രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു സൈപ്രസ് പ്രസിഡൻ്റിന് ഊഷ്മള സ്വീകരണം നൽകി
പോസ്റ്റഡ് ഓണ്‍:
22 MAY 2026 9:23PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, സൈപ്രസ് റിപ്പബ്ലിക് പ്രസിഡൻ്റ് ആദരണീയനായ നികോസ് ക്രിസ്റ്റോഡൗലിഡസിനെ ഇന്ന് (2026 മെയ് 22) രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം രാഷ്ട്രപതി ഔദ്യോഗിക വിരുന്നും ഒരുക്കി.

പ്രസിഡൻ്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, പരസ്പരവിശ്വാസത്തിലും സൗഹാർദ്ദത്തിലും അധിഷ്ഠിതമായ അടുത്ത ബന്ധമാണ് ഇന്ത്യയും സൈപ്രസും തമ്മിൽ പങ്കിടുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോൾ ഒരു 'തന്ത്രപ്രധാന പങ്കാളിത്ത' തലത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും, ഇത് ഇന്ത്യ-സൈപ്രസ് ബന്ധത്തിൻ്റെ വളർച്ചയെയും ആഴത്തെയും പരസ്പരവിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ധനകാര്യ സേവനങ്ങൾ, കണക്റ്റിവിറ്റി, സമുദ്ര സുരക്ഷ തുടങ്ങിയ മുൻഗണനാ മേഖലകളിൽ സഹകരണം ശക്തമാക്കിക്കൊണ്ട് ഇന്ത്യ-സൈപ്രസ് ബന്ധം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.

ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ പ്രധാന സ്രോതസ്സുകളിൽ ഒന്നായി സൈപ്രസ് തുടരുന്നതിൽ രാഷ്ട്രപതി സന്തോഷം അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വിപുലീകരിക്കാൻ സൈപ്രസിൽ നിന്നുള്ള കമ്പനികൾ വർധിച്ച താല്പര്യം കാണിക്കുന്നുണ്ട്. ഇന്ത്യയുടെ വിശാലമായ ആഭ്യന്തര വിപണി, ഡിജിറ്റൽ പരിവർത്തനം, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ ശേഷി എന്നിവ സൈപ്രസിലെ കമ്പനികൾക്കും നിക്ഷേപകർക്കും മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധത്തിൽ സാങ്കേതികവിദ്യയും നവീകരണവും ഏറ്റവും നിർണ്ണായകമായ മേഖലകളായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രസ്താവിച്ചു. ഇന്ത്യയുടെ യുവ പ്രതിഭകൾക്കും സാങ്കേതിക പ്രാവീണ്യത്തിനും സ്റ്റാർട്ട്-അപ്പ് വ്യവസ്ഥിതിക്കും സൈപ്രസിൻ്റെ നവീന ആശയങ്ങളെ മികച്ച രീതിയിൽ പിന്തുണയ്ക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സെമികണ്ടക്ടറുകൾ, പുനരുപയോഗ ഊർജ്ജം, ഹരിത ഊർജ്ജം, ബഹിരാകാശം, സുസ്ഥിര വികസനം, നിർമ്മിത ബുദ്ധി തുടങ്ങിയ പുത്തൻ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു.

യൂറോപ്യൻ യൂണിയൻ കൗൺസിലിൻ്റെ അധ്യക്ഷ പദവി കൈയാളുന്ന വേളയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിൽ സൈപ്രസിന് സുപ്രധാന പങ്ക് വഹിക്കാനാകും. പ്രത്യേകിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇതിന് വേഗതയേറും.
അതിർത്തി കടന്നുള്ള ഭീകരവാദം, ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ സൈപ്രസ് ഇന്ത്യക്ക് നൽകുന്ന പിന്തുണയെ രാഷ്ട്രപതി അഭിനന്ദിച്ചു. ഒപ്പം, സൈപ്രസിൻ്റെ പരമാധികാരത്തിനും ഐക്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഇന്ത്യയുടെ ഉറച്ച പിന്തുണ അവർ ആവർത്തിച്ചു വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ അടുത്ത സഹകരണം ഇരു ജനതകൾക്കും വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്ന് ഇരു നേതാക്കളും പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗം പൂർണ്ണമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
***
( റിലീസ് ഐ.ഡി: 2264464)
സന്ദര്‍ശക കൗണ്ടര്‍ : 4