വാണിജ്യ വ്യവസായ മന്ത്രാലയം
2026-ലെ വ്യാപാര-നിക്ഷേപ ഫോറത്തില്‍ കാനഡ-ഇന്ത്യ സംയുക്ത പ്രസ്താവന
പോസ്റ്റഡ് ഓണ്‍:
29 MAY 2026 9:00AM by PIB Thiruvananthpuram
ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും കാനഡയിലെയും ഇന്ത്യയിലെയും വ്യാപാരസംരംഭങ്ങള്‍ക്ക് സാമ്പത്തിക വളർച്ചയും ഉയര്‍ന്ന അവസരങ്ങളും നൽകുന്ന ഫലങ്ങൾ കൈവരിക്കാനും മന്ത്രിമാരായ മാനീന്ദർ സിദ്ധുവും ശ്രീ പീയുഷ് ഗോയലും പ്രതിബദ്ധത ആവര്‍ത്തിച്ചു. സമീപകാല മന്ത്രിതല ഇടപെടലുകളില്‍ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ മന്ത്രി ഗോയലിനെയും ലോകത്ത് ഇതുവരെ അയച്ചതില്‍ ഏറ്റവും വലിയ ഇന്ത്യൻ പ്രതിനിധി സംഘത്തെയും മന്ത്രി സിദ്ധു സ്വാഗതം ചെയ്തു. ഹരിതോര്‍ജം, നിർണായക ധാതുക്കള്‍, അഗ്രി-ഫുഡ്, അത്യാധുനിക ഉല്പാദനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനം തുടങ്ങി പരസ്പര പൂരക മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിലെ അവസരങ്ങൾ അദ്ദേഹം അടിവരയിട്ടു.
അഭിലാഷപൂർണവും പരസ്പരം പ്രയോജനകരവുമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) മുന്നോട്ട് പോകാന്‍ പ്രതിബദ്ധത ആവര്‍ത്തിച്ച ഇരുമന്ത്രിമാരും ഈ വർഷാവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യം വ്യക്തമാക്കി. വിപണി പ്രവേശനം വ്യാപിപ്പിക്കുന്നതിലും ശക്തമായ വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്നതിലും ഇരുപക്ഷത്തിന്റെയും സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതിലും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രാധാന്യം ഇരുവരും എടുത്തുപറഞ്ഞു.
കാനഡയിലെയും ഇന്ത്യയിലെയും വ്യാപാര മേഖലയിലെ നേതാക്കളെ ഒന്നിപ്പിക്കാനും പുതിയ വാണിജ്യ പങ്കാളിത്തങ്ങളും ഉയര്‍ന്ന വ്യാപാര ഇടപെടലുകളും വളർത്താനും സുപ്രധാന വേദിയായി മന്ത്രിമാർ കാനഡ-ഇന്ത്യ വ്യാപാര നിക്ഷേപ ഫോറത്തിന് തുടക്കം കുറിച്ചു.
വിപുലീകരിച്ച വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും അത്യന്താപേക്ഷിതമായ ചാലകശക്തികളെന്ന നിലയിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം, വ്യാപാര ഗതാഗത സൗകര്യങ്ങള്‍, നേരിട്ടുള്ള വാണിജ്യ സമ്പർക്കങ്ങൾ എന്നിവ ഉൾപ്പെടെ ഇന്ത്യയും കാനഡയും തമ്മിലെ ബന്ധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ എടുത്തുപറഞ്ഞു.
ഈ വർഷാവസാനത്തോടെ കാനഡ ഇന്ത്യയിലേക്ക് 'ടീം കാനഡ വ്യാപാര ദൗത്യം' നയിക്കുമെന്ന് മന്ത്രി സിദ്ധു സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വ്യാപിപ്പിക്കുന്നതിൽ കനേഡിയൻ വ്യാപാര സംരംഭങ്ങളുടെ ശക്തമായ താല്പര്യത്തെയും വാണിജ്യ പങ്കാളിത്തം ആഴത്തിലാക്കുന്നതുമായി ബന്ധപ്പെട്ട പങ്കിട്ട ലക്ഷ്യങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.
മുൻഗണനാ മേഖലകളിൽ നിലവാരമേറിയ ദീർഘകാല നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനും ഇരുരാജ്യങ്ങളിലെയും വ്യാപാര സംരംഭങ്ങള്‍, നൂതനാശയക്കാര്‍, സ്ഥാപന പങ്കാളികൾ എന്നിവർ തമ്മിലെ ശക്തമായ സഹകരണം പിന്തുണയ്ക്കാനും ഇരുരാജ്യങ്ങളും അംഗീകാരം നല്‍കി. വരും മാസങ്ങളിൽ പതിവ് ചർച്ചകൾ നിലനിർത്താനും കൃത്യമായ ഫലങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും മന്ത്രിമാർ പ്രതിബദ്ധത അറിയിച്ചു.
SKY
******
( റിലീസ് ഐ.ഡി: 2266541)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada