ആയുഷ്
ആയുഷ് ഗ്രിഡ് സംരംഭത്തിന് കീഴിലുള്ള ആയുഷ് അനുദാൻ പോർട്ടൽ കേന്ദ്രമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
19 MAY 2026 6:03PM by PIB Thiruvananthpuram
ആയുഷ് മേഖലയിൽ ഡിജിറ്റൽ ഭരണനിർവ്വഹണം ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്‌പ്പ് എന്ന നിലയിൽ, കേന്ദ്ര ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് ഇന്ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവനിൽ ആയുഷ് അനുദാൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ആയുഷ് ഗ്രിഡ് സംരംഭത്തിന് കീഴിൽ ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ഈ പോർട്ടൽ, മന്ത്രാലയത്തിൻ്റെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കീഴിലുള്ള ധനസഹായ നിർദ്ദേശങ്ങൾ സമർപ്പിക്കൽ, പ്രോസസ്സിംഗ്, അംഗീകാരം, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ആയുഷ് മേഖലയ്ക്കായി സംയോജിതവും സുതാര്യവും പൗര കേന്ദ്രീകൃതവുമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള ഡിജിറ്റൽ സംരംഭമാണ് ആയുഷ് ഗ്രിഡ് എന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ പ്രതാപ് റാവു ജാദവ് പറഞ്ഞു. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്', 'ഈസ് ഓഫ് ലിവിംഗ്' എന്നീ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്, ആയുഷ് അനുദാൻ പോർട്ടൽ ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്" എന്ന് ഈ സംരംഭത്തിന് പിന്നിലെ കാഴ്ചപ്പാട് എടുത്തുകാണിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ആയുഷ് മേഖലയിലെ ഗ്രാൻ്റ് മാനേജ്‌മെൻ്റ് സംവിധാനത്തിൽ ഈ പോർട്ടൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ശ്രീ ജാദവ് പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഗ്രാൻ്റ് മാനേജ്‌മെൻ്റ് പ്രക്രിയയിൽ നൂറു ശതമാനം സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്തം, എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഉറപ്പാക്കുക എന്നതാണ് ഈ പോർട്ടലിൻ്റെ പ്രാഥമിക ലക്ഷ്യം." സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ പൂർണ്ണമായും ഒരു ഓൺലൈൻ പ്രക്രിയയിലൂടെ സമർപ്പിക്കാൻ അവസരമൊരുക്കുന്നതിലൂടെ, പേപ്പർരഹിത ഭരണനിർവ്വഹണമെന്ന സർക്കാരിൻ്റെ കാഴ്ചപ്പാടിനെ പോർട്ടൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻജിഒ ദർപ്പൺ പോർട്ടലുമായുള്ള സംയോജനം, അപേക്ഷകരായ സംഘടനകളുടെ ആധികാരികത പരിശോധിക്കലും സ്ഥിരീകരണവും കൂടുതൽ വേഗത്തിലുള്ളതും, ഓട്ടോമേറ്റഡ് ആയതും, വിശ്വസനീയവും, പിഴവുകളില്ലാത്തതുമാക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ പരിപാലന സേവനങ്ങൾ, ഔഷധസസ്യ പരിപാലനം, മരുന്ന് നിയന്ത്രണം, ശേഷി വികസനം, ആഗോള വ്യാപനം തുടങ്ങിയ മേഖലകളിലുടനീളം എബിഡിഎം മാനദണ്ഡങ്ങൾ പാലിക്കുന്ന ആയുഷ് ഗ്രിഡ് സംരംഭത്തിന് കീഴിൽ നിരവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും, അതുവഴി സുതാര്യവും പൗരസൗഹൃദപരവുമായ സേവന വിതരണം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോടേച്ച, ജോയിൻ്റ് സെക്രട്ടറിമാരായ ഡോ. കവിത ജെയിൻ, ശ്രീമതി അലർമേൽമംഗൈ ഡി, കുമാരി മോണാലിസ ദാഷ് എന്നിവരും ആയുഷ് മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഘടനാപരവും ഉപഭോക്തൃ-സൗഹൃദവുമായ ഇൻ്റർഫേസിലൂടെ ധനസഹായ നിർദ്ദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ ആയുഷ് അനുദാൻ പോർട്ടൽ സംഘടനകളേയും സ്ഥാപനങ്ങളേയും പ്രാപ്തമാക്കുന്നു, അതുവഴി മാനുവൽ, പേപ്പർ അധിഷ്ഠിത സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഇല്ലാതാക്കുന്നു. എൻജിഒ ദർപ്പൺ പോർട്ടലുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം അപേക്ഷകരായ സംഘടനകളുടെ തടസ്സരഹിതമായ ആധികാരികത പരിശോധനയും സ്ഥിരീകരണവും സാധ്യമാക്കുന്നു. ഇത് മെച്ചപ്പെട്ട സ്ഥാപനപരമായ വിശ്വാസ്യതയും കാര്യക്ഷമമായ സാധൂകരണ നടപടിക്രമങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നു.
മന്ത്രാലയത്തിൻ്റെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് നിർദ്ദേശങ്ങൾ തരംതിരിക്കാനും പ്രോസസ്സ് ചെയ്യാനും നിരീക്ഷിക്കാനും പ്രാപ്തമാക്കുന്ന പദ്ധതി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷൻ മാനേജ്‌മെൻ്റ് സിസ്റ്റമാണ് ഈ പോർട്ടലിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. പ്രോസസ്സിംഗിൻ്റെ ഓരോ ഘട്ടത്തിലും നിർദ്ദേശത്തിൻ്റെ നില നിരീക്ഷിക്കാൻ അപേക്ഷകരേയും ഉദ്യോഗസ്ഥരേയും അനുവദിക്കുന്ന തത്സമയ അപ്ലിക്കേഷൻ ട്രാക്കിംഗ് സംവിധാനവും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാൻ്റ് മാനേജ്‌മെൻ്റ് പ്രക്രിയകളിൽ സുതാര്യത, പ്രവർത്തന കാര്യക്ഷമത, ഉത്തരവാദിത്തം, എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഉറപ്പാക്കുക എന്നതാണ് ആയുഷ് അനുദാൻ പോർട്ടൽ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം, സുതാര്യമായ ഭരണനിർവ്വഹണം, ശക്തവും നവീകരണാധിഷ്ഠിതവും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതുമായ ഒരു ആയുഷ് ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവയോടുള്ള മന്ത്രാലയത്തിൻ്റെ നിരന്തരമായ പ്രതിബദ്ധതയെയാണ് ഈ ചുവടുവെയ്പ്പ് പ്രതിഫലിപ്പിക്കുന്നത്.
മന്ത്രാലയത്തിൻ്റെ ഏകജാലക ഡിജിറ്റൽ സംരംഭമായ ആയുഷ് മന്ത്രാലയത്തിൻ്റെ MAISP (മൈ ആയുഷ് ഇൻ്റഗ്രേറ്റഡ് സർവീസസ് പോർട്ടൽ) വഴിയോ അല്ലെങ്കിൽ ആയുഷ് അനുദാൻ പോർട്ടൽ ലിങ്ക് വഴി നേരിട്ടോ ഈ പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്.
MAISP പോർട്ടൽ: https://maisp.ayush.gov.in/dashboard
ആയുഷ് അനുദാൻ പോർട്ടൽ: https://anudan.ayush.gov.in/index
***
( റിലീസ് ഐ.ഡി: 2263071)
സന്ദര്‍ശക കൗണ്ടര്‍ : 3