ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ദുരുപയോഗം തടയാനും നിയന്ത്രണം ശക്തിപ്പെടുത്താനുമായി പ്രെഗാബാലിന്‍ മരുന്ന് 'H1' ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
22 MAY 2026 10:30AM by PIB Thiruvananthpuram
2026 മേയ് 20-ന് കേന്ദ്രഗവണ്മെന്റ് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച 2026 മേയ് 13-ലെ ജി.എസ്.ആർ. 377(ഇ) ഗസറ്റ് വിജ്ഞാപനപ്രകാരം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 'പ്രെഗാബാലിൻ' എന്ന മരുന്നിനെ 1945-ലെ ഔഷധ ചട്ടങ്ങളുടെ 'H1' ഷെഡ്യൂളില്‍ ഉൾപ്പെടുത്തിയതായി വിജ്ഞാപനം പുറപ്പെടുവിച്ചു.
യുവാക്കൾക്കിടയിൽ പ്രെഗാബാലിൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചില സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിട്ടുമാറാത്ത വേദന, നാഡീക്ഷതം, കഠിനമായ പേശിവേദന, മറ്റ് നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഡോക്ടർമാർ നിർദേശിക്കുന്ന ഈ മരുന്ന് മയക്കത്തിനും കൃത്രിമ ആനന്ദം ജനിപ്പിക്കാനും യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്ന അവസ്ഥയ്ക്കും വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ചതും അനധികൃതമായി വില്പന നടത്തിയതുമായ പ്രെഗാബാലിൻ അടുത്തിടെ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ഈ വിജ്ഞാപനത്തോടെ 1945-ലെ ഔഷധ-സൗന്ദര്യവർധക വസ്തുക്കളുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് കീഴിൽ നിലവിലെ 'ഷെഡ്യൂൾ H' പരിധിയ്ക്ക് പകരം കൂടുതൽ കർശന വ്യവസ്ഥകളടങ്ങുന്ന 'ഷെഡ്യൂൾ H1' പരിധിയിലായിരിക്കും പ്രെഗാബാലിൻ നിയന്ത്രിക്കപ്പെടുക.
ഷെഡ്യൂൾ H1 കുറിപ്പടി മരുന്ന് - ജാഗ്രത:
- മെഡിക്കൽ നിർദേശപ്രകാരമല്ലാതെ ഈ മരുന്ന് കഴിക്കുന്നത് അപകടകരമാണ്.
- രജിസ്റ്റര്‍ ചെയ്ത ആരോഗ്യവിദഗ്ധന്റെ കുറിപ്പടിയില്ലാതെ ഇത് ചില്ലറ വില്പന നടത്താൻ പാടില്ല.
പരിഷ്കരിച്ച വർഗീകരണം താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങൾ നിർബന്ധമാക്കുന്നു:
രജിസ്റ്റര്‍ ചെയ്ത ആരോഗ്യ വിദഗ്ധന്‍ നൽകുന്ന സാധുവായ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രെഗാബാലിൻ വില്‍ക്കാന്‍ പാടുള്ളൂ;
ചില്ലറ വില്പനക്കാർ കുറിപ്പടികളുടെയും വില്പനയുടെയും വിശദാംശങ്ങൾ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം;
നിർമാതാക്കൾ ഉല്പന്നത്തിന്റെ പാക്കേജിംഗില്‍ നിർദിഷ്ട "ഷെഡ്യൂൾ H1’ മരുന്നിന്റെ മുന്നറിയിപ്പടങ്ങുന്ന ലേബൽ വ്യക്തമായി പ്രദർശിപ്പിക്കണം;
ഈ നിയമങ്ങൾ പാലിക്കാത്തവർക്കും നിയമലംഘനം നടത്തുന്നവര്‍ക്കുമെതിരെ 1940-ലെ ഔഷധ-സൗന്ദര്യവര്‍ധക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമപ്രകാരവും അതിന് കീഴിലെ ചട്ടങ്ങളനുസരിച്ചും ശിക്ഷാനടപടികൾ സ്വീകരിക്കും.
വിതരണ ശൃംഖലയിലുടനീളം ഉത്തരവാദിത്തം ശക്തമാക്കാനും അനധികൃത ലഭ്യത തടയാനും കുറിപ്പടികളുടെ നിരീക്ഷണം ശക്തിപ്പെടുത്താനും നിയമവിരുദ്ധ കടത്ത് പ്രതിരോധിക്കാനും മരുന്ന് ദുരുപയോഗത്തിൽ നിന്ന് പൊതുജനാരോഗ്യം സംരക്ഷിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നത്.
നിർമാതാക്കൾ, വിതരണക്കാർ, മൊത്തക്കച്ചവടക്കാർ, ചില്ലറ വില്പനക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളും ഈ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശിക്കുന്നു.
( റിലീസ് ഐ.ഡി: 2264290)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada