യു.പി.എസ്.സി
സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ 2026-ൻ്റെ താത്കാലിക ഉത്തരസൂചിക യു.പി.എസ്.സി പ്രസിദ്ധീകരിച്ചു
പോസ്റ്റഡ് ഓണ്‍:
27 MAY 2026 4:34PM by PIB Thiruvananthpuram
ചരിത്രത്തിൽ ആദ്യമായി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2026-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.
ഈ പരീക്ഷകളിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പരാതികൾ ഉണ്ടെങ്കിൽ, അവ ഈമാസം 31-ന് വൈകുന്നേരം 6 മണി വരെ upsconline.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ “ഓൺലൈൻ ക്വസ്റ്റ്യൻ പേപ്പർ റെപ്രസെൻ്റേഷൻ പോർട്ടൽ (QPRep)” വഴി സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥിയുടെ ബോധ്യപ്രകാരമുള്ള ശരിയായ ഉത്തരമേതാണെന്ന് ചൂണ്ടിക്കാണിച്ച്, അതിന് ആധാരമായ ലഘുവിവരണവും മൂന്ന് ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അനുബന്ധ രേഖകളും സഹിതമാണ് പരാതികൾ സമർപ്പിക്കേണ്ടത്.
ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിക്കുന്ന എല്ലാ പരാതികളും സമഗ്രവും സൂക്ഷ്മവുമായ പരിശോധനയ്ക്കായി വിദഗ്ദ്ധരുടെ പാനലിന് മുന്നിൽ സമർപ്പിക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള വിദഗ്ദ്ധർ, ഓരോ പരാതിയും ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും സമർപ്പിച്ച രേഖകൾ വിലയിരുത്തുകയും ചെയ്ത ശേഷം ഉത്തരസൂചികയുടെ കൃത്യതയെക്കുറിച്ച് തങ്ങളുടെ അന്തിമ അഭിപ്രായം രേഖപ്പെടുത്തും. എന്നാൽ, കമ്മീഷൻ്റെ നിലവിലെ രീതി അനുസരിച്ച്, പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അന്തിമ ഉത്തരസൂചിക പുറത്തുവിടുകയുള്ളൂ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നത് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിലെ വിദഗ്ദ്ധരാണ്. വ്യത്യസ്തമായ അക്കാദമിക, സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് തുല്യമായ അവസരവും നീതിയും ഉറപ്പാക്കുന്ന രീതിയിൽ, പരീക്ഷാ പ്രക്രിയയുടെ ലക്ഷ്യങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് ഈ വിദഗ്ദ്ധർ ചോദ്യപേപ്പറുകൾ രൂപകൽപ്പന ചെയ്യുന്നത്. അടുത്തിടെ നടന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയിലെ ചോദ്യങ്ങൾ ആധികാരികവും വിശ്വസനീയവുമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു. ഇവയുടെ സൂചനകളും ഉത്തരങ്ങളും നിലവാരമുള്ള പാഠപുസ്തകങ്ങൾ, ജേണലുകൾ, സർക്കാർ വെബ്‌സൈറ്റുകൾ, ഗവണ്മെൻ്റ് പ്രസ് റിലീസുകൾ, പ്രമുഖ പത്രങ്ങൾ തുടങ്ങിയവയിൽ കണ്ടെത്താനാകും.
സിവിൽ സർവീസിലെ 933 ഒഴിവുകളിലേക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ 80 ഒഴിവുകളിലേക്കുമായി ഈ വർഷം ഏകദേശം 5.49 ലക്ഷം ഉദ്യോഗാർത്ഥികളാണ് സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ എഴുതിയത്.
നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളും പരീക്ഷാ നടപടിക്രമവും കർശനമായി പാലിച്ചുകൊണ്ട് 2026 മേയ് 24-നാണ് പരീക്ഷ നടന്നത്. രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരുന്നത്. രാവിലത്തെ സെഷനിൽ 09:30 മുതൽ 11:30 വരെ ജനറൽ സ്റ്റഡീസും (പേപ്പർ-I), തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ 02:30 മുതൽ 04:30 വരെ സിവിൽ സർവീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (CSAT) [പേപ്പർ-II] നടന്നു.
താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചത് പരീക്ഷാ പ്രക്രിയയിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള യു.പി.എസ്.സിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഒപ്പം ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണായകമായ പങ്കാളിത്തം വഹിക്കാനുള്ള അവസരവും ഇത് നൽകുന്നു.
***
( റിലീസ് ഐ.ഡി: 2266018)
സന്ദര്‍ശക കൗണ്ടര്‍ : 9