രാഷ്ട്രപതിയുടെ കാര്യാലയം
2024 ബാച്ച് ഐഎഎസ് ഓഫീസർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു
യുക്തിബോധത്തോടൊപ്പം കാരുണ്യവും ചേർത്തുപിടിക്കുക; സംവേദനക്ഷമതയുള്ളവരാകുക: ഐഎഎസ് ഓഫീസർമാരോട് രാഷ്ട്രപതി മുർമു
പോസ്റ്റഡ് ഓണ്‍:
20 MAY 2026 1:50PM by PIB Thiruvananthpuram
വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടറിമാരായി സേവനമനുഷ്ഠിക്കുന്ന 2024 ബാച്ചിലെ ഐഎഎസ് ഓഫീസർമാരുടെ ഒരു സംഘം ഇന്ന് (2026 മെയ് 20) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, നമ്മുടെ രാജ്യത്തിന്റെ വികസനത്തിൽ ഓൾ ഇന്ത്യ സർവീസുകൾ, പ്രത്യേകിച്ച് ഐഎഎസ് വിഭാഗം വലിയ പങ്കുവഹിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ഇപ്പോൾ വികസനത്തിന്റെ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതിനാൽ, ഓഫീസർമാരിൽ നിന്നുള്ള പ്രതീക്ഷകളും വളരെ വലുതാണ്.
യുവ ഉദ്യോഗസ്ഥർക്ക് വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാനുള്ള സവിശേഷമായ അവസരമാണ് ലഭിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ചില സന്ദർഭങ്ങളിൽ, പ്രത്യേക മേഖലകളിലെ വിദഗ്ദ്ധരുടെ സംഘങ്ങളെ അവർക്ക് നയിക്കേണ്ടി വരും. അതിനാൽ,വളരെ വിപുലവും വേഗത്തിലുള്ളതുമായ പ്രവർത്തന പഠനമുണ്ടായിരിക്കണം. വ്യത്യസ്ത മേഖലകളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ ഓഫിസർമാർക്ക് അസാധാരണമായ കഴിവ് ഉണ്ടായിരിക്കണമെന്ന് രാഷ്‌ട്രപതി എടുത്തു പറഞ്ഞു.
നിഷ്പക്ഷത,ഉദ്യോഗസ്ഥരുടെ നീതിനിഷ്ഠയുടെ സൂചകമായിരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ സംവേദനക്ഷമത എല്ലാവരെയും ഉൾക്കൊള്ളാനുള്ള പ്രതിജ്ഞാബദ്ധതയുടെ അളവുകോലായിരിക്കും. സുതാര്യതയിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയുമാണ് വിശ്വാസ്യത സൃഷ്ടിക്കേണ്ടത്. വ്യക്തിപരവും ഔദ്യോഗികവുമായ പെരുമാറ്റത്തിലൂടെ നിർവചിക്കപ്പെടുന്ന ദൃഢനിശ്ചയം പൊതുതാൽപ്പര്യങ്ങൾക്കായി നിർണ്ണായകമായി പ്രവർത്തിക്കാനുള്ള ധാർമ്മിക കരുത്ത് അവർക്ക് നൽകും. ഉദ്യോഗസ്ഥർ യുക്തിബോധത്തോടൊപ്പം കാരുണ്യത്തെയും ചേർത്തുപിടിക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. വികാരഭരിതരാകാതെ കാര്യങ്ങളെ സംവേദനക്ഷമതയോടെ വീക്ഷിക്കാൻ കഴിയണം. നിയമങ്ങൾ പാലിക്കണം, എന്നാൽ വലിയ ലക്ഷ്യങ്ങളെ വിസ്മരിക്കരുത്.
ധാർമ്മികതയും ഭരണവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഉദ്യോഗസ്ഥർ സത്യസന്ധരും ധാർമ്മികതയുള്ളവരുമായിരിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു. അതേസമയം, കൃത്യമായ പ്രവർത്തന ഫലങ്ങൾ നൽകുകയും വേണം.
തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് ധാർമ്മികതയല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. മറിച്ച്, പൊതുതാൽപ്പര്യത്തിനും വ്യവസ്ഥാപിതക്രമത്തിനും അനുസൃതമായി ശരിയായ തീരുമാനങ്ങൾ എടുക്കുന്നതാണ് ധാർമ്മികതയുടെ യഥാർത്ഥ അന്തസത്ത. നീതി നടപ്പാക്കുന്നതിലെ കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്നതുപോലെ, ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസം ജനങ്ങൾക്ക് അവരുടെ നിയമാനുസൃതമായ താൽപ്പര്യങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്.
ജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് ഒരു ജനാധിപത്യ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ആഗ്രഹങ്ങൾ ജനപ്രതിനിധികളിലൂടെയാണ് പ്രകടിപ്പിക്കപ്പെടുന്നത്. അതിനാൽ, പൊതുതാൽപ്പര്യം മുൻനിർത്തി ഈ ജനപ്രതിനിധികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.
ഒഴുക്കിനൊപ്പം നീന്താൻ യാതൊരുവിധ ശ്രമവും ആവശ്യമില്ലെന്ന് രാഷ്ട്രപതി പറഞ്ഞു . 'വികസിത ഇന്ത്യ' എന്ന ലക്ഷ്യം കൈവരിക്കുന്നതിനും നമ്മുടെ സമൂഹത്തെ പുരോഗതിയുടെ ഉന്നതിയിൽ എത്തിക്കുന്നതിനും, ഉദ്യോഗസ്ഥർക്ക് പലപ്പോഴും ഒഴുക്കിനെതിരെ പോരാടി മുന്നോട്ട് പോകേണ്ടിവരും. ഫീൽഡിൽ ആയാലും ഓഫീസിൽ ജോലി ചെയ്യുമ്പോഴായാലും ഇന്ത്യയിലെ ജനങ്ങളെ, പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഓഫീസർമാർ സ്വന്തം ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി നിർത്തണമെന്ന് രാഷ്ട്രപതി നിർദ്ദേശിച്ചു. വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയുടെ നിർമ്മിതിക്കായി ഐ എ എസ് ഉദ്യോഗസ്ഥർ നിർണായക സംഭാവനകൾ നൽകുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക-
*****
( റിലീസ് ഐ.ഡി: 2263221)
സന്ദര്‍ശക കൗണ്ടര്‍ : 27