ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഗവണ്മെൻ്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പരിധി വർധിപ്പിച്ച് ഉപഭോക്തൃകാര്യ വകുപ്പ്; സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഡിസ്പെൻസറുകളുടെ പരിശോധനയ്ക്ക് അനുമതി

പോസ്റ്റഡ് ഓണ്‍: 24 MAY 2026 10:31AM by PIB Thiruvananthpuram

ഇന്ത്യിലെ ലീഗൽ മെട്രോളജി സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തെ അളവുതൂക്ക പരിശോധനാ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃകാര്യ വകുപ്പ് 2013-ലെ ലീഗൽ മെട്രോളജി (ഗവണ്മെൻ്റ്  അംഗീകൃത പരിശോധന കേന്ദ്രം) ചട്ടങ്ങളിൽ ഭേദഗതി വരുത്തി.

 

അഞ്ച് പുതിയ ഇന്ധന ഡിസ്പെന്‍സറുകള്‍ ഗവണ്മെൻ്റ്  അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ ചട്ടക്കൂടിന് കീഴില്‍ 

 

ഗവണ്മെൻ്റ്  അംഗീകൃത പരിശോധന കേന്ദ്രങ്ങളുടെ പരിധി വിപുലീകരിച്ച് കൂടുതൽ ഇന്ധന വിതരണ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയും പുനഃപരിശോധനയും  ഉൾപ്പെടുത്തിയെന്നതാണ്  ഭേദഗതിയുടെ പ്രധാന സവിശേഷത. പരിശോധനാ സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും വഴിയൊരുക്കുന്ന ഈ നടപടി രാജ്യത്തുടനീളം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ  കൂടിവരുന്ന ഉപയോഗത്തിന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

 

പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം താഴെ നല്‍കിയിരിക്കുന്ന അഞ്ച് വിഭാഗങ്ങളിലെ ഇന്ധന ഡിസ്പെന്‍സറുകളാണ് ഗവണ്മെൻ്റ്  അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധിക്കാവുന്നവയുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്:

 

  • പെട്രോൾ/ഡീസൽ ഡിസ്പെൻസറുകൾ

  • സിഎൻജി  ഡിസ്പെൻസറുകൾ

  • എൽപിജി ഡിസ്പെൻസറുകൾ

  • എൽഎൻജി  ഡിസ്പെൻസറുകൾ

  • ഹൈഡ്രജൻ ഡിസ്പെൻസറുകൾ

 

ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തിയതോടെ ലീഗൽ മെട്രോളജി ചട്ടക്കൂടിന് കീഴിൽ ആകെ 23 വിഭാഗം അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയും പുനഃപരിശോധനയും നടത്താൻ ഗവണ്മെൻ്റ്  അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ക്ക് സാധിക്കും.

പരിസ്ഥിതി സൗഹൃദ ഇന്ധന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പിന്തുണ

രാജ്യത്തുടനീളം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഇന്ധന വിതരണ ഉപകരണങ്ങളെ ഗവണ്മെൻ്റ് അംഗീകൃത പരിശോധന കേന്ദ്രങ്ങളുടെ ചട്ടക്കൂടിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ ഇന്ധന വിതരണം ഉറപ്പാക്കാനും ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഈ നടപടി സഹായിക്കും.

 

പരിശോധനാ ശേഷി വിപുലീകരിക്കുന്നു

ലീഗൽ മെട്രോളജി നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ നിർദിഷ്ട അളവുതൂക്ക പരിശോധനയും പുനഃപരിശോധനയും നടത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവുമുള്ള അംഗീകൃത സംവിധാനങ്ങളാണ് ഗവണ്മെൻ്റ്  അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍.  യോഗ്യതയുള്ള സ്വകാര്യ ലബോറട്ടറികളെയും വ്യവസായങ്ങളെയും പങ്കാളികളാക്കി രാജ്യത്തിന്റെ പരിശോധനാ ശേഷി വർധിപ്പിക്കാനും പരിശോധനാ സേവനങ്ങള്‍ ഉയര്‍ന്ന തോതില്‍ ലഭ്യമാക്കാനും  ഈ ചട്ടക്കൂട് സഹായിക്കുന്നു.

 

കൂടുതൽ ഇളവുകളും സത്വര നടപടികളും

സംസ്ഥാനങ്ങളിലെ ചട്ടങ്ങൾക്ക് കീഴിൽ ഗവണ്മെൻ്റ്  അംഗീകൃത കേന്ദ്രങ്ങള്‍ വഴി പരിശോധന നടത്തുന്നതിന് കൂടുതൽ വിഭാഗം അളവുതൂക്ക ഉപകരണങ്ങളെ വിജ്ഞാപനം ചെയ്യാൻ ഈ ഭേദഗതികൾ സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരം നൽകുന്നു. പ്രാദേശിക ആവശ്യകതകളുടെ അടിസ്ഥാനത്തിൽ പരിശോധനാ സേവനങ്ങൾ വിപുലീകരിക്കാൻ ഇത് സഹായിക്കും. ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലോ അതിന് മുകളിലോ ഉള്ളവര്‍ക്ക് ചട്ടങ്ങളിലെ പ്രസക്ത വ്യവസ്ഥകൾ പ്രകാരം അധികാരം നൽകിയിട്ടുണ്ട്.  അംഗീകാരങ്ങളും അനുബന്ധ നടപടികളും വേഗത്തിലാക്കാന്‍ ഇത് വഴിയൊരുക്കും. 

 

പരിശോധനാ ഫീസ് വിജ്ഞാപനം ചെയ്തു

പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം പെട്രോൾ, ഡീസൽ ഡിസ്പെൻസറുകളുടെ പരിശോധനാ ഫീസ് ഒരു നോസിലിന് 5,000 രൂപയായും സിഎൻജി, എൽപിജി, എൽഎൻജി, ഹൈഡ്രജൻ ഡിസ്പെൻസറുകളുടെ ഫീസ് ഒരു നോസിലിന് 10,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

 

രാജ്യത്തെ അളവുതൂക്ക ഉപകരണങ്ങൾക്ക് സമയബന്ധിതവും വിശ്വസനീയവുമായ പരിശോധനാ സേവനങ്ങൾ നൽകുന്നതിൽ ഗവണ്മെൻ്റ്  അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ നിലവില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളുടെ വിപുലീകരിച്ച പരിശോധനാ പരിധി രാജ്യത്തെ പരിശോധനാ അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സേവന വിതരണം മെച്ചപ്പെടുത്തുമെന്നും കാലതാമസം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പുകൾക്ക് പരിശോധനയിലും നിയമ നിര്‍വഹണത്തിലും ഉപഭോക്തൃ പരാതിപരിഹാര നടപടികളിലും  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ പരിഷ്കാരങ്ങൾ അവസരമൊരുക്കും. സാങ്കേതികവിദ്യാധിഷ്ഠിത ഭരണ നിര്‍വഹണത്തിനും രീതികളിലെ സുതാര്യതയ്ക്കുമൊപ്പം ആത്മനിർഭർ ഭാരത് എന്ന ഗവണ്മെൻ്റ്  കാഴ്ചപ്പാടിനും പിന്തുണ നൽകുന്ന ഈ സംരംഭം  അന്താരാഷ്ട്ര ലീഗൽ മെട്രോളജി ഓർഗനൈസേഷൻ്റെ മികച്ച ആഗോള സമ്പ്രദായങ്ങൾക്കും ശിപാർശകൾക്കും അനുസൃതമായി ഇന്ത്യയുടെ മെട്രോളജി സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.  

 

ഗവണ്മെൻ്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ വഴി പരിശോധിക്കാവുന്ന അളവുതൂക്ക ഉപകരണങ്ങളുടെ വിഭാഗങ്ങൾ: 

 

നിലവിലെ വിഭാഗങ്ങൾ (18)

 

1. വാട്ടർ മീറ്റർ  

2. സ്ഫിഗ്മോമാനോമീറ്റർ  

3. ക്ലിനിക്കൽ തെർമോമീറ്റർ  

4. ഓട്ടോമാറ്റിക് റെയിൽ വെയ്ബ്രിഡ്ജുകൾ  

5. അളവുനാടകൾ  

6. കൃത്യത തരം III-ലെ  ഓട്ടോമാറ്റിക് അല്ലാത്ത തൂക്ക ഉപകരണങ്ങൾ (150 കിലോഗ്രാം വരെ)  

7. കൃത്യത ക്ലാസ് IIII-ലെ ഓട്ടോമാറ്റിക് അല്ലാത്ത തൂക്ക ഉപകരണങ്ങൾ  

8. ലോഡ് സെൽ  

9. തുലാസ്  

10. കൗണ്ടർ മെഷീൻ   

11. തൂക്കക്കട്ടകൾ (എല്ലാ വിഭാഗങ്ങളും)  

12. ഗ്യാസ് മീറ്റർ   

13. വൈദ്യുതി മീറ്റർ  

14. ഈർപ്പം അളക്കുന്ന ഉപകരണം  

15.  വാഹനങ്ങളുടെ വേഗപരിശോധന ഉപകരണം  

16.  മദ്യപാനം പരിശോധിക്കുന്ന ഉപകരണം   

17.  ബഹുതല അളവ് ഉപകരണം  

18. ഫ്ലോ മീറ്റർ  

 

പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങൾ (5)

 

19. പെട്രോൾ/ഡീസൽ ഡിസ്പെൻസർ 

20. സിഎൻജി ഡിസ്പെൻസർ  

21. എൽപിജി ഡിസ്പെൻസർ  

22. എൽഎൻജി ഡിസ്പെൻസർ  

23. ഹൈഡ്രജൻ ഡിസ്പെൻസർ  

 

വിശദവിവരങ്ങൾക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക: https://consumeraffairs.gov.in/public/upload/files/GATC_Amendment_Rules_2026_1778476324.pdf 

 

  /home/claude/lm_unpacked/ppt/media/image11.jpeg

 

  Single & Three Phase Energy Meter - HPL

 

 
 
****

( റിലീസ് ഐ.ഡി: 2264746) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada