കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
28 MAY 2026 6:35PM by PIB Thiruvananthpuram
2016-ൽ നിലവിൽ വന്ന ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (IBC) ഇന്ന് 10 വർഷം പൂർത്തിയാക്കുന്നു. നിയമം നടപ്പാക്കി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ കേവലമൊരു നിയമപരിഷ്കാരമെന്നതിലുപരി വായ്പാ വിപണികളിലും കോർപ്പറേറ്റ് രീതികളിലും നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും സാമ്പത്തിക കാര്യക്ഷമതയിലുമെല്ലാം വലിയ സ്വാധീനം ചെലുത്തിയ സ്ഥാപനപരമായ പരിവർത്തനമായി ഇത് മാറിയിരിക്കുന്നു.
ഒരു നിർണായക പരിഷ്കാരമായി ആഘോഷിക്കപ്പെടുന്ന ഈ നിയമം രാജ്യത്തെ ചിതറിക്കിടന്ന പാപ്പരത്ത ചട്ടക്കൂടുകളെ ഏകീകരിക്കുകയും ആധുനികീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയത്. നിയമം നടപ്പാക്കിയതോടെ കുടിശ്ശിക ഈടാക്കുന്ന സംവിധാനങ്ങൾ മെച്ചപ്പെടുകയും ഉത്തരവാദിത്തപൂര്‍ണമായ വായ്പാ ഇടപാടുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ഇന്ത്യയുടെ സാമ്പത്തിക-നിയമ വ്യവസ്ഥകളിലെ ആത്മവിശ്വാസം ശക്തിപ്പെടുകയും ചെയ്തു.
2026 മാർച്ച് വരെ ലഭ്യമായ കണക്കനുസരിച്ച് 1,419 കേസുകളിൽ പരിഹാര പദ്ധതികൾ രൂപീകരിക്കാനായി എന്ന വസ്തുതയിൽ നിന്ന് ഇത് വ്യക്തമാണ്. കടം നൽകിയവർക്ക് 4 ലക്ഷം കോടിയിലധികം രൂപ വീണ്ടെടുക്കാന്‍ ഈ പരിഹാര നടപടികള്‍ വഴിയൊരുക്കി. കടം നൽകിയവർക്ക് ലഭിച്ച ഈ തുക അവരുടെ ന്യായമായ മൂല്യത്തിന്റെ 95 ശതമാനവും ലിക്വിഡേഷന്‍ മൂല്യത്തിന്റെ 167 ശതമാനവുമാണ്.
ഇന്ന് ഈ നിയമവുമായി ബന്ധപ്പെട്ട് വികസിച്ചുവരുന്ന നിയമതത്വങ്ങൾ പുതിയ സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കും പങ്കാളികളുടെ പ്രതീക്ഷകൾക്കുമനുസരിച്ച് മാറാൻ കെൽപ്പുള്ള ശക്തവും ഊർജസ്വലവുമായ പാപ്പരത്ത വ്യവസ്ഥ രൂപപ്പെടുത്താന്‍ വഴിയൊരുക്കിയിട്ടുണ്ട്.
2026 മാർച്ച് വരെ ആകെ 8,987 കേസുകളാണ് ഫയലിൽ സ്വീകരിച്ചത്. ഇതിൽ 7,102 കേസുകൾ പൂർണമായി തീർപ്പാക്കി. തീർപ്പാക്കിയ കേസുകളിൽ 4,099 കമ്പനികളെ അഥവാ 58 ശതമാനത്തെ വിജയകരമായി കരകയറ്റാന്‍ സാധിച്ചപ്പോള്‍ മറ്റ് 3,003 കേസുകൾ സ്ഥാപനം നിര്‍ത്തലാക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചേർന്നു.
സംരക്ഷിച്ച സ്ഥാപനങ്ങളിൽ 1,388 കേസുകൾ അപ്പീലോ പുനഃപരിശോധനയോ ഒത്തുതീർപ്പോ കാരണം അവസാനിപ്പിച്ചവയാണ്. 1,292 കേസുകൾ പിൻവലിക്കപ്പെട്ടു.
പരിഹാര പദ്ധതികളിലൂടെ അവസാനിച്ച കേസുകളിൽ ഏകദേശം 42% കേസുകളും നേരത്തെ വ്യാവസായിക സാമ്പത്തിക പുനരുജ്ജീവന ബോര്‍ഡിന്റെ മുന്നിലുണ്ടായിരുന്നതോ പ്രവർത്തനം നിലച്ചതോ ആയ കമ്പനികളുടേതായിരുന്നു എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഈ നിയമത്തിന്റെ പങ്കിനെ ഇത് അടിവരയിടുന്നു.
വായ്പയെടുക്കുന്നവർക്കിടയിൽ സാമ്പത്തിക അച്ചടക്കം വളർത്തുന്നതിലും തിരിച്ചടവ് സംസ്കാരം ശക്തിപ്പെടുത്തുന്നതിലും നിയമം വലിയ പങ്കുവഹിച്ചു.
ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് മുൻപാകെ ഫയൽ ചെയ്ത 30,000-ത്തിലധികം കേസുകൾ അവ ഫയലിൽ സ്വീകരിക്കുന്നതിന് മുൻപത്തെ ഘട്ടത്തിൽ തന്നെ പിൻവലിക്കലിലൂടെ പരിഹരിക്കപ്പെട്ടുവെന്ന വസ്തുതയിൽ നിന്ന് ഈ നിയമത്തിന്റെ പ്രതിരോധ സ്വാധീനം വ്യക്തമാണ്. ഏകദേശം 14 ലക്ഷം കോടി രൂപ ഉൾപ്പെട്ട കേസുകളാണിവ. ഔദ്യോഗിക പാപ്പരത്ത നടപടികളിലേക്ക് കടക്കാതെ തന്നെ സാമ്പത്തിക പ്രതിസന്ധികൾ യഥാസമയം പരിഹരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഈ നിയമം കടക്കാരനും കടം നൽകിയവനും തമ്മിലെ ബന്ധത്തിൽ വരുത്തിയ മാറ്റത്തിന്റെ വ്യാപ്തിയാണ് ഈ ഒത്തുതീർപ്പുകൾ പ്രകടമാക്കുന്നത്.
ഇത്തരം ഒത്തുതീർപ്പുകളും പിൻവലിക്കലുകളും ഉണ്ടായിരുന്നില്ലെങ്കിൽ ബാങ്കിങ് മേഖലയിലെ ആകെ നിഷ്‌ക്രിയ ആസ്തി അനുപാതം 2025 സെപ്റ്റംബറിലെ റിപ്പോർട്ടിലെ 2.1% എന്ന നിലയേക്കാൾ ഗണ്യമായി ഉയർന്ന നിലയില്‍ തുടരുമായിരുന്നു. 2017-ൽ ഇത് ഏകദേശം 11.8% ആയിരുന്നുവെന്ന് ഇന്ത്യയിലെ ബാങ്കിങ് പ്രവണതയും പുരോഗതിയും സംബന്ധിച്ച റിസർവ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തുക വീണ്ടെടുക്കുന്നതിലെ മികച്ച ഫലങ്ങള്‍, അതിവേഗ പരിഹാര സമയപരിധികൾ, കടം നൽകിയവരുടെ ശാക്തീകരണം എന്നിവ ഇന്ത്യയുടെ പാപ്പരത്ത വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകി. ആഭ്യന്തര പരിഹാര, വീണ്ടെടുക്കൽ വ്യവസ്ഥയുടെ കാര്യക്ഷമതയിലുണ്ടായ പുരോഗതി അംഗീകരിച്ച് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ് ഇന്ത്യയുടെ പാപ്പരത്ത ചട്ടക്കൂടിനെ 'ഗ്രൂപ്പ് സി'-ൽ നിന്ന് 'ഗ്രൂപ്പ് ബി'-ലേക്ക് ഉയർത്തി.
ശരാശരി തുക വീണ്ടെടുക്കല്‍ നിരക്ക് IBC നടപ്പാക്കുന്നതിന് മുന്‍പത്തെ ഏകദേശം 15 മുതല്‍ 20 വരെ ശതമാനത്തിൽ നിന്ന് നിയമം നടപ്പാക്കിയതിന് ശേഷം ഏകദേശം 30 ശതമാനമായി വർധിച്ചു. അതേസമയം പരിഹാര സമയപരിധി ഏകദേശം 6 മുതല്‍ 8 വർഷമായിരുന്നത് നിയമത്തിന് കീഴിൽ ഏകദേശം 2 വർഷമായി കുറഞ്ഞു.
ഇന്ത്യയിലെ ബാങ്കിങ് പ്രവണതയും പുരോഗതിയും സംബന്ധിച്ച 2024-25-ലെ റിസർവ് ബാങ്ക് റിപ്പോർട്ടിലും നിയമത്തിന്റെ തുടർച്ചയായ ഫലപ്രാപ്തി പ്രതിഫലിക്കുന്നു. പ്രതിസന്ധിയിലായ ആസ്തികൾ വീണ്ടെടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ സംവിധാനമായി ഈ റിപ്പോർട്ട് നിയമത്തെ അടയാളപ്പെടുത്തുന്നു. അംഗീകൃത വാണിജ്യ ബാങ്കുകൾ വിവിധ മാർഗങ്ങളിലൂടെ വീണ്ടെടുത്ത ആകെ 1.04 ലക്ഷം കോടി രൂപയിൽ ഏകദേശം 52.4% വരുന്ന 0.54 ലക്ഷം കോടി രൂപയും നേടിയെടുത്തത് IBC പ്രക്രിയയിലൂടെയാണ്.
പ്രതിസന്ധിയിലായ ആസ്തികൾ കൈകാര്യം ചെയ്യുന്നതിലും ആകെ നിഷ്‌ക്രിയ ആസ്തികൾ കുറയ്ക്കുന്നതിലേക്ക് സംഭാവന നൽകുന്നതിലും പാപ്പരത്ത ചട്ടക്കൂടിന്റെ വർധിച്ചുവരുന്ന ഫലപ്രാപ്തി എടുത്തുപറയുന്നതാണ് റിപ്പോർട്ട്. IBC-യ്ക്ക് കീഴിലെ തുക വീണ്ടെടുക്കല്‍ നിരക്ക് മുന്‍വർഷത്തെ 28.3 ശതമാനത്തിൽ നിന്ന് 2024-25 ൽ 36.6 ശതമാനമായി മെച്ചപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
IBC നടപ്പാക്കിയതിന് പിന്നാലെ വായ്പാ ശീലങ്ങളില്‍ പ്രകടമായ പുരോഗതിയുണ്ടായതായി ഐഐഎം ബാംഗ്ലൂർ നടത്തിയ പഠനം നിരീക്ഷിക്കുന്നു. പ്രത്യേകിച്ച് 'തിരിച്ചടവ് മുടങ്ങിയ' വിഭാഗത്തിൽ നിന്ന് 'സാധാരണ' വിഭാഗത്തിലേക്ക് മാറുന്ന വായ്പാ അക്കൗണ്ടുകളുടെ അനുപാതത്തില്‍ 2018-നും 2024-നും ഇടയിലുണ്ടായ ക്രമാനുഗത വര്‍ധന വായ്പയെടുത്തവരുടെ മെച്ചപ്പെട്ട ശീലങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
അക്കൗണ്ടിലെ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന ശരാശരി ദിവസങ്ങളുടെ എണ്ണത്തിലുണ്ടായ വലിയ കുറവിലും സാമ്പത്തിക ശീലത്തിലെ ഈ മാറ്റം പ്രകടമാണ്. 248 മുതല്‍ 344 ദിവസങ്ങളായിരുന്നത് വെറും 30 മുതല്‍ 87 ദിവസങ്ങളായി കുറഞ്ഞു.
IBC-യ്ക്ക് കീഴിൽ പരിഹാരം കണ്ടെത്തിയ കമ്പനികളെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് 2025-ല്‍ നടത്തിയ പഠനത്തില്‍ പരിഹാര പദ്ധതികള്‍ക്ക് ശേഷം അഞ്ച് വർഷക്കാലയളവിൽ പ്രധാന പ്രവർത്തന-സാമ്പത്തിക സൂചകങ്ങളിലുടനീളം ഗണ്യമായ പുരോഗതിയോടെ വ്യാപാരസംരംഭങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതായി വ്യക്തമാക്കുന്നു.
പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കിയ കമ്പനികളുടെ ശരാശരി വില്പന ഏകദേശം 89% വർധിച്ചു. അതേസമയം ആസ്തി വിനിയോഗ അനുപാതം ഏകദേശം 131% മെച്ചപ്പെട്ടത് പ്രവർത്തന കാര്യക്ഷമതയും വ്യാപാരസംരംഭത്തിന്റെ വീണ്ടെടുക്കലും കാണിക്കുന്നു. ശരാശരി മൂലധനച്ചെലവ് അഞ്ച് വർഷത്തിനിടെ ഏകദേശം 106% വർധിച്ചത് പുതുക്കിയ നിക്ഷേപത്തെയും സാമ്പത്തിക നിലനിൽപ്പിനെയും പ്രതിഫലിപ്പിക്കുന്നു.
വിജയകരമായ പരിഹാര നടപടികള്‍ക്ക് ശേഷം നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെട്ടതിന്റെയും ദീർഘകാല വളർച്ചാ സാധ്യതകൾ മെച്ചപ്പെട്ടതിന്റെയും സൂചനയായി പട്ടികപ്പെടുത്തിയ ഇത്തരം സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം അഞ്ച് വർഷത്തിനകം ഏകദേശം 2.8 ലക്ഷം കോടി രൂപയിൽ നിന്ന് 9 ലക്ഷം കോടി രൂപയായി ഉയർന്നതായും പഠനം വ്യക്തമാക്കുന്നു.
വർഷങ്ങളോളം നീളുന്ന കാലതാമസം മൂലം ആസ്തികൾ തുച്ഛമായ വിലയ്ക്ക് ഭാഗങ്ങളായി വിറ്റഴിക്കപ്പെടുകയും ഒരു കമ്പനി കെട്ടിപ്പടുക്കാൻ നടത്തിയ നിക്ഷേപത്തിന് യാതൊരു മൂല്യവും ലഭിക്കാതെ വരികയും ഒടുവിൽ കടം നൽകിയവർക്ക് ഒരു രൂപയ്ക്ക് ഏതാനും പൈസ മാത്രം തിരിച്ചുപിടിക്കേണ്ടി വരികയും ചെയ്തിരുന്ന സംരംഭക മൂല്യത്തകർച്ചയുടെ കാലഘട്ടത്തിനപ്പുറത്തേക്ക് ഒരു മാറ്റം 2016-ൽ IBC നടപ്പാക്കിയപ്പോള്‍ നിയമം ഉറപ്പുനൽകിയിരുന്നു.
ഇതിനനുസൃതമായി കാര്യക്ഷമത, കോർപ്പറേറ്റ് പുനരുജ്ജീവനം, മൂല്യം പരമാവധിയാക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകി സാമ്പത്തിക പ്രതിസന്ധികളും പാപ്പരത്തവും പരിഹരിക്കാന്‍ വായ്പ നൽകിയവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതും സമയബന്ധിതവും വ്യക്തവുമായ സംവിധാനമൊരുക്കാന്‍ നിയമം ശ്രമിച്ചു. അതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ കടം, സംരംഭം, ഉത്തരവാദിത്തം എന്നിവ തമ്മിലെ ബന്ധത്തെ നിയമം അടിസ്ഥാനപരമായി പുനഃക്രമീകരിച്ചു.
IBC-യുടെ പത്തുവർഷത്തെ നാഴികക്കല്ല് പുനർവിചിന്തനത്തിനും വിലയിരുത്തലിനും പുതിയ കാഴ്ചപ്പാടുകൾക്കും സുപ്രധാന അവസരമാണ്. ഇന്ത്യയുടെ സാമ്പത്തിക-സ്ഥാപന മേഖലകളിൽ പാപ്പരത്ത ചട്ടക്കൂട് സൃഷ്ടിച്ച പരിവർത്തനാത്മക സ്വാധീനം ആഴത്തില്‍ വിലയിരുത്താന്‍ വഴിയൊരുക്കുന്ന നിയമം പക്വതയാർന്ന പാപ്പരത്ത വ്യവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2047-ലെ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ സംരംഭകത്വം നിലനിർത്താനും ഉല്പാദനക്ഷമമായ മൂലധനം സംരക്ഷിക്കാനും സാമ്പത്തിക സ്ഥിരത ആഴത്തിലാക്കാനും ഉത്തരവാദിത്തപൂര്‍ണ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും കാര്യക്ഷമവും ശക്തവുമായ പാപ്പരത്ത വ്യവസ്ഥയുടെ തുടർച്ചയായ വികസനം അത്യന്താപേക്ഷിതമായി തുടരും.