ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ലീഗൽ മെട്രോളജി പരിഷ്കാരങ്ങൾ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും അവലോകന യോഗം വിളിച്ച് ഉപഭോക്തൃ കാര്യ വകുപ്പ്
പോസ്റ്റഡ് ഓണ്‍:
28 MAY 2026 3:41PM by PIB Thiruvananthpuram
ലീഗൽ മെട്രോളജി ആക്ട് (2009)-ന് കീഴിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് പ്രാദേശിക അവലോകന യോഗം ചേർന്നു. 'ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ആക്ട്, 2026' വഴി നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് യോഗം അവലോകനം ചെയ്തത്. റെഗുലേറ്ററി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൻ്റെ ഡീറെഗുലേഷൻ സെല്ലും, ഉന്നതാധികാര സമിതിയും (HLC) മുന്നോട്ടുവെച്ച ശുപാർശകളും യോഗത്തിൽ ചർച്ചയായി.2026 മേയ് 27-ന് നടന്ന യോഗത്തിൽ കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
യോഗത്തിൽ പ്രധാനമായും ഇനിപ്പറയുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്:
പുതിയ രജിസ്ട്രേഷൻ അധിഷ്ഠിത ചട്ടക്കൂട് നടപ്പിലാക്കൽ.
ചെറിയ രീതിയിലുള്ള നടപടിക്രമ ലംഘനങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റുകയും പകരം പിഴവുകൾ തിരുത്താൻ അവസരം നൽകുന്ന 'ഇംപ്രൂവ്‌മെൻ്റ് നോട്ടീസുകൾ' ഏർപ്പെടുത്തലും.
ഗവൺമെൻ്റ് അംഗീകൃത ടെസ്റ്റ് സെന്ററുകളുടെ (GATCs) എണ്ണം വർദ്ധിപ്പിക്കലും ലീഗൽ മെട്രോളജി സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാക്കലും.
ഉദ്യോഗസ്ഥരുടെയും അനുബന്ധ ജീവനക്കാരുടെയും ശേഷി വികസനവും പരിശീലനവും.
ലൈസൻസിംഗിൽ നിന്ന് രജിസ്ട്രേഷനിലേക്ക്:
"ലൈസൻസിംഗ്" സമ്പ്രദായത്തിൽ നിന്ന് "രജിസ്ട്രേഷൻ" രീതിയിലേക്കുള്ള മാറ്റം പൂർണ്ണമായും വിശ്വാസത്തിലധിഷ്ഠിതവും ബിസിനസ്സ് സൗഹൃദപരവുമായ ഒരു നിയന്ത്രണ സംവിധാനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക്, അനാവശ്യമായ കാലതാമസമോ മുൻകൂർ പരിശോധനകളോ കൂടാതെ തന്നെ രജിസ്ട്രേഷൻ സ്വയമേവ അനുവദിക്കണമെന്നും യോഗത്തിൽ ഊന്നിപ്പറഞ്ഞു.
കുറ്റവിമുക്തമാക്കലും ‘ഇംപ്രൂവ്‌മെൻ്റ് നോട്ടീസ്’ സംവിധാനവും:
ജൻ വിശ്വാസ് പരിഷ്കാരങ്ങളുടെ ഭാഗമായി പുതുതായി അവതരിപ്പിച്ച ‘ഇംപ്രൂവ്‌മെൻ്റ് നോട്ടീസ്’ സംവിധാനത്തിൻ്റെ നടത്തിപ്പും വകുപ്പ് യോഗത്തിൽ അവലോകനം ചെയ്തു. ഈ പുതിയ വ്യവസ്ഥ അനുസരിച്ച്, ലീഗൽ മെട്രോളജി നിയമത്തിലെ നിർദ്ദിഷ്ട വകുപ്പുകൾ പ്രകാരം ആദ്യമായി ഉണ്ടാകുന്ന നടപടിക്രമ ലംഘനങ്ങൾക്ക്, ശിക്ഷാനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഒരു 'ഇംപ്രൂവ്‌മെൻ്റ് നോട്ടീസ്' നൽകും. നിയമങ്ങൾ സ്വമേധയാ പാലിക്കാൻ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുക, നിയമനടപടികളും വ്യവഹാരങ്ങളും കുറയ്ക്കുക, ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ബിസിനസ്സ് അന്തരീക്ഷം കൂടുതൽ സുഗമമാക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ഗവൺമെൻ്റ് അംഗീകൃത ടെസ്റ്റ് സെൻ്ററുകളുടെ (GATCs) വ്യാപനം:
ഭേദഗതി വരുത്തിയ ലീഗൽ മെട്രോളജി ചട്ടക്കൂടിന് അനുസൃതമായി, തങ്ങളുടെ എൻഫോഴ്‌സ്‌മെൻ്റ് ചട്ടങ്ങളിലും ജി.എ.ടി.സി (GATC) ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതുക്കിയ ചട്ടങ്ങളുടെ കരട് തയ്യാറാക്കലും അനുമതി നൽകലും അവസാന ഘട്ടത്തിലാണെന്നും, അവ ഉടൻ തന്നെ വിജ്ഞാപനം ചെയ്യുമെന്നും യോഗത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങൾ അറിയിച്ചു.
ജി.എ.ടി.സി (GATC) ചട്ടങ്ങൾ എത്രയും വേഗം വിജ്ഞാപനം ചെയ്യാനും ഈ സംവിധാനത്തിന് കീഴിൽ വരുന്ന അളവുതൂക്ക ഉപകരണങ്ങളുടെ പരിധി വ്യാപിപ്പിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വകുപ്പ് ആവശ്യപ്പെട്ടു. ഇത് പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കാനും, പരിശോധകരുടെ ലഭ്യത വർദ്ധിപ്പിക്കാനും, വ്യവസായങ്ങൾ, വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവർക്ക് വേഗത്തിലുള്ള സേവനം ഉറപ്പാക്കാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
റദ്ദാക്കപ്പെട്ട പഴയ അളവുതൂക്ക നിയമത്തിന് (Standards of Weights and Measures Act, 1976) വിപരീതമായി, നിലവിലുള്ള ലീഗൽ മെട്രോളജി ആക്ട് (2009) അനുസരിച്ച് അളവുതൂക്ക ഉപകരണങ്ങളുടെ അന്തർസംസ്ഥാന പരിശോധനയ്ക്ക് (inter-state verification) വ്യവസ്ഥയില്ലെന്ന് യോഗത്തിൽ വ്യക്തമാക്കുകയുണ്ടായി. അതനുസരിച്ച്, കേന്ദ്ര ലീഗൽ മെട്രോളജി ഡയറക്ടർ അംഗീകാരം നൽകിയിട്ടുള്ള ഗവൺമെൻ്റ് അംഗീകൃത ടെസ്റ്റ് സെൻ്ററുകൾക്ക് (GATCs), ഏത് സംസ്ഥാനത്താണോ കേന്ദ്രഭരണ പ്രദേശത്താണോ അനുമതി ലഭിച്ചിട്ടുള്ളത്,അവിടെ മാത്രമേ പരിശോധനകളും പുനഃപരിശോധനകളും നടത്താൻ അധികാരമുണ്ടായിരിക്കുകയുള്ളൂ. ഈ നിയമസംവിധാനം രാജ്യത്തുടനീളം ഒരേ രീതിയിൽ നടപ്പിലാക്കുന്നതിനും ജി.എ.ടി.സികളുടെ അധികാരപരിധി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ വ്യക്തത വരുത്തിയത്.
ശേഷി വികസനം
പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും സാങ്കേതിക ശേഷി ശക്തിപ്പെടുത്തുന്നതിനുമായി, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി (IILM) മുഖേന ലീഗൽ മെട്രോളജി ഓഫീസർമാർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് വകുപ്പ് അറിയിച്ചു.ഈ യോഗത്തിൽ ചർച്ച ചെയ്ത പ്രധാന മേഖലകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
ഇ-മാപ് (e-Maap) പോർട്ടലിലൂടെ വേഗതയേറിയതും തടസ്സമില്ലാത്തതുമായ സേവന വിതരണം.
തേർഡ് പാർട്ടി പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കൽ.
ഗവൺമെൻ്റ് അംഗീകൃത ടെസ്റ്റിംഗ് സെൻ്ററുകൾ (GATCs) വഴിയുള്ള പരിശോധനാ സംവിധാനങ്ങളുടെ വിപുലീകരണം.
ജി.എ.ടി.സി (GATC) ചട്ടക്കൂടിന് കീഴിൽ അളവുതൂക്ക ഉപകരണങ്ങളുടെ പുതുതായി ചേർത്ത വിഭാഗങ്ങളെ ഉൾപ്പെടുത്തൽ.
ലീഗൽ മെട്രോളജി ഓഫീസർമാരുടെ ശേഷി വികസനവും സാങ്കേതിക പരിശീലനവും.
സത്യസന്ധരായ കച്ചവടക്കാരെയും വ്യാപാരികളെയും പിന്തുണയ്ക്കുന്നതിനായി നടപടിക്രമങ്ങൾ ലളിതമാക്കുമ്പോഴും, ഉപഭോക്തൃ താല്പര്യങ്ങളെ ബാധിക്കുന്ന വഞ്ചന, കൃത്രിമം, നിയമലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ ലീഗൽ മെട്രോളജി ചട്ടക്കൂടിന് കീഴിൽ കർശനമായ നടപടികൾ തുടരുമെന്ന് വകുപ്പ് ആവർത്തിച്ചു. സുഗമമായ ബിസിനസ്സ് അന്തരീക്ഷവും (Ease of Doing Business) ഉപഭോക്തൃ സംരക്ഷണവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന സുതാര്യവും ആധുനികവും സന്തുലിതവുമായ ഒരു നിയന്ത്രണ സംവിധാനം സൃഷ്ടിക്കുകയാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
****
( റിലീസ് ഐ.ഡി: 2266286)
സന്ദര്‍ശക കൗണ്ടര്‍ : 10