യു.പി.എസ്.സി
azadi ka amrit mahotsav

2026-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ കഴിഞ്ഞയുടൻ, യു.പി.എസ്.സി താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കും

താൽക്കാലിക ഉത്തരസൂചിക നേരത്തെ പ്രസിദ്ധീകരിക്കാനുള്ള ഈ നടപടിയെ കൂടുതൽ സുതാര്യതയിലേക്കുള്ള ' ഒരു പുതിയ തുടക്കം' എന്ന് യു.പി.എസ്.സി ചെയർമാൻ ഡോ. അജയ് കുമാർ വിശേഷിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 18 MAY 2026 6:17PM by PIB Thiruvananthpuram

സുതാര്യത വർദ്ധിപ്പിക്കുന്നതിനും പരീക്ഷാ നടത്തിപ്പിൻ്റെ മികച്ച മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി, ഇതാദ്യമായി 2026-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക, പരീക്ഷ കഴിഞ്ഞയുടൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിക്കും.

ഈ നടപടിയെ "ഒരു പുതിയ തുടക്കം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് യു.പി.എസ്.സി ചെയർമാൻ ഡോ. അജയ് കുമാർ പറഞ്ഞു,  "ആദ്യമായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ സർവീസസ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നു. കൂടുതൽ സുതാര്യതയും പ്രതികരണശേഷിയും  ഉദ്യോഗാർത്ഥികളുമായി സമയബന്ധിതമായ ആശയവിനിമയവും ഉറപ്പാക്കാനുള്ള കമ്മീഷൻ്റെ നിരന്തരമായ ശ്രമങ്ങളെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. പരീക്ഷയുടെ പവിത്രത, സമഗ്രത, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂട് എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ട് പരീക്ഷാ പ്രക്രിയയെ കൂടുതൽ പങ്കാളിത്തമുള്ളതാക്കി മാറ്റാനും ഈ നയം ലക്ഷ്യമിടുന്നു".

താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിന് ശേഷം, സിവിൽ സർവീസസ് പരീക്ഷാ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ആക്ഷേപങ്ങൾ/പരാതികൾ എന്തെങ്കിലുമുണ്ടെങ്കിൽ, 2026 മേയ് 31 വൈകുന്നേരം 6 മണി വരെ  https://upsconline.nic.in/login എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ‘ഓൺലൈൻ ക്വസ്റ്റ്യൻ പേപ്പർ റെപ്രസെൻ്റേഷൻ പോർട്ടൽ (QPRep)’ എന്ന ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ധാരണയനുസരിച്ചുള്ള ശരിയായ ഉത്തരം രേഖപ്പെടുത്തിക്കൊണ്ട്, അതിനെക്കുറിച്ചുള്ള ചുരുങ്ങിയ വിവരണവും മൂന്ന് ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അനുബന്ധ രേഖകളും സഹിതം പരാതികൾ സമർപ്പിക്കാൻ കഴിയും. ഇത് പരീക്ഷയിലെ പ്രകടനത്തെക്കുറിച്ച് നേരത്തെ തന്നെ കൃത്യമായ വിലയിരുത്തൽ നടത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുമെന്ന് മാത്രമല്ല, അവരുടെ പരാതികൾ സമർപ്പിക്കാൻ മതിയായ  സമയവും അവസരവും നല്കുകയും ചെയ്യും.


ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിക്കുന്ന എല്ലാ പരാതികളും സമഗ്രവും സൂക്ഷ്മവുമായ പരിശോധനയ്ക്കായി അതത് വിഷയങ്ങളിലെ വിദഗ്ധ സമിതിക്ക് മുമ്പാകെ സമർപ്പിക്കും. ഈ വിദഗ്ധർക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുളള പരിജ്ഞാനവും വൈദഗ്ധ്യവും ഉണ്ടായിരിക്കും. അവർ ഓരോ പരാതിയും ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും, സമർപ്പിച്ചിട്ടുള്ള അനുബന്ധ രേഖകൾ വിലയിരുത്തുകയും, ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഉത്തരസൂചികയുടെ കൃത്യത സംബന്ധിച്ച് അവരുടെ വിശദമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. ലഭിച്ച എല്ലാ പരാതികളും കൃത്യമായി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ ഉത്തരസൂചിക തയ്യാറാക്കുക.

താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിനാണ് ഈ പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കന്നത്. സുതാര്യത, ഉത്തരവാദിത്തം, എന്നിവയോടുള്ള കമ്മീഷൻ്റെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും പരീക്ഷാ സമ്പ്രദായത്തിലുള്ള ഉദ്യോഗാർത്ഥികളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്ന ഈ നയം കമ്മീഷൻ നടപ്പിലാക്കിയിരിക്കുന്നത്.

***

 


( റിലീസ് ഐ.ഡി: 2262581) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Tamil