റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിക്കുന്നു

പോസ്റ്റഡ് ഓണ്‍: 21 MAY 2026 2:13PM by PIB Thiruvananthpuram
ട്രെയിനുകൾ, യാത്രക്കാർ, സ്റ്റേഷൻ പരിസരങ്ങൾ, വിപുലമായ റെയിൽ ശൃംഖല എന്നിവയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി റെയിൽവേ എഐ (AI), ഡ്രോണുകൾ, സിസിടിവി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. റെയിൽവേ സുരക്ഷ സേനയുടെ (RPF) ബീറ്റ് തലത്തിലുള്ള ഇന്റലിജൻസ് വിവരശേഖരണ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് മിഷൻ മോഡിലാണ് ഇത് നടപ്പിലാക്കുന്നത്. ഇന്ന് ന്യൂഡൽഹിയിൽ നടന്ന സുപ്രധാനമായ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിൽ, റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള ഫീൽഡ് ഓഫീസർമാരുമായി വിശദമായ ചർച്ചകൾ നടത്തി. റെയിൽ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷത വഹിച്ചു. റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായ ചില തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള വിവിധ സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ സാമൂഹിക വിരുദ്ധരുടെ പങ്കാളിത്തം കണ്ടെത്തിയതായി യോഗത്തിൽ വിലയിരുത്തി. ഇന്ത്യൻ റെയിൽവേ ഈ സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ആർപിഎഫ് ഈ കേസുകൾ സജീവമായി അന്വേഷിച്ചുവരികയുമാണ്. പല കേസുകളിലും റെയിൽവേയുടെ സമയബന്ധിതവും സജീവവുമായ ഇടപെടൽ മൂലം വൻ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും പുറമെ, യാത്രയ്ക്കിടയിലും സ്റ്റേഷൻ പരിസരങ്ങളിൽ കാത്തിരിക്കുമ്പോഴും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സജീവമായി പങ്കാളികളാകാൻ റെയിൽവേ യാത്രക്കാരെ കൂടുതൽ പ്രോത്സാഹിപ്പിക്കും. അതിനാൽ യാത്രയിലുടനീളം അതീവ ജാഗ്രത പാലിക്കാൻ യാത്രക്കാരോട് റെയിൽവേ അഭ്യർത്ഥിച്ചു. റെയിൽവേ പരിസരത്ത് സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കേണ്ടതാണ്.

മെച്ചപ്പെട്ട റിപ്പോർട്ടിംഗ് സംവിധാനത്തിലൂടെ ഫീൽഡ് തലത്തിൽ നിന്നുള്ള ഇന്റലിജൻസ് വിവരശേഖരണം ശക്തിപ്പെടുത്തുന്നതിലൂന്നിയായിരുന്നു സുരക്ഷാ അവലോകന യോഗത്തിലെ ചർച്ചകൾ. സാങ്കേതികവിദ്യാധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുക, റെയിൽവേ ശൃംഖലയിലുടനീളം സിസിടിവി വിന്യാസം വ്യാപിപ്പിക്കുക, റെയിൽവേ ബോർഡ് ആസ്ഥാനവും ഫീൽഡ് മേഖലകളും തമ്മിലുള്ള പ്രവർത്തന സുരക്ഷാ ഏകോപനം മെച്ചപ്പെടുത്തുക എന്നിവയ്ക്കും ഊന്നൽ നൽകി. സൈബർ സുരക്ഷ ശക്തിപ്പെടുത്തൽ, ക്യാമറകളുടെ ഗുണനിലവാരം ഉയർത്തൽ, എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയും യോഗത്തിൽ ചർച്ചയായി. കൂടാതെ, റെയിൽവേ ശൃംഖലയിലുടനീളം കൂടുതൽ ഫലപ്രദമായ സുരക്ഷാ പരിപാലനത്തിനായി ആർപിഎഫും (RPF) ഗവൺമെന്റ് റെയിൽവേ പോലീസും (GRP) തമ്മിൽ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തിക്കൊണ്ട് ഏകോപനം ശക്തിപ്പെടുത്തുന്നതിനും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.
 
*****

( റിലീസ് ഐ.ഡി: 2263748) സന്ദര്‍ശക കൗണ്ടര്‍ : 15