ഉപരാഷ്ട്രപതിയുടെ കാര്യാലയം
ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഗോള ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
29 MAY 2026 2:30PM by PIB Thiruvananthpuram
ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഗോള ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു. ലോകമെമ്പാടും സമാധാനം, സൗഹാർദ്ദം, സേവനം, ആത്മീയ ബോധം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘടന നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം വൻകരകളും സംസ്കാരങ്ങളും തലമുറകളും താണ്ടി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവേ, ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സംഘടനയുടെ ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഏകദേശം 180 രാജ്യങ്ങളിൽ ആർട്ട് ഓഫ് ലിവിങ്ങിന് കേന്ദ്രങ്ങളുണ്ടെന്നും നിരീക്ഷിച്ചു.
"ആന്തരിക സമാധാനമാണ് ബാഹ്യ സൗഹാർദ്ദത്തിന്റെ അടിത്തറ" എന്ന തത്ത്വത്തിലൂന്നി നാലര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ പ്രസ്ഥാനം, ഇന്ന് കാരുണ്യവും പ്രതിരോധശേഷിയും സന്തോഷവും വളർത്തുന്ന പ്രധാന മാനുഷിക-ആത്മീയ ശക്തിയായി മാറിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഭക്തിയുടെ അർത്ഥതലങ്ങളെക്കുറിച്ച് സംസാരിക്കവെ, ഭക്തി എന്നത് വെറുമൊരു ആരാധന മാത്രമല്ലെന്നും മറിച്ച് വ്യക്തിയോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടും ഒപ്പം മാനവികതയോടുമുള്ള സമർപ്പണമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കാൻ ആളുകളെ പഠിപ്പിക്കുന്നതാണ് ആത്മീയതയെന്നും, അത് ജീവിതത്തെ അർത്ഥപൂർണ്ണവും സഫലവുമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറെ പ്രശംസിച്ച ഉപരാഷ്ട്രപതി, സംഘർഷങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്ത് ജ്ഞാനം, ബോധം, സമാധാനം, സൗഹാർദ്ദം എന്നീ മൂല്യങ്ങളിലൂടെ മാനവികതയ്ക്ക് പ്രചോദനം നൽകാൻ ഗുരുദേവിന് സാധിക്കുന്നുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും കാരുണ്യവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
ധ്യാനം, സേവനം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, പരിസ്ഥിതി പ്രവർത്തനങ്ങൾ, മതസൗഹാർദ്ദ ചർച്ചകൾ എന്നിവയിലൂടെ സാമൂഹിക മാറ്റത്തിൽ ആത്മീയതയ്ക്ക് എത്രത്തോളം പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ആർട്ട് ഓഫ് ലിവിങ് തെളിയിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ധ്യാനത്തിന്റെയും ഏകാഗ്രതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഏകാഗ്രതയുള്ള ഒരു മനസ്സിന് അസാധാരണമായ കാര്യങ്ങൾ കൈവരിക്കാൻ കഴിയുമെന്നും വ്യക്തമാക്കി.
യുവാക്കൾക്ക് പുരാതന സംസ്കാരവും ആധുനികതയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന പ്രചോദനാത്മകമായ ഒരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ ഗുരുദേവ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആധുനികതയും പുരാതന പൈതൃകവും പരസ്പര പൂരകങ്ങളാണെന്ന് നിരീക്ഷിച്ച അദ്ദേഹം, സംഘടനയുടെ സേവന അധിഷ്ഠിത പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നതിനെ അഭിനന്ദിച്ചു.
'റോക്ക് സത്സംഗ്', 'ഭജൻ ക്ലബ്ബിങ്' തുടങ്ങിയ നൂതന സംരംഭങ്ങളെ പരാമർശിക്കവേ, ഇന്ത്യയുടെ പുരാതന ജ്ഞാന പാരമ്പര്യങ്ങളെ ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് ആസ്വദിക്കാൻ പാകത്തിൽ സമകാലിക രൂപത്തിൽ പുനരുജ്ജീവിപ്പിക്കാൻ ഇത്തരം ശ്രമങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ലഹരിമുക്ത ഭാരതത്തിനായി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ നടത്തുന്ന പ്രചാരണങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. യുവമനസ്സുകൾ ദോഷകരമായ ലഹരികൾക്ക് അടിമപ്പെടുന്നതിന് പകരം, ആത്മനിയന്ത്രണത്തിലും നല്ല മൂല്യങ്ങളിലും അധിഷ്ഠിതമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, രാജ്യം ഇന്ന് ചരിത്രത്തിലെ ഒരു സവിശേഷ നിമിഷത്തിലാണെന്നും ആത്മവിശ്വാസത്തോടും വലിയ ലക്ഷ്യങ്ങളോടും കൂടി ആഗോളതലത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചുവരികയാണെന്നും പ്രസ്താവിച്ചു. നമ്മുടെ സാംസ്കാരിക പൈതൃകം, യോഗ, ആരോഗ്യം, സുസ്ഥിരത, ‘വസുധൈവ കുടുംബകം’ (ലോകം ഒരൊറ്റ കുടുംബം) എന്നിവയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകുന്ന ഊന്നൽ, ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ മുന്നോട്ടുവെക്കുന്ന മൂല്യങ്ങളുമായി തികച്ചും ഒത്തുപോകുന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഈ പ്രസ്ഥാനത്തിന്റെ സന്നദ്ധപ്രവർത്തകരെ പ്രശംസിച്ച ഉപരാഷ്ട്രപതി, സംഘടനയുടെ ലക്ഷ്യങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ച അവരെ "സേവനത്തിന്റെ നിശ്ശബ്ദ ശില്പികൾ" എന്ന് വിശേഷിപ്പിച്ചു. ഒരു വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റം ഒരു കുടുംബത്തെയാകെ ശാക്തീകരിക്കുമെന്നും അത് ഒടുവിൽ സമൂഹത്തിന് മുഴുവൻ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ട് ഓഫ് ലിവിങ് കാമ്പസിനുള്ളിലെ ഗണപതി ക്ഷേത്രത്തിൽ ഉപരാഷ്ട്രപതി പ്രാർത്ഥന നടത്തുകയും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്യുകയും ചെയ്തു.
കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെഹ് ലോട്ട്, ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ, ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ അംഗങ്ങൾ, സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖർ, പതിനായിരക്കണക്കിന് ഭക്തർ, സന്നദ്ധപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
SKY
******
( റിലീസ് ഐ.ഡി: 2266665)
സന്ദര്‍ശക കൗണ്ടര്‍ : 5