാമഗ്രികൾ വികസിപ്പിക്കും.

അധ്യാപകർക്കായുള്ള പ്രീ-സർവീസ്, ഇൻ-സർവീസ് പരിശീലനങ്ങളിലൂടെ അവരുടെ ശേഷി വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ലഹരിയുടെ ഭീഷണിയിലുള്ള കുട്ടികളെ നേരത്തെ തിരിച്ചറിഞ്ഞ് കൗൺസിലിംഗിന് വിധേയമാക്കുക, 'മനോദർപൻ' പദ്ധതിയിലൂടെ (ദേശീയ ഹെൽപ്പ് ലൈൻ നമ്പർ: 844 844 0632) മാനസികാരോഗ്യ പിന്തുണ നൽകുക എന്നിവയും ഇതിൻ്റെ ഭാഗമാണ്.

പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന സുസ്ഥിര നയങ്ങളെയും സ്ഥാപനപരമായ ശ്രമങ്ങളെയും കുറിച്ച് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിലെ സാമ്പത്തിക ഉപദേശകയായ എം. ശ്രീജ സ്വാഗത പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. 2003-ലെ കോട്പ (COTPA) നിയമം, 2019-ൽ ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഏർപ്പെടുത്തിയ നിരോധനം, പുകയില ഉൽപന്നങ്ങൾക്ക് ഉയർന്ന ജി.എസ്.ടി നിരക്കുകളും സെസുകളും ചുമത്തിയത് ഉൾപ്പെടെ, പുകയില ഉപയോഗം തടയുന്നതിനായി ഇന്ത്യാ ഗവണ്മെൻ്റ് സ്വീകരിച്ച നിയമപരവും സാമ്പത്തികവുമായ നടപടികൾ അവർ അനുസ്മരിച്ചു.

പുകയില നിയന്ത്രണ പ്രവർത്തനങ്ങളും പൊതുജന ബോധവൽക്കരണ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ  ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേയിലെ വിവരങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, കുട്ടികളിലും കൗമാരക്കാരിലും പ്രാരംഭ ഘട്ടത്തിൽത്തന്നെ അവബോധവും പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. വിദ്യാലയങ്ങളിൽ വെച്ചുതന്നെ പുകയിലയുടെയും ലഹരിവസ്തുക്കളുടെയും ദോഷഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ഓർമ്മിപ്പിച്ചു; ചെറുപ്പത്തിലേയുള്ള ഇത്തരം ഇടപെടലുകൾ അവരുടെ ജീവിതകാലം മുഴുവൻ ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

സ്കൂളുകളിലും സംസ്ഥാനങ്ങളിലും പുകയില വിരുദ്ധ അവബോധവും നിയമപാലനവും കൂടുതൽ ശക്തമാക്കുന്നതിനായി, സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് 2024-ൽ 'ടോഫെ' മാർഗ്ഗ രേഖകൾ നടപ്പിലാക്കുന്നതിനുള്ള ഒരു പ്രത്യേക മാനുവൽ തയ്യാറാക്കിയിട്ടുണ്ടെന്ന് എം. ശ്രീജ ചടങ്ങിൽ അറിയിച്ചു.

പുകയില-ലഹരി വസ്തുക്കളുടെ ഉപയോഗം തടയൽ, മാനസികാരോഗ്യം, കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് ചടങ്ങിൻ്റെ ഭാഗമായി വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചകളും നടന്നു. ഒരു ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സ്കൂളുകൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യത്തേയും ചർച്ചയിൽ പങ്കെടുത്ത  വിദഗ്ധർ അടിവരയിട്ടു.

****


( റിലീസ് ഐ.ഡി: 2267637) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu