രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും വിയറ്റ്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ജിയാ ങ്ങും ഹനോയിയിൽ ഉഭയകക്ഷി ചർച്ച നടത്തി

പോസ്റ്റഡ് ഓണ്‍: 19 MAY 2026 12:38PM by PIB Thiruvananthpuram
രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ് വിയറ്റ്നാം ഉപപ്രധാനമന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ജിയാങ്ങുമായി ഇന്ന് (2026 മെയ് 19-ന്) ഹനോയിയിൽ വെച്ച് ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തം ഇരു മന്ത്രിമാരും അവലോകനം ചെയ്യുകയും സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായം, പരിശീലനം, പ്രാദേശിക സ്ഥിരത എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സുരക്ഷാ വികസനങ്ങളെക്കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറുകയും ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സുരക്ഷ, സംരക്ഷണം, കപ്പൽ ഗതാഗത സ്വാതന്ത്ര്യം എന്നിവ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. സൈനിക പരിശീലനം, പ്രതിരോധ വ്യവസായ സഹകരണം, സമുദ്ര സുരക്ഷ, കാര്യക്ഷമതാ വികസനം, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലനം, സൈബർ സുരക്ഷ, ഉന്നതതല വിനിമയങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു. പതിവ് സംവാദങ്ങൾ, സംയുക്ത അഭ്യാസങ്ങൾ, കൈമാറ്റ പരിപാടികൾ എന്നിവയിലൂടെ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും അവർ സമ്മതിച്ചു.

വിയറ്റ്നാമുമായുള്ള ഇന്ത്യയുടെ മെച്ചപ്പെടുത്തിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത രക്ഷാമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ ചട്ടക്കൂടിന് കീഴിൽ വിയറ്റ്നാമിന്റെ പ്രതിരോധ ആധുനികവത്കരണത്തിനും കാര്യക്ഷമത വർധിപ്പിക്കുന്ന സംരംഭങ്ങൾക്കും പിന്തുണ നൽകുന്നതിനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യയുടെ തുടർ പിന്തുണയെ ജനറൽ ഫാൻ വാൻ ജിയാങ് അഭിനന്ദിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും വളർന്നുവരുന്ന തന്ത്രപ്രധാന പങ്കാളിത്തത്തെയും അടിവരയിടുകയും ചെയ്തു.

വിയറ്റ്നാമിലെ എയർഫോഴ്സ് ഓഫീസേഴ്‌സ് കോളേജിൽ രണ്ട് പ്രതിരോധ മന്ത്രിമാരും ചേർന്ന് ഭാഷാ ലാബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സഹായത്തോടെയാണ് ഈ ലാബ് സ്ഥാപിതമായത്. നാഹ്ട്രാങ്ങിലെ ടെലി കമ്മ്യൂണിക്കേഷൻസ് സർവകലാശാലയിൽ നിർമ്മിത ബുദ്ധി ലാബ് സ്ഥാപിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി പ്രഖ്യാപിച്ചു.

നിർമ്മിത ബുദ്ധി, ക്വാണ്ടം ടെക്നോളജി എന്നീ മേഖലകളിൽ ഇന്ത്യയിലെ മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങും വിയറ്റ്നാമിലെ ടെലികമ്മ്യൂണിക്കേഷൻസ് സർവ്വകലാശാലയും ഒരു ധാരണാപത്രം കൈമാറി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെടുത്തിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലെ മറ്റൊരു പ്രധാന അധ്യായമായി അടയാളപ്പെടുത്തപ്പെട്ടു.

ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, രാജ്യരക്ഷാ മന്ത്രി വിയറ്റ്നാം പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായ ശ്രീ. ടോ ലാമുമായി ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഊഷ്മളമായ ആശംസകൾ നേർന്ന അദ്ദേഹം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, സമുദ്ര സഹകരണം, കണക്റ്റിവിറ്റി, ഡിജിറ്റൽ പരിവർത്തനം, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ശക്തമായതും ശാശ്വതവുമായ സൗഹൃദം, പങ്കുവെച്ച നാഗരിക ബന്ധങ്ങൾ, പരസ്പര വിശ്വാസം, പൊതു തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയിൽ വേരൂന്നിയതാണെന്ന് ഇരു നേതാക്കളും ആവർത്തിച്ചു. ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തുടർച്ചയായ വളർച്ചയിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു

ഇന്ത്യാ സന്ദർശനത്തെ ഊഷ്മളമായി അനുസ്മരിച്ചുകൊണ്ട്, വളർന്നുവരുന്ന ഉഭയകക്ഷി ഇടപെടലിനെ വിയറ്റ്നാം പ്രസിഡന്റ് അഭിനന്ദിച്ചു. വിയറ്റ്നാമിന്റെ വികസനത്തിലും തന്ത്രപരമായ മുൻഗണനകളിലും ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ച സമഗ്ര പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായി വളരുന്ന പ്രതിരോധ സഹകരണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. വരും വർഷങ്ങളിലും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിയറ്റ്നാമിന്റെ സ്ഥാപക രാഷ്ട്രപിതാവും മുൻ പ്രസിഡന്റുമായ ഹോ ചി മിന്നിന്റെ 136-ാം ജന്മവാർഷികത്തിൽ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ശ്രീ. രാജ്‌നാഥ് സിംഗ് ഇന്നത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

"അദ്ദേഹത്തിന്റെ ദർശനം, നേതൃത്വം, ദേശീയ വിമോചനത്തിനും ആഗോള ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സ്ഥായിയായ പ്രതിബദ്ധത എന്നിവ തലമുറകളെ പ്രചോദിപ്പിക്കുന്നു. പങ്കിട്ട മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും വേരൂന്നിയ ശക്തമായ ഇന്ത്യ-വിയറ്റ്നാം സൗഹൃദത്തിന് അദ്ദേഹം അടിത്തറ പാകിയെന്ന് അദ്ദേഹം 'X'ൽ കുറിച്ച ഒരു പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യയും വിയറ്റ്നാമും പരസ്പര വിശ്വാസത്തിലും പ്രതിരോധം, സുരക്ഷ, പ്രാദേശിക സ്ഥിരത തുടങ്ങിയവയിലെപങ്കിട്ട മൂല്യങ്ങളിലും അടുത്ത സഹകരണത്തിലും വേരൂന്നിയ ഒരു ശക്തമായ ബന്ധം പങ്കിടുന്നുണ്ട്.
 
*****

( റിലീസ് ഐ.ഡി: 2262777) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil