കൃഷി മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരിഷ്കരണ എക്സ്പ്രസ്’-നു കീഴില്‍ കർഷകരുടെ ജീവിതം സുഗമമാക്കുന്ന സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവ്‌രാജ് സിംഗ് ചൗഹാൻ
പോസ്റ്റഡ് ഓണ്‍:
18 MAY 2026 9:03PM by PIB Thiruvananthpuram
കർഷകര്‍ക്കും വ്യാപാരികള്‍ക്കും കാർഷിക മേഖലയിലെ മറ്റ് പങ്കാളികള്‍ക്കും ഈ രംഗത്തെ നടപടി ക്രമങ്ങൾ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി സുപ്രധാന പരിഷ്കരണ പ്രക്രിയകള്‍ കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം തിങ്കളാഴ്ച അവലോകനം ചെയ്തു. കാർഷിക മേഖലയില്‍ ഭരണനിർവഹണം കൂടുതൽ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവും കാര്യക്ഷമവുമാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘പരിഷ്കരണ എക്സ്പ്രസ്’-നു കീഴിലെ മാറ്റങ്ങൾ മന്ത്രാലയം ത്വരിതപ്പെടുത്തുമെന്ന് കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
മന്ത്രാലയം നടപ്പാക്കിവരുന്ന വിവിധ പരിഷ്കാരങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പരിഷ്കരണ നടപടികളെക്കുറിച്ചും യോഗത്തിൽ കൃഷി-കർഷക ക്ഷേമ മന്ത്രാലയ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര കേന്ദ്ര കൃഷി മന്ത്രിയോട് വിശദീകരിച്ചു.
ഗാർഹിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന കീടനാശിനികളുടെ വില്പനയ്ക്കും അവ ഉയര്‍ന്ന അളവില്‍ ശേഖരിക്കുന്നതിനും ലൈസൻസിങ് നടപടികൾ തീര്‍ത്തും ലളിതമാക്കിയതായി മന്ത്രാലയ സെക്രട്ടറി അതീഷ് ചന്ദ്ര അറിയിച്ചു. ലൈസൻസ് അപേക്ഷാ ഫോം മൂന്ന് പേജിൽ നിന്ന് ഒരൊറ്റ പേജായി ചുരുക്കി. കൂടാതെ ഉല്പന്നങ്ങൾക്കൊപ്പം അച്ചടിച്ച ലഘുലേഖകൾ നൽകുന്ന പരമ്പരാഗത രീതി അവസാനിപ്പിക്കുകയും പകരം ഉല്പന്നങ്ങളുടെ ലേബലിൽ നേരിട്ട് ക്യുആർ കോഡുകൾ ഏർപ്പെടുത്തുകയും ചെയ്തു. അധിക ജോലിഭാരം ഒഴിവാക്കാൻ ഇത് സഹായിക്കും.
കൊതുക് നിവാരണ പായകള്‍, കോയിലുകൾ, ദ്രാവകരൂപത്തിലുള്ള കൊതുക് നിവാരണ ലായനികൾ, പാറ്റകള്‍ക്കെതിരെ പ്രയോഗിക്കുന്ന സ്പ്രേ തുടങ്ങിയ ഉല്പന്നങ്ങൾ വിൽക്കുന്ന 40 ലക്ഷത്തിലേറെ ചില്ലറ വ്യാപാരികൾക്കും പലചരക്ക് കടക്കാർക്കും ഈ പരിഷ്കാരം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1985-ലെ വളം നിയന്ത്രണ ഉത്തരവ് പ്രകാരം പുതിയ വളങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയകള്‍ ലളിതമാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. നേരത്തെ പുതിയ വളങ്ങൾ ഉൾപ്പെടുത്താനും അവയുടെ സവിശേഷതകളും വിശകലന രീതികളും നിശ്ചയിക്കാനും സാങ്കേതിക സമിതിയുടെയും കേന്ദ്ര വളം സമിതിയുടെയും അംഗീകാരം ആവശ്യമായ ദ്വിതല സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇപ്പോൾ ഈ ഇരട്ട അനുമതി സംവിധാനം ഒഴിവാക്കുകയും കേന്ദ്ര വളം സമിതിയ്ക്ക് മാത്രമായി ഇതിന് അധികാരം നൽകുകയും ചെയ്തു. പുതിയ സംവിധാനത്തിലൂടെ ഇതുവരെ 19 അപേക്ഷകർക്കും നിർമാതാക്കൾക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്.
കാർഷികോല്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥർ രാജ്യത്തെ 649 കസ്റ്റംസ് തുറമുഖങ്ങളിലും ഡിജിറ്റൽ സംയോജനം വിജയകരമായി പൂർത്തിയാക്കിയതായി യോഗത്തെ അറിയിച്ചു. പ്ലാന്റ് ക്വാറന്റൈൻ മാനേജ്‌മെന്റ് സിസ്റ്റവും (PQMS) ഇന്ത്യൻ കസ്റ്റംസ് ഇലക്ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് ഗേറ്റ്‌വേയും (ICEGATE) തമ്മിൽ സമ്പൂര്‍ണ സംയോജനം ഇതിലൂടെ സാധ്യമാക്കിയിട്ടുണ്ട്.
കാർഷികോല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ഇനി മുതൽ ICEGATE വഴി ഒരൊറ്റ അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും. തുടര്‍ന്ന് ഇറക്കുമതി അനുമതി ഉത്തരവ് നേരിട്ട് ഇറക്കുമതിക്കാരന്റെ ലോഗിൻ ഐഡിയില്‍ ലഭ്യമാക്കും.
വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കിയതായും യോഗത്തിൽ അറിയിച്ചു. വിത്തുകളുടെയും നടീല്‍വസ്തുക്കളുടെയും ഇറക്കുമതി-കയറ്റുമതി പ്രക്രിയ ത്വരിതപ്പെടുത്താനും സൗകര്യപ്രദമാക്കാനും ലക്ഷ്യമിട്ട് എക്സിം കമ്മിറ്റി പൂർണമായി നിര്‍ത്തലാക്കിയ സർക്കാർ "മുൻകൂർ ശിപാർശ" വാങ്ങണമെന്ന നിർബന്ധിത വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തു.
കർഷകരുടെ ജീവിതം സുഗമമാക്കുന്ന ‘ഭാരത്-വിസ്താര്‍ എഐ ഇൻ അഗ്രിക്കൾച്ചർ’ സംവിധാനവും ഉദ്യോഗസ്ഥർ അവലോകനം ചെയ്തു. കാർഷിക സംബന്ധമായ പ്രധാന വിവരങ്ങൾ ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ കേന്ദ്രീകൃത എഐ അധിഷ്ഠിത സംവിധാനമാണിത്. 2026 ഫെബ്രുവരി 17-ന് ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് മുതൽ ഇതുവരെ 44 ലക്ഷത്തിലധികം അന്വേഷണങ്ങളാണ് ഇതിലൂടെ ലഭിച്ചത്.
മുന്‍പ് വിവരങ്ങൾ അറിയാന്‍ കർഷകർക്ക് 15-ലധികം വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ സന്ദർശിക്കേണ്ടി വന്നതായും ഇപ്പോൾ അവർക്കാവശ്യമായ എല്ലാ വിവരങ്ങളും ഏത് സമയത്തും ഒരൊറ്റ ഇടത്തുതന്നെ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
കാർഷിക മേഖലയിലെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന മറ്റൊരു പരിഷ്കരണ സംരംഭത്തിന്റെ ഭാഗമായി 1985-ലെ വളം നിയന്ത്രണ ഉത്തരവ് പ്രകാരം പുതിയ വളങ്ങളുടെ അനുമതി പ്രക്രിയ കാര്യക്ഷമമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
നിർദിഷ്ട പരിഷ്കാരപ്രകാരം നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന അജൈവ വളങ്ങളെ നിർബന്ധിത പരീക്ഷണ പരിശോധനകളില്‍നിന്ന് ഒഴിവാക്കിയേക്കാം. വിപണിയിൽ പുതിയ വളം സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിന് ഇത് ഗണ്യമായ വേഗം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിർദേശത്തില്‍ ഇതിനകം തത്വത്തിൽ ധാരണയായിട്ടുണ്ടെന്നും ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കാർഷിക വ്യവസായ മേഖല, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി വിശദമായ കൂടിയാലോചനകൾ നടത്തി അനുബന്ധ രേഖകൾ പരിശോധിച്ച ശേഷം പരിഷ്കാരം നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമരൂപം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ സുതാര്യതയും സാങ്കേതിക കാര്യക്ഷമതയും മികച്ച ഭരണനിർവഹണവും പ്രോത്സാഹിപ്പിക്കുന്ന പരിഷ്കരണ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താന്‍ കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവ്‌രാജ് സിംഗ് ചൗഹാൻ യോഗത്തില്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കർഷകർക്കും വ്യാപാരികൾക്കും സംരംഭകർക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികൾക്കും നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗമേറിയതും ഫലപ്രദവുമാക്കുകയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
*****
( റിലീസ് ഐ.ഡി: 2262607)
സന്ദര്‍ശക കൗണ്ടര്‍ : 5